Tuesday, December 28, 2010

മരണം കാത്തുകഴിയുന്ന സെല്‍വിമാർ...

“അപ്പോള്‍ നെയ്‌‌ത്തുകാരന്‍ പറഞ്ഞു,
വസ്ത്രങ്ങളെപ്പറ്റി ഞങ്ങളോട് ചൊല്ലുക.

അവന്‍ പറഞ്ഞു: വസ്ത്രങ്ങള്‍ നിങ്ങളുടെ
സൗന്ദര്യത്തെ ഏറെയും മറച്ചുകളയുന്നു.
അസുന്ദരമായവയെ മറയ്‌‌ക്കുന്നുമില്ല.
സ്വകാര്യതയുടെ സ്വാതന്ത്ര്യമാണ് നീ
വസ്ത്രങ്ങളില്‍ തിരയുന്നതെങ്കിലും
ചങ്ങലയും പടച്ചട്ടയുമാണല്ലോ
നീ കണ്ടെത്തുന്നത്.”

- ജിബ്രാന്‍


ഇരുമ്പില്‍ ഇദയം മുളയ്‌‌ക്കുന്ന ചിട്ടിയെന്ന റോബോ ഹൃദയലബ്ധിക്കു ശേഷം ആദ്യമായി ചെയ്‌‌തുതീര്‍ക്കുന്ന കര്‍ത്തവ്യങ്ങളിലൊന്ന് താന്‍ മൂലം മരണമടയേണ്ടി വന്ന സെല്‍വിയുടെ ശവകുടീരത്തില്‍ ഒരു കുല പൂക്കളര്‍പ്പിക്കുകയെന്നതായിരു
ന്നു. വികാരരഹിതമായ യന്ത്രജീവിതത്തില്‍ നിന്നും മാനുഷികവികാരങ്ങളുടെ പുതിയ ലോകത്തെത്തുന്ന സൈബോര്‍ഗ് പഠിക്കുന്ന പാഠങ്ങളെന്തെല്ലാമായിരിക്കും? തീര്‍ച്ചയായും ജനിമൃതികളുടെ അതിവൈകാരികതയോ സ്നേഹം, വെറുപ്പ്, കോപം മുതലായവയുടെ വൈകാരികമൂല്യമോ മാത്രമായിരിക്കില്ല. ചിട്ടിയെന്ന റോബോയ്‌‌ക്ക് കൃത്രിമബുദ്ധിയ്‌‌ക്കപ്പുറം മനുഷ്യവികാരങ്ങളെക്കൂടി നല്‍കാന്‍ അവന്റെ സ്രഷ്ടാവിനെ പ്രേരിപ്പിച്ചത് സെല്‍വിയുടെ നഷ്ടമായ ജീവനെക്കുറിച്ചുള്ള കുറ്റബോധമല്ല മറിച്ച് മരണകാരണമായ 'പെണ്ണിന്റെ' മാനത്തിന്റെയും മാനനഷ്ടത്തിന്റെയും രാഷ്ട്രീയമായിരുന്നു എന്നിരിക്കെ ചിട്ടി പഠിക്കുന്ന പാഠങ്ങളും ഇതേ രേഖയിലൂടെ സഞ്ചരിക്കുന്നതാവാതെ തരമില്ലല്ലോ.

ഒരു ജീവന്‍രക്ഷാപ്രവര്‍ത്തനത്തിടെ തന്റെ നഗ്നത പുറം ലോകത്തിനു വെളിവാകുന്നതിലൂടെ ഒരു പെണ്‍കുട്ടിയുടെ വിധി എഴുതപ്പെടുന്നതാണ് സാമൂഹികമൂല്യങ്ങള്‍ എങ്കില്‍ ആ സമൂഹത്തിനും മൂല്യങ്ങള്‍ക്കും എന്തോ കുഴപ്പമുണ്ടെന്ന് സംശയിക്കപ്പെടേണ്ടിയിരിക്കുന്നു.


മാനം ജീവനോടെതിരിടുമ്പോള്‍


"ജീവിച്ചിരിക്കുന്ന ഒരു മനുഷ്യന്റെ ഏറ്റവും വലിറയ അഭിവാഞ്‌‌ഛ ജീവിച്ചിരിക്കുക എന്നു തന്നെയാണ് ആ അഭിവാഞ്‌‌ഛയെ മനുഷ്യന്‍ പിറന്നു വീഴുമ്പോള്‍ മുതല്‍ തന്റെ കരച്ചിലിന്റെ രൂപത്തില്‍ ലോകത്തെ അറിയിച്ചുകൊണ്ടേയിരിക്കും. കരച്ചില്‍ പിന്നെ പറച്ചിലുകളിലേക്ക് വളരുമ്പോള്‍ മനുഷ്യന്റെ പിന്നീടുള്ള അഭിവാഞ്‌ഛകള്‍ പുറത്തേക്ക് പ്രകാശനസാധ്യമാവുകയും ചെയ്യുന്നു.”


"ജീവിച്ചിരിക്കാനുള്ള അഭിവാഞ്‌‌ഛയുടെ കുറച്ചു കൂടെ പ്രാഥമികമായ തലമാണ് നമ്മുടെ ഡി.എന്‍.എയുടെ നില നില്‍ക്കാന്‍ ഉള്ള ത്വര. ലൈംഗികത ഉടലെടുത്തത് കാര്യക്ഷമമായ പുതുക്കല്‍ പ്രക്രിയയിലൂടെ കൂടുതല്‍ കരുത്തോടെ അതിജീവിക്കാനുള്ള ഡി.എന്‍.എയുടെ ത്വരയില്‍ നിന്നാണ്.”

