മാംസാഹാരത്തിന്റെ രാഷ്ട്രീയവും വൈദ്യവും എന്ന പോസ്റ്റിനു അനുബന്ധമായി ഇട്ട ഈ പോസ്റ്റിനോട്
ജീവനും ഊര്‍ജ്ജവും :
ജീവനുള്ള ഏതൊരു വസ്തുവിന്റേയും അടിസ്ഥാനധര്‍മങ്ങളാണ് നിലനില്‍ക്കുകയും പ്രത്യുല്പാദനം നടത്തുകയും ചെയ്യുക എന്നത്.
നിലനില്പ്, വളര്‍ച്ച, പ്രത്യുല്പാദനം മുതലായ അടിസ്ഥനധര്‍മങ്ങള്‍ നിറവേറ്റാന്‍ ഊര്‍ജ്ജം അത്യന്താപേക്ഷികം ആണ്. ഊര്‍ജ്ജം എങ്ങിനെ ലഭിക്കും?
ഊര്‍ജ്ജം കൈമാറ്റം ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ പ്രധാനമായും രണ്ടായി തരം തിരിക്കാവുന്നതാണ്.
ചേര്‍ത്ത് ഇത് വായിക്കാവുന്നതാണ്.
1) chemical (രാസപ്രവര്‍ത്തനങ്ങള്‍)
2) physical (ഭൗതിക പരിവര്‍ത്തനങ്ങള്‍).
ഒരു ടോര്‍ച്ച് പ്രകാശിപ്പിക്കാന്‍ നമുക്ക് ഊര്‍ജ്ജം വേണമല്ലോ. ഇതിനായി നാം ഒരു രാസപ്രവര്‍ത്തനെത്തെ ഉപയോഗിക്കുന്നു. "ബാറ്ററി" അഥവാ "ഇലക്ട്രിക്കല്‍ സെല്‍" അകത്തെ രാസപ്രവര്‍ത്തനത്തിന്റെ ഫലമായി ഉണ്ടാവുന്ന ഊര്‍ജ്ജത്തെയാണ് നാം ഇതിനായി ഉപയോഗിക്കുന്നത്.
അതേ സമയം ഒരു ഇലക്ട്രിക് മോട്ടോര്‍ വെള്ളച്ചാട്ടത്തിനടിയില്‍ സ്ഥാപിച്ച് ടര്‍ബൈന്‍ വഴി കറക്കി വൈദ്യുതി ഉത്പാദിപ്പിക്കുമ്പോള്‍ അവിടെ രാസപ്രവര്‍ത്തനങ്ങള്‍ ഇല്ല. വെറും ഭൗതികപ്രവര്‍ത്തനങ്ങള്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ.
എന്നാല്‍ ജീവനുള്ള വസ്തുക്കളിലെല്ലാം ഊര്‍ജ്ജത്തിനു വേണ്ടി രാസപ്രവര്‍ത്തനങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നത്.
ഇതില്‍ സസ്യങ്ങള്‍ക്ക് ഹരിതകം എന്ന വസ്തുവിന്റെ സഹായത്തൊടേ സൂര്യനില്‍ നിന്നും നേരിട്ട് ഊര്‍ജ്ജം സ്വീകരിക്കാന്‍ വേണ്ട കഴിവുണ്ട്. തങ്ങളുടെ ജൈവീകമായ ആവശ്യത്തിനു വേണ്ടിയുള്ള ഊര്‍ജ്ജമത്രയും സൂര്യനില്‍ നിന്നാണ് സസ്യങ്ങള്‍ സ്വീകരിക്കുന്നത്.
അതു കൊണ്ട് തന്നെ ആഹാരത്തിന്റെ ഭാഗമായി മറ്റു ജീവനുകളെ സംഹരിക്കേണ്ട ആവശ്യം സസ്യങ്ങള്‍ക്കില്ല.
