Wednesday, October 21, 2009

വിശ്വാസമാണല്ലോ പ്രധാനം!

ഈയടുത്ത കാലത്തായി മലയാളം ചാനലുകൾ പ്രദർശിപ്പിച്ച ചില സ്വർണക്കടപ്പരസ്യങ്ങളാണ് പ്രതിപാദ്യവിഷയം.

ആദ്യത്തെ വീഡിയോ ഇതിനോടകം തന്നെ വിവാദമായതാണ്.

ഒളിച്ചോടിയ പെണ്ണ് ചെക്കനെ ഉപേക്ഷിച്ച് തിരിച്ച് പോവുന്നു. (വീഡിയോ ഇവിടെ കാ‍ണാം) കേരളത്തിലെ “ഇൻസെക്യൂരിറ്റി കോമ്പ്ലക്സ്” അടിച്ചിരിക്കുന്ന മാതാപിതാക്കൾക്കെല്ലാം ഈ പരസ്യം അങ്ങ് സുഖിച്ചെന്ന് തോന്നുന്നു. ചില അച്ചടിമാധ്യമങ്ങൾ സർ‌ക്കുലേഷൻ കൂട്ടാൻ വേണ്ടി സർവേ എന്ന പേരിൽ എഴുതിവിട്ട തോന്ന്യാസം ( അന്യസംസ്ഥാനങ്ങളിൽ പഠിക്കുന്ന മലയാളി പെൺകുട്ടികളിൽ ഭൂരിഭാഗവും അനാശാസ്യപ്രവർത്തനത്തിലേർപ്പെടുന്നുവെന്ന്) അപ്പാടെ തൊണ്ടതൊടാടെ വിഴുങ്ങി മക്കളെക്കുറിച്ച് അനാവശ്യമായി ടെൻഷനടിച്ച് രക്തസമ്മർദ്ദം കൂട്ടിയവരാണല്ലോ നമ്മൾ! എന്തിനു മാതാപിതാക്കളെ പറയേണം? അന്യസംസ്ഥാനങ്ങളിൽ പഠിച്ച പെൺകുട്ടികളെല്ലാം പിഴയാവാൻ സാധ്യതയുണ്ടെന്നതിനാൽ നാട്ടിൽ പഠിച്ചുവളർന്ന പെൺകുട്ടിയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ദൃഢനിശ്ചയം എടുത്ത ചെറുപ്പക്കാരും നമ്മുടെ ഇടയിൽ തന്നെ ഉണ്ട് (ഒരു പോസ്റ്റിൽ ഒരു പ്രമുഖബ്ലോഗർ ഇട്ട കമന്റാണ്. ലിങ്ക് മനഃപൂർവം ഒഴിവാക്കുന്നു).

എന്തോ ആവട്ടെ. പ്രണയവിവാഹങ്ങൾ കൂടുന്നത് സ്വർണക്കച്ചവടത്തെ കാര്യമായി ബാധിച്ചേക്കാം എന്ന് സ്വർണക്കടക്കാർക്ക് നല്ല തീർച്ചയുള്ളതിനാൽ അവർ പടച്ചുവിട്ട പരസ്യാഭാസത്തെ അവഗണിക്കാവുന്നതേയുള്ളൂ. (ആരെന്ത് പറഞ്ഞാലും പ്രേമിക്കാനുള്ളവർ പ്രേമിക്കും, കല്യാണം കഴിക്കാനുള്ളവർ അതും ചെയ്യും. ഒരു വിഷയമല്ല അത്)

എന്നാൽ രണ്ടാമത്തെ വീഡിയോ അങ്ങനെ എളുപ്പം തള്ളിക്കളയാവുന്നതല്ല... (ഈ വീഡിയോ കാണുക )

