Monday, July 20, 2009

നെഗറ്റീവ് എനർജി,പോസിറ്റീവ് എനർജി മണ്ണാങ്കട്ട!


“എന്താ സുശീലാ വീട്ടിൽ അതിഥികൾ ഉണ്ടെന്ന് തോന്നുന്നുണ്ടല്ലോ”
പെട്ടെന്ന് കുമാരേട്ടന്റെ ശബ്ദം കേട്ടപ്പോൾ സുശീലൻ ഒന്നു ഞെട്ടി.

“അതിഥിയല്ല കുമാരേട്ടാ, കൺസൾട്ടന്റാ .. വാസ്തു കൺസൾട്ടന്റ്. വീട്ടിൽ നിന്നും നെഗറ്റീവ് എനർജിയെ പുറത്തു കളയിക്കാൻ കൊണ്ടുവന്നതാ.”

“നെഗറ്റീവ് എനർജിയോ?” കുമാരേട്ടനു സംശയമായി. താൻ കേട്ടത് തെറ്റിയതാവുമോ?

“ആ അതെ. വീട്ടിലും ജോലിസ്ഥലത്തും ആകെ പ്രശ്നങ്ങൾ. മനസ്സമാധാനം തീരേ ഇല്ല. നമ്മടെ ജോസാ പറഞ്ഞത്. താമസസ്ഥലത്തെ നെഗറ്റീവ് എനർജി കാരണമാണത്രേ. അവന്റെ വീട്ടിൽ വന്ന കൺസൾട്ടന്റിനെ അവനാ എനിക്കു പരിചയപ്പെടുത്തിയത്.“

“ഒരു എഞ്ചിനീയറായ നീ താൻ ഇതിലൊക്കെ വിശ്വസിക്കുന്നുണ്ടോ സുശീലാ?”

“കുമാരേട്ടനെന്താ ഈ പറയുന്നത്. അകത്തിരിക്കുന്ന കൺസൾട്ടന്റ് ആരാന്നറിയോ? ഒരു സയന്റിസ്റ്റാ. ശാസ്ത്രം ഒക്കെ ഒരുപാടു പഠിച്ച മനുഷ്യനാ. ഇത് അന്ധവിശ്വാസമല്ല ശാസ്ത്രമാ. നെഗറ്റീവ് എനർജി കണ്ടുപിടിക്കുന്ന ഒരു യന്ത്രം ഒക്കെ ഉണ്ട്”

“ശാസ്ത്ര - അജ്ഞൻ എന്നാണോ ഉദ്ദേശിച്ചത്? ഇല്ലാത്ത നെഗറ്റീവ് എനർജിയെ ഒക്കെ കണ്ടുപിടിക്കണമെങ്കിൽ ശാസ്ത്രജ്ഞനാവാൻ യാതൊരു സാധ്യതയും കാണുന്നില്ലല്ലോ.”

“ഏയ് വലിയ പുള്ളിയാ. ഭഗവദ്ഗീതയിൽ ബിംഗ് - ബാംഗ് ഉണ്ടെന്ന് കണ്ടുപിടിച്ച് പുസ്തകം ഒക്കെ എഴുതിയിട്ടുണ്ട്”

“ഓഹോ ഭഗവദ്ഗീതയിൽ ബിഗ് ബാംഗും ഉണ്ടോ?”

ഇത്രയുമായപ്പോൾ അകത്തു നിന്നും കൺസൾട്ടന്റ് കാര്യവട്ടം ശശി പുറത്തിറങ്ങി. കറുത്ത പാന്റും ഇൻസർട് ചെയ്ത ഫുൾസ്ലീവ് ഷർട്ടും. തനി ജന്റ്റിൽമാൻ. ടൈയില്ല. കൈകളിൽ കറുത്തതും കാവിനിറത്തിലുമുള്ള ചരടുകൾ. നെറ്റിയിൽ നിറയെ ഭസ്മം. കൈയിൽ ഒരു ഡൌസിംഗ് റോഡ്.

