Friday, November 3, 2023

ലാലേട്ടൻ : ഒരു തുള്ളി ജലത്തിലെ കടൽ

ലാലേട്ടൻ : ഒരു തുള്ളി ജലത്തിലെ കടൽ പ്രപഞ്ചത്തെപ്പറ്റി സംസാരിക്കാൻ നമ്മളോട് ആരെങ്കിലും ആവശ്യപ്പെട്ടാൽ എന്തു ചെയ്യും? പെട്ടു പോകും. എവിടെ തുടങ്ങും? എന്തിനെപ്പറ്റിയെല്ലാം പറയും? കാലത്തെപ്പറ്റി, സ്ഥലത്തെപ്പറ്റി, ദ്രവ്യത്തെപ്പറ്റി, ഊർജത്തെപ്പറ്റി, ഉൽക്കകളെപ്പറ്റി, താരാഗണങ്ങളെപ്പറ്റി, സൂര്യനെപ്പറ്റി, പ്രകാശത്തെപ്പറ്റി, ഗുരുത്വാകർഷണത്തെപ്പറ്റി. എവിടെയും തുടങ്ങുകയും എവിടെയും അവസാനിക്കുകയും ചെയ്യാത്ത മഹാപ്രപഞ്ചത്തെപ്പറ്റി എങ്ങിനെ വാക്കുകൾ കൊണ്ട് അടയാളപ്പെടുത്തും? ലാലേട്ടനെപ്പറ്റിയും അങ്ങിനെത്തന്നെ. ഒരു സമുദ്രത്തിൽ ഒരുപാട് തുള്ളികൾ ഉണ്ടെങ്കിലും ഒരു തുള്ളി ജലത്തിൽ തന്നെ ഒരു മഹാസമുദ്രവുമുണ്ടത്രെ! ഒരു തുള്ളി ജലത്തിന്റെ രുചിയറിഞ്ഞാൽ മതി സമുദ്രത്തെ അറിയാൻ. അല്ലെങ്കിൽ അങ്ങിനെയേ സമുദ്രത്തെ അറിയാനാവൂ. പ്രപഞ്ചത്തിൽ അനേകം ആറ്റങ്ങളുണ്ടാകാം, എന്നാൽ ഒരോ ആറ്റവും സ്വയം മുഴുവൻ പ്രപഞ്ചമാണ്. 

പ്രപഞ്ചമെന്ന മഹാസാഗരത്തിലെ ഒരു തുള്ളിയാണ് ലാലേട്ടൻ. എന്നാൽ ലാലേട്ടനിൽ ആ മഹാസമുദ്രം ഒന്നായി അലയടിക്കുന്നു. അലകൾ ചിലപ്പോൾ കഥാപാത്രങ്ങളായി നമുക്കു മുൻപിൽ എത്തുന്നു. മറ്റു ചില നേരങ്ങളിൽ അവ ഗുരുരൂപം കൈവരിക്കുന്നു. ആത്മജ്ഞാനത്തെപ്പറ്റി സെൻഗുരുക്കന്മാർ പങ്കു വെയ്ക്കുന്ന രഹസ്യമുണ്ട്. മോക്ഷം പതിയെ പതിയെ പഠിച്ചെടുക്കുന്ന വിദ്യയല്ല. ഒരൊറ്റ സെക്കന്റിൽ പെട്ടെന്നുണ്ടാകുന്ന ഒരു വെളിപാടാണ്. സെൻ ഗുരുക്കന്മാർ ചിലപ്പോൾ ചെറിയൊരു ദണ്ഡ് കയ്യിൽ കൊണ്ടു നടക്കാറുണ്ട്. അത് കൊണ്ട് ചിലപ്പോൾ ശിഷ്യർക്ക് ഒരു കിഴുക്ക് കൊടുക്കും. ആ നേരത്താവും ശിഷ്യൻ ബുദ്ധത്വം കൈവരിക്കുന്നത്. കിഴുക്ക് എന്നത് വാച്യാർഥത്തിൽ എടുക്കണമെന്നില്ല. ഗുരുവുൽ നിന്നും ശിഷ്യനിലേക്ക് പ്രവഹിക്കുന്ന എന്തോ. എന്തോ ഒരു ഊർജം. ജ്ഞാനം. തത്വം. 