കോടതിയിൽ വിവാഹമോചനത്തിനെത്തിയ ചെക്കൻ പറയുന്ന ന്യായം സ്ത്രീധനമായി കിട്ടിയ പൊന്ന് ശുദ്ധമല്ലായിരുന്നു എന്നാണ്. എന്തൊരു തോന്ന്യാസം! സ്ത്രീധനം ഇന്ത്യയിൽ കുറ്റകരമാണെന്ന് ഇരിക്കെ, സ്ത്രീധനത്തെ ന്യായീകരിച്ച് കൊണ്ടുള്ള പരസ്യത്തിനു വേദി കോടതി. സ്ത്രീധനമായി കൊടുത്ത പൊന്ന് വ്യാജമല്ലാത്തതിനാൽ വരൻ കുറ്റക്കാരൻ എന്ന് കോടതി വിധിക്കുന്നു. സ്ത്രീധനം കൊടുക്കുന്നതിൽ കോടതിക്കെതിർപ്പില്ല, കൊടുത്ത സ്വർണം ശുദ്ധമായിരിക്കുന്നേടത്തോളം എന്ന്...!

ഇന്ത്യൻ നീതിന്യായവ്യവസ്ഥയെയും ഭരണഘടനയെയും പരസ്യമായി ഈ പരസ്യം അവഹേളിച്ചിരിക്കുന്നുവെന്ന് നമ്മളെന്തേ കാണാതെ പോകുന്നൂ?

എന്തിനും ഏതിനും കപടദേശീയതാ‍വാദവുമായി ഇറങ്ങുന്ന ഭാ‍രതാംബയുടെ ചില പൊന്നുമക്കൾ ഇതൊന്നും കണ്ടില്ലേ? ഓ സ്ത്രീകൾ പുറത്തിറങ്ങിനടക്കുകയോ ആണിനോട് സംസാരിക്കുകയോ അന്യമതസ്ഥരെ വിവാഹം കഴിക്കുകയോ ചെയ്യുമ്പോഴേ നിങ്ങളുടെ ഒക്കെ ദേശബോധം ഉണരൂ എന്ന് മറന്ന് പോയി. സ്ത്രീധനം വാങ്ങിയാലെന്ത്, കൊടുത്താലെന്ത്? അതൊക്കെ സ്ത്രീയെ സംരക്ഷിക്കാൻ വേണ്ടിയല്ലേ! ഇന്ത്യൻ പീനൽ കോഡ് എന്നൊന്ന് ഉണ്ടെന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ സ്ത്രീധനത്തെക്കുറിച്ച് അതിൽ വല്ലതും പറയുന്നുണ്ടോ എന്നാർക്കറിയാം?

കഷ്ടം!

Disclaimer : This post doesn't contain any videos in it. It just contains references to existing videos in youtube. This blog or blogger is not responsible for any copyright violations associated with the videos mentioned. Any copyright violation should be notified to youtube.

Tuesday, October 6, 2009

സ്ത്രീ സുഹൃത്ത് കൂടിയാണ്. - New post

Read the post from here

സ്ത്രീ സുഹൃത്ത് കൂടിയാണ്.

സ്ത്രീ അമ്മയാണ്, പെങ്ങളാണ്, ഭാര്യയാണ്, കാമുകിയാണ്. പക്ഷേ സുഹൃത്ത്? ഭാരതീയസംസ്കാരപ്രകരണത്തിൽ എവിടെയും സ്ത്രീയ്ക്ക് സുഹൃത്ത് എന്ന സ്ഥാനം ഇല്ലാതെ പോവുന്നതെന്തുകൊണ്ട്?

സുഹൃത്ത് എന്നതൊരു പുല്ലിംഗപദമാണോ? സുഹൃത്ത് എന്നു പറയുമ്പോൾ നിങ്ങളുടെ മനസിൽ വരുന്ന ചിത്രം എന്താണ്? പ്രത്യേകിച്ചും നിങ്ങൾ ഒരു പുരുഷൻ ആണെങ്കിൽ?