“ഹെന്റെ പോത്തിൻ‌കാലപ്പാ. ആർക്കാ ഇവിടെ ശാസ്ത്രവിശ്വാസമില്ലാത്തത്”. ശശിയണ്ണൻ കോപിഷ്ഠനായി

സുശീലൻ കുമാരേട്ടനു നേരെ വിരൽ ചൂണ്ടി.

ശശിയണ്ണന്റെ നെറ്റിയൊന്നു ചുളിഞ്ഞു. പിന്നെ കണ്ണുകൾ മുകളിലേക്കാക്കി ധ്യാനിച്ചു.
“ഈശ്വരോ രക്ഷതു. ഇതൊക്കെ ശാസ്ത്രമാണ്. നിങ്ങൾക്കൊന്നും ഇതിനെക്കുറിച്ചറിയാഞ്ഞിട്ടാണ്. ഇതു കണ്ടോ?”
ശശിയണ്ണൻ ഡൌസിംഗ് റോഡ് ഉയർത്തിപ്പിടിച്ചു.

“ഇതുകൊണ്ട് ഞങ്ങൾ നെഗറ്റീവ് എനർജിയും പോസിറ്റീവ് എനർജിയും കണ്ടുപിടിക്കും. ഉദാഹരണത്തിനു കണ്ടോ ഈ വാ‍തിലിന്റെ പടിയിന്മേൽ ഇതുപയോഗിച്ച് പരിശോധിച്ചാൽ മനസിലാവും ഇവിടെ നെഗറ്റീവ് എനർജി നിറഞ്ഞിരിക്കുകയാ എന്ന്. പണ്ട് നരസിംഹമൂർത്തി ഹിരണ്യകശിപുവിനെ കൊല്ലാൻ ഇവിടം തിരഞ്ഞെടുക്കാൻ എന്താ കാരണം എന്നാ കരുതിയെ?”

ശശിയണ്ണന്റെ കണ്ണുകളിൽ ഭക്ത്യാനന്ദപരമാനന്ദം!

“ഈ നെഗറ്റീവ് എനർജി എന്നു പറയുന്നതെന്താണ്?“ കുമാരേട്ടന് സംശയമായി.

“പോസിറ്റീവ് അല്ലാത്ത എനർജി. ഗുണഫലങ്ങൾ തരില്ല. ദോഷഫലങ്ങളാണ് തരിക. നമ്മളെ ദോഷകരമായി ബാധിക്കുന്നത്”

“എനർജി എങ്ങനെ നെഗറ്റീവ് ആകും. എനർജിയുടെ യൂണിറ്റ് എന്താണെന്ന് അറിയാമോ”

ശശിയണ്ണൻ ഒന്നു ആലോചിച്ചു. എന്താ?
“ജൂൾ”. ആഹാ തന്നോടാണോ കളി.

“ജൂൾ എന്നു പറയുമ്പോൾ?”

“ജൂൾ = kg.m^2/s^2 “

“ആണല്ലോ. അപ്പോൾ ഒന്നു ചിന്തിച്ചു നോക്കിയേ. അപ്പോൾ ഇടതുവശത്തെ എനർജിയുടെ ചിഹ്നം നെഗറ്റീവ് ആവണെമെങ്കിൽ വലതു വശത്തെ പരാമീറ്ററുകളിൽ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ മൂന്നൂമോ നെഗറ്റീവ്‌ ആവണം. വേണ്ടേ?”

“അതു ശരിയാണ്” ശശിയണ്ണൻ തല കുലുക്കി.

“മീറ്റർ സ്ക്വയർ, സെക്കന്റ് സ്ക്വയർ ഇതു രണ്ടും ഒരിക്കലും നെഗറ്റീവ് ആവാൻ പോവുന്നില്ല. കാരണം വർഗങ്ങൾ നെഗറ്റീവ് ആവില്ല. ഇമാജിനറി സംഖ്യ ആവാത്തിടത്തോളം. നമ്മൾ യഥാർത്ഥത്തിൽ ഉള്ള എനർജിയെക്കുറിച്ചാണല്ലോ സംസാരിക്കുന്നത്”

ശശിയണ്ണൻ അല്പമൊന്നു വിയർത്തു.