( സൂര്യനില്‍ നടക്കുന്നത് മറ്റൊരു രാസപ്രവര്‍ത്തനമാണ്. ന്യൂക്ലിയാര്‍ ഫ്യൂഷന്‍. അതു വഴി ഉത്പാദിപ്പിക്കപ്പെടുന്ന ഊര്‍ജ്ജത്തിന്റെ ഒരു പങ്ക് വികിരണങ്ങളായി ഭൂമിയില്‍ എത്തിച്ചേരുന്നു. ആ വികിരണങ്ങളെ സ്വീകരിച്ച് തങ്ങള്‍ക്കാവശ്യമുള്ള രീതിയില്‍ സസ്യങ്ങള്‍ ഉപയോഗിക്കുന്നു.)
അതേ സമയം ജന്തുക്കളിലാവട്ടെ ഹരിതകസാന്നിദ്ധ്യമില്ല. അത് കൊണ്ട് തന്നെ അവര്‍ക്ക് ഭക്ഷണം അഥവാ ഊര്‍ജ്ജത്തിനായി മറ്റൊരു ജീവനുള്ള വസ്തുവിനെ ആശ്രയിക്കേണ്ടി വരുന്നു.
സസ്യങ്ങളില്‍ ഊര്‍ജ്ജം സ്വീകരിച്ച് അപ്പോള്‍ തന്നെ അതു ചിലവഴിക്കുക മാത്രം അല്ല. അവ ശേഖരിക്കുക കൂടേ ചെയ്യുന്നുണ്ട്.
ജീവനും ഊര്‍ജ്ജതന്ത്രവും :
എങ്ങിനെയാണ് സസ്യങ്ങള്‍ ഊര്‍ജ്ജം ശേഖരിക്കുന്നത്?
സൂര്യനില്‍ നിന്നും സ്വീകരിക്കുന്ന ഊര്‍ജ്ജം ഉപയോഗിച്ച് സസ്യങ്ങള്‍ ഗ്ലൂക്കോസ് നിര്‍മ്മിക്കുന്നു. തങ്ങളൂടെ ദൈനം ദിന ആവശ്യങ്ങള്‍ കഴിഞ്ഞ് മിച്ചം വരുന്നവയെയാണ് സസ്യങ്ങള്‍ കാര്‍ബോ കാര്‍ബോഹൈഡ്രേറ്റ് അഥവാ അന്നജത്തിന്റെ രൂപത്തില്‍ സൂക്ഷിച്ച് വയ്ക്കുന്നത്. പിന്നീട് കാര്‍ബോഹൈഡ്രേറ്റില്‍ നിന്നും ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ മറ്റൊരു രാസപ്രവര്‍ത്തനം നടത്തുന്നു. അതിന് അത്യാവശ്യമായി വേണ്ടത് ഓക്സിജന്‍ ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
( ഒരു ഡീസല്‍ എഞ്ചിനിലും ഏതാണ്ട് ഇതേ പോലുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് പറയാം. മാറ്ററിനെ ഓക്സിജനുമായി രാസപ്രവര്‍ത്തനം നടത്തിയാണ് എഞ്ചിന്‍ കറക്കാന്‍ ഉള്ള ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നത്).
ഇതു കൊണ്ട് തന്നെയാണ് ജീവന്‍ നിലനിര്‍ത്താന്‍ ഓക്സിജന്റെ സാന്നിദ്ധ്യം അവശ്യഘടകം ആവുന്നത്.
എന്തിനാണ് സസ്യങ്ങള്‍ ഊര്‍ജ്ജം സംഭരിച്ച് വെയ്ക്കുന്നത് ?
1. തീര്‍ച്ചയായും പിന്നീട് ഉപയോഗിക്കാന്‍
2. അടുത്ത തലമുറക്കായി.
അടുത്ത തലമുറയ്ക്ക് വേണ്ടി സസ്യങ്ങള്‍ ഊര്‍ജ്ജം ചിലവഴിക്കുന്നത് പ്രധാനമായും താഴെ പറയുന്ന രീതികളിലാണ്.
A)ഊര്‍ജ്ജം , മാറ്റര്‍ ആയി സംഭരിച്ച ശേഷം പ്രത്യുലപാദനശേഷിയുള്ള ആവരണം കൊണ്ട് അവയെ പൊതിയുക. (ഉദാ :- ചേന, ഉരുളക്കിഴങ്ങ്.). പുതിയ സസ്യങ്ങള്‍ വളരുമ്പോള്‍ അവ സ്വന്തമായി ഫോട്ടോസിന്തസിസ് നടത്താറാകുവേളം വേണ്ട ഊര്‍ജ്ജം ശേഖരിക്കപ്പെട്ട കാര്‍ബോഹൈഡ്രേറ്റുകളില്‍ നിന്നും ലഭിക്കുന്നു.