[നമ്മുടെ പുതിയ സാംസ്കാരിക ഒളിയിടങ്ങള്‍ - ജീവന്‍ ജോബ് തോമസ്, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2010 സപ്തംബര്‍ 5-11]


ജീവനുള്ള ഓരോ വസ്തുവിന്റെയും ഏറ്റവും ശക്തമായ അഭിവാഞ്‌‌ഛ ജീവിക്കുക എന്നതു തന്നെയായിരിക്കും . ലിംഗപരമോ വര്‍ഗം/സ്പീഷീസ് മറ്റേതെങ്കിലും തരത്തിലോ ഉള്ള വിവേചനം ഇക്കാര്യത്തില്‍ ഉണ്ടാവേണ്ടതല്ലെന്നത് ഒരു സാമാന്യയുക്തിയെന്നതിലുപരി നിരീക്ഷണസാധ്യവുമാണ്. അതിജീവനം ജീവനം തന്നെയാണ്. എന്നാല്‍ 'ഹോമോസാപിയന്‍' എന്ന വര്‍ഗത്തില്‍ മാത്രം സ്ത്രീ എന്ന 'വസ്തു'വിന് ജീവനെക്കാള്‍ 'മാനം' വലുതാകുന്നതില്‍ എവിടെയോ അപകടകരമായ വലിയ ഒരു അപാകതയുണ്ട്.

ഒരു പെണ്‍കുട്ടി തനിക്കെതിരെയുള്ള ഏതെങ്കിലും രീതിയില്‍പ്പെട്ട ലൈംഗികകുറ്റകൃത്യത്തിനിടെ തന്റെ മാനമോ അതോ ജീവനോ രക്ഷിക്കേണ്ടത് എന്ന ചോദ്യം അഭ്യസ്തവിദ്യരുടെ ഒരു സമൂഹത്തില്‍ ഉയരുന്നതു പോലും അശ്ലീലമാണെന്നിരിക്കെ കോണ്‍സ്റ്റബിള്‍ വിനയ എഴുതിയ ഈ പോസ്റ്റില്‍ ജീവന്‍ പോയാലും മാനം രക്ഷിച്ചാല്‍ മതിയെന്ന് പേര്‍ത്തും പേര്‍ത്തും പറയുന്ന നിരവധി കമന്റുകള്‍ മലയാളി(ഇന്ത്യന്‍)സമൂഹത്തിന്റെ പൊതുബോധത്തെക്കുറിച്ച് ഉച്ചത്തില്‍ സംസാരിക്കുന്നത് കേള്‍ക്കാം.

ആ പൊതുബോധം തന്നെയാണ് തീ പീടിച്ച കെട്ടിടത്തിനുള്ളില്‍ നിന്നും തന്നെ ചുറ്റുമുള്ളവരെല്ലാം ഓടി രക്ഷപ്പെടുമ്പോള്‍ കുളിത്തൊട്ടിയില്‍ നഗ്നയായി സ്നാനം ചെ‌‌യ്‌‌തുകൊണ്ടിരിക്കുന്ന ഒരു പെണ്‍കുട്ടിയെക്കൊണ്ട്, തന്നെ വിഴുങ്ങാന്‍ തുടങ്ങുന്ന തീയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനേക്കാള്‍ തന്റെ ശരീരം ചുറ്റുമുള്ള ആണ്‍കണ്ണുകള്‍ക്കും മൊബൈല്‍ ക്യാമറകള്‍ക്കും വിട്ടുകൊടുക്കാതെ ശരീരത്തെ അഗ്നിക്ക് സമര്‍പ്പിക്കുന്നത് കൂടുതല്‍ ഉചിതമെന്ന് ചിന്തിപ്പിക്കുന്നതും. ഇതേ സാഹചര്യത്തില്‍ ഒരു പുരുഷനെ സങ്കല്‍പ്പിക്കുക. അയാള്‍ക്ക് തീയില്‍പ്പെടാതെ ഓടി രക്ഷപ്പെടാമോ? അതോ കത്തിപ്പോയ മുണ്ടിനെയോര്‍ത്ത് കുളിത്തൊട്ടിയില്‍ മരണം കാത്തുകിടക്കേണ്ടി വരുമോ?

മരണവക്ത്രത്തില്‍ നിന്നും പുറത്തെത്തുന്ന നഗ്നയായ പെണ്‍കുട്ടിയ്‌‌ക്ക് ചുറ്റും ക്യാമറക്കണ്ണുകള്‍ ചിമ്മിയടയുന്നത് ഏത് തരം സംസ്കാരത്തെയാണ് സൂചിപ്പിക്കുന്നതെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.അഥവാ സ്ത്രീശരീരത്തെ പൊതിഞ്ഞു സൂക്ഷിക്കേണ്ടത് ഒരു സാമൂഹിക ആവശ്യമാണെങ്കില്‍ തന്നെ അതിന്റെ കര്‍ത്തവ്യം പൂര്‍ണമായും സ്ത്രീയുടെ മാത്രമാകുന്നതെന്തു കൊണ്ടായിരിക്കും?

വൈരുദ്ധ്യാത്മക സദാചാരവാദം
പാരമ്പര്യത്തിലും സംസ്കാരത്തിലും ഊന്നിയ ഇത്തരം സദാചാരവാദങ്ങള്‍ തെളിച്ചമേറിയ പരസ്പരവൈരുദ്ധ്യം സൃഷ്ടിക്കുന്നുണ്ടെന്ന് അതിന്റെ തന്നെ പ്രോക്താക്കള്‍ക്കറിയാമോ എന്ന് സംശയമാണ്. ഒരു വശത്ത് ഭൗതികതയില്‍ മാത്രമൂന്നിയ പുരോഗമനാശയങ്ങളെ തള്ളിപ്പറയുകയും 'മനുഷ്യന്റെ ആത്മീയത ' എപ്രകാരം ഭൗതികമായ എന്തിനെയും മറികടക്കുന്നുവെന്നും പഠിപ്പിക്കുകയും മറുവശത്ത് തികച്ചും ഭൗതികവും നശ്വരവുമായ നഗ്നത, ശരീരം, മാനാഭിമാനങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ആശങ്കപ്പെടുകയും ചെയ്യുന്നുവെന്നത് പൗരസ്ത്യതത്വചിന്തകളുടെ വ്യക്തമായ പരാജയവും വൈരുദ്ധ്യവുമാണ് കാണിക്കുന്നത്

