Saturday, May 6, 2023

അരിക്കൊമ്പൻ, ചക്കക്കൊമ്പൻ , കുങ്കിയാന മുതൽ പേർ

 അന്തർവനം , ബാഹ്യവനം, പുൽമേട് എന്നിവയെ ഫ്രോയ്ഡിയൻ ആശയങ്ങളായ ഇഡ്, ഈഗോ, സൂപ്പർ-ഈഗോ എന്നിവയുമായി താരതമ്യം ചെയ്തു എന്നിരിക്കട്ടെ. ജസ്റ്റ് ഒരു തമാശയ്ക്ക്. ഇവിടെ ഏതെങ്കിലും തദ്ദേശയൂണിവേഴ്സിറ്റിയിൽ നമ്മൾ ഒരു റിസേർച്ച പ്രപ്പോസൽ സമർപ്പിക്കുകയാണെന്ന് സങ്കല്പിച്ചാൽ മതി.  മലയാളിയുടെ ആഹ്ലാദ ചിത്തമാണ് (plesaure centre) ആ തരത്തിൽ ചിന്തിച്ചാൽ അരിക്കൊമ്പൻ. കൊമ്പൻ മലയാളിയുടെ ഈഗോയിൽ (ബാഹ്യവനം) സ്വതന്ത്രവിഹാരം ചെയ്യുന്ന ഒരു കാട്ടുമൃഗമാണ്.  മൃഗം അതിരുകൾ ഭേദിച്ച് ജനവാസമേഖലയിൽ സൈര്യവിഹാരത്തിനെത്തുന്നു. കെട്ടുപൊട്ടിക്കുന്ന ആഹ്ലാദലോകമാണ് (ഇഡ്) കൊമ്പന്റെ റേഷൻ കടയാക്രമണങ്ങൾ. അരിക്കൊമ്പനെ തളച്ച് അന്തർവനത്തിലേക്ക് അയക്കണമെന്നാണ് പൊതുസമൂഹവും സ്റ്റേയ്റ്റും ആഗ്രഹിക്കുന്നത്. എന്നാൽ ആന അന്തർവനത്തിൽ ജീവിക്കുന്ന തരം ഒരു കാട്ടുമൃഗമല്ല. കെട്ടുകഥകളിൽ മാത്രമാണ് ആനയും സിംഹവും ഒക്കെ വനത്തിന്റെ ഏറ്റവും ഉൾപ്രദേശങ്ങളിൽ ജീവിക്കുന്നത്. ഒരു സൂത്രൻ  ചിത്രകഥാ തമാശ മാത്രമാണത്. കുട്ടികൾക്ക് വേണ്ടി ഉണ്ടാക്കിയ കഥ. 


