"ഒരേ റൂട്ടിലോടുന്ന ബസ്സാണ് സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍" - സലിം കുമാര്‍
ജി.പി.രാമചന്ദ്രന്റെ സ്വപ്നത്തില്‍ മറയുകയും തെളിയുകയും ചെയ്യുന്ന യാഥാര്‍ത്ഥ്യങ്ങള്‍ എന്ന പോസ്റ്റ് വായിച്ച ശേഷം സിനിമാസംവിധായകന്‍ സത്യന്‍ അന്തിക്കാടിനോട് ചോദിക്കാന്‍ തോന്നിപ്പോയ ചിലത്...
സാമൂഹ്യവിര്‍ശനം ആവാം , പക്ഷേ അയല്‍പക്കകാരനിട്ട് തന്നെ കൊട്ടണോ?
അല്ല മിസ്റ്റര്‍ അന്തിക്കാട് ആരെയാണ് താങ്കള്‍ ഭയപ്പെടുന്നത്? എന്തിനാണ് മലയാളിയെ വിമര്‍ശിക്കേണ്ട വിഷയങ്ങളിലെല്ലാം കുറ്റം പാവം തമിഴന്റെ നെഞ്ചത്ത് കയറ്റിക്കൊടുക്കുന്നത്? മലയാളിയെ തുറന്ന് വിമര്‍ശിച്ചാല്‍ താങ്കളുടെ സിനിമകള്‍ പരാജയപ്പെടും എന്ന് താങ്കള്‍ കരുതുന്നുണ്ടോ? അതോ മലയാളികളെ അപേക്ഷിച്ച് അധമരായ വര്‍ഗമാണ് അയല്‍പക്കത്തെ തമിഴര്‍ എന്ന് തോന്നുന്നുണ്ടോ? താങ്കള്‍ തിരക്കഥയെഴുതാന്‍ തുടങ്ങിയ ശേഷമുള്ള കുറേ ഉദാഹരണങ്ങളിതാ
1. രസതന്ത്രത്തിലെ ആള്‍ദൈവവിശ്വാസിയായ ജഗതി.
കേരളത്തിലു നടക്കുന്ന കഥയില്‍ ആള്‍ദൈവത്തില്‍ വിശ്വസിക്കുന്ന മൂഢനായ കഥാപാത്രം അങ്ങ് തമിഴ്നാട്ടീന്ന് വരണം ല്ലേ? മലയാളികള്‍ ആള്‍ദൈവങ്ങളിലൊന്നും വിശ്വസിക്കാത്ത പുണ്യപുരുഷന്‍മാരായിരിക്കും.
2. അച്ചുവിന്റെ അമ്മയിലെ ബാലികാപീഢനസംഘം
അതു വരെ കേരളത്തില്‍ നടക്കുന്ന കഥയിലെ അച്ചുവിന്റെയും അമ്മയുടെയും ഭൂതകാലം ചികഞ്ഞുപോവുമ്പോള്‍ പെണ്‍കുട്ടികളെ മാര്‍വാഡികള്‍ക്കു വില്‍ക്കുന്ന ക്രൂരരായ സെക്സ് റാക്കറ്റുകാര്‍ അങ്ങ് തമിഴ്നാട്ടുകാരാണ്. അത് സംഭവിക്കുന്നത് തമിഴ്നാട്ടിലും. എന്റെ കേരളത്തില്‍ ആകെയുള്ള പ്രശ്നം പെണ്കുട്ടികള്‍ ഒളിച്ചോടിക്കല്യാണം കഴിക്കുന്നതാണല്ലോ അല്ലേ?
3. വിനോദയാത്രയിലെ മോഷ്ടാവായ ബാലനും ക്രൂരനായ പിതാവും
എട്ടര മിനിട്ട് മുതല്‍ പയ്യന്‍ പറയുന്ന കഥ കേള്‍ക്കുക.
ഒരു സിനിമയിലൊക്കെ ഇത്തരം കഥാപാത്രങ്ങള്‍ കടന്നുവരുന്നത് സ്വാഭാവികമാണ്. പക്ഷെ ഇതൊരു തുടര്‍ച്ചയാവുമ്പോള്‍ ന്യായമായും ചില സംശയങ്ങള്‍ പ്രേക്ഷകരുടെ മനസിലുണ്ടാവില്ലെ മിസ്റ്റര്‍ അന്തിക്കാട്?