വളരെ ആസൂത്രിതമായാണ് ഒരു ശരാശരി ഇന്ത്യൻ പുരുഷനിൽ അമ്മസങ്കല്പവും പെങ്ങൾ സങ്കല്പവും അടിച്ചേല്പിച്ചിരിക്കുന്നത്. അന്യസ്ത്രീകളെല്ലാം (അടുത്ത രക്തബന്ധമില്ലാത്തവർ) നമുക്ക് അമ്മയോ പെങ്ങളോ ആണ്. സ്ത്രീയെ പരിചയപ്പെടുമ്പോഴെല്ലാം അവളെ “അമ്മാ“ എന്നോ “പെങ്ങളേ” എന്നോ പ്രായത്തിനും പ്രായവ്യത്യാസത്തിനും അനുസരിച്ച് അഭിസംബോധന ചെയ്തു കൊള്ളേണം എന്ന് നമ്മുടെ “സംസ്കാരം” നമ്മളെ പഠിപ്പിക്കുന്നു. തിരിച്ച് അന്യനായ പുരുഷനെ കഴിവതും ആങ്ങളയെപ്പോലെ കരുതേണം എന്നും കഴിവതും ഒരു സാങ്കല്പികപെങ്ങൾ ആയി തന്നെ അവനെക്കൊണ്ട് അംഗീകരിപ്പിക്കേണം എന്നും നമ്മുടെ പെൺകുട്ടികളുടെ മനസിലും വളരെ ചെറുപ്പം മുതലേ എഴുതിച്ചേർക്കപ്പെടുന്നുണ്ട്.

ഒറ്റ നോട്ടത്തിൽ വളരെ നിരുപദ്രവകരവും ആയ ഒരു സമ്പ്രദായം എന്ന് തോന്നിക്കാ‍വുന്നതാണ് ഈ അമ്മ-പെങ്ങൾ സങ്കല്പം. ഒന്നു കൂടെ കടന്നു ചിന്തിച്ചാൽ സ്ത്രീക്ക് ആവശ്യം എന്ന് “പറയപ്പെടുന്ന” “സുരക്ഷിതത്വം“ പ്രദാനം ചെയ്യാൻ കെല്പുള്ള സാംസ്കാരിക “ഔന്നത്യം“.

അല്പം ചൂഴ്ന്ന് ചിന്തിക്കുമ്പോഴാണ് ഈ വാദത്തിന്റെ പൊള്ളത്തരത്തെക്കുറിച്ച് മനസിലാക്കാൻ കഴിയുക. നമ്മുടെ നാട്ടിലെ സ്ത്രീകൾ വർഷങ്ങളായി അടിമത്വത്തിൽ തളച്ചിടപ്പെടുന്നതിന്റേയും ഇപ്പോഴും തളച്ചിടപ്പെടുന്നതിന്റേയും ഇദം പ്രഥമമായ കാരണം ഈ അമ്മ-പെങ്ങൾ സങ്കല്പമാണെന്ന് മനസിലാക്കാൻ ലഘുവായ യുക്തിചിന്തയുടെ ആവശ്യമേയുള്ളൂ.

1. അകലം, മറ, മതിൽ

ചെറുപ്പം മുതലേ ആണിനും പെണ്ണിനും ഇടയിൽ മതിലുകൾ സൃഷ്ടിക്കുകയും അവർക്കിടയിൽ സൌഹൃദം ഉടലെടുക്കാതെ സൂക്ഷിക്കുകയും ചെയ്യുക എന്നത് പുരുഷകേന്ദ്രീകൃതസമൂഹത്തിലെ എഴുതപ്പെടാത്ത ഒരു നിയമമാണ്. മിക്കവാറും സ്കൂളുകളിലും കോളേജിലും അത് എഴുതപ്പെട്ട നിയമവുമാണ്. (കളങ്കമെന്തെന്നറിയാത്ത ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങളെപ്പോലും ക്ലാസിൽ രണ്ട് വശത്തായേ നമ്മൾ ഇരുത്തുകയുള്ളൂ.). കഴിയുമെങ്കിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകമായി ഉള്ള സ്കൂളുകൾ നമ്മൾ കുഞ്ഞുങ്ങൾക്കായി തിരഞ്ഞെടുത്തെന്നും വരും.

