Monday, July 25, 2011

ചാത്തു ആടു വളര്‍ത്തേ‌ണ്ടവന്‍ മാത്രമാണെന്ന് അവന്‍ തിരിച്ചറിയേണ്ടതുണ്ട്

തെസ്നി ബാനുവില്‍ നിന്നാവട്ടെ തുടക്കം. സംഭവം പുറത്തറിഞ്ഞയുടന്‍ ആദ്യമായി പൊതുവേദികളില്‍ ഉയര്‍ന്നുവന്ന പ്രതികരണങ്ങള്‍ എടുത്തുപറയേണ്ടവയാണ്. വേട്ടയാടിയവര്‍ സാമൂഹ്യവിരുദ്ധരായിരുന്നു എന്നായിരുന്നു അതില്‍ ഏറ്റവും പ്രധാനം. അവര്‍ സാമൂഹ്യവിരുദ്ധര്‍ തന്നെയെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അവര്‍ പ്രതിനിധാനം ചെയ്യുന്നത് രാജ്യത്തെ ഭൂരിഭാഗത്തെയുമാണെന്ന് തിരിച്ചറിയാന്‍ നമുക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. നമ്മളെപ്പോലുള്ള സാധാരണ പൗരന്മാരാണ് അവര്‍ എന്നും നമ്മുടെ ഉള്ളിലെ സങ്കുചിത വിചാരങ്ങളാണ് അവരിലൂടെ പുറത്തു വരുന്നത് എന്നും അംഗീകരിക്കാന്‍ മടിയായിരുന്നു നമ്മള്‍ക്ക്. അതിനാല്‍ തന്നെ അക്രമികള്‍ക്ക് ചില സ്വത്വങ്ങള്‍ പതിച്ചു നല്‍കാന്‍ നാം ശ്രമിച്ചു. മദ്യപാനികള്‍ , തെമ്മാടികള്‍, ഗുണ്ടകള്‍ എന്നിങ്ങനെ. ഗുണ്ടാവിളയാട്ടവുമായി ബന്ധപ്പെട്ട പോലീസിന്റെ അനാസ്ഥ വരെ ചോദ്യം ചെയ്യപ്പെട്ടു.

പതുക്കെ സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വിഷയത്തിന്റെ സ്വഭാവം മാറി. ഗുണ്ടകള്‍ എന്നത് നാട്ടുകാരായി മാറി. സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ നേരിടുന്ന പ്രശ്നങ്ങളും സഞ്ചാരസ്വാതന്ത്രത്തിനു നമ്മുടെ സമൂഹം ഏര്‍പ്പെടുത്തിയ വിലക്കുകളും ചര്‍ച്ച ചെയ്യപ്പെട്ടേ മതിയാകൂ എന്ന് വന്നു. സ്വാഭാവികമായും ചര്‍ച്ചകളും ആ വഴിക്കു നീങ്ങി. അല്ലെങ്കിലും അതെപ്പോഴും അങ്ങിനെയാണ്. നിങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ നിന്നും ഒളിച്ചോടാം. കണ്ടില്ലെന്ന് നടിക്കാം. പക്ഷേ രാഷ്ട്രീയം എന്നെങ്കിലും നിങ്ങളെത്തേടി എത്താതിരിക്കില്ല

ചര്‍ച്ച ന്യായമായും സഞ്ചരിക്കേണ്ടിയിരുന്നത് സ്ത്രീകള്‍ മൊത്തത്തില്‍ അനുഭവിക്കുന്ന സാമൂഹ്യവിലക്കുകളെയായിരുന്നു. എന്നാല്‍ അങ്ങിനെയല്ല ഉണ്ടായത്. ഐ.ടി തൊഴിലാളിയായ ഒരു സ്ത്രീക്ക് രാത്രി സഞ്ചരിക്കാന്‍ വേണ്ട അവസരം ഉണ്ടാവേണ്ടതല്ലേ എന്ന പരിമിതമായ അതിരുകളിലേക്ക് വിഷയത്തെ ഒതുക്കി നിര്‍ത്താന്‍ നാം പ്രത്യേകം ശ്രദ്ധിച്ചു. ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ ശ്രദ്ധയെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയുന്നില്ല. ഓരോ വാര്‍ത്തയിലും തെസ്നി ബാനു എന്ന പേരിനോട് ചേര്‍ത്ത് ഐ.ടി തൊഴിലാളി എന്ന് കൂടെ ചേര്‍ക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. തെസ്നി ബാനു എന്ന് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ആദ്യം പൊങ്ങിവരുന്ന പുറങ്ങളില്‍ നിന്നും വാചകങ്ങള്‍ പകര്‍ത്തിയെഴുതട്ടെ.