B)വിത്തിനോടൊപ്പം. പ്രത്യുല്‍പാദനശേഷിയുള്ള ഭ്രൂണത്തിനു ചുറ്റും കാര്‍ബോഹൈഡ്രേറ്റിന്റെ ( പലപ്പോഴും പ്രോട്ടിനുകളൂം) ഒരു ആവരണം സൃഷ്ടിക്കുന്നു. (ഉദാ :- നെല്ല്). വിത്ത് ജലവും ഓക്സിജനും സൂര്യപ്രകാശവുമുള്ള സാഹചര്യത്തില്‍ മുളക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യമാദ്യം ആവശ്യമായ ഊര്‍ജ്ജം ഇതില്‍ നിന്നും ലഭിക്കും.
C) വിത്തിനോടൊപ്പം ഉള്ള പഴത്തില്‍ :- ഇവിടെ വിത്തിനും പുറത്തോ( മാങ്ങ) , കൂടെയോ (കശുമാങ്ങ) കുറെ കാര്‍ബോഹൈഡ്രെറ്റും പ്രോട്ടിസും ഒക്കെ സൂക്ഷിക്കുന്നു. വിത്തുവിതരണത്തിന് സസ്യങ്ങളെ സഹായിക്കുന്ന പക്ഷിമൃഗാദികള്‍ക്ക് ഉള്ള ഒരു ഇന്‍സന്റീവ് എന്ന നിലയില്‍ ആണ് സസ്യം ശേഖരിച്ചു വച്ച ഊര്‍ജ്ജം ഇങ്ങനെ ചിലവിടുന്നത്. ( ഓര്‍ക്കുക വിത്തിനകത്തെ ഊര്‍ജ്ജം , ജന്തുക്കളുടെ ഭക്ഷണാര്‍ത്ഥം അല്ല!).
ഇത്തരത്തില്‍ ശേഖരിക്കപ്പെട്ട ഭക്ഷണങ്ങളാണ് മിക്ക സസ്യഭുക്കുകളുടേയും മിശ്രഭുക്കുകളുടേയും ഊര്‍ജ്ജശ്രോതസ്സ്. ഒന്നു ചിന്തിച്ചു നോക്കൂ, എത്ര കഷ്ടപ്പെട്ട് മണ്ണിനടിയില്‍ നിന്നും രാസവസ്തുക്കളെ വലിച്ചെടുത്ത് സൂര്യപ്രകാശം ഉപയോഗിച്ച് ദിവസങ്ങളോളം പണിയെടുത്തുണ്ടാക്കിയ ചേനയും കപ്പയും, തേങ്ങയും നെല്ലും ഒക്കെയാണ് എലിയെയും മനുഷ്യനെയും പോലുള്ള മൃഗങ്ങള്‍ കണ്ണില്‍ച്ചോരയില്ലാതെ ആക്രമിച്ചു തിന്നുന്നത് എന്ന്!
അപ്പോള്‍ ജന്തുക്കളില്‍ ഊര്‍ജ്ജശേഖരണം ഇല്ലേ?
തീര്‍ച്ചയായും. ജന്തുക്കളില്‍ കാര്‍ബോഹൈഡ്രേറ്റ്സിനു പകരം കൊഴുപ്പിന്റെ രൂപത്തിലാവും എന്ന് മാത്രം. ജന്തുക്കളുടെ ശരീരത്തില്‍ ശേഖരിക്കപ്പെട്ടെ ഊര്‍ജ്ജത്തില്‍ തന്നെയാണ് അവയെ ഭക്ഷിക്കുന്ന മാംസഭുക്കുകളുടെയും (സിംഹം, കടുവ) മിശ്രഭുക്കുകളുടേയും താല്പര്യം.