താങ്കള്‍ കഥയെഴുതിത്തുടങ്ങും മുന്പ് താങ്കള്‍ തന്നെ സംവിധാനം ചെയ്ത 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക' എന്നൊരു സിനിമയുണ്ടല്ലോ. ശ്രീനിവാസന്റെ കഥയും തിരക്കഥയും. സമയം കിട്ടുമ്പോള്‍ അതൊന്നെടുത്ത് കാണുക. തമിഴനെ സ്റ്റീരിയോടൈപ്പാക്കുന്ന മലയാളി അഹന്തയെ ശ്രീനിവാസന്‍ നല്ല രീതിയില്‍ കളിയാക്കുന്നുണ്ടതില്‍. അത് ഇപ്പോള്‍ താങ്കള്‍ക്കും ബാധകമാണെന്ന് ഇനിയെങ്കിലും മനസിലാക്കുമല്ലോ
മഴവില്‍ക്കാവടിയില്‍ നിന്നും അച്ചുവിന്റെ അമ്മയിലെത്തുമ്പോള്‍
ആദ്യത്തെ രംഗം മഴവില്‍ക്കാവടിയില്‍ നിന്നുള്ളതാണ്. വീട്ടുകാര്‍ വിവാഹത്തിനു സമ്മതിക്കില്ലെന്നറിഞ്ഞ ജയറാമും സിതാരയും റെജ്സ്റ്റര്‍ മാര്യേജ് ചെയ്യാന്‍ സബ്‌രജിസ്ട്രാര്‍ ഓഫീസിലെത്തുന്നു. പക്ഷേ അവരെ നിരാശപ്പെടുത്തിക്കൊണ്ട് അന്ന് സമരം മൂലം ഓഫീസ് അവധിയാണ്. How sad! എന്തൊരു ഐറണി ആയാണ് രംഗം ചിത്രീകരിച്ചതെന്ന് ശ്രദ്ധിക്കുക.
രണ്ടാമത്തെ രംഗം അച്ചുവിന്റെ അമ്മ എന്ന ചിത്രത്തില്‍ നിന്നും. ഇവിടെയും രജിസ്റ്റര്‍ മാരേജിനു തയ്യാറെടുക്കുന്ന പെണ്‍കുട്ടിയെ കാണാം. പക്ഷേ താലി വീഴുന്നില്ല, തയ്യല്‍ക്കാരന്‍ മരിക്കുന്നില്ല എന്ന് അഴകിയ രാവണനില്‍ ശ്രീനിവാസന്‍ പറയുന്നത് പോലെ, ആ വിവാഹം നടക്കുന്നില്ല. പകരം അച്ചുവിന്റെ അമ്മയുടെ നാവിലൂടെ സത്യന്‍ അന്തിക്കാടിന്റെ വക ഫ്രീ ഉപദേശം കുട്ടിക്ക്. ഒരു കല്യാണം കഴിക്കാന്‍ എം.ബി.ബി.എസ് ഒന്നും പോരത്രെ! ഫോറിനില്‍ അയച്ച് എം.ഡിക്ക് പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ തയ്യാറുള്ളപ്പോഴാണോ ഒരു ഒണക്കക്കാമുകന്‍! വിശ്വാസം അതല്ലേ എല്ലാം!!
നാടോടിക്കാറ്റില്‍ നിന്നും വിനോദയാത്രയിലെത്തുമ്പോള്‍ സംഭവിച്ചത്
ദാസന്‍ ദരിദ്രനാണ്. ബികോം ഫസ്റ്റ് ക്ലാസാണെങ്കിലും ജോലിയില്ല. അതിന്റെ എല്ലാ വിധ ഇന്‍ഫിരിയോറിറ്റി കോംപ്ലക്സും കൂടെയുണ്ട് താനും. പക്ഷേ നായിക അയാളെ തഴയുന്നില്ല. എന്ത് ജോലിയും ചെയ്യാന്‍ ഉള്ള പ്രേരണ നല്‍കുകയാണ് നായിക ചെയ്യുന്നത്. നാളെയെന്തെന്നറിയാത്ത ദാസനെ പ്രണയിക്കുന്നത് ഒരു കുറ്റമാണെന്നവള്‍ക്ക് തോന്നുന്നില്ല.