ഒരു പെണ്ണിന്റെ ജീവിതത്തെ പൂര്‍ണമായും എന്നെന്നേക്കുമായും നശിപ്പിക്കാന്‍ കഴിയുന്ന എന്തോ ഒന്ന് പെണ്ണിന്റെ ശരീരത്തില്‍ തന്നെയുണ്ടെന്നും സ്പര്‍ശനമോ ദര്‍ശനമോ വഴി പെണ്ണിനെ (അവളുടെ ജീവിതത്തെയും) നശിപ്പിക്കാന്‍ പുരുഷനു സാധ്യമാണെന്നും മുഖ്യധാരാസിനിമകളും മാധ്യമങ്ങളും പാഠശാലകളും അദ്ധ്യാപകരും രക്ഷാകര്‍ത്താക്കളും പെണ്ണിനോട് വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടേയിരിക്കുന്നു. എന്നാല്‍ ഇതേ നിയമം തിരിച്ച് പുരുഷനു ബാധകമല്ല താനും.

ആകസ്മികമായിട്ടാണെങ്കിലും തന്റെ നഗ്നത കാണാനിടയായതിനാലും കിണറ്റില്‍ നിന്നും തന്നെ രക്ഷിക്കാന്‍ തന്റെ പാണി ഗ്രഹണം ചെയ്‌‌തതിനാലും തന്നെ വിവാഹം കഴിച്ചേ മതിയാകൂ എന്ന് ദേവയാനി യയാതിയോടാവശ്യപ്പെടുന്നുണ്ട് ( സ്പര്‍ശന-ദര്‍ശന പാപങ്ങള്‍). ഇത് തികച്ചും ന്യായമാണെന്ന് യയാതിയും സമ്മതിക്കുന്നു. അഥവാ അപ്രകാരം ചെയ്യാത്ത പക്ഷം മറ്റൊരു പുരുഷനെ വിവാഹം കഴിക്കാനോ ജീവിതം നയിക്കാനോ തനിക്ക് സാധ്യമല്ല എന്നത് ദേവയാനിയുടെ പെണ്‍ബോധത്തില്‍ പോലും ഉറച്ചുപോയ കാര്യമാണ്.

[വിഷയത്തില്‍ നിന്നു മാറി : മാനഹത്യയില്‍ നിന്നുമുള്ള രക്ഷപ്പെടലിനായി തന്റെ നഗ്നത ദര്‍ശിച്ച രാജാവുമായുള്ള വൈവാഹികജീവിതം തിരഞ്ഞെടുത്ത ദേവയാനിയെ വിവാഹാനന്തരം കാത്തിരുന്ന വിധിയോ?

ശര്‍മിഷ്ഠയുമായി യയാതിക്കുണ്ടായിരുന്ന ശാരീരികബന്ധത്തെക്കുറിച്ച് മകളില്‍ നിന്നും അറിയാനിടയായ ശുക്രാചാര്യന് യയാതിയെ ശപിക്കേണ്ടി വരുന്നുണ്ട്. തന്നെ ശപിച്ച ശുക്രനോട് യയാതി പറയുന്നതാകട്ടെ ഇപ്രകാരമാണ്.
“ രാജാക്കന്മാര്‍ക്ക് ബഹുഭാര്യാത്വം അനുവദിച്ചിട്ടുള്ളതല്ലേ? പോരെങ്കില്‍ ദേവയാനി പണ്ട് തന്റെ കാമുകനുമായി ഒന്നിച്ച് കഴിഞ്ഞ് കൂടിയവളല്ലെ? അതെല്ലാം മറന്ന് അവളുടെ മാനം രക്ഷിച്ച് അവളെ പരിഗ്രഹിച്ചതിനുള്ള പ്രതിഫലമാണോ ഈ തന്നത്?”

യയാതിയുടെ ന്യായവാദത്തെ അംഗീകരിച്ച ശുക്രാചാര്യര്‍ യയാതിക്ക് ശാപമോക്ഷത്തിനുള്ള വഴി ചൊല്ലിക്കൊടുത്തെന്ന് മാത്രമല്ല തിരിച്ചു പോവും വഴി "ഭൂമിയോളം ക്ഷമ സ്ത്രീക്കു വേണ്ടതാണ്, ഒരു സ്ത്രീക്ക് ഇത്രയും ധാര്‍ഷ്ട്യവും വൈരാഗ്യബുദ്ധിയും ഒരിക്കലും ഉണ്ടാകാന്‍ പാടില്ല" എന്ന് തന്റെ മകളെ ഉപദേശിക്കാനും മറക്കുന്നില്ല.

കൂടെ : ലൗ ജിഹാദി എന്നൊന്നുണ്ടെങ്കില്‍ ചരിത്രത്തിലെ ആദ്യ ലൗ ജിഹാദി കചനായിരുന്നോ എന്ന് സംശയിക്കാവുന്നതാണ്. എതിര്‍ഗണത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ മാനസികവും ശാരീരികവുമായി കീഴ്പ്പെടുത്തിയാല്‍ അതുവഴി തന്റെ ഗണത്തിന്റെ താല്‍പര്യങ്ങള്‍ സാധിച്ചെടുക്കാം എന്ന് നമ്മെയാദ്യം ബോധ്യപ്പെടുത്തിയത് കചനാണല്ലോ. പഠിത്തം പൂര്‍ത്തിയാകും മുന്‍പ് കാമുകനോടൊത്ത് കാമകേളികളാടേണ്ടി വരുന്ന സ്ത്രീ ചതിക്കിരയാകുമെന്ന പാഠവും പെണ്‍കുട്ടികള്‍ക്ക് (മാത്രം ) ഇവിടെ നിന്നും ഉള്‍ക്കൊള്ളാം. ]