കാക്കനാട്ട് ഇന്ഫോ പാര്ക്കിന് സമീപമുള്ള ഐ ടി സ്ഥാപനത്തിലെ ജീവനക്കാരിയായ തെസ്നി ബാനു ആക്രമിക്കപ്പെട്ട സംഭവത്തില് ഒരാള് അറസ്റ്റിലായി. webdunia

കഴിഞ്ഞ ദിവസം കാക്കനാട്ട് വെച്ച് ആണ്സുഹൃത്തിനൊപ്പം ബൈക്കില് സഞ്ചരിക്കവേ സാമൂഹ്യവിരുദ്ധരുടെ അക്രമത്തിനിരയായ കൊച്ചി ഇന്ഫോ പാര്ക്ക് ജീവനക്കാരി തെസ്നി ബാനു - thatsmalayalam

ഐടി ജീവനക്കാരി തെസ്നി ബാനു പത്രസമ്മേളനത്തില് അറിയിച്ചു. ...- maathrubumi.

കൊച്ചി: ഐടി ഉദ്യോഗസ്ഥയായ തെസ്നി ബാനുവിനെ ഒരുകൂട്ടം സാമൂഹ്യവിരുദ്ധര് ആക്രമിച്ച സംഭവത്തിനെതിരെ "സ്ത്രീകൂട്ടായ്മയും പെണ്ണരങ്ങും" സംയുക്തമായി പ്രതിഷേധയോഗം - deshabhimani

കൊച്ചി: കാക്കനാട് ഐടി ജീവനക്കാരിയെ അക്രമിച്ച സംഭവത്തില് സ്വമേധയാ കേസെടുക്കാതിരുന്ന എഎസ്ഐയെ സസ്പെന്ഡ് ചെയ്തു. - indiaeveryday

കൊച്ചി: കാക്കനാട്ട് ഇന്ഫോ പാര്ക്കിന് സമീപമുള്ള ഐ ടി സ്ഥാപനത്തിലെ ജീവനക്കാരിയായ തെസ്നി ബാനു ആക്രമിക്കപ്പെട്ട സംഭവത്തില് ഒരാള് അറസ്റ്റ് ചെയ്തു. - doolnews

യൂണിക്കോഡില്‍ വാര്‍ത്ത പങ്കുവെയ്ക്കുന്ന ഓണ്‍ലൈന്‍ മലയാളം പത്രങ്ങളുടെ മാത്രം ലിസ്റ്റില്‍ നിന്നാണിത്രയും!

സ്വതന്ത്ര്യറിപ്പബ്ലിക്കായ ഇന്ത്യയെന്ന മഹാരാജ്യത്തെ ഒരു പൗരയുടെ, ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ അതേ രാജ്യത്തെ മറ്റു പൗരന്മാരാല്‍ നിഷേധിക്കപ്പെട്ടു എന്ന് തെളിമയേറിയ വിഷയത്തെ എങ്ങിനെ വികലമായി കൈകാര്യം ചെയ്യാം എന്നതിനു ഉദാഹരണമാണ് ഈ വാര്‍ത്തകള്‍. ഓരോ കുറിപ്പുകളിലും ഇതേ രീതി പിന്തുടരാന്‍ നാലാം എസ്റ്റേറ്റിനൊപ്പം പല സ്വയം പ്രഖ്യാപിത അഞ്ചാം എസ്റ്റേറ്റുകളും പ്രത്യേകം ശ്രമിച്ചിട്ടുണ്ട് എന്നതും പരാമര്‍ശിക്കപ്പെടേണ്ടതാണ്.