വിനോദയാത്രയിലെ വിനോദ് അത്ര ദരിദ്രനൊന്നുമല്ല. ജോലിയില്ലെങ്കിലും അതൊക്കെയുള്ള കുടുംബക്കാരുണ്ട്. എങ്കിലും തന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന വിനോദിനോട് മീരാ ജാസ്മിന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ചോദിക്കുന്നത് തനിക്ക് ഒരു കിലോ അരിയുടെ വിലയെന്താണെന്നറിയുമോ എന്നാണ്. പ്രണയിക്കുന്നതും ഒരു കിലോ അരിയുടെ വിലയും തമ്മിലെന്താണ് സാര്‍ ബന്ധം എന്ന് ഞങ്ങളൊന്ന് ചോദിച്ച് പോയാല്‍ അതൊരു കുറ്റമാവില്ലല്ലോ അല്ലേ സാര്‍
സന്ദേശം നല്‍കുന്ന സന്ദേശം.
അല്ല സാര്‍ ഒന്നു ചോയ്ച്ചോട്ടെ. എന്താണ് സന്ദേശം എന്ന സിനിമ നല്‍കുന്ന സന്ദേശം?
സാധാരണ സിനിമകളില്‍ ഞങ്ങള്‍ കണ്ടിട്ടുള്ളത്. ക്രൂരനായ അച്ഛന്‍ നല്ല അച്ഛനാവുന്നു, അഴിമതിക്കാരനായ ഉദ്യോഗസ്ഥന്‍ ആദര്‍ശധീരനാവുന്നു, കണ്ണില്‍ച്ചോരയില്ലാത്ത ഡോക്ടര്‍ നല്ല ഡോക്ടറാവുന്നു, വൃത്തികെട്ടവനായ ഭര്‍ത്താവ് നല്ല ഭര്‍ത്താവാകുന്നു ഇങ്ങനെയൊക്കെയാണ്. സന്ദേശത്തിലെ രാഷ്ട്രീയക്കാരായ ചെറുപ്പക്കാരോ? സിനിമയ്ക്കവസാനം അവര്‍ രാഷ്ട്രീയക്കാരേ അല്ലാതെ ആയിട്ടാണ് നന്നാവുന്നതായി ചിത്രീകരിച്ചിരിക്കുന്നത്. നല്ല രാഷ്ട്രീയക്കാര്‍ എന്നൊന്നില്ല. ഒന്നുകില്‍ നാറിയ രാഷ്ട്രീയക്കാര്‍ അല്ലെങ്കില്‍ അരാഷ്ട്രീയര്‍ എന്ന് എത്ര ലളിതമായാണ് സാര്‍ പറഞ്ഞുവെച്ചിരിക്കുന്നത്! നന്ദി സാര്‍ നന്ദി. പ്രബുദ്ധകേരളം ഇതിനോടൊക്കെ അങ്ങയോട് കടപ്പെട്ടിരിക്കുന്നു.
മൊട്ടക്കുന്നിന്റെ മുകളിലെ ഗാനചിത്രീകരണം.
ഇഷ്ടം എന്നൊരു പടം എടുത്തു അതില്‍ അച്ഛനോടൊപ്പം പാട്ടുപാടി ഡാന്സ് കളിക്കുന്ന മകനെയും കാമുകിയെയും ചിത്രീകരിച്ചു എന്നൊരു തെറ്റ് സിബി മലയില്‍ ചെയ്തു പോയി. എന്ന് കരുതി ആ പാവത്തിനെ ഇങ്ങനെ ക്രൂശിക്കണോ? അതിനു ശേഷം സത്യന്‍ അന്തിക്കാടിന്റെ എല്ലാ സിനിമയിലും ഉണ്ടല്ലോ അതേ പോലെ അച്ഛന്‍/അമ്മ/വല്യച്ഛന്‍ തുടങ്ങിയവരെയും കൊണ്ട് മൊട്ടക്കുന്നിന്റെ മുകളില്പ്പോയി പാട്ടുപാടി ഡാന്സ് കളിക്കുന്ന നായികനും നായികയും. അറ്റ് ലീസ്റ്റ് ആ മൊട്ടക്കുന്നെങ്കിലും ഒന്നു മാറ്റിപ്പിടിച്ചൂടെ?
