വിശ്വാസമാണല്ലോ പ്രധാനം!
ആദ്യത്തെ വീഡിയോ ഇതിനോടകം തന്നെ വിവാദമായതാണ്.
ഒളിച്ചോടിയ പെണ്ണ് ചെക്കനെ ഉപേക്ഷിച്ച് തിരിച്ച് പോവുന്നു. (വീഡിയോ ഇവിടെ കാണാം) കേരളത്തിലെ “ഇൻസെക്യൂരിറ്റി കോമ്പ്ലക്സ്” അടിച്ചിരിക്കുന്ന മാതാപിതാക്കൾക്കെല്ലാം ഈ പരസ്യം അങ്ങ് സുഖിച്ചെന്ന് തോന്നുന്നു. ചില അച്ചടിമാധ്യമങ്ങൾ സർക്കുലേഷൻ കൂട്ടാൻ വേണ്ടി സർവേ എന്ന പേരിൽ എഴുതിവിട്ട തോന്ന്യാസം ( അന്യസംസ്ഥാനങ്ങളിൽ പഠിക്കുന്ന മലയാളി പെൺകുട്ടികളിൽ ഭൂരിഭാഗവും അനാശാസ്യപ്രവർത്തനത്തിലേർപ്പെടുന്നുവെന്ന്) അപ്പാടെ തൊണ്ടതൊടാടെ വിഴുങ്ങി മക്കളെക്കുറിച്ച് അനാവശ്യമായി ടെൻഷനടിച്ച് രക്തസമ്മർദ്ദം കൂട്ടിയവരാണല്ലോ നമ്മൾ! എന്തിനു മാതാപിതാക്കളെ പറയേണം? അന്യസംസ്ഥാനങ്ങളിൽ പഠിച്ച പെൺകുട്ടികളെല്ലാം പിഴയാവാൻ സാധ്യതയുണ്ടെന്നതിനാൽ നാട്ടിൽ പഠിച്ചുവളർന്ന പെൺകുട്ടിയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ദൃഢനിശ്ചയം എടുത്ത ചെറുപ്പക്കാരും നമ്മുടെ ഇടയിൽ തന്നെ ഉണ്ട് (ഒരു പോസ്റ്റിൽ ഒരു പ്രമുഖബ്ലോഗർ ഇട്ട കമന്റാണ്. ലിങ്ക് മനഃപൂർവം ഒഴിവാക്കുന്നു).
എന്തോ ആവട്ടെ. പ്രണയവിവാഹങ്ങൾ കൂടുന്നത് സ്വർണക്കച്ചവടത്തെ കാര്യമായി ബാധിച്ചേക്കാം എന്ന് സ്വർണക്കടക്കാർക്ക് നല്ല തീർച്ചയുള്ളതിനാൽ അവർ പടച്ചുവിട്ട പരസ്യാഭാസത്തെ അവഗണിക്കാവുന്നതേയുള്ളൂ. (ആരെന്ത് പറഞ്ഞാലും പ്രേമിക്കാനുള്ളവർ പ്രേമിക്കും, കല്യാണം കഴിക്കാനുള്ളവർ അതും ചെയ്യും. ഒരു വിഷയമല്ല അത്)
എന്നാൽ രണ്ടാമത്തെ വീഡിയോ അങ്ങനെ എളുപ്പം തള്ളിക്കളയാവുന്നതല്ല... (ഈ വീഡിയോ കാണുക )
കോടതിയിൽ വിവാഹമോചനത്തിനെത്തിയ ചെക്കൻ പറയുന്ന ന്യായം സ്ത്രീധനമായി കിട്ടിയ പൊന്ന് ശുദ്ധമല്ലായിരുന്നു എന്നാണ്. എന്തൊരു തോന്ന്യാസം! സ്ത്രീധനം ഇന്ത്യയിൽ കുറ്റകരമാണെന്ന് ഇരിക്കെ, സ്ത്രീധനത്തെ ന്യായീകരിച്ച് കൊണ്ടുള്ള പരസ്യത്തിനു വേദി കോടതി. സ്ത്രീധനമായി കൊടുത്ത പൊന്ന് വ്യാജമല്ലാത്തതിനാൽ വരൻ കുറ്റക്കാരൻ എന്ന് കോടതി വിധിക്കുന്നു. സ്ത്രീധനം കൊടുക്കുന്നതിൽ കോടതിക്കെതിർപ്പില്ല, കൊടുത്ത സ്വർണം ശുദ്ധമായിരിക്കുന്നേടത്തോളം എന്ന്...!
ഇന്ത്യൻ നീതിന്യായവ്യവസ്ഥയെയും ഭരണഘടനയെയും പരസ്യമായി ഈ പരസ്യം അവഹേളിച്ചിരിക്കുന്നുവെന്ന് നമ്മളെന്തേ കാണാതെ പോകുന്നൂ?
എന്തിനും ഏതിനും കപടദേശീയതാവാദവുമായി ഇറങ്ങുന്ന ഭാരതാംബയുടെ ചില പൊന്നുമക്കൾ ഇതൊന്നും കണ്ടില്ലേ? ഓ സ്ത്രീകൾ പുറത്തിറങ്ങിനടക്കുകയോ ആണിനോട് സംസാരിക്കുകയോ അന്യമതസ്ഥരെ വിവാഹം കഴിക്കുകയോ ചെയ്യുമ്പോഴേ നിങ്ങളുടെ ഒക്കെ ദേശബോധം ഉണരൂ എന്ന് മറന്ന് പോയി. സ്ത്രീധനം വാങ്ങിയാലെന്ത്, കൊടുത്താലെന്ത്? അതൊക്കെ സ്ത്രീയെ സംരക്ഷിക്കാൻ വേണ്ടിയല്ലേ! ഇന്ത്യൻ പീനൽ കോഡ് എന്നൊന്ന് ഉണ്ടെന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ സ്ത്രീധനത്തെക്കുറിച്ച് അതിൽ വല്ലതും പറയുന്നുണ്ടോ എന്നാർക്കറിയാം?
കഷ്ടം!
Disclaimer : This post doesn't contain any videos in it. It just contains references to existing videos in youtube. This blog or blogger is not responsible for any copyright violations associated with the videos mentioned. Any copyright violation should be notified to youtube.
സ്ത്രീ സുഹൃത്ത് കൂടിയാണ്.
സുഹൃത്ത് എന്നതൊരു പുല്ലിംഗപദമാണോ? സുഹൃത്ത് എന്നു പറയുമ്പോൾ നിങ്ങളുടെ മനസിൽ വരുന്ന ചിത്രം എന്താണ്? പ്രത്യേകിച്ചും നിങ്ങൾ ഒരു പുരുഷൻ ആണെങ്കിൽ?
വളരെ ആസൂത്രിതമായാണ് ഒരു ശരാശരി ഇന്ത്യൻ പുരുഷനിൽ അമ്മസങ്കല്പവും പെങ്ങൾ സങ്കല്പവും അടിച്ചേല്പിച്ചിരിക്കുന്നത്. അന്യസ്ത്രീകളെല്ലാം (അടുത്ത രക്തബന്ധമില്ലാത്തവർ) നമുക്ക് അമ്മയോ പെങ്ങളോ ആണ്. സ്ത്രീയെ പരിചയപ്പെടുമ്പോഴെല്ലാം അവളെ “അമ്മാ“ എന്നോ “പെങ്ങളേ” എന്നോ പ്രായത്തിനും പ്രായവ്യത്യാസത്തിനും അനുസരിച്ച് അഭിസംബോധന ചെയ്തു കൊള്ളേണം എന്ന് നമ്മുടെ “സംസ്കാരം” നമ്മളെ പഠിപ്പിക്കുന്നു. തിരിച്ച് അന്യനായ പുരുഷനെ കഴിവതും ആങ്ങളയെപ്പോലെ കരുതേണം എന്നും കഴിവതും ഒരു സാങ്കല്പികപെങ്ങൾ ആയി തന്നെ അവനെക്കൊണ്ട് അംഗീകരിപ്പിക്കേണം എന്നും നമ്മുടെ പെൺകുട്ടികളുടെ മനസിലും വളരെ ചെറുപ്പം മുതലേ എഴുതിച്ചേർക്കപ്പെടുന്നുണ്ട്.
ഒറ്റ നോട്ടത്തിൽ വളരെ നിരുപദ്രവകരവും ആയ ഒരു സമ്പ്രദായം എന്ന് തോന്നിക്കാവുന്നതാണ് ഈ അമ്മ-പെങ്ങൾ സങ്കല്പം. ഒന്നു കൂടെ കടന്നു ചിന്തിച്ചാൽ സ്ത്രീക്ക് ആവശ്യം എന്ന് “പറയപ്പെടുന്ന” “സുരക്ഷിതത്വം“ പ്രദാനം ചെയ്യാൻ കെല്പുള്ള സാംസ്കാരിക “ഔന്നത്യം“.
അല്പം ചൂഴ്ന്ന് ചിന്തിക്കുമ്പോഴാണ് ഈ വാദത്തിന്റെ പൊള്ളത്തരത്തെക്കുറിച്ച് മനസിലാക്കാൻ കഴിയുക. നമ്മുടെ നാട്ടിലെ സ്ത്രീകൾ വർഷങ്ങളായി അടിമത്വത്തിൽ തളച്ചിടപ്പെടുന്നതിന്റേയും ഇപ്പോഴും തളച്ചിടപ്പെടുന്നതിന്റേയും ഇദം പ്രഥമമായ കാരണം ഈ അമ്മ-പെങ്ങൾ സങ്കല്പമാണെന്ന് മനസിലാക്കാൻ ലഘുവായ യുക്തിചിന്തയുടെ ആവശ്യമേയുള്ളൂ.