ചില്ലറ കുഴപ്പങ്ങളല്ല സമൂഹത്തിന്റെ മനസിൽ ഇത്തരം മതിലുകൾ സൃഷ്ടിക്കുന്നത്. “മറ്റേ സൃഷ്ടി” തന്റെ അതേ വികാരവിചാരങ്ങളുള്ള വ്യക്തിയാണെന്ന് മനസിലാക്കാൻ ഉള്ള അവസരമാണ് നിഷേധിക്കപ്പെടുന്നത്. ഇരുകൂട്ടർക്കും.

2. അധികാ‍രം, അടിമത്വം, വിലക്കുകൾ

സാങ്കല്പിക സഹോദരന്റെ സ്ഥാനം പുരുഷൻ ഏറ്റെടുക്കുന്നതോട് കൂടി പെണ്ണിന്റെ മുകളിൽ ഉള്ള അവന്റെ അധികാരപ്രകടനങ്ങൾ തുടങ്ങുകയായി. ആരെ പ്രേമിക്കണം ആരോട് സംസാരിക്കണം ആരോടൊക്കെ സംസാരിക്കരുത് തുടങ്ങി പെൺകുട്ടിയുടെ ദൈനംദിനകാര്യങ്ങളിൽ ഇടപെടുക തന്റെ അവകാശമാണെന്നും അപ്രകാരം ചെയ്ത് ലോകത്തിലെ “ദുഷ്ടശക്തികളിൽ” നിന്നും അവളെ സംരക്ഷിക്കുക തന്റെ കർത്തവ്യമാണെന്നും സ്ഥാപിച്ചെടുക്കലാണ് അടുത്ത പടി.

മനുസ്മൃതിയിലെ വിവാദമായ ശ്ലോകം ഇങ്ങനെ -
പിതാ രക്ഷതി കൌമാരേ
ഭര്‍ത്താ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി“

മനുവിനെ ജാമ്യത്തിലെടുക്കാൻ ആദ്യത്തെ മൂന്നു വരികൾ ഏതർത്ഥത്തിൽ വ്യാഖ്യാനിച്ചാലും ശരി സ്ത്രീ എന്നത് പിതാവ്, ഭർത്താവ്, പുത്രൻ എന്നീ മൂന്ന് ബന്ധങ്ങൾക്കിടയിൽ മാനസികമായി തളച്ചിടപ്പെടേണ്ടതാണ് എന്നൊരു ആന്തരികാർത്ഥം വളരെ വ്യക്തമായി വായിച്ചെടുക്കാവുന്നതാണ്.

3. ആരാധന.

ആരാധിക്കപ്പെടൽ ഒരു ഭാരമായിത്തീരുന്നതെപ്പോഴാണ്? ചെയ്തു പോയ തെറ്റുകൾക്ക് പ്രായശ്ചിത്തമെന്നോണം അതിക്രമങ്ങൾക്കിരയാക്കപ്പെട്ട സ്ത്രീകളെയെല്ലാം അമ്മദൈവമായും യക്ഷിയായും കുടിയിരുത്തി ആരാധിച്ച് പാപം കഴുകിക്കളയാൻ പണ്ടേ നമ്മൾ മിടുക്കരായിരുന്നു. കടാങ്കോട്ട് മാക്കത്തിന്റെ കഥ കണ്ണൂരുകാർക്ക് സുപരിചിതമായിരിക്കും. (അമ്മദൈവങ്ങളെക്കുറിച്ച് വെള്ളെഴുത്തിന്റെ പോസ്റ്റ് ഇവിടെ )

ചെയ്തുപോയ തെറ്റിന്റെ പശ്ചാത്താപം(ശിക്ഷയെക്കുറിച്ചുള്ള പേടി?) ആണ് മരണശേഷം അമ്മദൈവങ്ങളായി കുടിയിരുത്തി ആരാധനയ്ക്ക് പ്രചോദനമെങ്കിൽ ജീവിച്ചിരുക്കുമ്പോൾ തന്നെ ആരാധിക്കുന്ന മറ്റൊരു മനഃശാസ്ത്രവും സമൂഹത്തിനുണ്ട്.

