Thursday, July 22, 2010

പ്രിയ സത്യന്‍ അന്തിക്കാട് ഇനിയെങ്കിലും റൂട്ട് മാറ്റിപ്പിടിക്കുക.

"ഒരേ റൂട്ടിലോടുന്ന ബസ്സാണ് സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍" - സലിം കുമാര്‍

ജി.പി.രാമചന്ദ്രന്റെ സ്വപ്നത്തില്‍ മറയുകയും തെളിയുകയും ചെയ്യുന്ന യാഥാര്‍ത്ഥ്യങ്ങള്‍ എന്ന പോസ്റ്റ് വായിച്ച ശേഷം സിനിമാസംവിധായകന്‍ സത്യന്‍ അന്തിക്കാടിനോട് ചോദിക്കാന്‍ തോന്നിപ്പോയ ചിലത്...

സാമൂഹ്യവിര്‍ശനം ആവാം , പക്ഷേ അയല്‍പക്കകാരനിട്ട് തന്നെ കൊട്ടണോ?
അല്ല മിസ്റ്റര്‍ അന്തിക്കാട് ആരെയാണ് താങ്കള്‍ ഭയപ്പെടുന്നത്? എന്തിനാണ് മലയാളിയെ വിമര്‍ശിക്കേണ്ട വിഷയങ്ങളിലെല്ലാം കുറ്റം പാവം തമിഴന്റെ നെഞ്ചത്ത് കയറ്റിക്കൊടുക്കുന്നത്? മലയാളിയെ തുറന്ന് വിമര്‍ശിച്ചാല്‍ താങ്കളുടെ സിനിമകള്‍ പരാജയപ്പെടും എന്ന് താങ്കള്‍ കരുതുന്നുണ്ടോ? അതോ‌ മലയാളികളെ അപേക്ഷിച്ച് അധമരായ വര്‍ഗമാണ് അയല്‍പക്കത്തെ തമിഴര്‍ എന്ന് തോന്നുന്നുണ്ടോ? താങ്കള്‍ തിരക്കഥയെഴുതാന്‍ തുടങ്ങിയ ശേഷമുള്ള കുറേ ഉദാഹരണങ്ങളിതാ

1. രസതന്ത്രത്തിലെ ആള്‍ദൈവവിശ്വാസിയായ ജഗതി.
കേരളത്തിലു നടക്കുന്ന കഥയില്‍ ആള്‍ദൈവത്തില്‍ വിശ്വസിക്കുന്ന മൂഢനായ കഥാപാത്രം അങ്ങ് തമിഴ്നാട്ടീന്ന് വരണം ല്ലേ? മലയാളികള്‍ ആള്‍ദൈവങ്ങളിലൊന്നും വിശ്വസിക്കാത്ത പുണ്യപുരുഷന്‍മാരായിരിക്കും.

2. അച്ചുവിന്റെ അമ്മയിലെ ബാലികാപീഢനസംഘം
അതു വരെ കേരളത്തില്‍ നടക്കുന്ന കഥയിലെ അച്ചുവിന്റെയും അമ്മയുടെയും ഭൂതകാലം ചികഞ്ഞുപോവുമ്പോള്‍ പെണ്‍കുട്ടികളെ മാര്‍വാഡികള്‍ക്കു വില്‍ക്കുന്ന ക്രൂരരായ സെക്സ് റാക്കറ്റുകാര്‍ അങ്ങ് തമിഴ്നാട്ടുകാരാണ്. അത് സംഭവിക്കുന്നത് തമിഴ്നാട്ടിലും. എന്റെ കേരളത്തില്‍ ആകെയുള്ള പ്രശ്നം പെണ്കുട്ടികള്‍ ഒളിച്ചോടിക്കല്യാണം കഴിക്കുന്നതാണല്ലോ അല്ലേ?

3. വിനോദയാത്രയിലെ മോഷ്ടാവായ ബാലനും ക്രൂരനായ പിതാവും
എട്ടര മിനിട്ട് മുതല്‍ പയ്യന്‍ പറയുന്ന കഥ കേള്‍‌‌ക്കുക.