1. അകലം, മറ, മതിൽ
ചെറുപ്പം മുതലേ ആണിനും പെണ്ണിനും ഇടയിൽ മതിലുകൾ സൃഷ്ടിക്കുകയും അവർക്കിടയിൽ സൌഹൃദം ഉടലെടുക്കാതെ സൂക്ഷിക്കുകയും ചെയ്യുക എന്നത് പുരുഷകേന്ദ്രീകൃതസമൂഹത്തിലെ എഴുതപ്പെടാത്ത ഒരു നിയമമാണ്. മിക്കവാറും സ്കൂളുകളിലും കോളേജിലും അത് എഴുതപ്പെട്ട നിയമവുമാണ്. (കളങ്കമെന്തെന്നറിയാത്ത ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങളെപ്പോലും ക്ലാസിൽ രണ്ട് വശത്തായേ നമ്മൾ ഇരുത്തുകയുള്ളൂ.). കഴിയുമെങ്കിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകമായി ഉള്ള സ്കൂളുകൾ നമ്മൾ കുഞ്ഞുങ്ങൾക്കായി തിരഞ്ഞെടുത്തെന്നും വരും.
ചില്ലറ കുഴപ്പങ്ങളല്ല സമൂഹത്തിന്റെ മനസിൽ ഇത്തരം മതിലുകൾ സൃഷ്ടിക്കുന്നത്. “മറ്റേ സൃഷ്ടി” തന്റെ അതേ വികാരവിചാരങ്ങളുള്ള വ്യക്തിയാണെന്ന് മനസിലാക്കാൻ ഉള്ള അവസരമാണ് നിഷേധിക്കപ്പെടുന്നത്. ഇരുകൂട്ടർക്കും.
2. അധികാരം, അടിമത്വം, വിലക്കുകൾ
സാങ്കല്പിക സഹോദരന്റെ സ്ഥാനം പുരുഷൻ ഏറ്റെടുക്കുന്നതോട് കൂടി പെണ്ണിന്റെ മുകളിൽ ഉള്ള അവന്റെ അധികാരപ്രകടനങ്ങൾ തുടങ്ങുകയായി. ആരെ പ്രേമിക്കണം ആരോട് സംസാരിക്കണം ആരോടൊക്കെ സംസാരിക്കരുത് തുടങ്ങി പെൺകുട്ടിയുടെ ദൈനംദിനകാര്യങ്ങളിൽ ഇടപെടുക തന്റെ അവകാശമാണെന്നും അപ്രകാരം ചെയ്ത് ലോകത്തിലെ “ദുഷ്ടശക്തികളിൽ” നിന്നും അവളെ സംരക്ഷിക്കുക തന്റെ കർത്തവ്യമാണെന്നും സ്ഥാപിച്ചെടുക്കലാണ് അടുത്ത പടി.
മനുസ്മൃതിയിലെ വിവാദമായ ശ്ലോകം ഇങ്ങനെ -
“പിതാ രക്ഷതി കൌമാരേ
ഭര്‍ത്താ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി“
മനുവിനെ ജാമ്യത്തിലെടുക്കാൻ ആദ്യത്തെ മൂന്നു വരികൾ ഏതർത്ഥത്തിൽ വ്യാഖ്യാനിച്ചാലും ശരി സ്ത്രീ എന്നത് പിതാവ്, ഭർത്താവ്, പുത്രൻ എന്നീ മൂന്ന് ബന്ധങ്ങൾക്കിടയിൽ മാനസികമായി തളച്ചിടപ്പെടേണ്ടതാണ് എന്നൊരു ആന്തരികാർത്ഥം വളരെ വ്യക്തമായി വായിച്ചെടുക്കാവുന്നതാണ്.
3. ആരാധന.
ആരാധിക്കപ്പെടൽ ഒരു ഭാരമായിത്തീരുന്നതെപ്പോഴാണ്? ചെയ്തു പോയ തെറ്റുകൾക്ക് പ്രായശ്ചിത്തമെന്നോണം അതിക്രമങ്ങൾക്കിരയാക്കപ്പെട്ട സ്ത്രീകളെയെല്ലാം അമ്മദൈവമായും യക്ഷിയായും കുടിയിരുത്തി ആരാധിച്ച് പാപം കഴുകിക്കളയാൻ പണ്ടേ നമ്മൾ മിടുക്കരായിരുന്നു. കടാങ്കോട്ട് മാക്കത്തിന്റെ കഥ കണ്ണൂരുകാർക്ക് സുപരിചിതമായിരിക്കും. (അമ്മദൈവങ്ങളെക്കുറിച്ച് വെള്ളെഴുത്തിന്റെ പോസ്റ്റ് ഇവിടെ )
ചെയ്തുപോയ തെറ്റിന്റെ പശ്ചാത്താപം(ശിക്ഷയെക്കുറിച്ചുള്ള പേടി?) ആണ് മരണശേഷം അമ്മദൈവങ്ങളായി കുടിയിരുത്തി ആരാധനയ്ക്ക് പ്രചോദനമെങ്കിൽ ജീവിച്ചിരുക്കുമ്പോൾ തന്നെ ആരാധിക്കുന്ന മറ്റൊരു മനഃശാസ്ത്രവും സമൂഹത്തിനുണ്ട്.
സ്ത്രീയെക്കുറിച്ച് മനുവിനു പറയാൻ ഉള്ളതിങ്ങനെ.
യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാഃ
യത്രൈതാസ്തു ന പൂജ്യന്തേ
സര്‍വ്വാസ്തത്രാഫലാഃ ക്രിയാഃ
അതായത്:- സ്ത്രീകള്‍ ആദരിക്കപ്പെടുന്നിടത്തു് ദേവന്മാര്‍ വിഹരിക്കുന്നു. അവര്‍ ആദരിക്കപ്പെടാത്തിടത്തു് ഒരു കര്‍മ്മത്തിനും ഫലമുണ്ടാവുകയില്ല
(ഗുരുകുലത്തിലെ ഈ പോസ്റ്റിൽ കൂടുതലായി വായിക്കാം).
എന്തുകൊണ്ടാണ് സ്ത്രീ ആദരിക്കപ്പെടേണ്ടവളാവുന്നത്. അതിവിദഗ്ധമായ ഒരു ഒഴിഞ്ഞുമാറൽ ആണ്
ഇത്. സ്ത്രീകൾക്ക് ആദരവ് കൊടുക്കേണ്ട എന്നല്ല പറഞ്ഞു വരുന്നത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനുമേൽ ഉള്ള വ്യക്തമായ ഒരു കൂച്ചുവിലങ്ങാണ് ആദരണീയവ്യക്തിത്വം പതിച്ച് നൽകൽ.
അതോട് കൂടെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ ഉള്ള സ്വാതന്ത്ര്യം അവൾക്ക് നഷ്ടപ്പെടുകയാണ്. തന്റെ ആദരണീയമായ വ്യക്തിത്വം അതേ പടി നിലനിർത്തിക്കൊണ്ടുപോവുക എന്ന ഭാരിച്ച ഉത്തരവാദിത്വം അവളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്.
ശ്രദ്ധിക്കുക മനു പറയുന്നത് സ്ത്രീയും പുരുഷനും തുല്യരെന്നല്ല.
ആദരണീയതയുടെ കപടസ്ഥാനത്തിലെത്തുന്നതോട് കൂടെ താൻ അടിമയാക്കപ്പെടുകയാണ് എന്ന ബോധം പോലും ഇരയുടെ മനസിൽ നിന്നും ഇല്ലാതാവും. അതോടെ ആ ആദരീണയത നിലനിർത്താൻ സഹജീവികളെ പിന്നീട് പ്രേരിപ്പിക്കുന്നത് ഇര തന്നെയാവും.
ഡിങ്കന്റെ ഈ പോസ്റ്റിൽ ബുർഖ അണിയുന്നതിന്റെ സന്തോഷവും സുരക്ഷിതത്വവും വിളിച്ചുപറയുന്ന സ്ത്രീകൾ തന്നെ എഴുതിയ കമന്റുകൾ മറ്റെന്താണ് വെളിവാക്കുന്നത്?
(ചുരിദാർ ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയർന്നപ്പോൾ അതിനെതിരെ സാരിയുടെ പവിത്രതയെക്കുറിച്ചും മറ്റും ഗീർവാണങ്ങൾ അടിക്കുന്നതിലും മുൻപിൽ സ്ത്രീകൾ തന്നെയായിരുന്നു എന്നത് മറ്റൊരു ദുഃഖസത്യം.)
ഇരകളെ സുഖിപ്പിച്ച് നിർത്തുകയാണ് അവരെ എന്നും അടിമത്വത്തിൽ തളച്ചിടാൻ ഏറ്റവും എളുപ്പം എന്ന് പുരുഷൻ പണ്ടേ മനസിലാക്കിയിരിക്കണം. “ പൂമുഖവാതിൽക്കൽ സ്നേഹം വിളമ്പുന്ന പൂന്തിങ്കളാവുക “ എന്നാണ് പുരുഷൻ സ്ത്രീയോട് പറയുന്നത്. മുഴുവൻ കുടുംബത്തിന്റെയും നല്ല നടപ്പിന്റെ പൂർണ ഉത്തരവാദിത്വവും സ്ത്രീകളുടെ തലയിൽ കെട്ടിവെയ്ക്കുന്നതോട് കൂടെ തന്റെ ഭാരമൊഴിയുന്നു എന്ന് അവനു നല്ല ബോധ്യമുണ്ട്. (രാജീവ് ചേലനാട്ടിന്റെ ഈ പോസ്റ്റിൽ കൂടുതൽ വായിക്കാം)
സ്ത്രീക്ക് ഒരു നല്ല സുഹൃത്താവാൻ കഴിയുമോ?