 

ലെനയ്ക്ക് തത്വജ്ഞാനമുണ്ടായത് കഴിഞ്ഞ ജൂലൈ മാസത്തിൽ ഏതോ ഒരു ദിവസം ആണെന്നാണ് പറയുന്നത്. എന്നാൽ അതിന്റെ തുടക്കം ലാലേട്ടനിൽ നിന്നായിരുന്നു. ഓഷോയുടെ ഏതോ ഒരു പുസ്തകം വായിച്ചിരിക്കുക ആയിരുന്നു ലെന. അപ്പൊഴാണ് യദൃച്ഛയാ ലാലേട്ടൻ അത് വഴി കടന്നുപോകുന്നത്. സത്യത്തിൽ ലാലേട്ടന് അത് വഴി കടന്ന് പോകേണ്ട ഒരാവശ്യവുമില്ല. എന്നാൽ ജീവിതമെന്ന് പറയുന്നത് ഒരു മാജിക്കാണ്. ആ നിമിഷത്തിൽ ലെനയുടെ അരികിൽ ലാലേട്ടൻ എത്തേണ്ടതുണ്ടായിരുന്നു. എത്തി. അഥവാ എത്തിയേ പറ്റൂ. ആ നിമിഷത്തിൽ ലാലേട്ടനിലൂടെ ലെന ഓഷോയുടെ ശരിയായ പുസ്തകത്തിൽ എത്തുന്നു. എല്ലാ പുസ്തകങ്ങളും ശരിയാണ്. എന്നാൽ ഓഷോയുടെ ഭൈരവ വ്യാഖ്യാനമായിരുന്നു ലെനയ്ക്ക് വേണ്ടി കാത്തിരുന്ന മുഴുവൻ ശരി. അത് ലാലേട്ടനിലൂടെ സംഭവിക്കുകയായിരുന്നു. യാദൃച്ഛികത എന്ന് വെറുതെ തള്ളിക്കളയാവുന്ന ഒരു സംഭവം അല്ലിത്. ഓഷോ പൂർണ മനുഷ്യനെപ്പറ്റി പറയുന്ന വിശേഷണമുണ്ട്. ‘സോർബ ദ ബുദ്ധ’ എന്നതാണത്. സ്വയം ‘സോർബ ദ ബുദ്ധ’ എന്നായിരുന്നു ഓഷോ വിളിച്ചിരുന്നത്. പൂർണമായ മനുഷ്യൻ സോർബയെപ്പോലെ ഭൗതികതയിലും ബുദ്ധനെപോലെ ആത്മീയതയിലും ഒരേ സമയം വിരാജിക്കുന്നു. പരിപൂർണ ആത്മീയഗുരു ആയിരുന്ന, തത്വജ്ഞാനിയായിരുന്ന ഓഷോ ഡയമണ്ട് വാച്ചുകൾ ധരിച്ചിരുന്നു. റോൾസ് റോയിസിൽ സഞ്ചരിച്ചിരുന്നു. എന്നാൽ തൊണ്ണൂറ്റിമൂന്ന് റോൾസ് റോയിസുകളിന്മേലും ഓഷോ ഉടമസ്ഥാവകാശം സ്ഥാപിച്ചില്ല. അവ ഉപയോഗിക്കുക മാത്രം ചെയ്തു. രായ്ക്കു രാമാനം അമേരിക്ക് വിട്ട് ലോകം ചുറ്റി പൂനെയിൽ തിരിച്ചെത്തിയപ്പോൾ നഷ്ടപ്പെട്ട റോൾസ് റോയിസുകളെക്കുറിച്ച് ഓർത്ത് ഓഷോ ദുഃഖിച്ചില്ല. കാരണം അവ ഒരിക്കലും ഓഷോയുടേത് ആയിരുന്നില്ല. അവ ഓഷോയിലൂടെ അവയുടെ ധർമം നിർവഹിച്ച് മടങ്ങിയെന്ന് മാത്രം. 