സ്ത്രീയെക്കുറിച്ച് മനുവിനു പറയാൻ ഉള്ളതിങ്ങനെ.

യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാഃ
യത്രൈതാസ്തു ന പൂജ്യന്തേ
സര്‍വ്വാസ്തത്രാഫലാഃ ക്രിയാഃ

അതായത്:- സ്ത്രീകള്‍ ആദരിക്കപ്പെടുന്നിടത്തു് ദേവന്മാര്‍ വിഹരിക്കുന്നു. അവര്‍ ആദരിക്കപ്പെടാത്തിടത്തു് ഒരു കര്‍മ്മത്തിനും ഫലമുണ്ടാവുകയില്ല

(ഗുരുകുലത്തിലെ ഈ പോസ്റ്റിൽ കൂടുതലായി വായിക്കാം).

എന്തുകൊണ്ടാണ് സ്ത്രീ ആദരിക്കപ്പെടേണ്ടവളാവുന്നത്. അതിവിദഗ്ധമായ ഒരു ഒഴിഞ്ഞുമാറൽ ആണ്
ഇത്. സ്ത്രീകൾക്ക് ആദരവ് കൊടുക്കേണ്ട എന്നല്ല പറഞ്ഞു വരുന്നത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനുമേൽ ഉള്ള വ്യക്തമായ ഒരു കൂച്ചുവിലങ്ങാണ് ആദരണീയവ്യക്തിത്വം പതിച്ച് നൽകൽ.

അതോട് കൂടെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ ഉള്ള സ്വാതന്ത്ര്യം അവൾക്ക് നഷ്ടപ്പെടുകയാണ്. തന്റെ ആദരണീയമായ വ്യക്തിത്വം അതേ പടി നിലനിർത്തിക്കൊണ്ടുപോവുക എന്ന ഭാരിച്ച ഉത്തരവാദിത്വം അവളുടെ മേൽ അടിച്ചേൽ‌പ്പിക്കുകയാണ്.

ശ്രദ്ധിക്കുക മനു പറയുന്നത് സ്ത്രീയും പുരുഷനും തുല്യരെന്നല്ല.

ആദരണീയതയുടെ കപടസ്ഥാനത്തിലെത്തുന്നതോട് കൂടെ താൻ അടിമയാക്കപ്പെടുകയാണ് എന്ന ബോധം പോലും ഇരയുടെ മനസിൽ നിന്നും ഇല്ലാതാവും. അതോടെ ആ ആദരീണയത നിലനിർത്താൻ സഹജീവികളെ പിന്നീട് പ്രേരിപ്പിക്കുന്നത് ഇര തന്നെയാവും.

ഡിങ്കന്റെ ഈ പോസ്റ്റിൽ ബുർഖ അണിയുന്നതിന്റെ സന്തോഷവും സുരക്ഷിതത്വവും വിളിച്ചുപറയുന്ന സ്ത്രീകൾ തന്നെ എഴുതിയ കമന്റുകൾ മറ്റെന്താണ് വെളിവാക്കുന്നത്?

(ചുരിദാർ ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയർന്നപ്പോൾ അതിനെതിരെ സാരിയുടെ പവിത്രതയെക്കുറിച്ചും മറ്റും ഗീർവാണങ്ങൾ അടിക്കുന്നതിലും മുൻപിൽ സ്ത്രീകൾ തന്നെയായിരുന്നു എന്നത് മറ്റൊരു ദുഃഖസത്യം.)