സസ്യങ്ങളെപ്പോലെ ജന്തുക്കളിലും തന്റെ സ്വന്തം ആവശ്യങ്ങള്‍ക്കപ്പുറം, കുഞ്ഞുങ്ങളുടെ ആദ്യവര്‍ഷങ്ങളില്‍ ഉപയോഗിക്കാന്‍ കൂടിയാണ് ഈ ഊര്‍ജ്ജം ഉപയോഗിക്കപ്പെടുന്നത്. അത് പല തരത്തിലാവാം.
മുട്ടയിടുന്ന ജന്തുക്കളില്‍ ഭ്രൂണത്തോടൊപ്പം കൊഴുപ്പിന്റേയും പ്രോട്ടീനിന്റേയും രൂപത്തില്‍ സംഭരിക്കുന്നു. അതേ സമയം സസ്തനികള്‍ ഗര്‍ഭസമയത്ത് മാതാവില്‍ നിന്നും ഊര്‍ജ്ജം സ്വീകരിക്കുന്നത് റിയല്‍ ടൈം ആയിട്ടാണ്.
പിന്നീട് മുലപ്പാലിലൂടെയാണ് ശേഖരിച്ച ഊര്‍ജ്ജം കുഞ്ഞിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്.
ഊര്‍ജ്ജം ഊര്‍ജ്ജം സര്‍വത്ര:-
ഊര്‍ജ്ജമാണ് പ്രപഞ്ചത്തെ സംബന്ധിച്ചേടത്തോളം എല്ലാം എന്നു പറയാം. കോസ്മോളജിക്കല്‍ ഇവല്യൂഷന്‍സിന്റെ ഒരു ഭാഗം മാത്രം ആയ ഓര്‍ഗാനിക് ഇവല്യൂഷനിലും ഊര്‍ജ്ജകൈമാറ്റം തന്നെയാണ് നിലനില്പിന്നാധാരം.
സൂര്യന്‍ എന്ന നക്ഷത്രത്തില്‍ ഉത്പാദിപ്പിക്കുന്ന ഊര്‍ജ്ജത്തെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയുന്ന ജീവി നിലനില്‍ക്കുന്നു (പ്രകൃതി നിര്‍ദ്ധാരണം അഥവാ നാചുറല്‍ സെലക്ഷന്‍!). നേരിട്ട് സ്വീകരിക്കാന്‍ കഴിയില്ലെങ്കില്‍ അതിനു കഴിയുന്ന ജീവികളില്‍ നിന്നും അതു സ്വീകരിക്കാന്‍ കൂടുതല്‍ കഴിവുള്ള ജീവി നിലനില്‍ക്കുന്നു.
എന്താണ് മറ്റു മൃഗങ്ങളെ അപേക്ഷിച്ച് മനുഷ്യന്‍ പുരോഗമിക്കാന്‍ ഉണ്ടായ കാരണം? ഉത്തരം ളരെ വളരെ ലളിതം. ഊര്‍ജ്ജ ഉപയോഗത്തിനും സംഭരണത്തിനും ആവശ്യമായ രാസപ്രവര്‍ത്തനങ്ങള്‍ മറ്റ് ജീവികള്‍ക്കെല്ലാ( സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും) ശരീരത്തിനകത്ത് വെച്ചു മാത്രമേ നടത്താന്‍ കഴിയൂ എന്നിരിക്കെ ,മനുഷ്യന്‍ ഇത്തരം രാസപ്രവര്‍ത്തനങ്ങളെ അല്ലാതെ നിയന്ത്രിക്കാന്‍ പഠിച്ചു.
മാറ്ററില്‍ നിന്നും എനര്‍ജി ഉണ്ടാക്കുന്ന ഏറ്റവും ലളിതമായ രാസപ്രവര്‍ത്തനത്തെ ( തീ) അവന്‍ ആദ്യമായി നിയന്ത്രിക്കാന്‍ പഠിച്ചു. (മറ്റൊരു ജന്തുവിനും ഇത് സാദ്ധ്യമല്ലെന്ന് ഓര്‍ക്കുക).
പിന്നീടങ്ങോട്ട് ഊര്‍ജ്ജവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ മാത്രമായിരുന്നു. പല തരം രാസപ്രവര്‍ത്തനങ്ങളെ അവന്‍ സ്വായത്തമാക്കി. രാസപ്രവര്‍ത്തനങ്ങള്‍ മാത്രമോ?ഭൗതികപ്രവര്‍ത്തനങ്ങളിലൂടെയും ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ ഉള്ള സൂത്രങ്ങള്‍ അവന്‍ കണ്ടൂപിടിച്ചു.