 

ഓഷോയ്ക്ക് ശേഷം ഇത് പോലെ പരിപൂർണനായ ഒരു മനുഷ്യൻ ലോകത്തുണ്ടായത് പിന്നീട് ലാലേട്ടൻ മാത്രമാണ്. ലാലേട്ടന്റെ വിശേഷണങ്ങൾ സോർബയിലും ബുദ്ധനിലും ഒതുങ്ങുന്നില്ല. സോർബ ആൻഡ് മാർക്സ് ഇൻ ബുദ്ധ എന്നാണ് ലാലേട്ടനെ വിളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നത്. ലാലേട്ടന്റെ കഴിഞ്ഞ കുറച്ച് മാസങ്ങൾ മാത്രം എടുത്തു നോക്കൂ. മെയ് മാസത്തിൽ അദ്ദേഹം ഏഷ്യാനെറ്റ് എംഡി മാധവൻ നായരോടൊപ്പം മലേഷ്യയിൽ സ്വന്തം ജന്മദിനം ആഘോഷിച്ചു. ഒക്ടോബറിൽ ആവട്ടെ അമൃതപുരിയിൽ മാതാ അമൃതാനന്ദമയീദേവിയുടെ ജന്മദിനത്തിൽ ധ്യാനത്തിൽ മുഴുകി ഇരിക്കുക ആയിരുന്നു ലാലേട്ടൻ. നവംബറിൽ പിണറായി വിജയനോടോപ്പം തോളോട് തോൾ ചേർന്ന് കേരളത്തിന്റെ ജന്മദിനവും ആഘോഷിച്ചു. ലാലേട്ടൻ ഒരു ക്യാപിറ്റലിസ്റ്റ് അല്ല. എന്നാൽ അദ്ദേഹം മലേഷ്യയോട് നോ പറയുന്നില്ല. ലാലേട്ടൻ ഒരു സന്യാസിയല്ല. എന്നാൽ അദ്ദേഹം അമൃതപുരിയോട് നോ പറയുന്നില്ല. ലാലേട്ടൻ ഒരു കമ്യൂണിസ്റ്റല്ല. എന്നാൽ അദ്ദേഹം പിണറായിയോട് നോ പറയുന്നില്ല. മലേഷ്യയിലെ നീന്തൽക്കുളത്തിലാണെങ്കിലും അമൃതപുരിയിലെ ധ്യാനമുറിയിലാണെങ്കിലും കേരളീയത്തിന്റെ സദസ്സിലാണെങ്കിലും ബിഗ് ബോസിന്റെ സെറ്റിലാണെങ്കിലും സിനിമാഷൂട്ടിങ്ങിന്റെ തിരക്കിലാണെങ്കിലും അവിടെയൊന്നും ലാലേട്ടൻ ഇല്ല. അവയൊക്കെ ലാലേട്ടനിലൂടെ കടന്ന് പോവുക മാത്രം ചെയ്യുന്നു. 

 