ഒരു സിനിമയിലൊക്കെ ഇത്തരം കഥാപാത്രങ്ങള്‍ കടന്നുവരുന്നത് സ്വാഭാവികമാണ്. പക്ഷെ ഇതൊരു തുടര്‍ച്ചയാവുമ്പോള്‍ ന്യായമായും ചില സംശയങ്ങള്‍ പ്രേക്ഷകരുടെ മനസിലുണ്ടാവില്ലെ മിസ്റ്റര്‍ അന്തിക്കാട്?

താങ്കള്‍ കഥയെഴുതിത്തുടങ്ങും മുന്പ് താങ്കള്‍ തന്നെ സംവിധാനം ചെയ്ത 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക' എന്നൊരു സിനിമയുണ്ടല്ലോ. ശ്രീനിവാസന്റെ കഥയും തിരക്കഥയും. സമയം കിട്ടുമ്പോള്‍ അതൊന്നെടുത്ത് കാണുക. തമിഴനെ സ്റ്റീരിയോടൈപ്പാക്കുന്ന മലയാളി അഹന്തയെ ശ്രീനിവാസന്‍ നല്ല രീതിയില്‍ കളിയാക്കുന്നുണ്ടതില്‍. അത് ഇപ്പോള്‍ താങ്കള്‍ക്കും ബാധകമാണെന്ന് ഇനിയെങ്കിലും മനസിലാക്കുമല്ലോ


മഴവില്‍ക്കാവടിയില്‍ നിന്നും അച്ചുവിന്റെ അമ്മയിലെത്തുമ്പോള്‍
ആദ്യത്തെ രംഗം മഴവില്‍ക്കാവടിയില്‍ നിന്നുള്ളതാണ്. വീട്ടുകാര്‍ വിവാഹത്തിനു സമ്മതിക്കില്ലെന്നറിഞ്ഞ ജയറാമും സിതാരയും റെജ്സ്റ്റര്‍ മാര്യേജ് ചെയ്യാന്‍ സബ്‌‌രജിസ്ട്രാര്‍ ഓഫീസിലെത്തുന്നു. പക്ഷേ അവരെ നിരാശപ്പെടുത്തിക്കൊണ്ട് അന്ന് സമരം മൂലം ഓഫീസ് അവധിയാണ്. How sad! എന്തൊരു ഐറണി ആയാണ് രംഗം ചിത്രീകരിച്ചതെന്ന് ശ്രദ്ധിക്കുക.

രണ്ടാമത്തെ രംഗം അച്ചുവിന്റെ അമ്മ എന്ന ചിത്രത്തില്‍ നിന്നും. ഇവിടെയും രജിസ്റ്റര്‍ മാരേജിനു തയ്യാറെടുക്കുന്ന പെണ്‍കുട്ടിയെ കാണാം. പക്ഷേ താലി വീഴുന്നില്ല, തയ്യല്‍ക്കാരന്‍ മരിക്കുന്നില്ല എന്ന് അഴകിയ രാവണനില്‍ ശ്രീനിവാസന്‍ പറയുന്നത് പോലെ, ആ വിവാഹം നടക്കുന്നില്ല. പകരം അച്ചുവിന്റെ അമ്മയുടെ നാവിലൂടെ സത്യന്‍ അന്തിക്കാടിന്റെ വക ഫ്രീ ഉപദേശം കുട്ടിക്ക്. ഒരു കല്യാണം കഴിക്കാന്‍ എം.ബി.ബി.എസ് ഒന്നും പോരത്രെ! ഫോറിനില്‍ അയച്ച് എം.ഡിക്ക് പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ തയ്യാറുള്ളപ്പോഴാണോ ഒരു ഒണക്കക്കാമുകന്‍! വിശ്വാസം അതല്ലേ എല്ലാം!!