ഋതുവാകൽ(puberty)  പൂർത്തിയാകുന്നതോടെയും സ്വന്തം ലൈംഗികചോദനകൾ തിരിച്ചറിയുന്നതോടെയും അരിക്കൊമ്പൻ വസിക്കുന്നയിടങ്ങൾ വ്യത്യസ്തമാണെന്ന് വ്യക്തി തിരിച്ചറിയുന്നു. ഈ  പുത്തൻ ജ്ഞാനം (eating of the fruit from tree of knowledge)   ഒരേ സമയം ആഹ്ലാദവും സംഘർഷവും വ്യക്തിക്കുള്ളിൽ സൃഷ്ടിക്കുന്നു.  ധാർമികതയും ആധുനികതയും ഉയർത്തിപ്പിടിക്കുന്ന മനസിന്റെ ഭാഗം (suprer-ego) കൊമ്പനെ ഉൾവനത്തിലേക്ക് അയക്കാൻ ആഗ്രഹിക്കുമ്പോഴും അത് കെട്ടുപൊട്ടിച്ച് ജനവാസപ്രദേശത്തേയ്ക്കെത്തി  റേഷനരിയിൽ കൈവെയ്ക്കുന്നു. സദാചാരത്തിന്റെ ഈ കെട്ടുപൊട്ടിക്കൽ ഭയപ്പെടുത്തുന്നത് പൊതുസമൂഹത്തെ മാത്രമല്ല , സ്റ്റേയ്റ്റിനെക്കൂടിയാണ്. സമൂഹത്തിന്റെ സംരക്ഷകരാണെന്ന സ്റ്റേയ്റ്റിന്റെ അവകാശവാദം നിലനിൽക്കേണ്ടതുണ്ടെങ്കിൽ അരിക്കൊമ്പനെ തളയ്ക്കേണ്ടതുണ്ട് എന്ന് സ്റ്റേയ്റ്റിന് നന്നായിട്ടറിയാം.
എന്നാൽ എത്ര തളച്ചാലും ആഹ്ലാദചിത്തം വീണ്ടും വീണ്ടും തലപൊക്കിയെത്തും എന്ന് ആധുനിക വിജ്ഞാനം മനുഷ്യയുക്തിയെ പഠിപ്പിച്ചിട്ടുണ്ട്. അവിടെയാണ് സ്റ്റേയ്റ്റിന് പാനോപ്ടിക്കോൺ അനുഗ്രഹമാകുന്നത്. അരിക്കൊമ്പനെ ഉൾക്കാട്ടിൽ പുനർവിന്യസിച്ചാൽ മാത്രം പോര,  അതിന് റേഡിയോ കോളർ ഘടിപ്പിക്കണം എന്നും യുക്തി മനസിലാക്കുന്നു. ഇരുപത്തിനാലു മണിക്കൂറും സർവൈലൻസിന് കീഴിൽ അല്ലെങ്കിൽ വ്യക്തി സ്വാതന്ത്ര്യമാഗ്രഹിച്ച് പുറത്തേക്കിറങ്ങുമെന്ന് സ്റ്റേയ്റ്റ് യാഥാർഥ്യബുദ്ധിയോടെ മനസിലാക്കിയിരിക്കുന്നു. നിർമിതബുദ്ധി ഉൽക്കൊള്ളുന്ന ട്രാഫിക് ക്യാമറകളും അരിക്കൊമ്പന്റെ കഴുത്തിൽ കിടക്കുന്ന റേഡിയോ കോളറും തമ്മിലുള്ള വ്യത്യാസം തീർത്തും സാങ്കേതികം മാത്രമാണെന്ന് സാരം (കോവിഡ് ലോക്ഡൗൺ കാലത്ത്   ഡ്രോൺ കാമറകൾ പിന്തുടർന്നപ്പോൾ മുണ്ടും തലയിൽക്കെട്ടി ഓടിയ മലയാളിയെ ഓർക്കാം )

 

യൂബർ ഓട്ടോ സമയത്ത് എത്താഞ്ഞത് കൊണ്ട് ട്രക്കിൽ ഉൾവനത്തിലേക്ക് സഞ്ചരിക്കേണ്ടി വന്ന അരിക്കൊമ്പൻ  (ചിത്രം : ബിബിസി)

 