സ്ത്രീക്ക് സൌഹൃദം നഷ്ടപ്പെടുന്നത് പലപ്പോഴും പുരുഷന്മാരിൽ നിന്ന് മാത്രമല്ല. മറ്റു സ്ത്രീകളിൽ നിന്നു കൂടിയാണ്. വിവാഹത്തോടെ തന്റെ പഴയ സുഹൃത്ബന്ധങ്ങൾ നിലനിർത്താൻ സ്ത്രീകൾക്ക് കഴിയാതെ പോവുന്നതാണ് സമൂഹത്തിൽ അവർ ദുർബലരാക്കപ്പെടുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്ന് എന്ന് മിക്ക സ്ത്രീപക്ഷചിന്തകരും പല കാലങ്ങളിലായി നിരീക്ഷിച്ചിട്ടുണ്ട്. പഠനകാലഘട്ടത്തിൽ പലപ്പോഴും സമൂഹം സൃഷ്ടിക്കുന്ന മതിലുകൾ മറികടന്ന് നല്ല സൌഹൃദങ്ങളിൽ പങ്കാളിയാവുകാൻ പെൺകുട്ടിക്ക് സാധിക്കുന്നുണ്ട്. പ്രത്യേകിച്ചും നഗരങ്ങളിൽ (ഗ്രാമങ്ങളിലെ കഥ തീർത്തും വ്യത്യസ്തമാണ്.).
ഒരു ശരാശരി ഇന്ത്യൻ തൊഴിൽസ്ഥാപനത്തിൽ നല്ല സ്ത്രീപുരുഷസൌഹൃദങ്ങൾ ഏതാണ് അസാദ്ധ്യമാണെന്ന് തന്നെ പറയാം. പ്രത്യേകിച്ചും സ്ത്രീ വിവാഹിതയാണെങ്കിൽ. ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് പോലും നിറം പിടിപ്പിച്ച ഏറെ നുണകൾക്ക് വഴിവെക്കുകയാവും ചെയ്യുക. ഓഫീസിനു ശേഷമുള്ള സമയമാവട്ടെ പുരുഷനു തന്റെ സുഹൃത്തുകൾക്ക് കൂടി പങ്കുവെക്കാനുള്ളതാവുമ്പോൾ സ്ത്രീക്കത് വീട്ടിനകത്ത് മാത്രമായുള്ളതാണ്.ഐ.ടി മേഖലയിൽ കഥയല്പം വ്യത്യസ്തമാണ്. മിക്ക ഐ.ടി സ്ഥാപനങ്ങളിലും ലിംഗപരമായ വിവേചനങ്ങൾ വളരെക്കുറവാണ്. സൌഹൃദങ്ങൾ സൃഷ്ടിക്കപ്പെടാൻ ഉള്ള സ്പേസ് തൊഴിലിടങ്ങൾ നൽകുന്നുണ്ട്. ഐ.ടി തൊഴിലാളികളെ സദാചാരവിരുദ്ധരായി മുദ്രകുത്താൻ ഉള്ള ഇപ്പോഴത്തെ തിടുക്കത്തിനും കാരണം മറ്റൊന്നുമല്ല. ശ്രീരാമസേനയുടെ നേതൃത്വത്തിൽ ഭാരതീയപുത്രിമാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ആങ്ങളമാർ ആക്രമണം ആദ്യം അഴിച്ചുവിട്ടത് ഇന്ത്യൻ ഐ.ടി മേഖലയായ ബാംഗ്ലൂരിലെ ഒരു സോഷ്യൽ നെറ്റ്വർക്കിംഗ് കേന്ദ്രമായിരുന്നു എന്നത് യാദൃച്ഛികമാവാൻ വഴിയില്ല.
അമ്മ, പെങ്ങൾ, ഭാര്യ, വേശ്യ എന്നല്ലാതെ സുഹൃത്ത് എന്നൊരു അസ്തിത്വം ഭാരതത്തിലെ സ്ത്രീകൾക്കില്ല എന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തം മാർജാരന്റെ ഈ പോസ്റ്റിൽ വിവരിച്ച സംഭവത്തിലും അതിനവിടെ വന്ന കമന്റുകളിലും കാണാവുന്നതാണ്.
വിഭാവനം ചെയ്യപ്പെടുന്ന സമത്വം സ്ത്രീകൾക്ക് ലഭിക്കേണമെങ്കിൽ ആദ്യമായി വേണ്ടത് അമ്മ-പെങ്ങൾ-ആരാധനാമൂർത്തീ സങ്കല്പങ്ങൾ ചവറ്റുകുട്ടയിൽ കളയുകയാണ്. തുല്യതയ്ക്കായി വേണ്ടത് സ്ത്രീപുരുഷസൌഹൃദങ്ങളാണ്. പരസ്പരം തിരിച്ചറിയാനും മനസിലാക്കാനും.
സ്ത്രീക്ക് ഒരു നല്ല സുഹൃത്താവാൻ കഴിയുമെന്ന് എന്നാണ് നാം തിരിച്ചറിയുക?
ഹോ എന്നാലും എന്റെ കൃഷ്ണാ!!!!
എന്തരണ്ണാ തെളിച്ച് പറ....
എടേയ് ടെലിഫോൺ എക്സ്ചേഞ്ച് വഴി ഒന്നിലധികം കോളുകൾ ഒക്കെ ഒരേ സമയം ഒരു നിശ്ചിത എണ്ണം കേബിളിൽ കൂടെ കൈമാറുന്നതെങ്ങനേണ് എന്ന് നെനക്കറിയോ?
അതണ്ണാ ടൈം ഡിവിഷൻ മൾട്ടിപ്ലക്സിംഗ് അല്ലേ?
അതെപ്പളാ കണ്ട് പിടിച്ചേ എന്ന് നെനക്കറിയോ?
അതണ്ണാ എന്റെയറിവ് ശര്യാണെങ്കിൽ എമിലി ബോഡറ്റ് എന്നൊരു പരന്ത്രീസ് ശാസ്ത്രജ്ഞൻ 1870 കളിൽ ആണ് ആദ്യമായി മുന്നോട്ട് വെക്കണത്. പക്ഷേ വോയിസ് കോൾ ഒക്കെ മൾടിപ്ലെക്സ് ചെയ്യാൻ തൊടങ്ങിയത് 1962 ഇൽ ബെൽ ലാബിൽ അനലോഗ് സ്വിച്ചുപയോഗിച്ച് മൾട്ടിപ്ലെക്സുന്ന വിദ്യ കണ്ട് പിടിച്ച ശേഷേണ്.
ഡേയ് പരട്ട് പയലേ.. ഇദാണ് നെനക്കൊന്നും വെവരമില്ലാ ന്ന് പറേണത്. ടൈം ഡിവിഷൻ മൾട്ടിപ്ലെക്സിംഗ് ആദ്യം കണ്ട് പിടിച്ചതേ നമ്മടെ കിച്ചാമ്പായി ആണ്. സാക്ഷാൽ കൃഷ്ണഭഗവാൻ!
അതെപ്പോണ്ണാ????
എഡേയ് ചെക്കാ,... നീയീ രാസക്രീഢാ രാസക്രീഢാ ന്ന് കേട്ടിട്ടുണ്ടാ?
അത് പിന്നെ അണ്ണാ... അത് കേക്കാത്തോരിണ്ടാവോ??
ആ അപ്പോ ശ്രീകൃഷ്ണൻ ഒരേ സമയത്ത് എല്ലാ ഗോപികമാരുടേം കൂടെ ഒരുമിച്ച് എങ്ങനാടാ ക്രീഢിച്ചത്?
എങ്ങനാ അണ്ണാ?
അതല്ലേ മ്വാനേ ടൈം ഡിവിഷൻ മൾട്ടിപ്ലെക്സിംഗ്. ശ്രീകൃഷ്ണൻ ഒന്നല്ലേ ഒള്ളാരുന്നു. പുള്ളി ഹൈ ഫ്രീക്വൻസിയിൽ ഗോപികമാരുടെ ഇടയിൽ മാറി മാറി സ്വിച് ചെയ്യുവല്ലാരുന്നോ?
തന്നേ?
പിന്നേ... പെർസിസ്റ്റൻസ് ഓഫ് വിഷൻ കാരണം ഗോപികക്ക് ശ്രീകൃഷണൻ കണ്ടിന്യൂവസ് ആയി തന്റെ മുന്നിൽ കാണുന്ന പോലെ തോന്നും.. നമ്മടെ പൊസ്തകത്തിലില്ലാത്ത ശാസ്ത്രോ?
തമ്പുരാനേ!... അല്ലണ്ണാ ഈ ക്രീഢാ ക്രീഢാ ന്ന് പറയുമ്പോ കണ്ടാ മാത്രം മതിയോ? ടച്ചിംഗ്സ് വേണ്ടായോ?
എഡായെഡായെഡാ പൊന്നു മോനേ.... അതാണ് വേറെ ശാസ്ത്രസിദ്ധാന്തം., പെർസിസ്റ്റൻസ് ഓഫ് ടച്ചിംഗ്. അതൊന്നും ആധുനികശാസ്ത്രജ്ഞന്മാർ ഇതു വരെ കണ്ട് പിടിച്ചിട്ടില്ലാ.... ശാസ്ത്രത്തിനറിയാത്ത എന്തോരം കാര്യങ്ങളിരിക്കുന്നു ലോകത്തിൽ...