അങ്ങിനെ ഇരിക്കെയാണ് ജൂലായിൽ ലെന തത്വജ്ഞാനിയായതും പിന്നീട് പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തത്. എന്നാൽ ലെന പറഞ്ഞ പല കാര്യങ്ങളും മലയാളികൾ , ദുഃഖകരമെന്ന് പറയട്ടേ, ശരിയായല്ല മനസിലാക്കിയത്. പ്രത്യേകിച്ച് സൈക്യാട്രിസ്റ്റുകളും ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും. ലെന പറഞ്ഞ പല കാര്യങ്ങളും ശാസ്ത്രീയമായി, അല്ലെങ്കിൽ വസ്തുതാപരമായി ശരിയല്ല എന്നാണ് പ്രശസ്ത മനഃശാസ്ത്ര വിദഗ്ധൻ സി.ജെ. ജോൺ സർ തന്റെ ഫേസ്ബുക്കിലൂടെയും മനോരമയിലൂടെയും പറഞ്ഞത്. സമാനമായ കാര്യങ്ങൾ ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും പറയുക ഉണ്ടായി. എന്നാൽ ഇതെല്ലാം പൂർണമായും തെറ്റിദ്ധാരണയിൽ നിന്ന് ഉണ്ടായത് ആണെന്ന് പറയേണ്ടി വരും. ഒന്നാമത് ലെന ഇല്ല. ലൈഫ് മാത്രമേ ഉള്ളൂ. ഇക്കാര്യം ലെന ആദ്യമേ വ്യക്തമാക്കുന്നുണ്ട്. ഇല്ലാത്ത ഒന്നിനെ നിങ്ങൾ എങ്ങിനെയാണ് വസ്തുതാപരമായി നിരൂപിക്കുക? ലെനയും ഡോക്ടർ സി.ജെ. ജോണും രണ്ടല്ല, ഒന്നാണ്. സത്യത്തിൽ എല്ലാം ഒന്നാണ്. അത് ഗ്രഹിച്ച ആളാണ് ലെന. ലെനയിൽ നിന്നും വ്യതിരിക്തമായി ഒരു സിജെ ജോണില്ല. ലൈഫ് മാത്രമേ ഉള്ളൂ. അത് ലെനയായും ജോണായും ഒക്കെ തോന്നപ്പെടുന്നു എന്ന് മാത്രം. നിങ്ങൾക്കതിനെ ലൈഫ് എന്ന് വിളിക്കാം, പരബ്രഹ്മം എന്ന് വിളിക്കം, സെൻ എന്നോ ദൈവമെന്നോ എന്ത് വേണമെങ്കിലും വിളിക്കാം. അവയെല്ലാം തീർത്തും ലേബലുകൾ മാത്രം. 

 

 ലെന ക്ലിനിക്കൽ സൈക്കോളജിസ്റ്റല്ല എന്നാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റുകാരുടെ അസോസിയേഷൻ അവകാശപ്പെടുന്നത്. ഏതോ രണ്ട് വർഷത്തെ കോഴ്സ് കൂടെ കഴിഞ്ഞാൽ ലെനയ്ക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആവാൻ സാധിക്കൂ. ഇവിടെ വീണ്ടും കാര്യത്തെ വസ്തുതാപരമായി സമീപിക്കുക എന്ന തെറ്റായ സമീപനമാണ് സൈക്കോളജിസ്റ്റുകൾ സ്വീകരിക്കുന്നത്. ലെന പൂർവജന്മസ്മരണ ഉള്ള ആളാണ്. കഴിഞ്ഞ ജന്മത്തിൽ തിബറ്റിലെ ഒരു ബുദ്ധിസ്റ്റ് സന്യാസി ആയിരുന്നു. അതിനു മുൻപ് പലതുമായിരുന്നു. പല രൂപങ്ങളിലും പിറവിയെടുത്ത ഒരു ജീവാത്മാവിന്റെ ഏറ്റവും പുതിയ രൂപം മാത്രമാണ് ലെന. രണ്ട് വർഷത്തെ എം.ഫിൽ കോഴ്സിൽ നിന്നും ലഭിക്കുന്നതിനേക്കാൾ ജ്ഞാനം ലെനയിൽ കുടിയിരിക്കുന്നു എന്ന് മനസിലാക്കുക. ജന്മങ്ങളിൽ നിന്നും ജന്മങ്ങളിലേക്ക് പകരുന്ന അറിവ് കൂടി ചേർന്നതാണ് പൂർവജന്മസ്മരണ നേടിയ ഒരു ആളിന്റേത്. ലെനയുടെ കോഴുസ്കൾ എല്ലാം കഴിഞ്ഞ ജന്മങ്ങളിലേ പാസായതാണ്. 