മീഡിയയുടെ പങ്ക്
വൈരുദ്ധ്യാത്മകതയിലൂന്നിയ സദാചാരവാദത്തിന്റെ വളര്‍ച്ചയിലും പ്രചാരണത്തിലും സിനിമയടക്കമുള്ള മാധ്യമങ്ങളുടെ പങ്ക് വലുതാണെന്ന് കാണാം.
ഒരു വശത്ത് നഗ്നതയെയും പാതിവ്രത്യത്തെയും കുറിച്ചുള്ള സദാചാരപ്രഭാഷണങ്ങള്‍ സിനിമ നമ്മളെ കേള്‍പ്പിക്കുന്നു. തന്റെ സമ്മതത്തിലൂടെയോ അല്ലാതെയോ തന്റെ ശരീരത്തില്‍ ഒരു പുരുഷന്‍ നടത്തുന്ന കടന്നുകയറ്റം അവളുടെ മാത്രം ജീവിതത്തെ ഏതോ തരത്തില്‍ നശിപ്പിക്കുന്നുവെന്നും അവള്‍ക്ക് പിന്നെ സാധാരണജീവിതം സാധ്യമല്ല എന്നും മിക്ക മുഖ്യധാരാ സിനിമകളും മാറി മാറി ഉരുവിട്ടുകൊണ്ടിരിക്കുന്നുണ്ട്.

ഒരു കാലത്തെ ഇന്ത്യന്‍ തദ്ദേശീയഭാഷാചിത്രങ്ങളിലലെ പെണ്‍കഥാപാത്രങ്ങളുടെ വായി തിരുകിക്കൊടുക്കുന്ന വാര്‍പ്പുമാതൃകയിലുള്ള സംഭാഷണങ്ങള്‍ ശ്രദ്ധിക്കുക.

1. രാജേട്ടന്‍ എന്നെ നശിപ്പിച്ചമ്മേ!
2. മനസു കൊണ്ടും ശരീരം കൊണ്ടും കളങ്കിതയായവളാണ് ഞാന്‍.
3. എന്റെ ശരീരം മറ്റൊരാള്‍ കവര്‍ന്നെടുത്തു.

മറുവശത്ത് സ്ത്രീശരീരത്തെ പൂര്‍ണമായും വില്‍പനച്ചരക്കെന്ന രീതിയില്‍ അവതരിപ്പിക്കുന്നതും ഇതേ‌ മാധ്യമങ്ങളാണ്. വസ്താക്ഷേപത്തിലൂടെ സെല്‍വിക്ക് സംഭവിച്ച കനത്ത മാനനഷ്ടം സിനിമയിലെ 'ഗ്ലാമറസ്' നായികക്ക് ബാധകമല്ലെന്ന് സംവിധായകന് നല്ല ബോധ്യമുണ്ട്. അവള്‍ക്ക് അല്‍പവസ്ത്രധാരയായി ആടുകയോ പാടുകയോ ആവാം. [ശങ്കര്‍ സിനിമയില്‍ ഇതൊരപൂര്‍വതയല്ല. 'ജെന്റില്‍മാന്‍' മുതലുള്ള മിക്ക സിനിമകളിലും ഇത് കാണാവുന്നതാണ്]. കലയില്‍ നഗ്നത ഒരു പാപമല്ല. എന്നാല്‍ ഇവിടെ നഗ്നതയുടെ കലാമൂല്യമല്ല വില്‍പനസാധ്യതകളാണ് സിനിമ തിരയുന്നതെന്ന് വ്യക്തമാണ്.

പ്രേക്ഷകന്റെ അഭിരിചികള്‍ക്കനുസൃതമായാണ് നിര്‍മിക്കപ്പെടുന്നത് എന്നതിനാല്‍ തന്നെ വൈരുദ്ധ്യങ്ങള്‍ സിനിമയില്‍ നിന്നല്ല മറിച്ച് സമൂഹത്തില്‍ നിന്നു തന്നെയാണ് തുടങ്ങുന്നത് എന്നുത് ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്. സദാചാരത്തെക്കുറിച്ചുള്ള പ്രസംഗങ്ങള്‍ കേട്ട് കയ്യടിച്ചാല്‍ മാത്രം പോരാ, കൂടെ നഗ്നതയും രതിചിത്രീകരണവും ആസ്വദിക്കേണ്ടതും അവന്റെ(പ്രേക്ഷകന്‍) താല്‍പര്യങ്ങളില്‍ പെടുന്നതാണ്. അതിനോടൊപ്പം 'അഭിനേത്രികള്‍ സമം പിഴച്ച പെണ്ണ്' എന്നൊരു ലളിതസമവാക്യം തീര്‍ക്കുന്നതിലൂടെ സിനിമയില്‍ താന്‍ കണ്ടാനന്ദിക്കുന്ന നഗ്നതയും ലൈംഗികതയും തന്റെ ചുറ്റുമുള്ള 'തനിക്കു വേണ്ടപ്പെട്ട' പെണ്ണുങ്ങളിലേക്കിറങ്ങിവരുന്നില്ല എന്നുറപ്പ് വരുത്താനും അവനറിയാം. കുലസ്ത്രീയും ചന്തപ്പെണ്ണും എന്ന വൈജാത്യം സൃഷ്ടിക്കപ്പെടുന്നതിങ്ങനെയാവണം.