പിന്നെ വേറൊരു സംഗതി. കേരളത്തിലെ മൊത്തം ജനങ്ങളും അച്ഛനെയും അമ്മയെയും വാര്‍ദ്ധക്യത്തില്‍ സ്വത്ത് കൈക്കലാക്കിയ ശേഷം ഒറ്റയ്ക്കാക്കുന്ന ക്രൂരരാണ് എന്നൊക്കെ സാമാന്യവല്‍ക്കരിയ്ക്കുന്ന ജോലി ഏതെങ്കിലും വനിതാമാസികള്‍ക്ക് വിട്ടുകൊടുക്കുന്നതല്ലേ ഭംഗി? മദ്ധ്യ-ഉപരിമദ്ധ്യവര്‍ഗക്കാര്‍ക്കിടയില്‍ ഇങ്ങനെയും ചില പ്രശ്നങ്ങളൊക്കെയുണ്ടെന്ന് സമ്മതിക്കുന്നു. അത് മാത്രമല്ലല്ലൊ കേരളം സാര്‍.
വൃദ്ധരായ മാതാപിതാക്കളെ ഒരു സിനിമയ്ക്ക് പോവാന്‍ സമ്മതിക്കാത്ത മനുഷ്യരുണ്ടെന്ന് ഞങ്ങള്‍ക്കറിയാം സമ്മതിച്ചു.
ഈ പോസ്റ്റിന്റെ ഏറ്റവും ആദ്യം ക്വോട് ചെയ്ത വണ്‍ മിസ്റ്റര്‍ സലിം കുമാര്‍ അഭിനയിച്ച കേരള കഫേയിലെ ബ്രിഡ്ജ് എന്നൊരു സിനിമ കണ്ടു കാണുമല്ലോ അല്ലേ? ആ സിനിമയുടെ ഇണ്ട്രൊ താങ്കളുടെ വക ആയിരുന്നല്ലോ. അപ്പോള്‍ കണ്ടുകാണുമെന്നുറപ്പ്. മറ്റൊരു വഴിയുമില്ലാതെ അമ്മയെ സിനിമാതിയേറ്ററിലുപേക്ഷിക്കേണ്ടി വരുന്ന കഥാപാത്രമായിരുന്നു അതില്‍ സലീം കുമാര്‍ അവതരിപ്പിച്ചത്. അങ്ങിനെയും ചില ജീവിതങ്ങള്‍ നമ്മുടെ നാട്ടിലുണ്ട് സാര്‍. ധനികരായ സവര്‍ണക്രിസ്ത്യന്‍ ഫാമിലിയുടെ സ്വത്ത് വിഭജനം മാത്രമല്ല ജീവിതമെന്നാല്‍ എന്നൊന്ന് പറഞ്ഞെന്നേയുള്ളൂ.
Disclaimer : This post does not contain any videos. It contains hyperlinks to existing videos in popular video hosting sites such as youtube. Any copyright issues should be notified to original host website containing the videos.
Thursday, July 22, 2010
22 comments:
അഭിപ്രായങ്ങള്‍ക്ക് സുസ്വാഗതം.
തെറിവിളികള്‍, വ്യക്തിഹത്യ മുതലായവയെ ഒഴിവാക്കുമല്ലോ.
അനോണിമസ് ഓപ്ഷന്‍ തല്‍ക്കാലം ലഭ്യമല്ല. പഴയ പോസ്റ്റുകള്‍ക്ക് കമന്റ് മോഡറേഷന്‍ ഉണ്ട്. സരസമായ ഓഫുകളെ നിരുത്സാഹപ്പെടുത്തുന്നില്ല. മനപൂര്‍വം വിഷയത്തില്‍ നിന്നും വഴി തിരിച്ചു വിടുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടേക്കാം.
Subscribe to:
Post Comments (Atom)
CopyLeft Information
Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.
കലക്കി..!!
ReplyDeleteഅടുത്ത കാലത്ത് കണ്ടതില്‍, തിയേറ്ററില്‍ നിന്നും ഇറങ്ങി പോകേണ്ടി വന്ന പടമാണ് ''ഇന്നത്തെ ചിന്താവിഷയം''...
അത് കലക്കി...bang on target.
ReplyDeleteഏറ്റവും താഴെ തട്ടിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന “ജയറാമും ശ്രീനിവാസനും” ഒരു തൊഴിലും ചെയ്യാതെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിനെ മലയാളി മനസ്സ് സ്വീകരിച്ചില്ല...
ReplyDeleteപതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ആ സിനിമയെ വിമർശിക്കുന്നുണ്ടെങ്ങിൽ... സിനിമയിൽ വല്ലതും കാണുമല്ലേ?