ഉദാ:- കാറ്റിനെ, ഒഴുക്കിനെ, പൊടന്‍ഷ്യല്‍ എനര്‍ജിയെ ( വെള്ളച്ചാട്ടം)
എന്തിനേറെ പറയുന്നു സൂര്യനില്‍ നിന്നും നേരിട്ട് ഊര്‍ജ്ജം സ്വീകരിക്കാന്‍ ഉള്ള മാര്‍ഗങ്ങളും അവന്‍ കണ്ടുപിടിച്ചു - സോളാര്‍ സെല്ലുകള്‍ (സ്വന്തം ശരീരത്തിനുള്ളിലെ മെറ്റബോളിസത്തിന് ഇത് ഉതകില്ലെങ്കിലും).
എന്നാല്‍ അവിടം കൊണ്ടും അവസാനിച്ചില്ല. ഒരു കുഞ്ഞുസൂര്യനെത്തന്നെ സൃഷ്ടിക്കാനും അവനു കഴിയും( നിയന്ത്രിത ന്യൂക്ലിയാര്‍ ഫിഷന്‍).
ഊര്‍ജ്ജമാണ് താരം. ഊര്‍ജ്ജം തന്നെയാണ് താരം:
കൂടുതല്‍ ഊര്‍ജ്ജം ( അല്ലെങ്കില്‍ മാറ്ററൊ) ഉള്ളത് കൂടുതല്‍ കാലം നിലനില്‍ക്കും. അത് അചേതനമായാലും സചേതനമായാലും. ( കൂടുതല്‍ ഹൈഡ്രജന്റെ അളവുള്ള നക്ഷത്രങ്ങല്‍ കൂടുതല്‍ കാലം കത്തിയെരിയും. അല്ലാത്തവ അതില്‍ കുറവും.)
എന്നാല്‍ ഊര്‍ജ്ജത്തെ നിയന്തിക്കേണ്ടതുണ്ട് താനും. ജീവന്‍ അറ്റുപോകാതെ നിലനിര്‍ത്താന്‍ ഉള്ള പ്രകൃതിയുടെ സ്വഭാവത്തിന് ഏറ്റവും വലിയ വെല്ലുവിളി മനുഷ്യനിര്‍മ്മിത അണുബോംബുകളാണ്. ഭൂമിയെ പത്തോ അന്‍പതോ തവണ ചുട്ടെരിക്കാന്‍ പോന്നത്രയും അണുബോംബ് ശേഖരം നമുക്കുണ്ട്. ഒന്നാലോചിച്ചു നോക്കുക.നമുക്ക് അണുവായുധങ്ങള്‍ വേണോ?
( വീണ്ടും, ഇക്കാര്യത്തില്‍ അചേതനമെന്നോ സചേതനമെന്നോ വ്യത്യാസമില്ല. ഹൈഡ്രജന്‍ ഫ്യവലിന്റെ അളവ് ഒരു പരിധിയില്‍ കൂടുതല്‍ ആയി ക്രിട്ടിക്കല്‍ മാസിനെ മറികടന്നാല്‍ നക്ഷത്രത്തിന്റെ കാര്യവും തഥൈവ!).
നക്ഷത്രസമൂഹങ്ങളായാലും ജീവനുള്ളവയായാലും എല്ലാം കോസ്മോളജിക്കല്‍ ഇവല്യൂഷന്റെ ഒരു ഭാഗം മാത്രം. ഇവിടെ തുടങ്ങി ഇവിടെ അവസാനിക്കാന്‍ ഉള്ളത്. എനര്‍ജിയും മാറ്ററും - മാറ്ററും എനര്‍ജിയും അതിനിടയില്‍ അതിന്റെ പല രൂപങ്ങളായി സസ്യങ്ങള്‍-ജന്തുക്കള്‍-മനുഷ്യര്‍...
നമ്മളെല്ലാവരും ഊര്‍ജ്ജത്തിന്റെ ഒരു പദാര്‍ത്ഥരൂപം മാത്രം
അഹം ബ്രഹ്മാസ്മി!