ഇരകളെ സുഖിപ്പിച്ച് നിർത്തുകയാണ് അവരെ എന്നും അടിമത്വത്തിൽ തളച്ചിടാൻ ഏറ്റവും എളുപ്പം എന്ന് പുരുഷൻ പണ്ടേ മനസിലാക്കിയിരിക്കണം. “ പൂമുഖവാതിൽക്കൽ സ്നേഹം വിളമ്പുന്ന പൂന്തിങ്കളാവുക “ എന്നാണ് പുരുഷൻ സ്ത്രീയോട് പറയുന്നത്. മുഴുവൻ കുടുംബത്തിന്റെയും നല്ല നടപ്പിന്റെ പൂർണ ഉത്തരവാദിത്വവും സ്ത്രീകളുടെ തലയിൽ കെട്ടിവെയ്ക്കുന്നതോട് കൂടെ തന്റെ ഭാരമൊഴിയുന്നു എന്ന് അവനു നല്ല ബോധ്യമുണ്ട്. (രാജീവ് ചേലനാട്ടിന്റെ ഈ പോസ്റ്റിൽ കൂടുതൽ വായിക്കാം)


സ്ത്രീക്ക് ഒരു നല്ല സുഹൃത്താവാൻ കഴിയുമോ?

സ്ത്രീക്ക് സൌഹൃദം നഷ്ടപ്പെടുന്നത് പലപ്പോഴും പുരുഷന്മാരിൽ നിന്ന് മാത്രമല്ല. മറ്റു സ്ത്രീകളിൽ നിന്നു കൂടിയാണ്. വിവാഹത്തോടെ തന്റെ പഴയ സുഹൃത്ബന്ധങ്ങൾ നിലനിർത്താൻ സ്ത്രീകൾക്ക് കഴിയാതെ പോവുന്നതാണ് സമൂഹത്തിൽ അവർ ദുർബലരാക്കപ്പെടുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്ന് എന്ന് മിക്ക സ്ത്രീപക്ഷചിന്തകരും പല കാലങ്ങളിലായി നിരീക്ഷിച്ചിട്ടുണ്ട്. പഠനകാലഘട്ടത്തിൽ പലപ്പോഴും സമൂഹം സൃഷ്ടിക്കുന്ന മതിലുകൾ മറികടന്ന് നല്ല സൌഹൃദങ്ങളിൽ പങ്കാളിയാവുകാൻ പെൺകുട്ടിക്ക് സാധിക്കുന്നുണ്ട്. പ്രത്യേകിച്ചും നഗരങ്ങളിൽ (ഗ്രാമങ്ങളിലെ കഥ തീർത്തും വ്യത്യസ്തമാണ്.).

ഒരു ശരാശരി ഇന്ത്യൻ തൊഴിൽ‌സ്ഥാപനത്തിൽ നല്ല സ്ത്രീപുരുഷസൌഹൃദങ്ങൾ ഏതാണ് അസാദ്ധ്യമാണെന്ന് തന്നെ പറയാം. പ്രത്യേകിച്ചും സ്ത്രീ വിവാഹിതയാണെങ്കിൽ. ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് പോലും നിറം പിടിപ്പിച്ച ഏറെ നുണകൾക്ക് വഴിവെക്കുകയാവും ചെയ്യുക. ഓഫീസിനു ശേഷമുള്ള സമയമാവട്ടെ പുരുഷനു തന്റെ സുഹൃത്തുകൾക്ക് കൂടി പങ്കുവെക്കാനുള്ളതാവുമ്പോൾ സ്ത്രീക്കത് വീട്ടിനകത്ത് മാത്രമായുള്ളതാണ്.