ഹോ അപാരമണ്ണാ അപാരം.... നമിച്ച്...
അത്താണ്... ഇനീം ഇതേ പോലെ ഫീകരശാസ്ത്രസത്യങ്ങള് പഠിക്കണോങ്കിൽ മ്വാൻ പോയി ദോണ്ടേ ദീ ബ്ലോഗ് വായീര്... ഇനീം ഉൽബുദ്ധൻ ആവാം....
ദാങ്ക്സ് അണ്ണാ ദാങ്ക്സ്.....
ഹനാൻ - മാധ്യമങ്ങൾ ചെയ്തതെന്ത്?
ഹനാന്റെ വിസ്മയയാത്ര പ്രപഞ്ചരഹസ്യങ്ങളിലൂടെ എന്ന സപ്തംബർ പതിനാലാം തീയതിയിലെ മാതൃഭൂമി വാർത്തയും അതിനോടനുബന്ധിച്ച് ബ്ലോഗിൽ നടന്ന ചർച്ചകളും ശ്രദ്ധിച്ചപ്പോഴാണ് ഗുപ്തന്റെ പഴയ ചോദ്യം മനസിലേക്ക് വീണ്ടുമെത്തിയത്.
ഗ്രേറ്റ് പവർ കംസ് വിത് ഗ്രേറ്റ് റെസ്പോൺസിബിളിറ്റി. കൂടുതൽ ജനങ്ങളിലെത്തിച്ചേരുന്നത് എന്ന ഒറ്റക്കാരണം കൊണ്ട് തന്നെ അച്ചടിമാധ്യമങ്ങളുടെ സൃഷ്ടിക്കാനും സംഹരിക്കാനുമുള്ള ശക്തി വളരെക്കൂടുതലാണ്. ഇന്ത്യയെപ്പോലെ മാധ്യമങ്ങൾക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഒന്നും ഏർപ്പെടുത്താത്ത രാജ്യത്ത് പ്രത്യേകിച്ചും. അത് കൊണ്ട് തന്നെ തങ്ങൾ പടച്ച് വിടുന്ന വാർത്തകളുടെ ആധികാരികതയെക്കുറിച്ചുള്ള ഉത്തരവാദിത്വം പത്രങ്ങൾ സ്വയം ഏറ്റെടുക്കേണ്ടതാണ്. കുട്ടിക്കളിയല്ല പത്രധർമം.
ഒട്ടും ആശാവഹമല്ല കുറച്ചുകാലമായി കേരളത്തിലെ മാധ്യമങ്ങളുടെ റിപ്പോർട്ടിംഗ് രീതി. “ഏസ് ഇറ്റ് ഈസ്” റിപ്പോർട്ടിംഗ് എന്ന രീതി മറന്ന് കൺക്ലൂസീവ് ആയി റിപ്പോർട് ചെയ്യുകയാണ് ഇന്നത്തെ ഫാഷൻ. മാധ്യമങ്ങൾ തെളിവുണ്ടാക്കരുത് എന്ന് സുകുമാർ അഴീക്കോട് പറയുമ്പോൾ മാധ്യമങ്ങൾ ഒന്നടങ്കം വിറളി പിടിക്കുന്നതും അത് കൊണ്ട് തന്നെ.
സാഹിത്യത്തിൽ നിന്നും സിനിമയിൽ നിന്നും അകന്നുപോയ കാല്പനികത അഭയം പ്രാപിച്ചത് മലയാളത്തിലെ അച്ചടിമാധ്യമങ്ങളെയാണോ എന്ന് തോന്നിപ്പോകും ഇത് പോലെയുള്ള വാർത്തകൾ ശ്രദ്ധിച്ചാൽ.
വാർത്തകളിൽ നിന്നും തെളിവുകൾ കണ്ടെത്തേണ്ടത് റിപ്പോർട്ടറുടെ ജോലിയല്ല! റിപ്പോർട്ടറുടെ ജോലി റിപ്പോർട് ചെയ്യൽ മാത്രമാണ്. തനിക്ക് പകരമായി കാര്യങ്ങൾ നിരീക്ഷിച്ച് വരാൻ ഡോകടർ വാട്‌സനെ അയക്കുന്ന ഷെർലക്ക് ഹോംസ് വാട്സനോട് ഇങ്ങനെ പറയുന്നുണ്ട്. “‘നടന്ന കാര്യങ്ങൾ അതേ പടി പറയുക വാട്സൻ... കാര്യങ്ങൾ മാത്രം. എനിക്ക് നിങ്ങളുടെ നിഗമനങ്ങൾ ആവശ്യമില്ല. നിഗമനങ്ങളിലെത്തിച്ചേരുക എന്നത് എന്റെ മാത്രം ജോലിയാണ്. അതെനിക്ക് വിട്ടു തന്നേക്കുക.”
ലാവ്‌ലിനിൽ തുടങ്ങി അഭയയിലും പോൾ -ആരുഷി വധക്കേസുകളിലും മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടിംഗ് രീതികൾ ശ്രദ്ധിക്കുന്ന ഏതൊരാൾക്കും പറയാനുള്ളതും ഒരു പക്ഷേ ഇത് തന്നെയാവും.
ഹനാന്‍ ബിന്ത് ഹഷീം എന്ന “അത്ഭുതബാലിക“യെക്കുറിച്ചുള്ള മാതൃഭൂമി റിപ്പോർട്ട് ആദ്യം ബ്ലോഗിൽ സ്കാൻ ചെയ്തിട്ടത് ചിത്രകാരനാണ്. വാർത്ത വായിക്കുന്ന ഏതൊരു സാധാരണമലയാളിക്കും തോന്നാവുന്ന സാധാരണ കൌതുകമാവും ചിത്രകാരനെ ഇതിനു പ്രേരിപ്പിച്ചതും. ചിത്രകാരന്റെ പോസ്റ്റിൽ വാർത്തയുടെയും വാർത്തയിൽ ഹനനോ റിപ്പോർട്ടറോ ക്ലൈം ചെയ്യുന്ന വസ്തുതകളുടെയും ആധികാരികതയിൽ സംശയം പ്രകടിപ്പിച്ചു കൊണ്ട് സൂരജ് കമന്റ്റ് ഇടുന്നതോട് കൂടെയാണ് ഹനാനെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമാവുന്നത്.
സൂരജിന്റെ കമന്റ് ഇങ്ങനെ :
ചിത്രകാരന്‍ മാഷേ,
തപ്പിപ്പോയിടത്തോളം ഈ വാര്‍ത്ത ഒരു വന്‍ ഉഡായിപ്പാവാനുള്ള സാധ്യത വളരെ കൂടുതലാണ്‍. ഈ കൊച്ച് സിദ്ധാന്തിച്ചെന്നൊക്കെ ഇതില്പറയുന്ന തിയറി ഒഫ് അബ്സല്യൂട്ട് സീറോയൊന്നും ഇന്റര്‍നെറ്റില്‍ കാണുന്നില്ല. മാത്രവുമല്ല അമേരിക്കന്‍ ജേണല്‍ ഒഫ് തിയററ്റിക്കല്‍ ഫിസിക്സെന്നൊരു ജേണല് തന്നെ കാണുന്നില്ല !
ഈ വാര്‍ത്ത പോലും ജൂണ്‍ മാസം ഇന്‍ഡ്യന്‍ എക്സ്പ്രസില്‍ വന്ന ഒരു വാര്‍ത്തയുടെ ഏകദേശ കോപ്പിയാണ്.
ഈ കൊച്ച് ബിരുദമെടുത്തെന്ന് പറയുന്ന നാസയുടെ ഹ്യൂസ്റ്റണ്‍ സ്പേയ്സ് സെന്ററിലെ സ്പേയ്സ് സ്കൂള്‍ എന്നത് ഈ വിഷയത്തില്‍ ജനങ്ങളിലും കുട്ടികളിലും താല്പര്യം വളര്‍ത്താനുദ്ദേശിച്ച് ഒരു മ്യൂസിയമോ പ്ലാനെറ്റേറിയമോ ഒക്കെപ്പോലെ നടത്തുന്ന ഒരു പരിപാടിയാണ്. അവിടെ 15-18 വയസ്സ് പ്രായത്തിലുള്ള തല്പര വിദ്യാര്‍ത്ഥികള്‍ക്കെല്ലാം വെറുതേ രെജിസ്റ്റര്‍ ചെയ്ത് കയറാം. വെറും 5 ദിവസത്തെ അനൌപചാരിക പരിപാടികളേ “സ്കൂളി”ലുള്ളൂ. ടീമുകളായിത്തിരിച്ച് ചില്ലറ എഞ്ചിനിയറിംഗ് പരിപാടികളില്‍ പങ്കെടുപ്പിക്കുകയും പരിപാടികളുടെ സമാപനസമയത്ത് പുസ്തകങ്ങളും ടീഷര്‍ട്ടും കുറേ സ്റ്റിക്കറുകളും നല്‍കുന്നു.അനൌപചാരികമായി ഒരു “ബിരുദദാനവും” ഉണ്ടാവും. മൊത്തത്തില്‍ ശാസ്ത്രതാല്പര്യം വളര്‍ത്താനുള്ള ഒരു mock പരിപാടിയെന്നതില്‍ കവിഞ്ഞ ഒരു പ്രാധാന്യവും ഈ “കോഴ്സിനോ” “ബിരുദ”ത്തിനോ ഇല്ല.
Siemens Westinghouse Science and Technology competitionല്‍ പങ്കെടുക്കാന്‍ അര്‍ഹയായി എന്നൊക്കെപ്പറയുന്നത് അവിടെ വിളിച്ചു ചോദിച്ചാല് തന്നെ അറിയാം ഒള്ളതാണോ എന്ന് !