നാടോടിക്കാറ്റില്‍ നിന്നും വിനോദയാത്രയിലെത്തുമ്പോള്‍ സംഭവിച്ചത്

ദാസന്‍ ദരിദ്രനാണ്. ബികോം ഫസ്റ്റ് ക്ലാസാണെങ്കിലും ജോലിയില്ല. അതിന്റെ എല്ലാ വിധ ഇന്‍ഫിരിയോറിറ്റി കോംപ്ലക്സും കൂടെയുണ്ട് താനും. പക്ഷേ നായിക അയാളെ തഴയുന്നില്ല. എന്ത് ജോലിയും ചെയ്യാന്‍ ഉള്ള പ്രേരണ നല്‍കുകയാണ് നായിക ചെയ്യുന്നത്. നാളെയെന്തെന്നറിയാത്ത ദാസനെ പ്രണയിക്കുന്നത് ഒരു കുറ്റമാണെന്നവള്‍ക്ക് തോന്നുന്നില്ല.

വിനോദയാത്രയിലെ വിനോദ് അത്ര ദരിദ്രനൊന്നുമല്ല. ജോലിയില്ലെങ്കിലും അതൊക്കെയുള്ള കുടുംബക്കാരുണ്ട്. എങ്കിലും തന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന വിനോദിനോട് മീരാ ജാസ്മിന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ചോദിക്കുന്നത് തനിക്ക് ഒരു കിലോ അരിയുടെ വിലയെന്താണെന്നറിയുമോ എന്നാണ്. പ്രണയിക്കുന്നതും ഒരു കിലോ അരിയുടെ വിലയും തമ്മിലെന്താണ്‌ സാര്‍ ബന്ധം എന്ന് ഞങ്ങളൊന്ന് ചോദിച്ച് പോയാല്‍ അതൊരു കുറ്റമാവില്ലല്ലോ അല്ലേ സാര്‍

സന്ദേശം നല്‍കുന്ന സന്ദേശം.
അല്ല സാര്‍ ഒന്നു ചോയ്ച്ചോട്ടെ. എന്താണ് സന്ദേശം എന്ന സിനിമ നല്‍കുന്ന സന്ദേശം?
സാധാരണ സിനിമകളില്‍ ഞങ്ങള്‍ കണ്ടിട്ടുള്ളത്. ക്രൂരനായ അച്ഛന്‍ നല്ല അച്ഛനാവുന്നു, അഴിമതിക്കാരനായ ഉദ്യോഗസ്ഥന്‍ ആദര്‍ശധീരനാവുന്നു, കണ്ണില്‍ച്ചോരയില്ലാത്ത ഡോക്ടര്‍ നല്ല ഡോക്ടറാവുന്നു, വൃത്തികെട്ടവനായ ഭര്‍ത്താവ് നല്ല ഭര്‍ത്താവാകുന്നു ഇങ്ങനെയൊക്കെയാണ്. സന്ദേശത്തിലെ രാഷ്ട്രീയക്കാരായ ചെറുപ്പക്കാരോ? സിനിമയ്ക്കവസാനം അവര്‍ രാഷ്ട്രീയക്കാരേ അല്ലാതെ ആയിട്ടാണ് നന്നാവുന്നതായി ചിത്രീകരിച്ചിരിക്കുന്നത്. നല്ല രാഷ്ട്രീയക്കാര്‍ എന്നൊന്നില്ല. ഒന്നുകില്‍ നാറിയ രാഷ്ട്രീയക്കാര്‍ അല്ലെങ്കില്‍ അരാഷ്ട്രീയര്‍ എന്ന് എത്ര ലളിതമായാണ് സാര്‍ പറഞ്ഞുവെച്ചിരിക്കുന്നത്! നന്ദി സാര്‍ നന്ദി. പ്രബുദ്ധകേരളം ഇതിനോടൊക്കെ അങ്ങയോട് കടപ്പെട്ടിരിക്കുന്നു.