“പിന്നെയുള്ളത് കിലോഗ്രാം. അതായത് മാസ്. അതെങ്ങനെ നെഗറ്റീവ് ആവും?”

ശശ്യണ്ണൻ തളർന്നു.

“ശരി ഞാൻ തന്നെ പറയാം. ന്യൂട്ടന്റെ രണ്ടാം ചലന നിയമപ്രകാരം F = ma. വല്ലോം കത്തിയോ?

“ഇല്ല”

“അതായത് നെഗറ്റീവ് മാസുള്ള ഒരു വസ്തുവിനെ വലത്തോട്ട് തള്ളിയാൽ അത് ആക്സിലറേറ്റാവുന്നത് അതായത് ത്വരണം സംഭവിക്കുന്നത് ഇടത്തോട്ടായിരിക്കും. അങ്ങോട്ട് തള്ളിയാൽ ഇങ്ങോട്ട് വരുന്ന ഒരു വസ്തു. പോത്തിങ്കാലപ്പന്റെ സഹായത്താൽ അങ്ങനെ ഒരു വസ്തു ഇതുവരെ കണ്ടെത്തിയിട്ടില്ല.“

ശശിയണ്ണൻ സ്റ്റാച്യൂ ആയി.

സുശീലൻ ഇടപെട്ടു.
“എന്റെ ഭാര്യ രമണിയെ ഞാൻ ഇങ്ങോട്ട് വിളിച്ചാൽ അവൾ അങ്ങോട്ടെ പോവൂ”

ശശിയണ്ണന് പെട്ടെന്ന് എന്തോ കത്തി. “അത്തരം വസ്തുക്കൾ ഇല്ലെന്ന് ഒന്നും തെളിയിച്ചിട്ടല്ലല്ലോ. അത്തരം വസ്തുക്കളോ എനർജിയോ ഈ വീടിനകത്തില്ലെന്ന് എങ്ങനെ പറയാൻ കഴിയും.”

“മണ്ടത്തരം പറയാതെ. അത്തരത്തിലുള്ള ഒരു പദാർത്ഥം അകത്തുണ്ടെന്ന് കരുതൂ. അതായത് നെഗറ്റീവ് മാസുള്ള വസ്തു. അത് ചുറ്റുപാടുമുള്ള സാധാരണ വസ്തുവുമായി പ്രതിപ്രവർത്തിച്ച് ഇല്ലാതായിത്തീരും. എക്സ് അളവ് മാസ് ഉള്ള സാധാരണവസ്തുവുമായി അതേ അളവ് നെഗറ്റീവ് മാസുള്ള വസ്തു കാൻസൽ ചെയ്യപ്പെടും. മുഴുവൻ വായു നിറഞ്ഞിരിക്കുന്ന മുറിയിൽ അപ്പോൾ അങ്ങനെ വല്ലതും ഉണ്ടെങ്കിൽ തന്നെ അത് കാൻസൽ ആ‍യിപ്പോവില്ലേ?”

ശശിയണ്ണൻ സ്റ്റാച്യൂ മാറി നെടുവീർപ്പിട്ടു.

കുമാരേട്ടൻ തുടർന്നു:

“എനർജി ഉയർന്നിരിക്കാം താഴ്ന്നിരിക്കാം. പക്ഷേ അതിനു പൂജ്യത്തിലും താഴാൻ കഴിയില്ല. എനർജി അതിന്റെ ഏതു രൂപത്തിൽ ആയാലും അതിനു നെഗറ്റീവോ പോസിറ്റീവോ ആയ ഫലങ്ങൾ ഉണ്ടാക്കാൻ കഴിയും. ഉദാഹരണത്തിനു ഇലക്ട്രിക്കൽ എനർജി ഉപയോഗിച്ച് ഫാൻ കറക്കാം, ഭക്ഷണം പാകം ചെയ്യാം. ഇതേ എനർജി ഒരാളുടെ ശരീരത്തിൽ ഏല്പിച്ചാൽ അയാൾ മരിക്കുകയോ അല്ലെങ്കിൽ ഗുരുതരമായ പരിക്കുകൾക്ക് ഇടയാകുകയോ ചെയ്തേക്കാം. ഏത് എനർജിയാണെങ്കിലും അതെങ്ങനെ പ്രയോഗിക്കുന്നു എന്നതിലാണ് കാര്യം. അല്ലാതെ ചില എനർജികൾ പോസിറ്റീവ് എന്നും മറ്റു ചിലവ നെഗറ്റീവ് എന്നും വർഗീകരിക്കാൻ കഴിയില്ല.

“അതിനു ഞങ്ങൾ പറയുന്ന നെഗറ്റീവ് എനർജിയിലെ നെഗറ്റീവ് എന്നു പറയുന്നത് നിങ്ങളുടെ മാത്തമറ്റിക്സിലെ നെഗറ്റീവ് എന്ന നൊട്ടേഷനുമായി ബന്ധപ്പെട്ട നെഗറ്റീവ് ആണെന്ന് ഞങ്ങൾ പറഞ്ഞില്ലല്ലോ?” സംഗതി പന്തിയല്ല എന്ന് കണ്ട് ശശിയണ്ണൻ അടവു മാറ്റി

“അങ്ങനെയെങ്കിൽ നിങ്ങൾ പറയുന്ന എനർജിയുടെ ഫിസിക്കൽ മീനിംഗ് എന്താണെന്ന് പറയൂ”

“നിങ്ങളുടെ ഫിസിക്സ് ഉപയോഗിച്ച് എല്ലാത്തിനേയും നിർവചിക്കാം എന്നു കരുതരുത്. മനുഷ്യനും ശാസ്ത്രത്തിനും മനസിലാവാത്ത പലതുമുണ്ട്. ഇത് ശാസ്ത്രമല്ല. ശാസ്ത്രത്തിനതീതമാണ്.”

“ഇതു ശാസ്ത്രമാണെന്ന് നിങ്ങൾ തന്നെയല്ലേ ആദ്യം പറഞ്ഞത്? ഇനി ഇത് ശാസ്ത്രമല്ലെങ്കിൽ, ശാസ്ത്രവുമായി ബന്ധപ്പെട്ട പദങ്ങൾ നിങ്ങൾ എന്തിനാണ് ഉപയോഗിക്കുന്നത്. ശാസ്ത്രീയമെന്നു തോന്നിപ്പിക്കുന്ന, എന്നാൽ കപടശാസ്ത്രപരീക്ഷണരീതികളായ, ഡൌസിംഗ് റോഡ് പോലുള്ളവ എന്തിനുപയോഗിക്കുന്നു”

ശശിയണ്ണൻ മൌനം പാലിച്ചു.

“ഐഡിയ കൊള്ളാം. ശാസ്ത്രപദങ്ങളുടെ പരസ്യമായ വ്യഭിചാരം അല്ലേ? “

ശശിയണ്ണൻ പുറത്തേക്കുള്ള വഴിലേക്ക് ദയനീയതയോടെ നോക്കി.

“പണ്ട് മന്ത്രവാദികൾ , മനുഷ്യരെ അവരുടെ കൺകെട്ടുവിദ്യകൾ വിശ്വസിപ്പിക്കാൻ വേണ്ടി ഉപയോഗിച്ചിരുന്ന ചില ടൂളുകൾ ഉണ്ട്. ഹോമകുണ്ഢത്തിൽ നിന്നും തീയുയർത്തുന്നതും, ചൂരലു കൊണ്ടടിച്ച് ബാധയെ ഒഴിപ്പിക്കുന്നതുമെല്ലാം. അതിന്റെ ആധുനിക രൂപമാണ് താങ്കളുടെ ഡൌസിംഗ് റോഡ്. താങ്കളുടെ ഫ്രോഡ് വേലകൾ ശാസ്ത്രത്തിന്റെ മറ നൽകാനുള്ള ഒരു ഉപാധി.

