Monday, October 14, 2013

പുസ്തകം , പൂജ, ആയുധം ...

 എല്ലാ വര്‍ഷവും ശരാശരി  മലയാളിയുടെ യുക്തിചിന്തയോടുള്ള ഏറ്റവും വലിയ
വെല്ലുവിളി നടക്കുന്ന ദിവസങ്ങളാണ്‌ കഴിഞ്ഞു പോയത്. ഉല്‍സവദിനങ്ങളും
അനുഷ്ഠാനദിനങ്ങളും മറ്റനേകമുണ്ടെങ്കിലും ആരാധനയും ആരാധനാലയ സന്ദരശനങ്ങളും
പതിവു പോലെ നടക്കുമെങ്കിലും അതില്‍ നിന്നുമെല്ലാം വേറിട്ടു
നില്‍ക്കുന്നതാണ്  സരസ്വതീപൂജയും ആയുധപൂജയുമെന്ന്
നിരീക്ഷിക്കേണ്ടിയിരിക്കുന്നു. നാലക്ഷരം പഠിച്ചാല്‍ നന്നാകാമെന്നോ
ഗുണമുണ്ടെന്നോ മലയാളിക്ക് വ്യക്തമായ ബോധമുണ്ട്. അതിനാല്‍ തന്നെ
വിദ്യയോട് അടങ്ങാത്ത ആഗ്രഹബഹുമാനങ്ങളുണ്ട്. സര്‍ക്കാര്‍/എയിഡഡ്
സ്കൂളുകളുടെ പടിക്കകത്ത് നേരിട്ട് പ്രവേശനമുള്ള റിച്വലുകളില്‍ ഒന്നു
കൂടിയാണ്‌ നവമി പൂജ.  അതേ പോലെ നൃത്തസംഗീത-സംഗീതോപകരണ വിദ്യാലയങ്ങളിലും
ഇതിനു പ്രാധാന്യമുള്ളത് കൊണ്ട്  യുവജനോല്‍സവം ഒബ്സെഷന്‍ ആയ സമൂഹത്തില്‍
ഏറെക്കുറെ എല്ലാ പേരും നേരിട്ട് പങ്കെടുക്കുന്ന ഒന്നു കൂടിയാകുന്നു ഇത്,
ജാതിമതഭേദമന്യേ.

അഗ്നോസ്റ്റിക്കുകള്‍ പോലും 'ഓ ഒന്നുമില്ലെങ്കിലും അക്ഷരത്തെ അല്ലേ
പൂജിക്കുന്നത്' എന്ന് എളുപ്പത്തില്‍ ഒഴിവു കഴിവു കണ്ടുപിടിക്കുന്ന
ആചാരങ്ങളിലൊന്നു കൂടിയാണിത്. സാമാന്യേന പുരോഗമനചിന്താഗതിയുള്ളവര്‍ കൂടി
വീണു പോകുന്ന ഏര്‍പ്പാട്.  പല വിധ സ്ഥാപനങ്ങള്‍ നടത്തുന്ന
എഴുത്തിനിരുത്തുല്‍സവങ്ങളില്‍ മടിയിലിരുത്തീയെശുതിക്കുന്ന പ്രഭൃതികളില്‍
പ്രശസ്തരെയും പ്രഗല്‍ഭരെയും പുരോഗമനവാദികളെയും എന്നു വേണ്ട  പ്രഖ്യാപിത
നിരീശ്വരവാദികളെ വരെ കണ്ടെന്നിരിക്കും