ഐ.ടി മേഖലയിൽ കഥയല്പം വ്യത്യസ്തമാണ്. മിക്ക ഐ.ടി സ്ഥാപനങ്ങളിലും ലിംഗപരമായ വിവേചനങ്ങൾ വളരെക്കുറവാണ്. സൌഹൃദങ്ങൾ സൃഷ്ടിക്കപ്പെടാൻ ഉള്ള സ്പേസ് തൊഴിലിടങ്ങൾ നൽകുന്നുണ്ട്. ഐ.ടി തൊഴിലാളികളെ സദാചാരവിരുദ്ധരായി മുദ്രകുത്താൻ ഉള്ള ഇപ്പോഴത്തെ തിടുക്കത്തിനും കാരണം മറ്റൊന്നുമല്ല. ശ്രീരാമസേനയുടെ നേതൃത്വത്തിൽ ഭാരതീയപുത്രിമാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ആങ്ങളമാർ ആക്രമണം ആദ്യം അഴിച്ചുവിട്ടത് ഇന്ത്യൻ ഐ.ടി മേഖലയായ ബാംഗ്ലൂരിലെ ഒരു സോഷ്യൽ നെറ്റ്വർക്കിംഗ് കേന്ദ്രമായിരുന്നു എന്നത് യാദൃച്ഛികമാവാൻ വഴിയില്ല.

അമ്മ, പെങ്ങൾ, ഭാര്യ, വേശ്യ എന്നല്ലാതെ സുഹൃത്ത് എന്നൊരു അസ്തിത്വം ഭാരതത്തിലെ സ്ത്രീകൾക്കില്ല എന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തം മാർജാരന്റെ ഈ പോസ്റ്റിൽ വിവരിച്ച സംഭവത്തിലും അതിനവിടെ വന്ന കമന്റുകളിലും കാണാവുന്നതാണ്.

വിഭാവനം ചെയ്യപ്പെടുന്ന സമത്വം സ്ത്രീകൾക്ക് ലഭിക്കേണമെങ്കിൽ ആദ്യമായി വേണ്ടത് അമ്മ-പെങ്ങൾ-ആരാധനാമൂർത്തീ സങ്കല്പങ്ങൾ ചവറ്റുകുട്ടയിൽ കളയുകയാണ്. തുല്യതയ്ക്കായി വേണ്ടത് സ്ത്രീപുരുഷസൌഹൃദങ്ങളാണ്. പരസ്പരം തിരിച്ചറിയാനും മനസിലാക്കാനും.

സ്ത്രീക്ക് ഒരു നല്ല സുഹൃത്താവാൻ കഴിയുമെന്ന് എന്നാണ് നാം തിരിച്ചറിയുക?

Friday, October 2, 2009

ഹോ എന്നാലും എന്റെ കൃഷ്ണാ!!!!

ഹോ ഹോ ഹോ... ആർഷഭാരതപുരാണങ്ങളിലെ സയന്റ്ഫിക് ഡെവലപ്‌മെന്റുകൾ !!!!! കോരിത്തരിക്കുനിയാ കോരിത്തരിക്കുന്ന്.....

എന്തരണ്ണാ തെളിച്ച് പറ....

എടേയ് ടെലിഫോൺ എക്സ്ചേഞ്ച് വഴി ഒന്നിലധികം കോളുകൾ ഒക്കെ ഒരേ സമയം ഒരു നിശ്ചിത എണ്ണം കേബിളിൽ കൂടെ കൈമാറുന്നതെങ്ങനേണ് എന്ന് നെനക്കറിയോ?

അതണ്ണാ ടൈം ഡിവിഷൻ മൾട്ടിപ്ലക്സിംഗ് അല്ലേ?

അതെപ്പളാ കണ്ട് പിടിച്ചേ എന്ന് നെനക്കറിയോ?