ശശിയണ്ണൻ ഒന്നും മിണ്ടിയില്ല..

"എന്നാൽ ഇതും കൂടെ കേട്ടു കൊള്ളൂ. ഗ്രാവിറ്റേഷനൽ പൊട്ടെൻഷ്യൽ എനർജിയെ നെഗറ്റീവ് ആയി ആണ് കണക്കാക്കുന്നത്. അതായത് ഉയരത്തിൽ ഇരിക്കുന്ന വസ്തുവിനു ഉള്ള എനർജിയെ നെഗറ്റീവ് എന്ന് മാർക്കു ചെയ്തിരിക്കുന്നു. മുകളിൽ നിന്നും താഴേക്ക് വീഴുന്ന വസ്തുവിനെ ഉയർത്തി വീണ്ടും പഴയ സ്ഥാനത്ത് വെയ്ക്കുമ്പോൾ ആദ്യം ചെയ്ത വർക്കിനെതിരായി (അതു പോസിറ്റീവ് ആയി കണക്കാക്കിയാൽ) അതു കാൻസൽ ചെയ്യുന്നു എന്നതു കൊണ്ട് ഉയരത്തിലിരിക്കുന്ന ഒരു വസ്തുവിനുള്ളത് നെഗറ്റീവ് എനർജിയായി ആണ് പരിഗണിക്കുന്നത്. അവിടെ ശശ്യേട്ടൻ പറഞ്ഞത് കറക്റ്റും ആവും ഉയരത്തിൽ ഇരിക്കുന്ന വല്ല വസ്തുവും തലയിൽ വീണാൽ ഉണ്ടാവുക നെഗറ്റീവ് എഫക്റ്റ് ആവും.

“ഞാനപ്പഴേ പറഞ്ഞില്ലേ നെഗറ്റീവ് എനർജി ഉണ്ടെന്ന് ?” ശശിയണ്ണനിൽ വീണ്ടും പോസിറ്റീവ് എനർജി നിറഞ്ഞു.


“അടങ്ങ് ശശ്യണ്ണാ അടങ്ങ്. ഇതേ പൊട്ടൻഷ്യൽ എനർജി എന്ന കൺസപ്റ്റിലൂന്നി വെള്ളച്ചാട്ടത്തിന്റെ ശക്തി ഉപയോഗിച്ച് ടർബൈൻ കറക്കി വൈദ്യുതി ഉണ്ടാക്കുമ്പോൾ അതു നെഗറ്റീവ് എഫക്ടോ പോസിറ്റീവ് എഫക്ടോ. അതായത് എനർജി നമ്മൾ എങ്ങിനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം.”

ശശ്യണ്ണൻ കൺഫ്യൂഷസും സോക്രട്ടീസും ആയി. ഇനി നിന്നാൽ ശരിയാവൂല എന്ന് പതുക്കെ ബാഗു കൈയിലേക്കെടുത്ത് പുറത്തേക്കിറങ്ങി.

“മിതമായ ഭാഷയിൽ പറഞ്ഞാൽ നിങ്ങൾ ഒരു ഫ്രോഡാണ്.”

“നിന്നെ പോത്തുംകാലപ്പൻ എടുത്തോളുമെടാ” കുമാരേട്ടനെ പ്രാകിക്കൊണ്ട് ശശിയണ്ണൻ സ്പീഡിൽ റോഡിലേക്ക് നടന്നു.

വീട്ടിനകത്തെ പോസിറ്റീവ് എനർജി കൂട്ടുവാൻ വേണ്ടി കാര്യവട്ടം ശശി സ്ഥാപിച്ച പിച്ചളത്തിൽ തീർത്ത ആമയേയും തവളയേയും വഴിയരികിലെ ഓടയിലേക്ക് വലിച്ചെറിഞ്ഞ് സുശീലൻ പിറിപിറുത്തു

“നെഗറ്റീവ് എനർജി, പോസിറ്റീവ് എനർജി മണ്ണാങ്കട്ട!“

കുമാരേട്ടൻ സുശീലനെ നോക്കി പുഞ്ചിരിച്ചു.