എതിരെ ശബ്ദമുയര്‍ത്തേണ്ടതും എതിര്‍ക്കേണ്ടതും ഒരേ സമയം കപടസദാചാരത്തിലൂന്നിയ വിവേചനപരമായ വസ്ത്രസംസ്കാരത്തെയും അതേ പോലെ കമ്പോളതാല്‍പര്യങ്ങളിലൂന്നിയ നഗ്നതാപ്രദര്‍ശനങ്ങളെയുമാണ് എന്നതിനാല്‍ ഒരു സ്ത്രീപക്ഷവാദി ഇവിടെ നേരിടേണ്ടി വരുന്നത് എതിര്‍ ധ്രുവങ്ങളിലുള്ള രണ്ട് തരം പ്രശ്നങ്ങളെയാണ്. അതാകട്ടെ ചിത്രത്തെ കൂടുതല്‍ വഷളാക്കുകയും ഒരു സ്ത്രീസമത്വവാദിയെ ദാര്‍ശനികമായ ഒരു ദ്വന്ദത്തില്‍ കൊണ്ടു ചെന്നെത്തിക്കുകയും ചെയ്യുന്നു.

സ്ത്രീനഗ്നത/പുരുഷനഗ്നത.

“വസ്ത്രധാരണത്തിന്റെ ചരിത്രമെടുത്താല്‍ കേരളത്തിന് ചില സവിശേഷതകളുണ്ട്. മേല്‍വസ്ത്രം ധരിക്കാത്ത സ്ത്രീകള്‍. അശ്ലീലപ്രദര്‍ശനം നടത്തുകയാണെന്ന ധാരണ രണ്ടുമൂന്നു തലമുറ മുന്പു വരെ ഇവിടെ വിരളമായിരുന്നുവെന്നതാണ് അവയില്‍ ആദ്യത്തേത്. “
[ജെ ദേവിക - കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ?]


വസ്ത്രസംസ്കാരം വിവേചനപരമായിത്തീരുന്നതിനു വ്യക്തമായ ചരിത്രമുണ്ട്. ഒരു സുപ്രഭാതത്തില്‍ സ്ത്രീയുടെ ശരീരം മാത്രം 'ദൃഷ്ടിദോഷം' സംഭവിക്കാതെ കാത്തുസൂക്ഷിക്കേണ്ടതാണെന്ന ബോധം പെണ്ണിന്റെയോ പുരുഷന്റെയോ തലച്ചോറിലുദയം ചെയ്യുകയായിരുന്നില്ല (പ്രത്യേകിച്ചു കേരളത്തിലെങ്കിലും).

അനുനിമിഷം പരിണാമങ്ങള്‍ക്കു വിധേയമാകുന്ന സാമൂഹികതയിലും മനുഷ്യസംസ്കൃതികളിലും വസ്ത്രധാരണത്തില്‍ വരുന്ന മാറ്റങ്ങള്‍ , നഗ്നതയെക്കുറിച്ചുള്ള അളവുകോലില്‍ വരുന്ന മാറ്റം ഇതൊന്നും തന്നെ അസാധാരണമല്ലെന്നത് നേര്. പക്ഷേ‌ ഈ മാറ്റങ്ങള്‍ ആണിനും പെണ്ണിനും രണ്ട് വ്യത്യസ്ത മൂല്യങ്ങള്‍ നല്‍കുകയും ഒരാള്‍ക്ക് മറ്റുള്ളയാളില്‍ നിന്നും വ്യതിരിക്തമായി സ്വാതന്ത്ര്യവും സൗകര്യവും നിഷേധിക്കപ്പെടുകയും ചെയ്യുമ്പോള്‍ പരിണാമം നേര്‍ദിശയിലാണോ നീങ്ങുന്നതെന്ന് ചോദിക്കേണ്ടതുണ്ട്.

സൗന്ദര്യമല്‍സരത്തില്‍ മലയാളിയായ പാര്‍വതി ഓമനക്കുട്ടന്റെ ബിക്കിനിധാരണത്തില്‍ അസഹിഷ്ണുക്കളായ പാരമ്പര്യതീവ്രവാദികള്‍ ഉയര്‍ത്തിയ പ്രധാനവാദങ്ങളിലൊന്ന് കേരളത്തിലെ സ്ത്രീകള്‍ സമരത്തിലൂടെ നേടിയെടുത്ത മാറു മറയ്‌‌ക്കാനുള്ള അവകാശത്തെ പാര്‍വതി അടിയറവു വെയ്‌‌ക്കുകയാണ് എന്നതായിരുന്നു.

ഒറ്റ നോട്ടത്തില്‍ തീര്‍ത്തും ശരിയെന്ന് തോന്നിയേക്കാവുന്ന ഈ വാദത്തിന്റെ പൊള്ളത്തരം അല്പം കൂടി ആഴത്തിലിറങ്ങി ചിന്തിക്കുമ്പോള്‍ മനസിലാക്കാവുന്നതേയുള്ളൂ. മാറു മറയ്‌‌ക്കുന്ന സ്ത്രീയെ 'അഴിഞ്ഞാട്ടക്കാരി' എന്ന് വിളിക്കുകയും ബലപ്രയോഗത്തിലൂടെ മാറു മറയ്‌‌ക്കുന്നത് തടയുകയും ചെയ്യുമ്പോള്‍ കൃത്യമായ അവകാശലംഘനമാണ് നടക്കുന്നതെന്നത് വസ്തുതയാകുമ്പോള്‍ തന്നെ ശരീരം പൂര്‍ണമായും മറയ്‌‌ക്കുന്നവളെയൊഴികെ മറ്റെല്ലാവരെയും അഴിഞ്ഞാട്ടക്കാരികള്‍ എന്നു വിളിക്കുന്നതും മറ്റൊരു തരത്തിലുള്ള അവകാശലംഘനമാണെന്ന് കാണാതെ പോവുകയാണിവിടെ.