വാര്‍ത്തകളില്‍ തലക്കെട്ടിലും ഉള്ളടക്കത്തിലും ഓരോ തവണയും ഐ.ടി. ജീവനക്കാരി എന്ന് എടുത്തു പറയുക വഴി പത്രങ്ങള്‍ വായനക്കാരനോട് നിര്‍ദ്ദേശിക്കുന്നത് താഴെപ്പറയുന്ന കാര്യങ്ങളാണെന്ന് കാണുവാന്‍ കഴിയും.

  1. നിങ്ങള്‍ വായിക്കാന്‍ പോകുന്ന വാര്‍ത്ത ഐടി തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ്. നിങ്ങള്‍ക്ക് അവരിലൊരാളല്ലാത്ത പക്ഷവും താല്‍പര്യമില്ലെങ്കിലും വായന ഇവിടെ നിര്‍ത്തി അടുത്ത വാര്‍ത്തയിലോട്ട് കടക്കാവുന്നതാണ്.
  2. പ്രശ്നം ഐ.ടി തൊഴിലാളികളായ സ്ത്രീകള്‍ക്ക് രാത്രിസഞ്ചാരം അനുവദിക്കപ്പെടേണ്ടതിനെക്കുറിച്ചാണ്. ഭയപ്പെടേണ്ട, നിങ്ങളുടെ ഭാര്യ/സഹോദരി/കാമുകി/അമ്മ സ്കൂള്‍ ടീച്ചറോ സര്‍ക്കാര്‍ ഉദ്യോഗസ്ഥയോ മറ്റ് ഐടിയിതര ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോ ആണെങ്കില്‍ അവ‌‌ര്‍ക്ക് സ്വാതന്ത്ര്യം ഉണ്ടാവേണ്ടതുണ്ട് എന്ന് ഞങ്ങള്‍ പറയുന്നില്ല.
  3. ഐ.ടി. തൊഴിലാളിയായത് കൊണ്ട് തെസ്നി ബാനുവിനു രാത്രി പുറത്ത് പോവേണ്ടതുണ്ട്. തെസ്നി ബാനുവിനേക്കാള്‍ കോര്‍പറേറ്റുകളുടെ ആവശ്യമാണത്. അത് നമുക്ക് സംരക്ഷിക്കേണ്ടതുണ്ട്.
  4. തെസ്നിയ്ക്ക് ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ടെങ്കില്‍ ഐ.ടി തൊഴിലാളികളുടെ ധാര്‍മ്മികമായ മൂല്യച്യുതിയുമായി ബന്ധപ്പെട്ടതു കൂടെയാണത്. അഥവാ തൊഴിലിനു വേണ്ടി തെസ്നിക്കു ഉപാധികളോടെ സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുമ്പോഴും അവളെ നിലയ്ക്കു നിര്‍ത്താനായി ഇടയ്ക്കൊക്കെ രണ്ടെണ്ണം പൊട്ടിയ്ക്കേണ്ടതുണ്ട്.
  5. ബാംഗ്ലൂരിലേക്കുള്ള രാത്രിവണ്ടികളെക്കുറിച്ച് പ്രചുരപ്രചാരം നേടിയിട്ടുള്ള അശ്ലീലകഥകള്‍ പോലെ ഈ വാര്‍ത്ത വായിച്ചു പോവുക.

തെസ്നിബാനുവിന് അവളുടെ ജോലിയുമായി ബന്ധപ്പെട്ട ഒരു സ്വത്വം കൃത്രിമമായി നിര്‍മ്മിച്ചു നല്‍കിക്കൊണ്ട് പരിഷ്കൃതമായ സമൂഹം എന്നെങ്കിലും ഒരിക്കല്‍ നേരിടേണ്ടി വരുന്ന ചോദ്യങ്ങളില്‍ നിന്നും എത്രയെളുപ്പത്തില്‍ നമ്മള്‍ വഴുതിമാറി എന്ന് ശ്രദ്ധിക്കുക. ഓഫീസിലേക്കുള്ള നേര്‍വഴി സ്വീകരിക്കാതെ എന്തിനു വളഞ്ഞ വഴിയേ പോയി മുതലായ ചോദ്യങ്ങള്‍ തെസ്നി ബാനുവിനു നേരെ നീളുന്നത് പിന്നീട് നാം കണ്ടു. നിന്റെ ജോലിക്കാവശ്യമായ സ്വാതന്ത്രം ഞങ്ങള്‍ തരാം. അതിനപ്പുറം പൊതു ഇടങ്ങളില്‍ നിന്നെ കണ്ടു പോകരുത് എന്ന ശാസന. ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ ചെമ്മാനും ചെരുപ്പുകുത്തിക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും ക്ഷുരകനും അവനവന്റെ തൊഴിലനിധിഷ്ഠിധമായിത്തന്നെയായിരുന്നു പ്രത്യക്ഷപ്പെടാന്‍ അവകാശമുള്ള ഇടങ്ങള്‍ പതിച്ചു നല്‍കപ്പെട്ടിരുന്നത് എന്ന് ഓര്‍ക്കുക. വാസനകള്‍ നമ്മെ വിട്ടൊഴിയുന്നില്ല.

