Thursday, April 8, 2010

ഗോപാലകൃഷ്ണന്മാര്‍ അരങ്ങു വാഴുമ്പോള്‍...

ലോകം കണ്ട ഏറ്റവും കഴിവുള്ള പ്രഭാഷകരിലൊരാളായിരുന്നു അഡോള്‍ഫ് ഹിറ്റലര്‍. ഒന്നാം ലോകമഹായുദ്ധകാലത്ത് വെറും ഒരു 'റണ്ണര്‍' ആയിരുന്ന ഹിറ്റ്‌‌ലര്‍ രണ്ടാം മഹായുദ്ധകാലമാവുമ്പോഴേക്കും ജര്‍മനിയുടെ ഭരണക‌‌ര്‍ത്താവായിത്തീര്‍ന്നത് വെറും നാവിന്റെ ബലത്തിലായിരുന്നുവെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല.

ഹിറ്റലര്‍ കവലയില്‍ തന്റെ ആദ്യപ്രസംഗങ്ങള്‍ നടത്തുമ്പോള്‍ കേള്‍വിക്കാര്‍ വിരലിലെണ്ണാവുന്നവരായിരുന്നത്രേ! പിന്നീട് അത് പത്തായി, നൂറായി, ആയിരവും പതിനായിരവുമായി ഒടുക്കം ഒരു രാജ്യത്തെ മുഴുവന്‍ തന്റെ കാല്‍ക്കീഴിലാക്കിയെന്നു മാത്രമല്ല, മുഴുവന്‍ ലോകത്തെയും വിറപ്പിക്കുക കൂടി ചെയ്തു. എന്തായിരുന്നു ഹിറ്റ്ലറിന്റെ വിജയരഹസ്യം? വളരെ ലളിതം - ജനങ്ങള്‍ എന്താണോ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് അത് ഉറക്കെ വിളിച്ചു പറയുക. അവിടെ തെറ്റിനും ശരിയ്ക്കും പ്രസക്തിയില്ല.

ആദ്യത്തെ പടി ഏതെങ്കിലും തരത്തിലുള്ള വികാരത്തെ ഉത്തേജിപ്പിക്കുക എന്നതാണ് ( ഹിറ്റ്ലര്‍ - ആര്യവം‌‌ശം, താക്കറെ - മറാഠിവികാരം , ബുഷ് - അമേരിക്കന്‍ പാട്രിയോട്ടിസം , മോഡി - ഹിന്ദുത്വം).
ദേശീയതയും മതവുമെല്ലാം ഇക്കൂട്ടത്തില്‍ പെടുത്താവുന്ന മറ്റു വിഷയങ്ങളാണ്.

രണ്ടാമത് ഒരു സാങ്കല്‍പിക ശത്രുവിനെ സൃഷ്ടിക്കല്‍. തങ്ങളുടെ വം‌‌ശം , രാജ്യം, വര്‍ഗം മുതലായവയ്ക്ക് വെല്ലുവിളിയായി മറ്റൊരു വര്‍ഗമുണ്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. അതിനു എരിവു പകരാന്‍ സാങ്കല്‍പികശത്രുവിന്റെ കൂട്ടത്തിലെ ഒന്നോ രണ്ടോ‌പേരുടെ ഏതെങ്കിലും തെറ്റായ പ്രവര്‍ത്തികള്‍ മതിയാകും (അത് തന്നെ നിര്‍ബന്ധം ഉള്ള കാര്യമല്ല). ജ്യൂതര്‍ എന്ന സമ്പന്നവര്‍ഗം ആര്യജനതയുടെ പുരോഗതിയെ തടയുകയും അവരെ ദ്രോഹിക്കുകയും ചെയ്യുന്നവരാണ് എന്ന ഹിറ്റ്ലറുടെ പ്രചരണം എത്ര പെട്ടെന്നാണ് സ്വീകരിക്കപ്പെട്ടത്! മുംബായിലെ ജനങ്ങളുടെ തൊഴിലില്ലായ്മയ്ക്ക് കാരണം മറ്റു സംസ്ഥാനത്ത് നിന്നും എത്തുന്നവരാണെന്ന് താക്കറെ പറയുമ്പോഴും , ഇസ്ലാം എന്നാല്‍ തീവ്രവാദി എന്ന് ബുഷ് ഭരണകൂടം പ്രചരിപ്പിച്ചപ്പോഴും അവ സ്വീകരിക്കപ്പെട്ടത് ഇത്ര തന്നെ എളുപ്പത്തിലായിരുന്നു . ഈ സാന്കല്പികശത്രു ഏതൊരു ഭരണകൂടത്തിനും താന്താങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ വളരെ അത്യാവശ്യമാണ്.

