Wednesday, March 3, 2010

ഹിന്ദുമതത്തിന്റെ നാള്‍വഴികള്‍

ഗുരുകുലത്തിലെ ഈ പോസ്റ്റിനിട്ട കമന്റ് ഇവിടെ സൂക്ഷിക്കുന്നു എന്ന് മാത്രം. ചര്‍ച്ച അവിടെ തന്നെ തുടരാന്‍ താല്പര്യം. മറുപടികളും അവിടെ തന്നേക്കാം :)

തത്വത്തില്‍ ഉമേഷേട്ടന്റെ പോസ്റ്റിലെ വാദങ്ങളോട് യോജിപ്പ്. ഹിന്ദുമതത്തിന്റെ ഇത്തരമൊരു ഫ്ലക്സിബിളിറ്റി കാരണം തന്നെയാണ് അതിനെ കൃത്യമായ ചട്ടക്കൂടുകള്‍ ഉള്ള മറ്റു മതങ്ങളേക്കാളും ഭയാശന്കകളോടെ ചിലപ്പോഴെന്കിലും നോക്കിക്കാണേണ്ടിവരുന്നതും. ബുദ്ധനും മുന്പേ ഇന്ന് നമ്മള്‍ ഹിന്ദുമതം എന്നു വിളിക്കുന്ന മതത്തിന്റെ ആദിമരൂപങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ വിഗ്രഹാരാധനയിലും ബഹുദൈവവിശ്വാസത്തിലും ഒക്കെ അധിഷ്ഠിതമായിരുന്നു. ഇവയെല്ലാം കലര്‍ന്ന വിവിധമതവിഭാഗങ്ങള്‍ ആയിരുന്നു ഇന്ത്യന്‍ സബ്‌‌കോണ്ടിനന്റില്‍ നില നിന്നിരുന്നത് . കൂടുതല്‍ സോഫിസ്റ്റിക്കേറ്റഡ് ആയ ബുദ്ധമതത്തിന്റെയും ജൈനമതത്തിന്റെയും ആവിര്‍ഭാവത്തോടെ പിന്നീട് സ്വാഭാവികമായും പ്രാകൃതമായ ശൈവ-വൈഷ്ണവ മതങ്ങളുടെ പോപ്പുലാരിറ്റി കുറഞ്ഞു. ലൈംഗികതയെ ആരാധിച്ചിരുന്ന ഈശ്വരവാദികളായ ശൈവമതത്തില്‍ നിന്നും ലൈംഗികതയെയും ദൈവത്തെയും തള്ളിപ്പറഞ്ഞ ബുദ്ധമതത്തിലേക്ക് ഇന്ത്യന്‍ സബ്‌‌കോണ്ടിനന്റ് കൂറു മാറി. (ഭഗവാന്‍ എന്ന വാക്കിന്റെ എറ്റിമോളജി പരിശോധിച്ചാല്‍ - ലിംഗയോനീസംയോജനം/ക്രിയേഷന്‍/ക്രിയേറ്റര്‍ എന്നതില്‍ നിന്നും ഐശ്വര്യമുള്ളവന്‍ എന്നതിലേക്ക് മാറുന്നത് ഈ കാലഘട്ടത്തില്‍ ആണ്. ബുദ്ധ-ജൈനമതങ്ങളില്‍ ക്രിയേറ്ററുമില്ല ലൈംഗികതയ്ക്ക് പ്രാധാന്യവുമില്ല. അപ്പോള്‍ ഭഗവാന്‍ എന്ന പദം തുടര്ന്നും ഉപയോഗിക്കാന്‍ അവര്‍ക്ക് അത്തരമൊരു അര്‍ത്തവ്യതിയാനം ആവശ്യമായിരുന്നു). ഈ ഒരു അന്തരീക്ഷത്തിലാണ് ശന്കരാചാര്യര്‍ അവതരിക്കുന്നത്. പോപ്പുലാരിറ്റി നഷ്ടപ്പെട്ട ഹിന്ദുമതത്തെ റിവൈവ് ചെയ്യാന്‍ ശന്കരാചാര്യര്‍ പ്രയോഗിച്ചത് മുള്ളിനെ മുള്ള് കൊണ്ടെടുക്കുക എന്ന തന്ത്രം തന്നെയായിരുന്നു. (അതിനു അദ്ദേഹത്തെ സഹായിച്ചത് കൃത്യമായ ചട്ടക്കൂടുകള്‍ ഇല്ലാത്ത ഹൈന്ദവപാരമ്പര്യവും). ഒന്ന് ലൈംഗികതയെ തള്ളിപ്പറയുക. സാത്വികനാവുക എന്നാല്‍ ലൈംഗികതയില്‍ നിന്നും വിരക്തനാവുക. രണ്ട്. പ്രാകൃതവും വിഗ്രഹാധിഷ്ഠിതവുമായ ദൈവസന്കല്പത്തെ നിരാകരിക്കുക. അതിനായി രൂപകല്പന ചെയ്തതാണ് അദ്വൈത സിദ്ധാന്തം. ബുദ്ധമതത്തിന്റെ നിരീശ്വരവാദത്തോട് കട്ടക്ക് കട്ട നില്ക്കുന്നതും എന്നാല്‍ ദൈവത്തെ തള്ളിപ്പറയാത്തതുമായ ഒരു ഫിലോസഫി. വീണ്ടും ഇന്ത്യയില്‍ ഹിന്ദുമതം തഴച്ചു വളരുന്നു. (അതോടൊപ്പം ശന്കരാചാര്യര്‍ നിലവിലുണ്ടായിരുന്ന ആചാരാനുഷ്ഠാനങ്ങളില്‍ ഭൂരിഭാഗത്തെയും തള്ളിപ്പറയുന്നില്ല എന്നതും പ്രസക്തമാണ്).