ഓഫ്:
അബ്ദുള്‍ക്കലാം കേറി ആശ്ലേഷിച്ചു എന്നവകാശപ്പെടുന്ന എല്ലാ “ശാസ്ത്രപ്രതിഭാസങ്ങളെ”യും സംശയത്തോടെ കാണേണ്ട ഗതികേടാണ്.(രാമര്‍ പെട്രോളു മുതല്‍ ഓര്‍ക്കാം) അത്രയ്ക്കുണ്ട് ആശാന്റെ ക്രെഡിബിളിറ്റി !
സത്യത്തിൽ മാതൃഭൂമിയായിരുന്നില്ല ഹനാനെക്കുറിച്ചുള്ള വാർത്ത ആദ്യമായി പൊതുശ്രദ്ധയിലേക്ക് കൊണ്ട് വരുന്നത്. ജൂൺ മാസത്തിൽ തന്നെ മനോരമയും ഇന്ത്യൻ എക്സ്പ്രസ്സും ആ കർത്തവ്യം നിറവേറ്റിയിരുന്നു. അന്നേ ന്യൂസ് ശ്രദ്ധിച്ചിരുന്നതാണ്.
മാതൃഭൂമിക്കാർ ചെയ്യാത്ത ഒരു കാര്യം മനോരമ ചെയ്തിരുന്നു അന്ന്. ഹനാനുമായുള്ള ഒരു ചെറിയ ഇന്റർവ്യൂ വീഡിയോ മനോരമന്യൂസ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ ഉള്ള സൌമനസ്യം അവർ കാണിച്ചു. റിലേറ്റിവിറ്റിയെക്കുറിച്ചും പരിണാമസിദ്ധാന്തത്തെക്കുറിച്ചുമുള്ള ഹനാന്റെ അപക്വമായ പ്രസ്താവാനകൾ ശ്രദ്ധിച്ചപ്പോൾ തന്നെ ഹനാനിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. പ്രസ്താവനകളല്ലാതെ താൻ മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങളെക്കുറിച്ചുള്ള പേപ്പറോ തെളിവോ തീസീസൊ ഒന്നും ഹനാനോ വാർത്ത റിപ്പോർട്ട് ചെയ്തവരോ പങ്കുവെയ്ക്കുന്നുമുണ്ടായിരുന്നില്ല. മെയിൽ വഴിയും മറ്റും ഹനാനെ കോണ്ടാക്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണ് ചെയ്തത്.
ഏതിനും സയൻസ് ലോകത്തോടാണല്ലോ ഹനാൻ സംവദിക്കാനൊരുങ്ങുന്നത്. അത് കൊണ്ട് തന്നെ തെറ്റിദ്ധാരണകൾ താനെ മാറിക്കൊള്ളുമല്ലോ എന്നോർത്ത് പിന്നീടതിനെക്കുറിച്ച് ചിന്തിച്ചുമില്ല.
അതിനു ശേഷമാണ് സപ്തംബർ പതിനാലാം തീയതി ഹനാൻ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നത്.
സൂരജ് തുടങ്ങിവെച്ച ചർച്ച ചൂടുപിടിച്ച് കൊണ്ടിരിക്കെ വാർത്തയിലെ നെല്ലും പതിരും വേർതിരിച്ചുകൊണ്ടുള്ള പപ്പൂസിന്റെ പോസ്റ്റ് പുറത്തു വന്നു. ഒരു കാര്യം വ്യക്തമായിക്കഴിഞ്ഞിരുന്നു. വാർത്ത റിപ്പോർട് ചെയ്ത സിസി ജേക്കബ് ഒരു റിപ്പോർട്ടർ ചെയ്യേണ്ട പ്രാഥമിക അന്വേഷണം പോലും ഹനാന്റെ അവകാശവാദങ്ങളെക്കുറിച്ച് നടത്തിയിട്ടില്ല.
തെറ്റ് പറ്റുക സ്വാഭാവികമാണ്. റിലേറ്റിവിറ്റി തിയറിയോ ഐൻസ്റ്റീന്റെ സിദ്ധാന്തങ്ങളോ ഒന്നും പൂർണമായും മനസിലാക്കിയിട്ടല്ല ഒരു പത്രപ്രവർത്തകനും ജോലിയിൽ പ്രവേശിക്കുന്നത്. ശാസ്ത്രസംബന്ധിയായ വാർത്തകൾ റിപ്പോർട് ചെയ്യുമ്പോൾ വാർത്തയുടെ ആധികാരികത സ്വയം മനസിലാക്കാനോ പരിശോധിച്ചറിയാനോ എളുപ്പം സാധിച്ചു എന്ന് വരില്ല. ഇവിടെയാണ് മുകളിൽ പറഞ്ഞ കൺക്ലൂസീവ് റിപ്പോർട്ടിംഗിന്റെ പ്രശ്നങ്ങളെക്കുറിച്ച് ഒരു ജേണലിസ്റ്റ് ബോധവാൻ/വതിയാവേണ്ടത്.
റിപ്പോർട്ടറുടെ കടമ റിപ്പോർട് ചെയ്യൽ മാത്രമാണ്. അല്ലാതെ തിയറികളുണ്ടാക്കലല്ല. അത് SME(Subject Matter Experts)കളുടെ കടമയാണ്. അത് കോടതിയാവാം, പോലീസാവാം, ശാസ്ത്രജ്ഞരാവാം, മന്ത്രിയാവാം സാധാരണക്കാരനായ മറ്റാരെങ്കിലുമാവാം.
ഹനാന്റ്റെ വാദങ്ങൾ , വാദങ്ങൾ എന്ന രീതിയിൽ മാത്രം റിപ്പോർട് ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ വാദങ്ങളിലെ നെല്ലും പതിരും തിരിച്ചറിയാൻ ഉള്ള കർത്തവ്യം ശരിയായ ശാസ്ത്രജ്ഞാനം ഉള്ളവർക്ക് വിട്ട് കൊടുത്തേക്കുക. ഏതെങ്കിലും ശാസ്ത്രജ്ഞൻ തന്റെ വാദങ്ങളെ അംഗീകരിച്ചു എന്നോ പ്രോത്സാഹിപ്പിച്ചു എന്നോ ഹനാൻ പറയുമ്പോൾ റിപ്പോർട്ട് ചെയ്യും മുൻപ് ആ അദ്ധ്യാപകനോട് ഒരു ഈ-മെയിൽ വഴിയെങ്കിലും വസ്തുതകൾ ചോദിച്ചറിയാൻ ശ്രമിക്കുക.
ഇവിടെ റിപ്പോർട്ടർ ചെയ്യേണ്ടിയിരുന്ന അന്വേഷണം നടത്താൻ തയ്യാറായത് ബ്ലോഗേഴ്സും അത് പോലെ ചില സ്വതന്ത്രവ്യക്തികളുമാണ്. വസ്തുതകൾ വെളിച്ചത്ത് കൊണ്ട് വരാൻ സഹായിച്ചത് ബ്ലോഗ് എന്ന മാധ്യമവും.
രാജേഷ് പട്ടാമ്പി എന്ന ഐ.ഐ.ടി റിസർച്ച് സ്കോളർ, ഹനാൻ തന്റെ ഗൈഡുകൾ എന്ന് അവകാശപ്പെട്ട അദ്ധ്യാപകരുമായി നടത്തിയ മെയിൽ കമ്യൂണിക്കേഷൻ ഞാൻ എന്ന ബ്ലോഗർ ലേഖകന് അയച്ച് തന്നത് താഴെ
Dear all,One more mail regarding Hannan.To know the truth about Hannan, I send a mail to Prof. H C Bhatt ( Dean, IIA, Bangalore) and Prof. Jayanth Murthy (IIA) whom she claims as guides. I am pasting the replies i got from them.The mail I sent:Dear Prof. Bhatt and Prof. Murthy,
This is regarding a news article that came in a Malayalam daily about an extraordinary girl who claims to prove Einstein’s Theory or Relativity wrong.
Before proceeding further I apologize for wasting your valuable time because somebody might have misused your name without your knowledge. In that article the girl claims that both of you are guiding her in research. You can find earlier English version of the story by visiting the following link.
I am attaching two PDF files of the Malayalam Daily, in each PDF file the first news is about the girl who is doing miracles in theoretical physics as well as theoretical astrophysics. In the second article she claims that both of you are her guides. I don't know whether you can read and understand those Malayalam pages. These article looks like a scientific fraud. If this is a case of fraud, then i think we have a moral responsiblity to protest against such things.
My name is Rajesh K P and I am a research scholar in Department of Physics, IIT Madras. So I just wanted to know that is there something truth in these stories.
Yours sincerely
Rajesh K P
Reply from Bhatt:
Dear Rajesh,
Thank you for bringing this to our notice.
I have not guided Ms Hannan at all. She has visited our institute a couple
of times and requested use of our library. My only interaction with her
has been to give her official permission to use the library for 2 days,
some months ago. She has never discussed any science with me and never
revealed what she has been doing.
Unfortunately I can not read Malayalam and therefore can not comment on
what she has written.
Sincerely
H C Bhatt
Reply from Murthy:
Dear Rajesh,
Unfortunately, this girl is flat out lying. I met her twice, as I would
any student, and told her that she needed to study hard and learn a lot
more physics and mathematics before making wild claims like that. I will
take this up with her and with the paper.
Thanks,
Jayant
ഇതിനെക്കുറിച്ചന്വേഷിക്കാനും മെയിൽ പങ്ക് വെയ്ക്കാനും സന്മനസ്സ് കാണിച്ച രാജേഷിന് പ്രത്യേക അഭിനന്ദനങ്ങൾ! നന്ദിയും. കൂടെ ഞാൻ എന്ന ബ്ലോഗർക്കും.