Indeed thought provoking...hope somebody will draw this to HIS attention....
ReplyDeleteശ്രീ.ജി.പി.രാമചന്ദ്രന്റെ പോസ്റ്റില്‍ ഇട്ട കമന്റു തന്നെ ആദ്യം ചേര്‍ക്കട്ടെ.
ReplyDeleteസത്യന്‍ അന്തിക്കാടിന്റെ താങ്കള്‍ ചൂണ്ടിക്കാട്ടിയ സിനിമകലെ ക്കാലെല്ലാം സാമൂഹ്യവിരുദ്ധവും സ്ത്രീവിരുദ്ധവും അരാഷ്ട്രീയവുമായ സിനിമ ''ഭാഗ്യദേവത''യാണെന്ന് എനിക്കഭിപ്രായമുന്ടു.ഒരു പെണ്ണിന്റെ മനസ്സിനെയും ശരീരത്തെയും തള്ളിപ്പറഞ്ഞു പിന്നെ ഭാഗ്യക്കുറി കിട്ടുമ്പോള്‍ അവളെ തേടിച്ചെല്ലുന്ന നായകന്‍,ഒരു ഉളുപ്പുമില്ലാതെ,ആത്മാഭിമാനത്തിന്റെ കണിക പോലുമില്ലാതെ അതിനു വിധേയയാവുന്ന നായിക,പരിസ്ഥിതിവാദ ത്തെ കടയോടെ തള്ളിക്കളയാന്‍ പ്രേരിപ്പിക്കുന്ന ഇടപെടല്‍..[അതുകണ്ടാല്‍ തോന്നുക വയല്‍ നിരത്തുകയാണ് ധര്‍മം എന്നാണു]
തന്റെ സൃഷ്ടികള്‍ വിമര്‍ശ നാതീതമെന്നു ഒരു സംവിധായകന്‍
സ്വയം പുകഴ്ത്തുംപോള്‍ എന്ത് ദയനീയം എന്നെ പറയാനുള്ളൂ..
''ഒരു നാള്‍ വരും''എന്ന സിനിമയുടെ കാര്യമോ?.. താന്‍ മാത്രം ബുദ്ധിമാന്‍ എന്നും ഉരുളയ്ക്കുപ്പേരി കൊടുക്കുന്നവന്‍ എന്നും ഉള്ള ശ്രീനിവാസന്റെ ജാഡ,ഒരേ തരം കഥാഗതികള്‍ കൊണ്ടുവന്നു കൊണ്ടുവന്നു ബോറടിപ്പിക്കുന്ന അന്തിക്കാടിന്റെ ആത്മവിശ്വാസം..ഇത് മലയാളികള്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല.പിന്നെ...പോക്കിരിരാജയും അലക്സാണ്ടര്‍ ഗ്രയ്ട്ടും പോലെ ഉള്ള സിനിമകള്‍ക്കിടയില്‍ ചെറിയ ഒരാശ്വാസം.അന്തിക്കാടിന്റെ സിനിമകളിലെ ആവര്‍ത്തിക്കുന്ന മരണരംഗങ്ങള്‍ താങ്കള്‍ ശ്രദ്ധിക്കാറില്ലേ?മരണം ആണ് എല്ലാ സിനിമകളിലും കഥാഗതി മാറ്റുന്നത്അങ്ങനെ അങ്ങനെ...എന്തെല്ലാം...
എന്നിട്ടും ആ പടങ്ങളൊക്കെ പരാജയപ്പെട്ടു പോകുന്നില്ലല്ലോ..