******

രണ്ടാമതായി പേരിലെ ജാതിവാലുമായി ബന്ധപ്പെട്ടതാണ്. ഗൂഗിള്‍ ബസ്സില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു വ്യക്തി ഇട്ട ഒരു കമന്റ് താഴെ നല്‍കിയിരിക്കുന്നു.

"എന്റെ അഭിപ്രായത്തില്‍ പാശ്ചാത്യര്‍ സ്വീകരിച്ചു വരുന്ന ഫസ്റ്റ് നെയിം, മിഡില്‍ നെയിം , ലാസ്റ്റ് നെയിം -സിസ്റ്റം ആണ് നമുക്കും നല്ലത്. പൂര്‍വികര്‍ ഏതെങ്കിലും തലമുറയില്‍ ചെയ്തു ശീലിച്ച ജോലിയുടെ അടിസ്ഥാനത്തില്‍ ആണ് സര്‍ നെയിം. എല്ലാ ജോലികള്‍ക്കും അവര്‍ മാന്യത കല്പ്പിക്കുന്നതിനാല്‍ ആ പേരുകള്‍ അവര്‍ തലമുറകളോളം സൂക്ഷിക്കുന്നു. (ഉദാഹരണം, barber, carpenter, മുതല്‍ yeoman വരെ). ഇന്ത്യയില്‍ മിക്കയിടത്തും ഈ രീതി കുറച്ചു വ്യത്യാസത്തോടു കൂടിയെങ്കിലും നിലവില്‍ ഉണ്ട്. കേരളത്തില്‍ മാത്രം നമ്മള്‍ സ്വയം തലയില്‍ കൊണ്ട് നടക്കുന്ന (കപട) ജാതി വിരുദ്ധത തന്നെയാണ് ഈ വിചിത്ര സമ്പ്രദായത്തിനു കാരണം ആയതു. പേരില്‍ മാത്രം ജാതി ഒഴിവാക്കിയത് കൊണ്ട് ജാതി ഇല്ലാതാകുമോ? പലരും വിചാരിക്കുന്ന പോലെ നായര്‍, പിള്ള തുടങ്ങിയവ ജാതിപ്പേരുകള്‍ അല്ല. പഴയകാലത്തെ ജോലിയെ ആധാരമാക്കി ഭരണകര്‍ത്താക്കള്‍ നല്‍കിയ പദവികളുടെ തുടര്‍ച്ചയാണ്. പണിക്കര്‍, പിള്ള തുടങ്ങിയ പേരുകള്‍ ഈഴവ, മുസ്ലിം, നസ്രാണി സമുദായക്കാര്‍ക്കും ഉണ്ടായിരുന്നു.വടക്കേ ഇന്ത്യയില്‍ മുന്നോക്ക, പിന്നോക്ക (കാലഹരണപ്പെട്ട വാക്കുകള്‍ ) ഭേദം ഇല്ലാതെ ഒരുപാടു സിംഹങ്ങള്‍ (സിംഗ്) ഉണ്ട്.നമ്മളവരെ കണ്ടു പഠിക്കണം."
പാശ്ചാത്യരുടെ ഇടയിലെ പേരുകളില്‍ അവസാനനാമം ഇന്നും പൂര്‍വികരുടെ തൊഴിലുമായി ബന്ധപ്പെട്ടതാണെന്ന നിരീക്ഷണം ശരിയാണ്. ഇതില്‍ അനുകരണീയമായി എന്തുണ്ട് എന്നതാണ് ചോദ്യം. ജാത്യതീതമായി ഓരോരുത്തരും ഏര്‍പ്പെടുന്ന തൊഴില്‍ അതേത് തന്നെയായിരുന്നലും ഒരേ പോലെ ബഹുമാനിക്കപ്പെടേണ്ടത് തന്നെയാണെന്നത് നേരു തന്നെ . എന്നാല്‍ ഇന്ത്യന്‍ ഫ്യൂഡല്‍ സമ്പ്രദായത്തില്‍ തൊഴിലധിഷ്ഠധമായ പേരുകള്‍ പോലും അധഃകൃതവിഭാഗത്തിനു അനുവദിക്കപ്പെട്ടിരുന്നില്ല എന്ന സത്യം കമന്റിട്ടയാള്‍ സൗകര്യപൂര്‍വം വിസ്മരിക്കുന്നു. അടിയാളരുടെ കുഞ്ഞുങ്ങള്‍ക്ക് പേര്‍ ഇട്ടിരുന്നത് തമ്പ്രാക്കന്മാര്‍ തന്നെയായിരുന്നു എന്ന് ചരിത്രപുസ്തകങ്ങള്‍ നമ്മോടു പറയും. കുടിയില്‍ പിള്ളയൊന്നു പിറന്നു എന്നറിഞ്ഞാല്‍ തമ്പ്രാന്‍ പേരു കല്‍പിച്ചു നല്‍കും - ഒന്നുകില്‍ ചിരവയെന്ന്, അല്ലെങ്കില്‍ മുറമെന്ന്, കലപ്പയെന്നും ഉരലെന്നും ഒക്കെ. സചേതനമായവയ്‌‌ക്ക് അത്യന്തം അനുയോജ്യരായ പേരുകള്‍ തന്നെ. കുശവന്‍ എന്നും ബാ‌ര്‍ബര്‍ എന്നും പേരുകളായി സ്വീകരിക്കാന്‍ പോലും ആ തൊഴിലുകളെങ്കിലും ഉണ്ടായിരുന്നിരിക്കണം. അതു പോലും നിഷേധിക്കപ്പെട്ട മനുഷ്യര്‍ കൂടെ ഉള്‍പ്പെട്ടതാണ് നമ്മുടെ സമൂഹം എന്നത് മറക്കാമോ?