ഇത് ചെയ്യേണ്ടിയിരുന്നത് സിസി ജേക്കബോ മാതൃഭൂമിയിലെ മറ്റാരെങ്കിലുമോ ആയിരുന്നു. ദൌർഭാഗ്യകരമെന്ന് വിശേഷിപ്പിക്കാവുന്ന അവസ്ഥ.
ബ്ലോഗ് എന്ന മാധ്യമമില്ലായിരുന്നെങ്കിൽ ഒരു പക്ഷേ മാതൃഭൂമിയുടെ ഉൾപേജിലെവിടെയ്യോ ഒരു സിംഗിൾ കോളം വായനക്കാരന്റെ കത്തിൽ ഒതുങ്ങിപ്പോയേനെ, ഹനാനെക്കുറിച്ചുള്ള സത്യങ്ങൾ.
ലാവ്‌ലിൻ, അഭയ, ആരുഷി, പോൾ വധം, ഹനാൻ.... മാധ്യമങ്ങൾ കഥ മെനഞ്ഞുകൊണ്ടേയിരിക്കുന്നു. ഇനിയും മെനഞ്ഞ് കൊണ്ടേയിരിക്കും
വേണം ഗുപ്തൻ നമുക്ക് ബ്ലോഗ് വായന. അസത്യങ്ങളും അർദ്ധസത്യങ്ങളും കാല്പനികതയും വാർത്തകളായി അവതരിക്കുമ്പോൾ, സത്യത്തിന്റെ കണികകൾ എങ്കിലും അറിയാനായി.
നെഗറ്റീവ് എനർജി,പോസിറ്റീവ് എനർജി മണ്ണാങ്കട്ട!
“എന്താ സുശീലാ വീട്ടിൽ അതിഥികൾ ഉണ്ടെന്ന് തോന്നുന്നുണ്ടല്ലോ”
പെട്ടെന്ന് കുമാരേട്ടന്റെ ശബ്ദം കേട്ടപ്പോൾ സുശീലൻ ഒന്നു ഞെട്ടി.
“അതിഥിയല്ല കുമാരേട്ടാ, കൺസൾട്ടന്റാ .. വാസ്തു കൺസൾട്ടന്റ്. വീട്ടിൽ നിന്നും നെഗറ്റീവ് എനർജിയെ പുറത്തു കളയിക്കാൻ കൊണ്ടുവന്നതാ.”
“നെഗറ്റീവ് എനർജിയോ?” കുമാരേട്ടനു സംശയമായി. താൻ കേട്ടത് തെറ്റിയതാവുമോ?
“ആ അതെ. വീട്ടിലും ജോലിസ്ഥലത്തും ആകെ പ്രശ്നങ്ങൾ. മനസ്സമാധാനം തീരേ ഇല്ല. നമ്മടെ ജോസാ പറഞ്ഞത്. താമസസ്ഥലത്തെ നെഗറ്റീവ് എനർജി കാരണമാണത്രേ. അവന്റെ വീട്ടിൽ വന്ന കൺസൾട്ടന്റിനെ അവനാ എനിക്കു പരിചയപ്പെടുത്തിയത്.“
“ഒരു എഞ്ചിനീയറായ നീ താൻ ഇതിലൊക്കെ വിശ്വസിക്കുന്നുണ്ടോ സുശീലാ?”
“കുമാരേട്ടനെന്താ ഈ പറയുന്നത്. അകത്തിരിക്കുന്ന കൺസൾട്ടന്റ് ആരാന്നറിയോ? ഒരു സയന്റിസ്റ്റാ. ശാസ്ത്രം ഒക്കെ ഒരുപാടു പഠിച്ച മനുഷ്യനാ. ഇത് അന്ധവിശ്വാസമല്ല ശാസ്ത്രമാ. നെഗറ്റീവ് എനർജി കണ്ടുപിടിക്കുന്ന ഒരു യന്ത്രം ഒക്കെ ഉണ്ട്”
“ശാസ്ത്ര - അജ്ഞൻ എന്നാണോ ഉദ്ദേശിച്ചത്? ഇല്ലാത്ത നെഗറ്റീവ് എനർജിയെ ഒക്കെ കണ്ടുപിടിക്കണമെങ്കിൽ ശാസ്ത്രജ്ഞനാവാൻ യാതൊരു സാധ്യതയും കാണുന്നില്ലല്ലോ.”
“ഏയ് വലിയ പുള്ളിയാ. ഭഗവദ്ഗീതയിൽ ബിംഗ് - ബാംഗ് ഉണ്ടെന്ന് കണ്ടുപിടിച്ച് പുസ്തകം ഒക്കെ എഴുതിയിട്ടുണ്ട്”
“ഓഹോ ഭഗവദ്ഗീതയിൽ ബിഗ് ബാംഗും ഉണ്ടോ?”
ഇത്രയുമായപ്പോൾ അകത്തു നിന്നും കൺസൾട്ടന്റ് കാര്യവട്ടം ശശി പുറത്തിറങ്ങി. കറുത്ത പാന്റും ഇൻസർട് ചെയ്ത ഫുൾസ്ലീവ് ഷർട്ടും. തനി ജന്റ്റിൽമാൻ. ടൈയില്ല. കൈകളിൽ കറുത്തതും കാവിനിറത്തിലുമുള്ള ചരടുകൾ. നെറ്റിയിൽ നിറയെ ഭസ്മം. കൈയിൽ ഒരു ഡൌസിംഗ് റോഡ്.
“ഹെന്റെ പോത്തിൻകാലപ്പാ. ആർക്കാ ഇവിടെ ശാസ്ത്രവിശ്വാസമില്ലാത്തത്”. ശശിയണ്ണൻ കോപിഷ്ഠനായി
സുശീലൻ കുമാരേട്ടനു നേരെ വിരൽ ചൂണ്ടി.
ശശിയണ്ണന്റെ നെറ്റിയൊന്നു ചുളിഞ്ഞു. പിന്നെ കണ്ണുകൾ മുകളിലേക്കാക്കി ധ്യാനിച്ചു.
“ഈശ്വരോ രക്ഷതു. ഇതൊക്കെ ശാസ്ത്രമാണ്. നിങ്ങൾക്കൊന്നും ഇതിനെക്കുറിച്ചറിയാഞ്ഞിട്ടാണ്. ഇതു കണ്ടോ?”
ശശിയണ്ണൻ ഡൌസിംഗ് റോഡ് ഉയർത്തിപ്പിടിച്ചു.
“ഇതുകൊണ്ട് ഞങ്ങൾ നെഗറ്റീവ് എനർജിയും പോസിറ്റീവ് എനർജിയും കണ്ടുപിടിക്കും. ഉദാഹരണത്തിനു കണ്ടോ ഈ വാതിലിന്റെ പടിയിന്മേൽ ഇതുപയോഗിച്ച് പരിശോധിച്ചാൽ മനസിലാവും ഇവിടെ നെഗറ്റീവ് എനർജി നിറഞ്ഞിരിക്കുകയാ എന്ന്. പണ്ട് നരസിംഹമൂർത്തി ഹിരണ്യകശിപുവിനെ കൊല്ലാൻ ഇവിടം തിരഞ്ഞെടുക്കാൻ എന്താ കാരണം എന്നാ കരുതിയെ?”
ശശിയണ്ണന്റെ കണ്ണുകളിൽ ഭക്ത്യാനന്ദപരമാനന്ദം!
“ഈ നെഗറ്റീവ് എനർജി എന്നു പറയുന്നതെന്താണ്?“ കുമാരേട്ടന് സംശയമായി.
“പോസിറ്റീവ് അല്ലാത്ത എനർജി. ഗുണഫലങ്ങൾ തരില്ല. ദോഷഫലങ്ങളാണ് തരിക. നമ്മളെ ദോഷകരമായി ബാധിക്കുന്നത്”
“എനർജി എങ്ങനെ നെഗറ്റീവ് ആകും. എനർജിയുടെ യൂണിറ്റ് എന്താണെന്ന് അറിയാമോ”
ശശിയണ്ണൻ ഒന്നു ആലോചിച്ചു. എന്താ?
“ജൂൾ”. ആഹാ തന്നോടാണോ കളി.
“ജൂൾ എന്നു പറയുമ്പോൾ?”
“ജൂൾ = kg.m^2/s^2 “
“ആണല്ലോ. അപ്പോൾ ഒന്നു ചിന്തിച്ചു നോക്കിയേ. അപ്പോൾ ഇടതുവശത്തെ എനർജിയുടെ ചിഹ്നം നെഗറ്റീവ് ആവണെമെങ്കിൽ വലതു വശത്തെ പരാമീറ്ററുകളിൽ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ മൂന്നൂമോ നെഗറ്റീവ് ആവണം. വേണ്ടേ?”
“അതു ശരിയാണ്” ശശിയണ്ണൻ തല കുലുക്കി.
“മീറ്റർ സ്ക്വയർ, സെക്കന്റ് സ്ക്വയർ ഇതു രണ്ടും ഒരിക്കലും നെഗറ്റീവ് ആവാൻ പോവുന്നില്ല. കാരണം വർഗങ്ങൾ നെഗറ്റീവ് ആവില്ല. ഇമാജിനറി സംഖ്യ ആവാത്തിടത്തോളം. നമ്മൾ യഥാർത്ഥത്തിൽ ഉള്ള എനർജിയെക്കുറിച്ചാണല്ലോ സംസാരിക്കുന്നത്”
ശശിയണ്ണൻ അല്പമൊന്നു വിയർത്തു.