തങ്ങള്‍ പട്ടിണി കിടന്നാണെന്കിലും ഇന്ത്യക്കെതിരെ പ്രയോഗിക്കാന്‍ മിസൈലുകള്‍ സൃഷ്ടിക്കും എന്നായിരുന്നു ബേനസീര്‍ ഭൂട്ടോ‌ തന്റെ മരണത്തിനു മുന്പുള്ള അവസാനത്തെ പ്രസംഗത്തില്‍ പറഞ്ഞതെന്ന് പത്രറിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ വികസനത്തിനു തടസം നില്ക്കുന്നത് ചൈനയാണെന്നും കമ്യൂണിസ്റ്റുകാര്‍ മുഴുവന്‍ ചൈനീസ് ചാരന്മാരാണെന്നും കോണ്‍ഗ്രസുകാര്‍. മുന്‍പ് സൂചിപ്പിച്ചത് പോലെ ഇവിടെ സത്യത്തിനു പ്രസക്തിയില്ല. കേള്‍വിക്കാരന്‍ എന്ത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുവോ അത് ഉറക്കെ വിളിച്ചു പറയുക എന്ന് മാത്രമാണ് പ്രധാനം.

ആര്‍‌‌ഷഭാരതസംസ്കാരമെന്നും പറഞ്ഞ് ഇല്ലാത്ത കള്ളത്തരങ്ങള്‍ പ്രചരിപ്പിക്കുന്ന ഡോ:ഗോപാലകൃഷ്ണനു ഈ കാര്യങ്ങളെല്ലാം വളരെ നന്നായി അറിയാമായിരിക്കണം. അദ്ദേഹത്തിന്റെയും പ്രസംഗത്തിന്റെ പാത ഇതേ വഴിയിലാണെന്ന് സൂക്ഷിച്ചു നിരീക്ഷിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളൂ.

ഗോപാലകൃഷ്ണന്റെ പ്രസംഗത്തിന്റെ വിജയത്തിന്റെ ചേരുവ വളരെ ലളിതമാണ്.

1. ശ്ലോകങ്ങള്‍ ( ഇഷ്ടാനുസരണം വ്യാഖ്യാനിച്ചത് ).
2. ശാസ്ത്രം (വളച്ചൊടിച്ചത്).
3. ദേശസ്നേഹം (ആവശ്യത്തിന്).
4. പാല്‍പുഞ്ചിരി.
5. സസ്‌‌പെന്‍സ് (കൂടുതല്‍ ആയി എന്തൊക്കെയോ ഉണ്ടെന്ന ഒരു തോന്നലിനു വേണ്ടി മാത്രം)
6. സാന്ക‌‌ല്‍പികശത്രു - മോഡേണ്‍ സയന്സ് /സയന്റിസ്റ്റുകള്‍.