അതണ്ണാ എന്റെയറിവ് ശര്യാണെങ്കിൽ എമിലി ബോഡറ്റ് എന്നൊരു പരന്ത്രീസ് ശാസ്ത്രജ്ഞൻ 1870 കളിൽ ആണ് ആദ്യമായി മുന്നോട്ട് വെക്കണത്. പക്ഷേ വോയിസ് കോൾ ഒക്കെ മൾടിപ്ലെക്സ് ചെയ്യാൻ തൊടങ്ങിയത് 1962 ഇൽ ബെൽ ലാബിൽ അനലോഗ് സ്വിച്ചുപയോഗിച്ച് മൾട്ടിപ്ലെക്സുന്ന വിദ്യ കണ്ട് പിടിച്ച ശേഷേണ്.

ഡേയ് പരട്ട് പയലേ.. ഇദാണ് നെനക്കൊന്നും വെവരമില്ലാ ന്ന് പറേണത്. ടൈം ഡിവിഷൻ മൾട്ടിപ്ലെക്സിംഗ് ആദ്യം കണ്ട് പിടിച്ചതേ നമ്മടെ കിച്ചാമ്പായി ആണ്. സാക്ഷാൽ കൃഷ്ണഭഗവാൻ!

അതെപ്പോണ്ണാ????

എഡേയ് ചെക്കാ,... നീയീ രാ‍സക്രീഢാ രാസക്രീഢാ ന്ന് കേട്ടിട്ടുണ്ടാ?

അത് പിന്നെ അണ്ണാ... അത് കേക്കാത്തോരിണ്ടാവോ??

ആ അപ്പോ ശ്രീകൃഷ്ണൻ ഒരേ സമയത്ത് എല്ലാ ഗോപികമാരുടേം കൂടെ ഒരുമിച്ച് എങ്ങനാടാ ക്രീഢിച്ചത്?

എങ്ങനാ അണ്ണാ?

അതല്ലേ മ്വാനേ ടൈം ഡിവിഷൻ മൾട്ടിപ്ലെക്സിംഗ്. ശ്രീകൃഷ്ണൻ ഒന്നല്ലേ ഒള്ളാരുന്നു. പുള്ളി ഹൈ ഫ്രീക്വൻസിയിൽ ഗോപികമാരുടെ ഇടയിൽ മാറി മാറി സ്വിച് ചെയ്യുവല്ലാരുന്നോ?

തന്നേ?

പിന്നേ... പെർസിസ്റ്റൻസ് ഓഫ് വിഷൻ കാരണം ഗോപികക്ക് ശ്രീകൃഷണൻ കണ്ടിന്യൂവസ് ആയി തന്റെ മുന്നിൽ കാണുന്ന പോലെ തോന്നും.. നമ്മടെ പൊസ്തകത്തിലില്ലാത്ത ശാസ്ത്രോ?

തമ്പുരാനേ!... അല്ലണ്ണാ ഈ ക്രീഢാ ക്രീഢാ ന്ന് പറയുമ്പോ കണ്ടാ മാത്രം മതിയോ? ടച്ചിംഗ്സ് വേണ്ടായോ?

എഡായെഡായെഡാ പൊന്നു മോനേ.... അതാണ് വേറെ ശാസ്ത്രസിദ്ധാന്തം., പെർസിസ്റ്റൻസ് ഓഫ് ടച്ചിംഗ്. അതൊന്നും ആധുനികശാസ്ത്രജ്ഞന്മാർ ഇതു വരെ കണ്ട് പിടിച്ചിട്ടില്ലാ.... ശാസ്ത്രത്തിനറിയാത്ത എന്തോരം കാര്യങ്ങളിരിക്കുന്നു ലോകത്തിൽ...

ഹോ അപാരമണ്ണാ അപാരം.... നമിച്ച്...

അത്താണ്... ഇനീം ഇതേ പോലെ ഫീകരശാസ്ത്രസത്യങ്ങള് പഠിക്കണോങ്കിൽ മ്വാൻ പോയി ദോണ്ടേ ദീ ബ്ലോഗ് വായീര്... ഇനീം ഉൽബുദ്ധൻ ആവാം....

ദാങ്ക്സ് അണ്ണാ ദാങ്ക്സ്.....

CopyLeft Information

Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.