 

 രണ്ടാമത് സമയമെന്നത് രേഖീയമായ ഒന്നല്ല എന്ന് ലെന വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് വർഷത്തെ ഡിഗ്രി , രണ്ട് വർഷത്തെ പിജി, അഞ്ച് വർഷത്തെ ഗവേഷണം എന്നൊക്കെ പറയുന്നത് കാലത്തെ രേഖീയമായി മാത്രം മനസിലാക്കുന്നവരുടെ വസ്തുനിഷ്ഠബോധത്തിൽ നിന്ന് ഉണ്ടാവുന്ന തെറ്റിദ്ധാരണയാണ്. ലെനയുടെ പല ജന്മങ്ങൾ ഒരേ സമയം തന്നെ നില കൊള്ളുന്നുണ്ട്, അല്ലെങ്കിൽ അവ ഓവർലാപ് ചെയ്യുന്നുണ്ട് എന്നൊക്കെ പറയാവുന്നതാണ്. ഇന്നലെ , നാളെ എന്നൊക്കെയുള്ള തെറ്റായ ഭാഷാപ്രയോഗങ്ങൾ വരുത്തി വെയ്ക്കുന്ന കുഴപ്പമാണത്. ഇപ്പോൾ ഈ നിമിഷം മാത്രമേ യഥാർത്ഥമായുള്ളൂ. ആ നിമിഷത്തിൽ എല്ലാ അടങ്ങിയിട്ടുണ്ട്. അതിൽ ലെനയുടെ പല ജന്മങ്ങലുണ്ട്. ലാലേട്ടനുണ്ട്. ഭാരതമുണ്ട്. മഹാസമുദ്രത്തിലെ തുള്ളികൾ, ഓരോ തുള്ളിയും സ്വയം ഓരോ മഹാപ്രപഞ്ചം. അതിന്റെ വൈബ്രേഷനിലുള്ള വ്യത്യാസങ്ങൾ. നമ്മളിത് മനസിലാക്കേണ്ടതുണ്ട്. 

 

ലെന ഇല്ല. ലാലേട്ടൻ ഇല്ല. ഞാനും നിങ്ങളും സൈക്ക്യാട്രിസ്റ്റ് സി.ജെ. ജോണുമില്ല. ആകെ ഉള്ളത് ലൈഫ് മാത്രമാണ്. ലെന അത് ജൂലായിൽ മനസിലാക്കി. ലാലേട്ടൻ അതിനും എത്രയോ മുൻപേ മനസിലാക്കി. ഓഷോയും ബുദ്ധനും ശങ്കരനും കാലങ്ങൾക്ക് മുൻപേ മനസിലാക്കി. നമ്മൾക്ക് അടുത്ത് ഡിസംബറിൽ എങ്കിലും ഇത് മനസിലാക്കാൻ സാധിക്കട്ടെ എന്ന് സർവപ്രപഞ്ചത്തോടും പ്രാർത്ഥിക്കുന്നു.

No comments:

Post a Comment

അഭിപ്രായങ്ങള്‍ക്ക് സുസ്വാഗതം.
തെറിവിളികള്‍, വ്യക്തിഹത്യ മുതലായവയെ ഒഴിവാക്കുമല്ലോ.
അനോണിമസ് ഓപ്ഷന്‍ തല്‍ക്കാലം ലഭ്യമല്ല. പഴയ പോസ്റ്റുകള്‍ക്ക് കമന്റ് മോഡറേഷന്‍ ഉണ്ട്. സരസമായ ഓഫുകളെ നിരുത്സാഹപ്പെടുത്തുന്നില്ല. മനപൂര്‍‌വം വിഷയത്തില്‍ നിന്നും വഴി തിരിച്ചു വിടുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടേക്കാം.

CopyLeft Information

Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.