മറ്റൊന്നു കൂടെ. പേരിനോടൊപ്പം തൊഴില്‍ ചേര്‍ക്കുന്നതിന്റെ യുക്തിരാഹിത്യം ഒന്നു ചിന്തിച്ചാല്‍ തിരിച്ചറിയാന്‍ കഴിയുന്നതേയുള്ളൂ. ബബീഷ് ഇന്നൊരു ഡോക്ടറാണ് എന്നിരിക്കട്ടെ. ബബീഷിനൊരു കുഞ്ഞു പിറന്നു ബബീഷ് ആ കുഞ്ഞിനു സനീഷ് ഡോക്‌‌ടര്‍ എന്ന് പേരിട്ടെന്നിരിക്കട്ടെ. സനീഷ് വളര്‍ന്ന് ഒരു വക്കീലാണായതെങ്കില്‍ സനീഷ് ഡോക്ടര്‍ എന്ന പേരു എന്താകും ദ്യോതിപ്പിക്കുന്നത്? സനീഷ് തന്റെ മകള്‍ക്ക് പിങ്കി ഡോക്ടര്‍ എന്ന് പേരിടണമോ അതോ പിങ്കി വക്കീല്‍ എന്നോ? അതോ പിങ്കി വക്കീല്‍ ഡോക്ടര്‍ എന്നോ? ഇനി ബബീഷിനു ശേഷമുള്ള ഓരോ തലമുറയും ഡോക്ടര്‍ എന്ന അവസാനനാമം സ്വീകരിച്ചു എന്ന് തന്നെയിരിക്കട്ടെ. അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിക്കുന്ന ബബീഷിന്റെ ഒരു പിന്‍ഗാമിയെ - അയാള്‍ അധ്യാപകനാണ് എന്ന് സങ്കല്‍പിക്കുക - സംബന്ധിച്ചേടത്തോളം ഡോക്ടര്‍ എന്ന അവസാനനാമം എന്ത് ഗുണമാണയാള്‍ക്ക് നല്‍കുന്നത്? അഞ്ഞൂറു വര്‍ഷങ്ങ‌‌ള്‍ക്ക് മുന്പ് എപ്പോഴോ തന്റെ തലമുറയില്‍ ഒരു ഡോക്ടര്‍ ഉണ്ടായിരുന്നു എന്ന അറിവോ? ഡോക്ടറല്ലാതെ മറ്റു തൊഴിലുകള്‍ എടുത്ത മുന്‍ഗാമികളെ അപ്പോള്‍ മറക്കാമെന്നോ?