ജീന്‍സും ബനിയനും ധരിച്ച് ബസ് യാത്ര ചെയ്‌‌തു എന്ന കാരണത്താല്‍ ഒരു യുവതിയെ വാക്കാലും സ്പര്‍ശനത്തിലൂടെയും ദ്രോഹിക്കുകയും , പ്രതികരണമായി മുഖത്തടിച്ച യുവതിയെ നാട്ടുകാര്‍ ചേര്‍ന്ന് പോലീസിനെക്കൊണ്ട് നിര്‍ബന്ധിച്ച് അറസ്റ്റ് ചെയ്യിക്കുകയും ചെയ്‌‌തത് നമ്മുടെ സാക്ഷരകേരളത്തിലാണ്.

"പടിഞ്ഞാറന്‍ വസ്ത്രങ്ങള്‍ - ജീന്‍സ്, പാന്റ്സ്, ചെറിയ പാവാട - ധരിച്ചാല്‍ സ്ത്രീകള്‍ ഇന്ത്യന്‍ സംസ്കാരത്തിനു പുറത്താകുമെന്ന് അടുത്ത കാലത്ത് ചില തീവ്രവാദികള്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.”
...
“എന്നാല്‍ സ്ത്രീയുടെ നഗ്നത മറയ്‌‌ക്കുന്നതാണ് സംസ്കാരമെന്നു വാദിക്കുമ്പോഴും പുരുഷന് ഇഷ്ടമുള്ള രീതിയില്‍ത്തന്നെ അതു ചെയ്‌‌തുകൊള്ളണമെന്ന ആശയം ഇരുപതാം നൂറ്റാണ്ടില്‍ പലരും ഉന്നയിച്ചു കേട്ടപ്പോള്‍ ആദ്യകാലസ്ത്രീവാദികള്‍ അസ്വസ്ഥരായി. ഇന്നും ആ യുദ്ധം തുടരുന്നുണ്ടെന്നതാണ് സത്യം.
[- ജെ ദേവിക - കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ?]


വസ്ത്രധാരണത്തില്‍ പുരുഷനു ലഭ്യമായ സ്വാതന്ത്ര്യം തനിക്കു തിരസ്കരിക്കപ്പെടുമ്പോള്‍ തന്റെ വലിയ സന്തോഷങ്ങളാണ് നഷ്ടപ്പെടുന്നത് എന്ന് ഇന്നത്തെ സ്ത്രീ തിരിച്ചറിയുന്നുണ്ട്. 'നിങ്ങടെ ചെറിയ സന്തോഷത്തിനു വേണ്ടി എനിക്കെന്റെ വലിയ സന്തോഷങ്ങള്‍ വേണ്ടെന്നു വെയ്‌‌ക്കാന്‍ വയ്യ‘ എന്ന് പറയാന്‍ ധൈര്യമുള്ള വിനയമാര്‍ കേരളത്തിനകത്തു പോലും ഇന്നുണ്ട് എന്നത് ആശാവഹമായ കാര്യമാണ്


നമുക്കു ചരിത്രത്തിലേക്ക് തിരിച്ചു വരാം. പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ നിലനിന്ന ഒരു നീണ്ട യുദ്ധത്തിന്റെ ഭാഗമായിട്ടാണ് വസ്ത്രം കൊണ്ട് മുഴുവനും മൂടിവെച്ചിട്ടില്ലാത്ത സ്ത്രീശരീരം 'പാപത്തെ വിളിച്ചുവരുത്തും' എന്ന പേടി ഇത്രയും വ്യാപകമായത് എന്ന് ജെ.ദേവിക നിരീക്ഷിക്കുന്നുണ്ട്. പരമ്പരാഗതമായ അധികാരസ്ഥാപനങ്ങളായ കുടും ബവ്യവസ്ഥിതികള്‍ , ജാതിനിയമങ്ങള്‍ മുതലായവയില്‍ നിന്ന് സ്ത്രീശരീരത്തെ രക്ഷിച്ചെടുക്കാനുള്ള സ്ത്രീകളടക്കമുള്ള പുരോഗമനവാദികളുടെ ശ്രമം ചെന്നവസാനിച്ചത് 'സംസ്കാരം' പഠിപ്പിക്കാന്‍ ഇറങ്ങിയ ചില മതവാദികളുടെ താല്‍പര്യങ്ങള്‍ക്ക് വിധേയമായിക്കൊണ്ടുള്ള കപടവും വിവേചനപരവുമായുള്ള വസ്ത്രനിയമങ്ങളിലായിരുന്നു.

മലയാളിയുടെ ഏറ്റവും വലിയ തെറ്റിദ്ധാരണകളിലൊന്നായ 'സാരി = ഇന്ത്യന്‍ സംസ്കാരം' എന്ന ധാരണ പൊതുവായി പരന്നു തുടങ്ങിയതും ഇതേ കാലയളവിലാണ്. ബംഗാളില്‍ നിലവിലുണ്ടായിരുന്ന ബ്ലൗസും അടിപ്പാവാടയും ഇല്ലാത്ത തരം സാരിധാരണത്തെ 'വെസ്റ്റേണൈസ്' ചെ‌‌യ്‌‌ത് പരിഷകരിച്ചത് മിഷിനറിപ്രവര്‍ത്തനങ്ങളുടെയും മറ്റും ഭാഗമായാണ്. വിദേശവനിതകള്‍ വസ്ത്രശാഠ്യങ്ങളില്‍ നിന്നും മോചനം നേടി സൗകര്യപ്രദമായ വസ്ത്രധാരണത്തിലേക്ക് ചുവടുമാറിയെങ്കിലും ഇന്ത്യന്‍ വനിതയ്‌‌ക്ക് അവളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട സാരിയിലും ബ്ല്ലൗസിലും ഇന്നും കെട്ടിക്കിടക്കേണ്ടി വരുന്നുവെന്ന് മാത്രം. ഹിന്ദുദേവതകളെ ചിത്രീകരണം ചെയ്‌‌ത രാജരവിവര്‍മ അവരുടെ വേഷമായി മറാഠി സവര്‍ണവനിതകളുടെ സാരിയുടുക്കലിനെ സ്വീകരിക്കുക കൂടെ ചെയ്‌‌തതോട് കൂടി സാരി നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്ന തെറ്റിദ്ധാരണ എല്ലാത്തരം ജനങ്ങള്‍ക്കിടയിലും കൂടുതല്‍ സ്വീകാര്യമായിത്തീര്‍ന്നു.