പിന്നീട് മുഗളരുടേയും ക്രൈസ്തവരുടേയും ആവിര്ഭാവത്തോടെ ഹിന്ദുമതത്തിനു ചെറിയ തോതിലെന്കിലും അപചയം സംഭവിക്കുന്നു . കാരണം അതിഥികളുടെ സന്കല്പങ്ങള്‍ അല്പം കൂടി സോഫിസ്റ്റിക്കേറ്റഡ് ആണ്. ശന്കരദര്ശനം ഫിലോസഫിക്കല്‍ തലത്തിലേ വിഗ്രഹാരാധനയെ തള്ളിപ്പറയുന്നുള്ളൂവെന്കിലും സെമിറ്റിക് മതങ്ങങ്ങള്‍ അനുഷ്ഠാനങ്ങളുടെ തലത്തില്‍ തന്നെ വിഗ്രഹാരാധനയെ തള്ളിപ്പറയുന്നുണ്ട്. പോരാത്തതിനു ലൈംഗികതയുടെ മുകളില്‍ ഉള്ള കണ്ട്രോളും. ഈ മതങ്ങള്‍ സ്വാഭാവികമായും പ്രചാരം നേടുന്നു. ഹിന്ദുമതം വിട്ടുകൊടുക്കുമോ? അവിടെയാണ് ദയാന‌‌ന്ദസരസ്വതി എന്റര്‍ ചെയ്യുന്നതും സെമിറ്റിക് സന്കല്പങ്ങളോട് കൂടുതല്‍ അടുത്ത് നില്ക്കുന്ന തരത്തില്‍ ഹിന്ദുമതവിശ്വാസങ്ങളെ റീഡിഫൈന്‍ ചെയ്യാന്‍ ശ്രമിക്കുന്നതും. ഇതും ഒരു പരിധി വരെ ഏശി. ഇന്നു പാര്‍ത്ഥനും ശ്രീ പിള്ളയും സ്വാമി സന്ദീപ് ചൈതന്യയുമെല്ലാം എടുത്തലക്കുന്ന നിര്‍ഗുണനിരാകാരപരബ്രഹ്മത്തില്‍ അധിഷ്ഠിതമായ ആചാരാനുഷ്ഠാനങ്ങള്‍ ഓപ്ഷനല്‍ ആണെന്ന മട്ടില്‍ ഉള്ള ഹിന്ദുമതസന്കല്പം ഇവിടെയാണ് തുടങ്ങുന്നത്. അവരുടെ വാദപ്രകാരം അതങ്ങ് പ്രപഞ്ചാരംഭം മുതല്ക്കേയുള്ളതാണ്. (ശന്കരാചാര്യര്‍ ചാതുര്‍വര്ണ്യത്തെ നേരിട്ടോ പരോക്ഷമായോ തള്ളിപ്പറയുന്നില്ല എന്നതും ആചാരാനുഷ്ഠാനങ്ങളെ അതേ പടി നിലനിര്ത്തുന്നു എന്നതും ആയിരുന്നു പ്രധാനവ്യത്യാസം. ഇന്നത്തെ ഹിന്ദുമതസന്കല്പം എത്ര സെമിറ്റിക് ആവാമോ അത്രയും ആയ തരത്തില്‍ ആണ്).