ReplyDeleteസത്യന്‍ അന്തിക്കാട് എന്നത് പൈങ്കിളി ഗ്രാമീണതയുടെയും, അടക്കമൊതുക്ക മാഹാത്മ്യത്തിന്റേയും, പിന്നെ കൊറേ പിഴച്ച ഗൃഹാതുരത്വങ്ങളുടെയും - മലയളത്തിലെ മൊത്തക്കച്ചവടക്കാരന്‍ എന്നതില്‍ സംശയമില്ല. അയാള്‍ക്ക് താന്‍ ആര്‍ക്കുവേണ്ടിയാണ് സിനിമയെടുക്കുന്നതെന്ന് വ്യക്തമായ ധാരണയുണ്ട്. അതിനുവേണ്ട എല്ലാ ചേരുവകളും അത്യന്തം കൃത്യതയോടെ അദ്ധേഹം ചേര്‍ക്കുന്നു. 'സത്യന്‍ അന്തിക്കാടിന്റെ പടമാ..മോശമാകില്ല' എന്ന പറയുന്നവര്‍ ആരാണോ അവരെ മുന്നില്‍ കണ്ടുകൊണ്ടാണ് അന്തിക്കാട് സിനിമയെടുക്കുന്നത്. ഈ പറഞ്ഞത് അദ്ദേഹത്തിന്റെ സമീപകാല സംവിധാന സംരംഭങ്ങളെ പറ്റിയാണ്. എന്നാല്‍ മുന്‍കാലങ്ങളില്‍ പ്രതിഭാധനരായ തിരക്കഥാകൃത്തുക്കളുടെ ബലമുണ്ടായിരുന്ന സത്യന്റെ ആരാധകര്‍ ഇപ്പോളത്തെ പൈങ്കിളി/സീരിയല്‍ വകുപ്പുകളില്‍ പെടുന്നവര്‍ മാത്രമായിരുന്നില്ല എന്നു മാത്രം. നല്ല നിലവാരമുള്ള നര്‍മ്മങ്ങളും, കഥാപാത്രങ്ങളും കൊണ്ട് സമ്പന്നമായിരുന്നു അവ(സിനിമയുടെ രാഷ്ട്രീയം എന്തുതന്നെ ആയാലും). എന്നാല്‍ ഇപ്പോളത്തെ ഇയാളുടെ ചിത്രാങ്ങാളിലെ തമാശ എന്നാല്‍ ഒരുമാതിരി കോട്ടയം വാരിക നിലവാരത്തിലുള്ള "സാമൂഹികവിമര്‍ശനം" ആയി മാറിയിരിക്കുന്നു - "ഒരു കിലോ അരിക്കെത്ര?" എന്നത് തന്നെ ഏറ്റവും നല്ല ഉദാഹരാണം!
ReplyDeleteസത്യന്‍ അന്തിക്കാടിന്റെ പഴയകാലസിനിമകളെ ഏറെ ഇഷ്ടപ്പെട്ട ഒരാളാണ് ഞാന്‍.അവയില്‍ ജാടയോ കൃത്രിമത്വമോ ആവര്തനങ്ങലോ ഉണ്ടായിരുന്നില്ല.ഇപ്പോഴത്തെ സ്ഥിതി അതല്ല.
ReplyDeleteപടവലങ്ങാ വളര്‍ച്ച അല്ല പിന്നെ............
ReplyDeleteആ പറഞ്ഞലിങ്കിലൊന്ന് പോയി നോക്കീ. വിമര്‍ശനം ആര്‍ക്കുമാവാം. ആ ചേട്ടന്റെ വിമര്‍ശനം ഒരു കറിവേപ്പിലയാണെന്ന് സിനിമകാണാനും സ്വയം വിമര്‍ശനം ഉള്‍ക്കൊള്ളാനും കഴിവുള്ളവര്‍ എത്രയോവട്ടം തെളിയിച്ചിട്ടുള്ളതാണ്. അവിടെ എഴുതിയിരിക്കുന്നതെല്ലം, സ്വയംവിമര്‍ശിക്കപ്പേടുമ്പോള്‍ അതിനെ നേരായവണ്ണം നോക്കികാണനുള്ള ഒരു മനസ്തിഥി ഇല്ലാത്തൊരാളുടെ വിലകുറഞ്ഞ ആക്ഷേപങ്ങളായി തോന്നി. ഒരു ചോദ്യം ബാക്കി. ഇതൊന്നുമല്ലാതെ നാലാളുകാണുന്ന ഒരു സിനിമ ആ ചേട്ട്നൊന്നുണ്ടാക്കാമോ?
ReplyDeleteപിന്നെ ഇവിടെപ്പറഞ്ഞത്, ചിലതൊക്കെ സത്യം തന്നെ. പക്ഷേ കാണാനാഗ്രഹിക്കുന്നത് കാണുവാനാണ് എല്ലാര്‍ക്കും താല്‍പര്യം. അപ്പോ സത്യനന്തിക്കാടിനും അതു തന്നെ കൊടുക്കേണ്ടിവരും. അല്ലാതെ ആള്‍ക്കാര്‍ക്കിഷ്ടമല്ലാത്തത് കൊടുത്തിട്ടല്ലല്ലോ സത്യനന്തിക്കാടിന്റെ ഒരു സിനിമേം വിജയിച്ചത്. ആവര്‍ത്തനം വിരസത തന്നെ. പക്ഷേ തൂങ്ങിച്ചാവുന്നതിലും ഭേദം ഈ 'സത്യാവര്‍ത്തനം' തന്നെ എന്നതാണ് പ്രേക്ഷക തിരിച്ചറിവ് !!!