മാറുമറയ്‌‌ക്കാതെ നടന്നിരുന്ന സ്ത്രീകളെ വസ്ത്രമുടുപ്പിക്കുന്ന ജോലി അത്യന്തം ശ്രമകരമായിരുന്നുവത്രേ ആദ്യകാലങ്ങളില്‍! പലപ്പോഴും ബലപ്രയോഗങ്ങള്‍ വരെ വേണ്ടിവന്നിരുന്നുവെന്ന് വിവിധ ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നുണ്ട്. 'ഇല്ലാത്ത പാപബോധം ഉണ്ടാക്കിയെടുക്കുക' അത്ര എളുപ്പമല്ലല്ലോ.

വൈരുദ്ധ്യങ്ങള്‍ പതിയെ ആരംഭിക്കുന്നതിവിടെ നിന്നാണെന്ന് വേണം കരുതാന്‍. ആദ്യകാലങ്ങളില്‍ വിദ്യാസമ്പന്നരായ സ്ത്രീകളില്‍ പലരും മാറുമറയ്‌‌ക്കുന്നതൊരവകാശമായിക്കണ്ട് അത് പിന്തുടരാന്‍ ശ്രമിച്ചുവെങ്കിലും പല രീതിയിലുള്ള എതിര്‍പ്പുകള്‍ക്ക് പാത്രമാവേണ്ടി വന്നു. അതേ സമയം മാറ് മറയ്‌‌ക്കാന്‍ കൂട്ടാക്കാതിരുന്ന പാപബോധം തീണ്ടാത്ത സ്ത്രീകളെ സാംസ്കാരികമായി ഒറ്റപ്പെടുത്തുന്ന തരം നീക്കങ്ങളും പിറകെ വന്നു. ഇരുപ്രശ്നങ്ങളിലും സ്ത്രീയെ വെറും ശരീരമായി മാത്രം കാണുന്നത് കൊണ്ടാണിത്തരം സംഘട്ടനങ്ങളുണ്ടാവുന്നതെന്ന് പക്ഷേ വളരെയധികം പേരും തിരിച്ചറിയുന്നുണ്ടായിരുന്നില്ല എന്ന് വേണം കരുതാന്‍.

ഒന്നുകില്‍ ശരീരത്തെ മൂടിപ്പുതച്ച് 'പാപകര'മായ വസ്തുവെന്ന് വിളിച്ച് അപമാനിക്കുക അല്ലെങ്കില്‍ ആണിന്റെ സന്തോഷത്തിനായി ഒരുക്കിക്കെട്ടി പ്രദര്‍ശിപ്പിക്കുക – ഈ രണ്ടറ്റങ്ങളിലൂടെ സഞ്ചരിക്കാതെയുള്ള ഒരു മധ്യമാര്‍ഗം എന്തുകൊണ്ട് സ്ത്രീക്ക് സ്വീകരിച്ചുകൂടാ എന്നതാണ് പ്രസക്തമായ ചോദ്യം എന്ന് ദേവിക തുടരുന്നു.


എന്തു കൊണ്ട് സെല്‍വി മരിക്കേണ്ടവളാകുന്നു?
ചരിത്രം പറയുന്നതെന്തു തന്നെയായിരുന്നാലും ഇന്ന് നാം ചെന്നെത്തിയിരിക്കുന്നത് സ്ത്രീക്ക് സ്വന്തം ശരീരം ഭാരമായിത്തീരുന്ന വൈകല്യം നിറഞ്ഞ ഒരു സംസ്കാരത്തിലേക്കാണ്. ഏത് നിമിഷവും ഒരു പളുങ്കുപാത്രം പോലെ വീണുടഞ്ഞേക്കാവുന്നതാണെന്ന ഭീതിയോടെ സ്വന്തം ശരീരം കെട്ടിപ്പൊതിഞ്ഞു സഞ്ചരിക്കേണ്ടി വരിക എന്ന ദാരുണമായ അവസ്ഥയിലൂടെയാണ് ഓരോ സ്ത്രീയും കടന്നുപോവുന്നത് തന്റെ ശരീരം തന്നെ ചതിക്കുമെന്ന ഭയപ്പാട് ഇന്നവളെ സദാസമയവും അവളെ വേട്ടയായടിക്കൊണ്ടിരിക്കുന്നു.

സിനിമയിലും യാഥാര്‍ത്ഥ്യത്തിലും സാഹചര്യം എന്തുതന്നെയായിരുന്നാലും നഗ്നത വെളിവാക്കപ്പട്ട ഒരു സ്ത്രീക്കു മുന്നില്‍ രണ്ടോ മൂന്നോ സാധ്യതകളേ സമൂഹം കല്‍പിക്കുന്നുള്ളൂ.

1. ലൈംഗികത്തൊഴിലാളിയായി ഉള്ള ജീവിതം.
2. നേര്‍പരിചയമുള്ള എല്ലാത്തില്‍ നിന്നും ഒളിച്ചോടിയുള്ള ഒരു അജ്ഞാതവാസം.
3. വളരെ അനിവാര്യമായ ഒരു മരണം ഏതു തരത്തിലുള്ള ഇരകള്‍ക്കും നമ്മള്‍ കല്‍പിച്ചിരിക്കുന്ന വിധി ഇതാണ്, ഇതു മാത്രമാണ്.