ശരിയായ ശാസ്ത്രപുരോഗതി ഇന്നും അന്യം നില്ക്കുന്ന, അതിന്റെ അപകര്‍ഷതാ ബോധം അനുഭവിക്കുന്ന ഒരു ജനതയ്ക്കിടയിലേക്കാണ് 'ആര്‍ഷഭാരതത്തിലില്ലാത്തത് ഒന്നുമില്ല' എന്ന വാക്യം അദ്ദേഹം വളരെയധികം ആത്മവിശ്വാസം സ്ഫുരിക്കുന്ന ശബ്ദത്തില്‍ തട്ടിവിടുന്നത്. ന്യൂട്ടനും കെപ്ലറും ഐന്‍സ്റ്റീനും ഡാര്‍വിനും എല്ലാം കണ്ടെത്തിയത് അതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഭാരതത്തിലെ ഋഷിവര്യന്മാര്‍ കണ്ടെത്തിയിരുന്നു എന്ന പൊള്ളയായ വാദം മാത്രമല്ല അദ്ദേഹം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്, അതോടൊപ്പം ഇത്തരം കണ്ടെത്തലുകളെ മനഃപൂര്‍വ്വം ഇരുട്ടിലേക്ക് തള്ളിയിടുകയായിരുന്നു മോഡേണ്‍ സയന്റിസ്റ്റുകള്‍ എന്നു കൂടി പലപ്പോഴും നേരിട്ടോ‌ അല്ലാതെയോ‌ അദ്ദേഹം സൂചിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് (സാന്കല്‍പ്പിക ശത്രു ഇല്ലാതെ കാര്യം നടക്കില്ലല്ലോ).

അഞ്ചാമത് പറഞ്ഞ സസ്പെന്സ് - അതും വളരെ പ്രധാനപ്പെട്ടതാണ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും ഏതാണ്ട് എല്ലാത്തിന്റെയും മുഖവുര ഒരേ പോലെയാണ്. "ഞാനിവിടെ ചില വലിയ സംഭവങ്ങള്‍ പറയാനാണ് പോവുന്നത്. അതൊക്കെ വല്യേ കോമ്പ്ലിക്കേറ്റഡ് ആയ, ചിലര്‍ക്ക് മാത്രം (സവര്‍ണര്‍?) മനസിലാക്കാന്‍ കഴിയുന്ന കാര്യങ്ങളാണ്. നിങ്ങള്‍ക്ക് ഒന്നും മനസിലാവാന്‍ പോകുന്നില്ല. പക്ഷേ ഒക്കെ സത്യമാണ്." ഇതാണ് പൊതുവേയുള്ള മുഖവുര. സത്യത്തില്‍ അദ്ദേഹം പറയുന്നതൊക്കെയും ശ്രമിച്ചാല്‍ ആര്‍ക്കും മനസിലാക്കാന്‍ പ്രയാസമുള്ള കാര്യങ്ങളല്ല. പക്ഷേ അതു കൊണ്ട് കാര്യമില്ലല്ലോ. "ഞാന്‍ പറഞ്ഞത് സത്യമാണ്, നീ വിശ്വസിച്ചാല്‍ കൊള്ളാം , പ്രൂഫ് ഒന്നും ഇല്ല, വിശ്വസിച്ചില്ലെന്കില്‍ നിനക്കത് മനസിലാക്കാനുള്ള ബുദ്ധിയില്ല." ഇതാണ് അദ്ദേഹം നിങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്.

ഓരോ പൊട്ടത്തരങ്ങള്‍ വിളിച്ചു പറഞ്ഞ ശേഷവും അതിന്റെ കൂടെ ഒരു ദേശസ്നേഹം ഇളക്കിവിടുന്ന വാചകം കൂടെ അടിച്ചു വിട്ടാല്‍ കേട്ടിരിക്കുന്നവര്‍ താനെ കയ്യടിച്ചുകൊള്ളും. ആര്‍ഷഭാരതത്തില്‍ വിമാനമുണ്ടായിരുന്നുവെന്നും പ്രകാശപ്രവേഗം കണ്ടെത്തിയിരുന്നുവെന്നും സൗരകേന്ദ്രിത സൗരയൂഥത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും കേട്ടാല്‍ ഏത് ഇന്ത്യക്കാരനാണ് കുളിരു കോരാതിരിക്കുക? ഇതൊക്കെ സത്യമായിരുന്നെന്കില്‍ നല്ലത് തന്നെ. പക്ഷേ അതല്ലല്ലോ‌ സത്യം‌‌.

ഗോപാലകൃഷ്ണന്റെ പ്രസംഗങ്ങളിലെ നെല്ലും പതിരും വ്യക്തമായി വേര്‍തിരിക്കുന്നു ഉമേഷിന്റെ ഈ പോസ്റ്റ്.