കേരളത്തിൽ നിന്നും അകവനത്തിലേക്ക് കാടുകടത്തിയ കൊമ്പൻ തമിഴ്നാട് അതിർത്തി ഭേദിച്ച് ജനവാസപ്രദേശത്തെ ആക്രമിച്ചതായി തമിഴ് പത്രങ്ങൾ റിപ്പോർട് ചെയ്തിരിക്കുന്നു. പുനർവിന്യസിച്ച ഇടത്തിൽ നിന്നും വീണ്ടൂം മറ്റ് റേഷൻ കടകൾ അരിക്കൊമ്പൻ തേടിച്ചെല്ലില്ലേ എന്ന് കോടതിയും സർക്കാർ അഭിഭാഷകനോട് ന്യായമായിത്തന്നെ ആരാഞ്ഞിട്ടുണ്ട്. താനൊരു ഫെഡറലിസ്റ്റല്ല, മറിച്ച് നാഷ്നലിസ്റ്റാണ് എന്ന് തമിഴ്നാട് ഗ്രാമാക്രമണത്തിലൂടെ സംശയലേശമെന്യേ അരിക്കൊമ്പൻ വ്യക്തമായിരിക്കുന്നു. ആനയ്ക്കെന്ത് കേരള-തമിഴ്നാട് ബോർഡർ.
 റേഡിയോ കോളറുകളും കുങ്കിയാനകളും (സ്റ്റേയ്റ്റും മതബോധവും എന്ന് മാറ്റി വായിക്കാം ) എത്ര തളയ്ക്കാൻ  ശ്രമിച്ചാലും  മനുഷ്യന്റെ ലൈംഗികത റേഷനരി കിട്ടുന്നയിടങ്ങൾ തേടിപ്പോകുമെന്ന വാസ്തവം എല്ലാവരും തിരിച്ചറിയുന്നുണ്ട്. എങ്കിലും തളയ്ക്കാൻ  ശ്രമിക്കാതിരിക്കാൻ വയ്യ.  അരിക്കൊമ്പൻ ഓപ്പറേഷൻ ന്യൂസ് ചാനലുകൾ വമ്പൻ പ്രാധാന്യത്തോടെ ഇരുപത്തിനാല് മണിക്കൂർ ലൈവ് സംപ്രേഷണം ചെയ്യുന്നത് അത് കൊണ്ടാണ്.  ബിഗ് ബോസിലെ സ്വകാര്യകാമറകൾ ഒപ്പിയെടുക്കുന്ന സ്വകാര്യരംഗങ്ങളെയ്ക്കാളും വോയറിസ്റ്റിക് മൂല്യം ആനയെ തളയ്ക്കുന്ന ദൃശ്യങ്ങളിലുണ്ട്.   അത് കാണാനായി മലയാളികൾ ടിവിയ്ക്കും യൂട്യൂബിനും മുൻപിൽ അടയിരിക്കുന്നു. ഇതിനിടെ  അരിക്കൊമ്പനും ചക്കക്കൊമ്പനും തമ്മിലുള്ള സൗഹൃദം ഒരു ചാനൽ കണ്ടെത്തി പ്രേക്ഷകരെ അറിയിച്ചു. ചക്കക്കൊമ്പന് ചക്ക വലിച്ചിട്ട് കൊടുത്തിരുന്നത് അരിക്കൊമ്പനാണെന്നത് ഹൃദയഹാരിയായ ഒരു ന്യൂസാണ്. യേ ദോസ്തി ഹം നഹി തോഡേംഗെ. പക്ഷെ ചക്കക്കൊമ്പനെ പടക്കം പൊട്ടിച്ചെറിഞ്ഞ് പേടിപ്പിച്ചോടിച്ച് അരിക്കൊമ്പനെ ഒറ്റപ്പെടുത്തിയാണ് അരിക്കൊമ്പനെ വനംവകുപ്പ്  കൂട്ടിലാക്കിയത്.  എന്തൊരു ക്രൂരതയാണെന്ന് ചിന്തിച്ച് നോക്കുക. സൗഹൃദം തേങ്ങാക്കൊലയാണെന്ന് കേരളത്തിൽ ആകെ വിശ്വസിക്കുന്നത് ശ്യാം പുഷ്കരൻ മാത്രമാണ്. ലാലേട്ടനും പ്രിയദർശനും ആന്റണി പെരുമ്പാവൂരുമടങ്ങുന്ന ഒരു തലമുറ മലയാളിയെ പഠിപ്പിച്ചിരിക്കുന്നത് സൗഹൃദം തേങ്ങാക്കൊലയല്ലെന്നാണ്. ചക്കക്കൊമ്പനിൽ നിന്നും തന്റെ പ്രണയിനിയാനകളിൽ നിന്നും അരിക്കൊമ്പനെ വേർപെടുത്തിയത് പരിപൂർണ വയലൻസാണ്.