സാഹചര്യമെന്തുമായിക്കൊള്ളട്ടെ - ബലം പ്രയോഗിച്ചുള്ള ലൈംഗികബന്ധമാവാം. കാമുകനോടൊത്തുള്ള നിമിഷങ്ങള്‍ ഒളിക്യാമറയില്‍ ഹോട്ടലുടമ പകര്‍ത്തിയതാവാം, അതല്ല കാമുകന്‍ തന്നെ പുറത്തുവിട്ടതാകാം. വയറു നിറച്ചുള്ള ഒരൂണിനു ശേഷം ഒന്നു മൂത്രമൊഴിക്കാന്‍ തോന്നിയ പാപത്തിന്റെ ഫലമായി മൂത്രപ്പുരയിലെ മൊബൈല്‍ ഫോണില്‍ പതിഞ്ഞു പോയ ഒരു വീഡിയോ ആകാം. എങ്ങിനെ സംഭവിച്ചു എന്നതിനു വലിയ പ്രസക്തിയില്ല.

ഒരിക്കല്‍ ഇരയാക്കപ്പെട്ടാല്‍ പിന്നെ അടുത്തം നിമിഷം മുതല്‍ മരണത്തെക്കുറിച്ചു ചിന്തിച്ചു തുടങ്ങാവുന്നതാണ്. ഒന്നുകില്‍ തന്റെ ശരീരത്തിനു നേരെ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന കൊലയാളിയോടേറ്റുമുട്ടി അയാളുടെ കയ്യാലൊരു വീരമരണം . അല്ലെങ്കില്‍ നിരന്തരമായ പീഢനങ്ങള്‍ക്കിടയില്‍ 'ഓടിരക്ഷപ്പെടാന്‍' ശ്രമിക്കാഞ്ഞത്/കഴിയാഞ്ഞത് കൊണ്ട് ഇനിയുള്ള കാലമെന്നും സംശയിക്കപ്പെടാന്‍ പോവുന്ന വ്രതശുദ്ധിയെക്കരുതി ഒരാത്മഹത്യ. അതുമല്ലെങ്കില്‍ കുടുംബത്തിന്റെ മാനം കാക്കാനായി അച്ഛനോ അമ്മയോ കലക്കിത്തരുന്ന അല്പം വിഷം. അതല്ല്ലെങ്കില്‍ അറിവിനും സമ്മതത്തിനുമപ്പുറത്ത് ഏതോ ഒരു ഒളിക്യാമറ പകര്‍ത്തിയ തന്റെയും കാമുകന്റെ ചിത്രം ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കപ്പെടുന്നതോട് കൂടി നഷ്ടമാവുന്ന മാനത്തിനു പകരമായി കാമുകനോടൊപ്പമോ ഒറ്റയ്‌‌ക്കോ തൂക്കുകയറിലൊരന്ത്യം.

സിനിമയിലാണെങ്കില്‍ ഒരു വാഹനാപകടത്തിലൂടെയോ മറ്റോ പാപപങ്കിലയുടെ ജീവിതം തീര്‍ത്തേക്കാവുന്നതാണെന്നൊരെളുപ്പം കൂടിയുണ്ട്. അവളെ ജീവനോടെ തുടരാന്‍ അനുവദിക്കുന്നതില്‍ വലിയ ബുദ്ധിമുട്ടുകളുണ്ട്. ഇര നായികയാണെങ്കില്‍ പിന്നെ നായകന്‍ അവളെ 'സ്വീകരിക്കും' എന്ന പ്രതീക്ഷ വേണ്ട. അഥവാ സ്വീകരിച്ചാല്‍ പിന്നെ പ്രേക്ഷകന്‍ സിനിമ സ്വീകരിക്കും എന്ന പ്രതീക്ഷ ഒട്ടും വേണ്ട.

മരണം കാത്തുകഴിയുന്ന സെല്‍വിമാര്‍

ഇനിയുമൊരായിരം സെല്‍വിമാര്‍ നമുക്കു ചുറ്റിലും ഇപ്പോള്‍ ജീവിച്ചിരിക്കുന്നുണ്ട്. പൊട്ടിപ്പോവാതെ സൂക്ഷിക്കേണ്ട കോഴിമുട്ടകളാണവരെന്ന ധാരണ നമ്മളെ ഇനിയും വിട്ടൊഴിയാന്‍ പോകുന്നില്ല. അതുകൊണ്ടുതന്നെ അവരെ നമ്മള്‍ പര്‍ദ്ദയിലും മറക്കുടകളിലുമൊളിപ്പിക്കാന്‍ ശ്രമിക്കും. വീടിനു വെളിയില്‍ വിടാതെ, ഭര്‍ത്താവോ അച്ഛനോ സഹോദരനോ അല്ലാത്ത പുരുഷന്മാരെ കാണാനോ അവരോട് സംസാരിക്കാനോ അനുവദിക്കാതെ അവരെ നാം കാത്തു സൂക്ഷിക്കും. കഴിയുമെങ്കില്‍ ഗര്‍ഭപാത്രത്തിനു വെളിയില്‍ തന്നെ ഇറങ്ങാതിരിക്കുന്നതാവും നല്ലതെന്ന് സഹികെട്ട് ഓരോ പെണ്‍കുഞ്ഞും സ്വയം തീരുമാനിക്കും. എങ്കിലും അവളുടെ‌‌ സ്വകാര്യതയിലേക്കുള്ള ചുഴിഞ്ഞുനോട്ടങ്ങള്‍ നമ്മള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. നമ്മുടെ ക്യാമറകള്‍ അവളെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും. ആ കുഞ്ഞുങ്ങളെയെല്ലാം ഒരേ വിധി കാത്തിരിക്കുന്നുണ്ട്. അതില്‍ നിന്നും അവളെ രക്ഷിക്കാന്‍ നാം കണ്ടെത്തുന്ന വഴി എന്തായിരിക്കും?

CopyLeft Information

Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.