ഗോപാല‌‌കൃഷ്ണനോട് പോവാന്‍ പറ, കാര്യത്തിലേക്ക് വാ:

ഗോപാലകൃഷ്ണന്‍ വെറും ഒരു വ്യക്തി. അദ്ദേഹത്തിന്റെ കള്ളത്തരങ്ങള്‍ പൊളിച്ചടുക്കപ്പെടേണ്ടത് തന്നെ. പക്ഷേ അതിനേക്കാള്‍ പ്രധാനമായി തിരിച്ചറിയപ്പെടേണ്ടത് മറ്റു ചില വസ്തുതകളാണ്.

1. ദേശസ്നേഹത്തിന്റെ പേരില്‍ ആരെന്കിലും എന്തെന്കിലും തട്ടിവിടുമ്പോള്‍ ഓര്‍ക്കുക. അതെല്ലാം സത്യമാവണമെന്നില്ല. ഗോപാലകൃഷ്ണന്‍ ചെയ്യുന്നത് പോലെ നിങ്ങള്‍ കേള്‍ക്കാനിഷ്ടമുള്ളത് നിങ്ങളോട് സംസാരിച്ച് നിങ്ങളുടെ വികാരത്തെ മുതലെടുക്കുക മാത്രമാവാം. ഒരു പക്ഷേ ഇല്ലാത്ത ഒരു ശത്രുവിനു നേരെ നിങ്ങളെ തിരിച്ച് വിട്ട് നിങ്ങളേയും രാജ്യത്തെയും നാശത്തിലേക്ക് തള്ളിവിടുകയാവാം.

2. ജ്യോതിഷം എന്ന മഹാതട്ടിപ്പ്. :- ജ്യോതിഷം എന്ന അന്ധവിശ്വാസത്തെ പ്രചരിപ്പിക്കേണ്ടത് ഒരു . ഗോപാലകൃഷ്ണന്റെ മാത്രം ആവശ്യമല്ല. അതിനൊരു രാഷ്ട്രീയമുണ്ട്. നിര്‍ദ്ദോഷമായ ഒരു സാമ്പത്തികമാര്‍ഗം എന്ന നിലയില്‍ 'വെറും ഒരു വിശ്വാസത്തെ' അല്ല ഗോപാലകൃഷ്ണന്മാര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. രാജ്യത്തെ പല വലിയ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ചില 'സവര്‍ണനാമധാരികള്‍ക്ക്' മാത്രം പ്രയോഗിക്കാന്‍ കഴിയുന്ന 'എന്തോ‌ ഒരു വലിയ ശാസ്ത്രസത്യം' എന്ന് ജ്യോതിഷത്തെ ഗോപാലകൃഷ്ണന്‍ നിര്‍വചിക്കുമ്പോള്‍ അതിന്റെ പിറകിലെ രാഷ്ട്രീയമെന്തെന്ന് മനസിലാക്കാവുന്നതേയുള്ളൂ. ഗോപാലകൃഷ്ണന്മാരെ അരങ്ങുകള്‍ വാഴാന്‍ അനുവദിക്കുമ്പോള്‍ നാമോരോരുത്തരും ചെയ്യുന്നത് കുഴിച്ചുമൂടാന്‍ ശ്രമിക്കുന്ന ചാതുര്‍വര്‍ണ്യത്തെ പുനരുജ്ജീവിപ്പിക്കുവാന്‍ കൂട്ടുനില്‍ക്കുകയാണ് എന്നത് മറന്നുകൂടാ.

ജ്യോതിഷത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെ അകറ്റാനും എന്താണ് ജ്യോതിഷമെന്ന് ശരിയായി മനസിലാക്കുവാനും സൂരജിന്റെ ഈ പോസ്റ്റ് വായിക്കുക. ജ്യോതിഷമെന്ന തട്ടിപ്പിനെ സത്യമെന്ന് പലപ്പോഴും ജനങ്ങള്‍ തെറ്റിദ്ധരിക്കുന്നത് തികച്ചും മനഃശാസ്ത്രപരമായ ചില കാരണങ്ങള്‍ മൂലം മാത്രമാണ്. മനുഷ്യമനസ്സുകളുടെ അത്തരം പ്രത്യേകതകളെക്കുറിച്ച് ഈ പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ട്.

CopyLeft Information

Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.