“പിന്നെയുള്ളത് കിലോഗ്രാം. അതായത് മാസ്. അതെങ്ങനെ നെഗറ്റീവ് ആവും?”
ശശ്യണ്ണൻ തളർന്നു.
“ശരി ഞാൻ തന്നെ പറയാം. ന്യൂട്ടന്റെ രണ്ടാം ചലന നിയമപ്രകാരം F = ma. വല്ലോം കത്തിയോ?
“ഇല്ല”
“അതായത് നെഗറ്റീവ് മാസുള്ള ഒരു വസ്തുവിനെ വലത്തോട്ട് തള്ളിയാൽ അത് ആക്സിലറേറ്റാവുന്നത് അതായത് ത്വരണം സംഭവിക്കുന്നത് ഇടത്തോട്ടായിരിക്കും. അങ്ങോട്ട് തള്ളിയാൽ ഇങ്ങോട്ട് വരുന്ന ഒരു വസ്തു. പോത്തിങ്കാലപ്പന്റെ സഹായത്താൽ അങ്ങനെ ഒരു വസ്തു ഇതുവരെ കണ്ടെത്തിയിട്ടില്ല.“
ശശിയണ്ണൻ സ്റ്റാച്യൂ ആയി.
സുശീലൻ ഇടപെട്ടു.
“എന്റെ ഭാര്യ രമണിയെ ഞാൻ ഇങ്ങോട്ട് വിളിച്ചാൽ അവൾ അങ്ങോട്ടെ പോവൂ”
ശശിയണ്ണന് പെട്ടെന്ന് എന്തോ കത്തി. “അത്തരം വസ്തുക്കൾ ഇല്ലെന്ന് ഒന്നും തെളിയിച്ചിട്ടല്ലല്ലോ. അത്തരം വസ്തുക്കളോ എനർജിയോ ഈ വീടിനകത്തില്ലെന്ന് എങ്ങനെ പറയാൻ കഴിയും.”
“മണ്ടത്തരം പറയാതെ. അത്തരത്തിലുള്ള ഒരു പദാർത്ഥം അകത്തുണ്ടെന്ന് കരുതൂ. അതായത് നെഗറ്റീവ് മാസുള്ള വസ്തു. അത് ചുറ്റുപാടുമുള്ള സാധാരണ വസ്തുവുമായി പ്രതിപ്രവർത്തിച്ച് ഇല്ലാതായിത്തീരും. എക്സ് അളവ് മാസ് ഉള്ള സാധാരണവസ്തുവുമായി അതേ അളവ് നെഗറ്റീവ് മാസുള്ള വസ്തു കാൻസൽ ചെയ്യപ്പെടും. മുഴുവൻ വായു നിറഞ്ഞിരിക്കുന്ന മുറിയിൽ അപ്പോൾ അങ്ങനെ വല്ലതും ഉണ്ടെങ്കിൽ തന്നെ അത് കാൻസൽ ആയിപ്പോവില്ലേ?”
ശശിയണ്ണൻ സ്റ്റാച്യൂ മാറി നെടുവീർപ്പിട്ടു.
കുമാരേട്ടൻ തുടർന്നു:
“എനർജി ഉയർന്നിരിക്കാം താഴ്ന്നിരിക്കാം. പക്ഷേ അതിനു പൂജ്യത്തിലും താഴാൻ കഴിയില്ല. എനർജി അതിന്റെ ഏതു രൂപത്തിൽ ആയാലും അതിനു നെഗറ്റീവോ പോസിറ്റീവോ ആയ ഫലങ്ങൾ ഉണ്ടാക്കാൻ കഴിയും. ഉദാഹരണത്തിനു ഇലക്ട്രിക്കൽ എനർജി ഉപയോഗിച്ച് ഫാൻ കറക്കാം, ഭക്ഷണം പാകം ചെയ്യാം. ഇതേ എനർജി ഒരാളുടെ ശരീരത്തിൽ ഏല്പിച്ചാൽ അയാൾ മരിക്കുകയോ അല്ലെങ്കിൽ ഗുരുതരമായ പരിക്കുകൾക്ക് ഇടയാകുകയോ ചെയ്തേക്കാം. ഏത് എനർജിയാണെങ്കിലും അതെങ്ങനെ പ്രയോഗിക്കുന്നു എന്നതിലാണ് കാര്യം. അല്ലാതെ ചില എനർജികൾ പോസിറ്റീവ് എന്നും മറ്റു ചിലവ നെഗറ്റീവ് എന്നും വർഗീകരിക്കാൻ കഴിയില്ല.
“അതിനു ഞങ്ങൾ പറയുന്ന നെഗറ്റീവ് എനർജിയിലെ നെഗറ്റീവ് എന്നു പറയുന്നത് നിങ്ങളുടെ മാത്തമറ്റിക്സിലെ നെഗറ്റീവ് എന്ന നൊട്ടേഷനുമായി ബന്ധപ്പെട്ട നെഗറ്റീവ് ആണെന്ന് ഞങ്ങൾ പറഞ്ഞില്ലല്ലോ?” സംഗതി പന്തിയല്ല എന്ന് കണ്ട് ശശിയണ്ണൻ അടവു മാറ്റി
“അങ്ങനെയെങ്കിൽ നിങ്ങൾ പറയുന്ന എനർജിയുടെ ഫിസിക്കൽ മീനിംഗ് എന്താണെന്ന് പറയൂ”
“നിങ്ങളുടെ ഫിസിക്സ് ഉപയോഗിച്ച് എല്ലാത്തിനേയും നിർവചിക്കാം എന്നു കരുതരുത്. മനുഷ്യനും ശാസ്ത്രത്തിനും മനസിലാവാത്ത പലതുമുണ്ട്. ഇത് ശാസ്ത്രമല്ല. ശാസ്ത്രത്തിനതീതമാണ്.”
“ഇതു ശാസ്ത്രമാണെന്ന് നിങ്ങൾ തന്നെയല്ലേ ആദ്യം പറഞ്ഞത്? ഇനി ഇത് ശാസ്ത്രമല്ലെങ്കിൽ, ശാസ്ത്രവുമായി ബന്ധപ്പെട്ട പദങ്ങൾ നിങ്ങൾ എന്തിനാണ് ഉപയോഗിക്കുന്നത്. ശാസ്ത്രീയമെന്നു തോന്നിപ്പിക്കുന്ന, എന്നാൽ കപടശാസ്ത്രപരീക്ഷണരീതികളായ, ഡൌസിംഗ് റോഡ് പോലുള്ളവ എന്തിനുപയോഗിക്കുന്നു”
ശശിയണ്ണൻ മൌനം പാലിച്ചു.
“ഐഡിയ കൊള്ളാം. ശാസ്ത്രപദങ്ങളുടെ പരസ്യമായ വ്യഭിചാരം അല്ലേ? “
ശശിയണ്ണൻ പുറത്തേക്കുള്ള വഴിലേക്ക് ദയനീയതയോടെ നോക്കി.
“പണ്ട് മന്ത്രവാദികൾ , മനുഷ്യരെ അവരുടെ കൺകെട്ടുവിദ്യകൾ വിശ്വസിപ്പിക്കാൻ വേണ്ടി ഉപയോഗിച്ചിരുന്ന ചില ടൂളുകൾ ഉണ്ട്. ഹോമകുണ്ഢത്തിൽ നിന്നും തീയുയർത്തുന്നതും, ചൂരലു കൊണ്ടടിച്ച് ബാധയെ ഒഴിപ്പിക്കുന്നതുമെല്ലാം. അതിന്റെ ആധുനിക രൂപമാണ് താങ്കളുടെ ഡൌസിംഗ് റോഡ്. താങ്കളുടെ ഫ്രോഡ് വേലകൾ ശാസ്ത്രത്തിന്റെ മറ നൽകാനുള്ള ഒരു ഉപാധി.
ശശിയണ്ണൻ ഒന്നും മിണ്ടിയില്ല..
"എന്നാൽ ഇതും കൂടെ കേട്ടു കൊള്ളൂ. ഗ്രാവിറ്റേഷനൽ പൊട്ടെൻഷ്യൽ എനർജിയെ നെഗറ്റീവ് ആയി ആണ് കണക്കാക്കുന്നത്. അതായത് ഉയരത്തിൽ ഇരിക്കുന്ന വസ്തുവിനു ഉള്ള എനർജിയെ നെഗറ്റീവ് എന്ന് മാർക്കു ചെയ്തിരിക്കുന്നു. മുകളിൽ നിന്നും താഴേക്ക് വീഴുന്ന വസ്തുവിനെ ഉയർത്തി വീണ്ടും പഴയ സ്ഥാനത്ത് വെയ്ക്കുമ്പോൾ ആദ്യം ചെയ്ത വർക്കിനെതിരായി (അതു പോസിറ്റീവ് ആയി കണക്കാക്കിയാൽ) അതു കാൻസൽ ചെയ്യുന്നു എന്നതു കൊണ്ട് ഉയരത്തിലിരിക്കുന്ന ഒരു വസ്തുവിനുള്ളത് നെഗറ്റീവ് എനർജിയായി ആണ് പരിഗണിക്കുന്നത്. അവിടെ ശശ്യേട്ടൻ പറഞ്ഞത് കറക്റ്റും ആവും ഉയരത്തിൽ ഇരിക്കുന്ന വല്ല വസ്തുവും തലയിൽ വീണാൽ ഉണ്ടാവുക നെഗറ്റീവ് എഫക്റ്റ് ആവും.