എന്നാല്‍ കാലക്രമേണ സെമിറ്റിക് സന്കല്പങ്ങളും അല്പസ്വല്പമെന്കിലും പ്രാകൃതമായി തുടങ്ങുന്നു. ഗലീലിയോക്കും ബ്രൂണോയ്ക്കും ഡാര്‍വിനും ശേഷം സഭയുടെയും ഇസ്ലാമിന്റെയും സെമിറ്റിക് ദൈവസന്കല്പത്തിനു പോലും പരിക്കു പറ്റിത്തുടങ്ങുന്നു. ബിംഗ് ബാംഗിനെയും മറ്റും തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി ഉള്ക്കൊള്ളിക്കാന്‍ സെമിറ്റിക് മതങ്ങള്‍ ശ്രമിക്കുന്നുവെന്കിലും പരിണാമസിദ്ധാന്തം പോലുള്ള പൂര്ണമായും ദൈവത്തെ തള്ളിപ്പറയുന്ന ശാസ്ത്രസത്യങ്ങളുടെ മുന്പില്‍ അവര്ക്കും കാലിടറുന്നു.

പക്ഷേ ഇവിടെയും പരാജയം സമ്മതിക്കാന്‍ നമ്മുടെ ഹിന്ദുമതം തയ്യാറല്ല. ഗോപാലകൃഷ്ണന്റെയും മറ്റും ശ്രമങ്ങള്‍ ഈ ലൈനിലാണ്. പരിണാമസിദ്ധാന്തം അടക്കം സകല ശാസ്ത്രസത്യങ്ങളും ഹിന്ദുമതപാരമ്പര്യവുമായി ചേര്ന്നുപോകും എന്നു വരുത്തിത്തീര്ക്കുക. കൃത്യമായ ചട്ടക്കൂടുകള്‍ ഇല്ല എന്നത് തന്നെയാണ്‍ ഗോപാലകൃഷ്ണനെയും ബ്ലോഗിലെ കൗണ്ടര്‍പാര്ട്ടുകളായ പാര്‍ത്ഥനെപ്പോലുള്ളവരെയും നിര്‍ഭയം ഹിന്ദുമതഗ്രന്തങ്ങള്‍ ഇഷ്ടം ഉള്ള പോലെ വ്യാഖ്യാനിക്കാന്‍ സഹായിക്കുന്നത്. ഏത് ശ്ലോകത്തിന്റെയും പുരാണകഥയുടെയും അര്‍ത്ഥം അവര്ക്കിഷ്ടമുള്ള പോലെ വ്യാഖ്യാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യമുണ്ട്. വിശ്വാസിള്‍ക്കിടയില്‍ നിന്നും എതിര്‍പ്പു വരേണ്ട കാര്യമില്ല. ക്രൈസ്തവര്‍ക്കും ഇസ്ലാമിനും ഇക്കാര്യത്തില്‍ പരിമിതികള്‍ ഉണ്ട്. ബുദ്ധമതത്തിന്റേയും ജൈനരുടേയും പുരോഗതി പിറകിലോട്ടാണ്‍ താനും.

ഇവിടെ പറഞ്ഞ കാര്യങ്ങള്‍ ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്താന്‍ വേണ്ടിയല്ലെന്ന് പറഞ്ഞു കൊണ്ട് അവസാനിപ്പിക്കുന്നു. വിയോജിപ്പുകള്‍ സ്വാഗതം ചെയ്യുന്നു.

CopyLeft Information

Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.