ReplyDeleteകാല്‍വിന്‍ പറഞ്ഞതില്‍ എല്ലാം കാര്യമുണ്ട്.പക്ഷേ ഇപ്പോഴത്തെ ഈ പ്രതിസന്ധിയില്‍ അതായത് തിയറ്ററില്‍ ആളു കയറാത്ത കാലത്ത് സ്ത്രീകളെ തിയറ്ററില്‍ കയറ്റാന്‍ ഇതേ പോലെയുള്ള പൈങ്കിളി എന്ന് നമ്മള്‍ വിളിക്കുന്ന ഇത്തരം സിനിമകളെ സംവിധായകരില്‍ നിന്നും നിരമാതാക്കളില്‍ നിന്നും പ്രതീക്ഷിക്കാവൂ.എന്തായാലും പോക്കിരി താന്തോന്നി എന്നിവയെക്കാള്‍ എത്രയോ ഭേദം.പിന്നെ ഇത്രയൊക്കെ കഷ്ണിച്ചും കമ്ഴ്ത്തിയും മലര്‍ത്തിയും ആര് സിനിമയെ നോക്കുന്നു.
ReplyDeleteആർട് സിനിമയിലേക്കു മടങ്ങുക തന്നെ ശരണം..പാവങ്ങൾ ജീവിച്ചു പോട്ടെ..കൊന്നു കൊല വിളിക്കാതെ. ദയവു കാണിക്കൂ.
ReplyDeleteഅരാഷ്ട്രീയതയും കുരാഷ്ട്രീയതയും മാത്രമാണ് ഇവിടെയെന്ന തരത്തില്‍ തന്നെയാണ് അന്തിക്കാടിന്റെ ചില സിനിമകള്‍ . നന്ദി ശ്രീഹരി
ReplyDeleteപറഞ്ഞതെല്ലാം കാര്യം തന്നെ ആണെങ്കിലും ഇപ്പോഴിറങ്ങുന്ന മലയാള സിനിമകളിലും തമ്മില്‍ ഭേദം ഇതൊക്കെ തന്നെ അല്ലേ?
ReplyDelete(സത്യന്‍ അന്തിക്കാട് സ്വന്തമായി കഥയെഴുത്ത് തുടങ്ങിയ ശേഷം കാര്യങ്ങള്‍ തീരെ പരിതാപകരമാണ്)
കലക്കി!!
ReplyDeleteസത്യനോട് ഇതല്ല ഇതിലപ്പുറമാണ് പറയേണ്ടത്.
കേരള കഫേ സത്യന്‍ കണ്ടു കാണുമെന്നാണോ കാല്വിന്‍ പറയുന്നത്? സത്യന്‍ തന്റെ സിനിമകളല്ലാതെ മറ്റൊന്നും കാണാന്‍ (മലയാളമടക്കം) സാധ്യതയില്ല എന്നാണ് എനിക്കു തോന്നുന്നത്. :)
സത്യനടക്കം പലരും കാറ്റുപോയ ബലൂണുകളാണ്. സാമ്പത്തികവിജയം മാത്രമാണ് അവരെ ‘പ്രതിഭ’കളാക്കുന്നത്. രണ്ടു പടം തുടര്‍ച്ചയായി പൊട്ടിയാല്‍ തയമ്പുള്ള ചന്തി തടവി ഇരിക്കുന്നതു കാണാം
അത് തെറ്റി... സത്യന്‍ വിദേശ സിനിമയൊക്കെ ധാരാളം കാണാറുണ്ട്. അല്ലെങ്കില്‍ വിനോദയാത്ര എന്ന സിനിമയുണ്ടാവില്ലല്ലോ!!!.