Sunday, July 12, 2009

ആരാണ്ടാ ലാലണ്ണനെ അപവാദം പറയണത്?

രാമൻ നായെഴ്സ് ചായക്കടയിലിരുന്ന് പ്രാദേശികകവി ശശിയണ്ണൻ വിനമ്രതകുനമ്രിതനായി.
കൈയിലിരുന്ന ചായഗ്ലാസ്സ് വലിച്ചെറിഞ്ഞ് ചാടി അറ്റൻഷൻ ആയി ടിവിയിൽ നോക്കി സല്യൂട്ട് അടിച്ചു.

“ലെഫ്റ്റനന്റ് കേണൽ ലാലണ്ണൻ, ആക്സപ്റ്റ് ഔവർ നാഷൻസ് സല്യൂട്സ്....
വീർ തും ബഡേ ചലോ ധീർ തും ബഡേ ചലോ“

“ഡേയ് ഡേയ് നീയെന്തരടേ കെടന്ന് തുള്ളണത്...“

“അണ്ണാ രോമാഞ്ചം രോമാഞ്ചം. നമ്മടെ ലാലണ്ണനെ പട്ടാളത്തിലെടുത്തണ്ണാ...”

“അതിനു നീയെന്തിനെടേ തുള്ളണത്? ആദ്യായിട്ടാണോ ആരേങ്കിലും പട്ടാളത്തിൽ എടുക്കുന്നത്?”

“അതല്ലണ്ണാ... മലയാ‍ളം സിനിമയിൽ പട്ടാളക്കാരനായി അഭിനയിച്ചതിനാ അണ്ണനെ പട്ടാളത്തിൽ എടുത്തത്.”

“ഓഹോ . അപ്പോ ബോയിംഗ് ബോയിംഗിൽ അഭിനയിച്ചതിനു അങ്ങേരെ ആസ്ഥാന പൂവാലനായും സ്പടികത്തിലും ദേവാസുരത്തിലും അഭിനയിച്ചതിന് ഗുണ്ടയായും പ്രഖ്യാപിക്കുമാരിക്കും ല്യോ?”

“അതല്ലണ്ണാ യുവതലമുറക്ക് ആവേശമുൾക്കൊള്ളാൻ വേണ്ടി സിനിമകളിൽ അഫിനയിക്കുന്ന ആളല്യോ മമ്മൂക്കായും മോഗൻലാലും”

“എൺപതുകളിലും തൊണ്ണൂറുകളിലും സാധാരണക്കാരനായ മനുഷ്യനെ അവതരിപ്പിച്ച കാലത്തൊന്നും അങ്ങേരെ ആരും എന്തേ പരിഗണിക്കാത്തത്? കീർത്തിചക്രയും നരസിംഹവുമാണോ ലാലണ്ണന്റെ മികച്ച ചിത്രങ്ങൾ?“

ഇത്രയും ആയപ്പോൾ ചാ‍യക്കടക്കാരൻ രാമന്നായരദ്ദേഹം പ്രശ്നം ഗുരുതരം എന്നു കണ്ട് ഇടപെട്ടു.

“ഡേയ് ഡെയ് കാര്യം ഒക്കെ ശരി. ഞങ്ങടെ കണിമംഗലം കൊട്ടാരത്തിലെ ആറാം തമ്പുരാനെ കളിയാക്കിയാൽ വിവരം അറിയും. ഒരു ദേശത്തിന്റെ മൊത്തം പ്രതീക്ഷയുമാണ് അദ്ദേഹമെന്ന് നിനക്കൊക്കെ അറിയാമോടേ? ദേവീടെ ക്ഷേത്രം പുനരുദ്ധരിക്കാനും വർഷങ്ങളായി മുടങ്ങിക്കിടന്ന ഉത്സവം നടത്താനുമായി അവതാരം കൊണ്ട നരസിംഹരൂപമാണാ തിരുവടികൾ. നിനക്കൊക്കെ അറിയാമോ?”