“ഞാനപ്പഴേ പറഞ്ഞില്ലേ നെഗറ്റീവ് എനർജി ഉണ്ടെന്ന് ?” ശശിയണ്ണനിൽ വീണ്ടും പോസിറ്റീവ് എനർജി നിറഞ്ഞു.
“അടങ്ങ് ശശ്യണ്ണാ അടങ്ങ്. ഇതേ പൊട്ടൻഷ്യൽ എനർജി എന്ന കൺസപ്റ്റിലൂന്നി വെള്ളച്ചാട്ടത്തിന്റെ ശക്തി ഉപയോഗിച്ച് ടർബൈൻ കറക്കി വൈദ്യുതി ഉണ്ടാക്കുമ്പോൾ അതു നെഗറ്റീവ് എഫക്ടോ പോസിറ്റീവ് എഫക്ടോ. അതായത് എനർജി നമ്മൾ എങ്ങിനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം.”
ശശ്യണ്ണൻ കൺഫ്യൂഷസും സോക്രട്ടീസും ആയി. ഇനി നിന്നാൽ ശരിയാവൂല എന്ന് പതുക്കെ ബാഗു കൈയിലേക്കെടുത്ത് പുറത്തേക്കിറങ്ങി.
“മിതമായ ഭാഷയിൽ പറഞ്ഞാൽ നിങ്ങൾ ഒരു ഫ്രോഡാണ്.”
“നിന്നെ പോത്തുംകാലപ്പൻ എടുത്തോളുമെടാ” കുമാരേട്ടനെ പ്രാകിക്കൊണ്ട് ശശിയണ്ണൻ സ്പീഡിൽ റോഡിലേക്ക് നടന്നു.
വീട്ടിനകത്തെ പോസിറ്റീവ് എനർജി കൂട്ടുവാൻ വേണ്ടി കാര്യവട്ടം ശശി സ്ഥാപിച്ച പിച്ചളത്തിൽ തീർത്ത ആമയേയും തവളയേയും വഴിയരികിലെ ഓടയിലേക്ക് വലിച്ചെറിഞ്ഞ് സുശീലൻ പിറിപിറുത്തു
“നെഗറ്റീവ് എനർജി, പോസിറ്റീവ് എനർജി മണ്ണാങ്കട്ട!“
കുമാരേട്ടൻ സുശീലനെ നോക്കി പുഞ്ചിരിച്ചു.
ആരാണ്ടാ ലാലണ്ണനെ അപവാദം പറയണത്?
കൈയിലിരുന്ന ചായഗ്ലാസ്സ് വലിച്ചെറിഞ്ഞ് ചാടി അറ്റൻഷൻ ആയി ടിവിയിൽ നോക്കി സല്യൂട്ട് അടിച്ചു.
“ലെഫ്റ്റനന്റ് കേണൽ ലാലണ്ണൻ, ആക്സപ്റ്റ് ഔവർ നാഷൻസ് സല്യൂട്സ്....
വീർ തും ബഡേ ചലോ ധീർ തും ബഡേ ചലോ“
“ഡേയ് ഡേയ് നീയെന്തരടേ കെടന്ന് തുള്ളണത്...“
“അണ്ണാ രോമാഞ്ചം രോമാഞ്ചം. നമ്മടെ ലാലണ്ണനെ പട്ടാളത്തിലെടുത്തണ്ണാ...”
“അതിനു നീയെന്തിനെടേ തുള്ളണത്? ആദ്യായിട്ടാണോ ആരേങ്കിലും പട്ടാളത്തിൽ എടുക്കുന്നത്?”
“അതല്ലണ്ണാ... മലയാളം സിനിമയിൽ പട്ടാളക്കാരനായി അഭിനയിച്ചതിനാ അണ്ണനെ പട്ടാളത്തിൽ എടുത്തത്.”
“ഓഹോ . അപ്പോ ബോയിംഗ് ബോയിംഗിൽ അഭിനയിച്ചതിനു അങ്ങേരെ ആസ്ഥാന പൂവാലനായും സ്പടികത്തിലും ദേവാസുരത്തിലും അഭിനയിച്ചതിന് ഗുണ്ടയായും പ്രഖ്യാപിക്കുമാരിക്കും ല്യോ?”
“അതല്ലണ്ണാ യുവതലമുറക്ക് ആവേശമുൾക്കൊള്ളാൻ വേണ്ടി സിനിമകളിൽ അഫിനയിക്കുന്ന ആളല്യോ മമ്മൂക്കായും മോഗൻലാലും”
“എൺപതുകളിലും തൊണ്ണൂറുകളിലും സാധാരണക്കാരനായ മനുഷ്യനെ അവതരിപ്പിച്ച കാലത്തൊന്നും അങ്ങേരെ ആരും എന്തേ പരിഗണിക്കാത്തത്? കീർത്തിചക്രയും നരസിംഹവുമാണോ ലാലണ്ണന്റെ മികച്ച ചിത്രങ്ങൾ?“
ഇത്രയും ആയപ്പോൾ ചായക്കടക്കാരൻ രാമന്നായരദ്ദേഹം പ്രശ്നം ഗുരുതരം എന്നു കണ്ട് ഇടപെട്ടു.
“ഡേയ് ഡെയ് കാര്യം ഒക്കെ ശരി. ഞങ്ങടെ കണിമംഗലം കൊട്ടാരത്തിലെ ആറാം തമ്പുരാനെ കളിയാക്കിയാൽ വിവരം അറിയും. ഒരു ദേശത്തിന്റെ മൊത്തം പ്രതീക്ഷയുമാണ് അദ്ദേഹമെന്ന് നിനക്കൊക്കെ അറിയാമോടേ? ദേവീടെ ക്ഷേത്രം പുനരുദ്ധരിക്കാനും വർഷങ്ങളായി മുടങ്ങിക്കിടന്ന ഉത്സവം നടത്താനുമായി അവതാരം കൊണ്ട നരസിംഹരൂപമാണാ തിരുവടികൾ. നിനക്കൊക്കെ അറിയാമോ?”
“അങ്ങനെ പറഞ്ഞ് കൊടുക്കെന്റെ രാമന്നായരേ. മുറിവേറ്റ സവർണഹൃദയത്തിന്റെ തേങ്ങലുകളാണ് പുള്ളി എന്നു പറഞ്ഞാൽ എവനൊക്കെ മനസിലാവുമോ? പണ്ടൊരിക്കൽ ചിരിയാഗഞ്ചിലിലെ ഒരു ചായക്കടയിൽ ജോലിക്കു തടസമാകുമെന്നു വനപ്പോൾ പൂണൂൽ പൊട്ടിച്ചെറിഞ്ഞു പിന്നീടെപ്പോഴോ രണ്ട് തുള്ളി കണ്ണുനീരും ചേർത്ത് യമുനയിൽ നിക്ഷേപിച്ചെങ്കിലെന്താ? മനസിൽ ഇപ്പോഴും ബ്രാഹ്മണ്യത്തിന്റെ ശുദ്ധിയും മുറയും കാത്തു സൂക്ഷിക്കുന്നുണ്ട്. ആവണപ്പലകയിലിരുത്തി അച്ഛൻ ചൊല്ലിത്തന്ന മന്ത്രങ്ങൾ മറന്നിട്ടുമില്ല. (ബാക്ഗ്രണ്ടിൽ മ്യൂസിക് ഉയരുന്നു : “യസ്യാം സമുദ്രാ“).“
“അതന്നെ കാര്യം... സംവരണം കൊണ്ട് ജോലി കിട്ടിയ ദളിതന്റെ മുന്നിൽ കുമ്പിട്ടു നിൽക്കേണ്ട സവർണന്റെ മനോവേദന എന്തെന്ന് നിങ്ങൾക്കറിയാമോ?“
“രാമന്നായര് പറഞ്ഞതാ അതിന്റെ ശരി. മസിലു കാട്ടി പെണ്ണിനെ വളയ്ക്കുന്ന, ശാസ്ത്രീയ സംഗീതം അറിയാവുന്ന, അസുരനിഗ്രഹകനായ ഞങ്ങടെ വിഗ്രഹത്തെ തൊട്ടാൽ തൊട്ടവൻ വിവരം അറിയും. കെട്ടോടാ രാജ്യദ്രോഹീ”
അങ്ങനെ അക്കാര്യത്തിൽ ഒരു തീരുമാനമായി ചായക്കട സമ്മേളനം പിരിഞ്ഞു. സ്ഥലത്ത് വീണ്ടും സമാധാനം പുലർന്നു. കൊച്ചു നീലാണ്ഠൻ ഉച്ചത്തിൽ അമറി. രാമന്നായർ പാറുക്കുട്ടിയുടെ പള്ളക്ക് രണ്ടേറും വച്ചു കൊടുത്തു.
“മിണ്ടാതിരിയെടീ പെണ്ണേ”
****
ആനവാൽ:-
നായികയുടെ കണ്ണിൽ നോക്കി അവളെ ഇഷ്ടമാണെന്ന് തുറന്ന് പറയുന്ന, ഇഷ്ടപ്പെട്ട പെണ്ണിനെയും കൊണ്ട് ഐറ്റം ഡാൻസ് കളിക്കുന്നതിനു പകരം അവളെ ചുണ്ടുകളിൽ ചുംബിക്കുന്ന, പ്രേമിക്കുന്ന പെണ്ണിനെ കല്യാണം കഴിക്കാൻ ഗുരുവായൂരപ്പന്റെ ബ്രോക്കർ പണിയും കുമ്പിടി ഗണിക്കുന്ന ജാതകപ്പൊരുത്തവും ആവശ്യമില്ലാത്ത നായകൻ എന്നാണാവോ മലയാളം സിനിമയിൽ ഉണ്ടാകുന്നത്!