അതേ സമയം വിഷയത്തിൽ സ്റ്റേയ്റ്റിനെ പ്രതിനിധാനം ചെയ്യുന്ന വനം മന്ത്രി , വിഷയത്തിൽ പരമാവധി  സ്വകാര്യത പാലിക്കാൻ ശ്രമിച്ചിട്ടുണ്ട്.  സ്വകാര്യത ഈ വിഷയത്തിൽ പരമപ്രധാനമാണല്ലോ. പൊതുജനത്തിന്റെ സംരക്ഷണവും വന്യജീവിസംരക്ഷണവും ഒരു പോലെ പ്രധാനമാണെന്നാണ് മന്ത്രി പറഞ്ഞത്. സംഗതി ഒരു നൂല്പാലത്തിലൂടെയുള്ള യാത്രയാണ്. ഇത്തിരി അങ്ങോട്ട് പോയാൽ പൊതുജനവും ശകലം ഇങ്ങോട്ട് പോയാൽ വന്യമൃഗസ്നേഹികളും രണ്ടിനുമിടയിൽ ബാലൻസ് തെറ്റിയാൽ കോടതിയും  മന്ത്രിയുടെയും സർക്കാറിന്റെയും മുന്നണിയുടെയും പരിപ്പിളക്കും. വി.ഡി. സതീശനും രമേശ് ചെന്നിത്തലയും വരെ പതിവിന് വിരുദ്ധമായി ചില്ലപ്പോൾ യുക്തിഭദ്രമായി എന്തെങ്കിലും പറഞ്ഞ് കളയാൻ സാധ്യതയുണ്ട്. അങ്ങനെ എങ്ങാൻ സംഭവിച്ചാൽ പിന്നെ തീർന്നു എന്ന് കൂട്ടിയാൽ മതി.

ഫോറൻസിക് സർജൻ പായിച്ച അഞ്ച് മയക്കുവെടികൾക്കും അരിക്കൊമ്പന്റെ ശൗര്യം അടക്കാൻ സാധിച്ചില്ല എന്നാണ് ന്യൂസ് റിപ്പോർട്ടുകൾ പറഞ്ഞത്. കുങ്കിയാനകൾ വിരണ്ടുപോയി! എങ്ങനെ വിരണ്ട് പോകാതിരിക്കുമെന്നാണ്. നൂറ്റാണ്ടുകൾ കൊണ്ട് മെരുക്കിയെടുത്ത വൈകാരികതകളെയാണ് വാരിക്കുഴികളില്ലാതെ തളയ്ക്കാൻ ശ്രമിക്കുന്നത്. വെയ്ച്ച മയക്കുവെടികളൊന്നും ആനയുടെ ആരോഗ്യത്തെ ബാധിച്ചിട്ടില്ല എന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ ആനയ്ക്ക് ഒരു കണ്ണിന് കാഴ്ചക്കുറവുണ്ട്. പ്രണയം അന്ധമാണെന്നൊക്കെ കവികൾ പലവട്ടം മനുഷ്യനെ ഓർമിപ്പിച്ചിരുന്നു എന്നത് മറക്കരുത്. അരിക്കൊമ്പന്റെ ഉള്ളിൽ  രാജമാണിക്യവും ലോർഡ് ബൈറണുമെല്ലാം കുടിയിരിക്കുന്നുണ്ട്. അതിനെ ദീർഘകാലത്തേയ്ക്ക് തളയ്ക്കാൻ ശ്രമിക്കുന്നത് അബദ്ധമാണെന്ന് മാത്രമേ ഇപ്പോൾ പറയാൻ സാധിക്കൂ.

No comments:

Post a Comment

അഭിപ്രായങ്ങള്‍ക്ക് സുസ്വാഗതം.
തെറിവിളികള്‍, വ്യക്തിഹത്യ മുതലായവയെ ഒഴിവാക്കുമല്ലോ.
അനോണിമസ് ഓപ്ഷന്‍ തല്‍ക്കാലം ലഭ്യമല്ല. പഴയ പോസ്റ്റുകള്‍ക്ക് കമന്റ് മോഡറേഷന്‍ ഉണ്ട്. സരസമായ ഓഫുകളെ നിരുത്സാഹപ്പെടുത്തുന്നില്ല. മനപൂര്‍‌വം വിഷയത്തില്‍ നിന്നും വഴി തിരിച്ചു വിടുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടേക്കാം.

CopyLeft Information

Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.