“അങ്ങനെ പറഞ്ഞ് കൊടുക്കെന്റെ രാമന്നായരേ. മുറിവേറ്റ സവർണഹൃദയത്തിന്റെ തേങ്ങലുകളാണ് പുള്ളി എന്നു പറഞ്ഞാൽ എവനൊക്കെ മനസിലാവുമോ? പണ്ടൊരിക്കൽ ചിരിയാഗഞ്ചിലിലെ ഒരു ചായക്കടയിൽ ജോലിക്കു തടസമാകുമെന്നു വനപ്പോൾ പൂണൂൽ പൊട്ടിച്ചെറിഞ്ഞു പിന്നീടെപ്പോഴോ രണ്ട് തുള്ളി കണ്ണുനീരും ചേർത്ത് യമുനയിൽ നിക്ഷേപിച്ചെങ്കിലെന്താ? മനസിൽ ഇപ്പോഴും ബ്രാഹ്മണ്യത്തിന്റെ ശുദ്ധിയും മുറയും കാത്തു സൂക്ഷിക്കുന്നുണ്ട്. ആ‍വണപ്പലകയിലിരുത്തി അച്ഛൻ ചൊല്ലിത്തന്ന മന്ത്രങ്ങൾ മറന്നിട്ടുമില്ല. (ബാക്ഗ്രണ്ടിൽ മ്യൂസിക് ഉയരുന്നു : “യസ്യാം സമുദ്രാ“).“

“അതന്നെ കാര്യം... സംവരണം കൊണ്ട് ജോലി കിട്ടിയ ദളിതന്റെ മുന്നിൽ കുമ്പിട്ടു നിൽക്കേണ്ട സവർണന്റെ മനോവേദന എന്തെന്ന് നിങ്ങൾക്കറിയാമോ?“

“രാമന്നായര് പറഞ്ഞതാ അതിന്റെ ശരി. മസിലു കാട്ടി പെണ്ണിനെ വളയ്ക്കുന്ന, ശാസ്ത്രീയ സംഗീതം അറിയാവുന്ന, അസുരനിഗ്രഹകനായ ഞങ്ങടെ വിഗ്രഹത്തെ തൊട്ടാൽ തൊട്ടവൻ വിവരം അറിയും. കെട്ടോടാ രാജ്യദ്രോഹീ”

അങ്ങനെ അക്കാര്യത്തിൽ ഒരു തീരുമാനമായി ചായക്കട സമ്മേളനം പിരിഞ്ഞു. സ്ഥലത്ത് വീണ്ടും സമാധാനം പുലർന്നു. കൊച്ചു നീലാണ്ഠൻ ഉച്ചത്തിൽ അമറി. രാമന്നായർ പാറുക്കുട്ടിയുടെ പള്ളക്ക് രണ്ടേറും വച്ചു കൊടുത്തു.
“മിണ്ടാതിരിയെടീ പെണ്ണേ”


****
ആനവാൽ:-

നായികയുടെ കണ്ണിൽ നോക്കി അവളെ ഇഷ്ടമാണെന്ന് തുറന്ന് പറയുന്ന, ഇഷ്ടപ്പെട്ട പെണ്ണിനെയും കൊണ്ട് ഐറ്റം ഡാൻസ് കളിക്കുന്നതിനു പകരം അവളെ ചുണ്ടുകളിൽ ചുംബിക്കുന്ന, പ്രേമിക്കുന്ന പെണ്ണിനെ കല്യാണം കഴിക്കാൻ ഗുരുവായൂരപ്പന്റെ ബ്രോക്കർ പണിയും കുമ്പിടി ഗണിക്കുന്ന ജാതകപ്പൊരുത്തവും ആവശ്യമില്ലാത്ത നായകൻ എന്നാണാവോ മലയാളം സിനിമയിൽ ഉണ്ടാകുന്നത്!

CopyLeft Information

Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.