ഇനി തിരിച്ച് ചിന്തിക്കുക. പതിനഞ്ചാം നൂറ്റാണ്ടിനു മുന്‍‌‌പ് കേരളത്തില്‍ നിലനിന്നിരുന്നതെന്തോ അതാവേണം നമ്മളിലോരോരുത്തരുടെയും സ്വത്വം എന്ന് നമുക്കെന്തിനാണീ വാശി? എന്തുകൊണ്ട് പതിനഞ്ചാം നൂറ്റാണ്ടിനു മുന്‍പുള്ളതെല്ലാം നമ്മുടെ സ്വന്തവും അതിനു ശേഷം - പ്രത്യേകിച്ച് 1900 നു ശേഷമുള്ളവയെല്ലാം - അന്യവുമാകുന്നു? ഇന്നില്‍ ജീവിക്കുന്നതില്‍ നിന്നും പുതിയൊരു നാളെയെ വാ‌‌ര്‍ത്തെടുക്കുന്നതില്‍ നിന്നും എന്താണ് നമ്മളെ തടയുന്നത്?

*******

ഇനി ചാത്തുവിലേക്ക് വരാം. ചാത്തു ആടിനെ പോറ്റിയിരുന്നു എന്നത് നിസ്തര്‍ക്കമായ വിഷയമാണ്. ചാത്തുവിനെ ആടിനെ പോറ്റുന്നയാള്‍ എന്ന് മാത്രം തിരിച്ചറിയുന്നിടത്താണ് പ്രശ്നങ്ങളത്രയും നില കൊള്ളുന്നത്. ആടിനെ പോറ്റേണ്ടത് ചാത്തുവിന്റെ കടമയായിരുന്നു എന്ന് നാം കരുതുന്നു. അഥവാ ആടിനെ ആരെങ്കിലും പോറ്റേണ്ടതുണ്ടെങ്കില്‍ അത് ചാത്തു മാത്രമാണ്. ഞാനോ മറ്റാരെങ്കിലുമോ അല്ല. ചാത്തുവിനെ അഭിസംബോധന ചെയ്യുമ്പോള്‍ ആടിനെ പോറ്റുന്നവന്‍ എന്ന് എടുത്തു പറയേണ്ടതുണ്ട്. ചാത്തു എന്നും ആ തൊഴിലില്‍ തുടരേണ്ടതും ചാത്തുവിന്റെ പിന്‍തലമുറകളും അതേ തൊഴില്‍ സ്വീകരിക്കേണ്ടതുമുണ്ട്. അഥവാ അപ്രകാരം സംഭവിച്ചില്ല എങ്കില്‍ ആടിനെ പോറ്റാത്ത ചാത്തു എന്നോ ആടിനെ പോറ്റിയിരുന്ന ചാത്തു എന്നോ ആടിനെ പോറ്റിയ ചാത്തുവിന്റെ മക്കളെന്നോ സംബോധനകളെ പുനര്‍നിര്‍മ്മിക്കാവുന്നതേയുള്ളൂ.

അല്ലെങ്കില്‍ തന്നെ ചാത്തു എന്തിനാണ് ആടിനെ പോറ്റാതിരിക്കുന്നത്? തന്റെ പരമ്പരാഗത തൊഴിലും സംസ്കാരവു അത്യന്തം അഭിമാനകരമാണെന്നും അത് എന്നെന്നേക്കുമായി സംരക്ഷിക്കേണ്ടത് തന്റെ മാത്രം കടമയാണെന്നും എന്തുകൊണ്ട് ചാത്തു തിരിച്ചറിയുന്നില്ല?

CopyLeft Information

Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.