ReplyDeleteകാറ്റുപോയ ബലൂണായ സത്യന്‍ അന്തിക്കാടിനെക്കുറിച്ച് ചിലരെങ്കിലും ബ്ലോഗില്‍ എഴുതിയിട്ടുണ്ട്
ReplyDeleteതാഴെയുള്ള ലിങ്കുകള്‍ നോക്കുക
http://magicreels.blogspot.com/2010/05/blog-post.html
http://cinemaattalkies.blogspot.com/2010/05/blog-post.html
രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം മുതലായ സത്യന്‍ രചിത ചിത്രങ്ങള്‍ കാണുമ്പോള്‍ ഫാസില്‍, ശ്രീനിവാസന്‍ തുടങ്ങിയ കാറ്റ് പോയ മറ്റു ബലൂണുകളുടെ കൂട്ടത്തില്‍ ഒന്ന് കൂടി ennu ഉറപ്പിക്കാം.
ReplyDeleteസത്യന്‍ അന്തിക്കാട് ചില കാര്യങ്ങളില്‍ സമര്‍ത്ഥനായ ഒരു കുറുക്കന്‍ ആണ് , പ്രത്യേകിച്ചും ഗ്ലാമര്‍ ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ . അങ്ങനെ തോന്നാന്‍ കാരണമായത് രസതന്ത്രം എന്ന പടമാണ്. പണ്ടും ഇതു ഇദ്ദേഹം വളരെ ഗോപ്യമായി ചെയ്തിട്ടുണ്ട് ( വൈശാഖ സന്ധ്യയോക്കെ ഒന്ന് കൂടി കണ്ടു നോക്കുക ) , ഇതു ഒരു തെറ്റാണു എന്നൊന്നും ആരും പറയുന്നില്ല . പക്ഷെ ഈ പൂച്ചസന്യാസി സ്വഭാവം ആണ് നമുക്ക് ഇഷ്ടപ്പെടാത്തത് . രസതന്ത്രം കണ്ടപ്പോള്‍ പടം വിജയിക്കാന്‍ വേണ്ടി സത്യന്‍ അന്തിക്കാടിനും ഇതു ചെയ്യേണ്ടി വന്നല്ലോ എന്നു തോന്നി .
ReplyDeleteപിന്നെ ഇദ്ദേഹത്തിന്റെ പടങ്ങള്‍ ഗ്രാമത്തിന്റെ പരിചേദം ആണെന്ന് പറയുമ്പോള്‍ തന്നെയും മറ്റു സംവിധായകരുടെ പടങ്ങളിലെ പോലെ തന്നെ ഭൂരിഭാഗം പടങ്ങളിലെയും നായകന്മാര്‍ പത്തു ശതമാനത്തിലും താഴെ മാത്രം വരുന്ന ഉപരി വര്‍ഗ്ഗത്തില്‍ നിന്നുള്ളതാണെന്ന് കാണാം( തട്ടാന്‍ ഒഴികെ ).
സിനിമ ഉള്‍പ്പെടെയുള്ള എല്ലാ കലാ രൂപങ്ങളും ആസ്വാദകന്റെ ചിന്താ ശേഷിയെയും പ്രതികരണ ശേഷിയെയും ഉദ്ദീപിപ്പിക്കുന്നതാകണം . ഇനിയും പൂര്‍ണ വളര്‍ച്ചയെത്താത്ത സമൂഹത്തിന്റെ പ്രതികരണ ശേഷിയെന്ന ശിശുവിനെ പൈങ്കിളി കഥകള്‍ പറഞ്ഞുറക്കാന്‍ ശ്രമിക്കുന്ന കലാകാരന്മാരെ പടിക്ക് പുറത്ത് തന്നെ നിര്‍ത്തണം .
പറഞ്ഞതൊക്കെ പരമസത്യം.
ReplyDeleteപക്ഷെ ഒരു അന്തിക്കാട് സിനിമ എന്തുകൊണ്ടോ കാണാതെ പോകാന്‍ പറ്റുന്നില്ല.
ഒരു മനുഷ്യന് ഒരു പരിധിയില്ലേ. മരുന്ന് തീര്‍ന്നാല്‍ ഇങ്ങനെയൊക്കെ ഇരിക്കും എന്നാണ് അന്തിക്കാടിന്റെ പടങ്ങളുടെ അവസ്ഥ. ഒരു കുറുക്കനായ സിനിമാകാരന്‍. മ്മതവും രാഷ്ട്രീയവും, ജാതിയും എല്ലാം സമര്‍ഥമായി ഉപയോഗപ്പെടുത്തുന്ന വിദഗ്ദനായ കച്ചവടക്കാരന്‍. അത്ര മാത്രം.
ReplyDelete