മൊട്ടക്കുന്നിന്റെ മുകളിലെ ഗാനചിത്രീകരണം.
ഇഷ്ടം എന്നൊരു പടം എടുത്തു അതില്‍ അച്ഛനോടൊപ്പം പാട്ടുപാടി ഡാന്സ് കളിക്കുന്ന മകനെയും കാമുകിയെയും ചിത്രീകരിച്ചു എന്നൊരു തെറ്റ് സിബി മലയില്‍ ചെയ്തു പോയി. എന്ന് കരുതി ആ പാവത്തിനെ ഇങ്ങനെ ക്രൂശിക്കണോ? അതിനു ശേഷം സത്യന്‍ അന്തിക്കാടിന്റെ എല്ലാ സിനിമയിലും ഉണ്ടല്ലോ അതേ പോലെ അച്ഛന്‍/അമ്മ/വല്യച്ഛന്‍ തുടങ്ങിയവരെയും കൊണ്ട് മൊട്ടക്കുന്നിന്റെ മുകളില്പ്പോയി പാട്ടുപാടി ഡാന്സ് കളിക്കുന്ന നായികനും നായികയും. അറ്റ് ലീസ്റ്റ് ആ മൊട്ടക്കുന്നെങ്കിലും ഒന്നു മാറ്റിപ്പിടിച്ചൂടെ?

പിന്നെ വേറൊരു സംഗതി. കേരളത്തിലെ മൊത്തം ജനങ്ങളും അച്ഛനെയും അമ്മയെയും വാര്‍ദ്ധക്യത്തില്‍ സ്വത്ത് കൈക്കലാക്കിയ ശേഷം ഒറ്റയ്ക്കാക്കുന്ന ക്രൂരരാണ് എന്നൊക്കെ സാമാന്യവല്‍ക്കരിയ്ക്കുന്ന ജോലി ഏതെങ്കിലും വനിതാമാസികള്‍ക്ക് വിട്ടുകൊടുക്കുന്നതല്ലേ ഭംഗി? മദ്ധ്യ-ഉപരിമദ്ധ്യവര്‍ഗക്കാര്‍ക്കിടയില്‍ ഇങ്ങനെയും ചില പ്രശ്നങ്ങളൊക്കെയുണ്ടെന്ന് സമ്മതിക്കുന്നു. അത് മാത്രമല്ലല്ലൊ കേരളം സാര്‍.

വൃദ്ധരായ മാതാപിതാക്കളെ ഒരു സിനിമയ്ക്ക് പോവാന്‍ സമ്മതിക്കാത്ത മനുഷ്യരുണ്ടെന്ന് ഞങ്ങള്‍ക്കറിയാം സമ്മതിച്ചു.

ഈ പോസ്റ്റിന്റെ ഏറ്റവും ആദ്യം ക്വോട് ചെയ്ത വണ്‍ മിസ്റ്റര്‍ സലിം കുമാര്‍ അഭിനയിച്ച കേരള കഫേയിലെ ബ്രിഡ്ജ് എന്നൊരു സിനിമ കണ്ടു കാണുമല്ലോ അല്ലേ? ആ സിനിമയുടെ ഇണ്ട്രൊ താങ്കളുടെ വക ആയിരുന്നല്ലോ. അപ്പോള്‍ കണ്ടുകാണുമെന്നുറപ്പ്. മറ്റൊരു വഴിയുമില്ലാതെ അമ്മയെ സിനിമാതിയേറ്ററിലുപേക്ഷിക്കേണ്ടി വരുന്ന കഥാപാത്രമായിരുന്നു അതില്‍ സലീം കുമാര്‍ അവതരിപ്പിച്ചത്. അങ്ങിനെയും ചില ജീവിതങ്ങള്‍ നമ്മുടെ നാട്ടിലുണ്ട് സാര്‍. ധനികരായ സവര്‍ണക്രിസ്ത്യന്‍ ഫാമിലിയുടെ സ്വത്ത് വിഭജനം മാത്രമല്ല ജീവിതമെന്നാല്‍ എന്നൊന്ന് പറഞ്ഞെന്നേയുള്ളൂ.

Disclaimer : This post does not contain any videos. It contains hyperlinks to existing videos in popular video hosting sites such as youtube. Any copyright issues should be notified to original host website containing the videos.

CopyLeft Information

Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.