യുക്തിയെ കൈവിടാതെ കൊണ്ടു നടക്കാനാഗ്രഹിക്കുന്നവര്‍ പ്രത്യേകം
ചിന്തിക്കുക. പൂജിച്ചാലും ഇല്ലെങ്കിലും റിച്വലുകളില്‍ പങ്കെടുത്താലും
ഇല്ലെങ്കിലും വിദ്യ വരികയോ പോവുകയോ ഇല്ല. ഒരു തലമുറയുടെ വിദ്യാഭ്യാസ
സാധ്യതകളെ, അതിന്റെ നിലവാരത്തെ ആകെത്തുകയായി ബാധിക്കുന്ന ഘടകങ്ങള്‍ -
പരിസരത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അവൈലബളിറ്റി, സര്‍ക്കാര്റിന്റെ
വിദ്യാഭ്യാസനയങ്ങള്‍, അധ്യാപകരുടെ നിലവാരം, ഫീസ് മുതലായ സാമ്പത്തിക
പരിഗണനകള്‍ , സമൂഹത്തിന്റെ മൊത്തത്തിലുള്ള കാഴ്ചപ്പാടും നീതിബോധവും,
രക്ഷിതാക്കള്‍ എന്ന നിലയില്‍ ‍ ഓരോ വ്യക്തിയുടെയും കാഴ്ചപ്പാടും
ഇടപെടലുകളും, വിദ്യാര്‍ത്ഥികളുടെ അര്‍പ്പണബോധവും ലക്ഷ്യബോധവും, വായനശാല
മുതലായവയുടെ സാന്നിദ്ധ്യം ഇവയൊക്കെയാണ്. ഇതൊക്കെ ഡിറ്റര്‍മിനിസ്റ്റിക്കായ
പരാമീറ്ററുകളാണ്. ഇവയെ ഗുണപരമായ രീതിയില്‍ മാറ്റിയെടുക്കുക
സാധ്യമാകുന്നത് രാഷ്ട്രീയവും സാമൂഹ്യവുമായ ചിന്തകളിലൂടെയും
പ്രവര്‍ത്തികളിലൂടെയുമാണ്.  ഇനി വ്യക്തിക്കു/കുടുംബത്തിനു സംഭവിക്കുന്ന
അപകടങ്ങള്‍ , ദുരനുഭവങ്ങള്‍ മുതലായവ വിദ്യാഭ്യാസത്തെ ബാധിക്കുന്ന
അണ്‍ഡിറ്റര്‍മിനിസ്റ്റിക് ആയ ഘടകങ്ങള്‍ പുസ്തകങ്ങള്‍ പൂജിക്കാന്‍
വെച്ചാലും ഇല്ലെങ്കിലും പ്രത്യേകിച്ച് മാറ്റം സംഭവിക്കാത്ത കാര്യവുമാണ്.
ഒരു പ്രത്യേക ദിവസം  പ്രഗല്‍ഭന്റെ മടിയിലിരുത്തി എഴുതിത്തുടങ്ങിയത്
കൊണ്ട് മാത്രം  ഒരു കുട്ടിയുടെ വിദ്യാസമ്പന്നത കൂടാനോ കുറയാനോ
പോകുന്നില്ല.

അല്ലെങ്കില്‍ തന്നെ പുസ്തകങ്ങളെ സാമാന്യേന അങ്ങനെ പൂജിക്കാന്‍ മാത്രമായി
ഒന്നുമില്ല. എനി ബുക് ഈസ് ഏസ് ഗുഡ് ഏസ് ഇറ്റ്സ് കണ്ടന്റ്സ്‌.
ഉള്ളടക്കത്തിന്റെ മേന്മയേ പുസ്തകത്തിനുമുള്ളൂ. നല്ല കണ്ടന്റുള്ള
പുസ്തകത്തോട് ചെയ്യാനുള്ള പൂജ അത് വായിക്കുക എന്നത് മാത്രമാണ്.
 മേല്‍പറഞ്ഞ വസ്തുതകളൊക്കെ പണിയായുധങ്ങള്‍ക്കും ബാധകമാണ്. മണ്‍‌വെട്ടി
മുതല്‍ കമ്പ്യൂട്ടര്‍ വരെയുള്ള തൊഴിലായുധങ്ങളും ചെണ്ട മുതല്‍ കീബോഡ്
വരെയുള്ള സംഗീതോപകരണങ്ങളും അത് ഡിസൈന്‍ ചെയ്ത രീതിയില്‍
പ്രവര്‍ത്തിച്ചോളും. മെയിന്റനന്‍സ് ഇടക്കിടെ നല്ലതാണ്‌.അതിനു പക്ഷേ
തീര്‍ത്തും ഭൗതികമായ ഇടപെടലുകള്‍ മാത്രം മതി.

വ്യക്തികള്‍ക്ക് ഇടക്കിടെ തൊഴിലില്‍ നിന്നും പഠിത്തത്തില്‍ നിന്നും ഒരു
ചെറു ബ്രേക്ക് എടുത്ത് വീണ്ടും ഒന്നേന്ന് തുടങ്ങാന്‍ ആഗ്രഹം തോന്നുന്നത്
സ്വാഭാവികമാണ്‌. അത് അവനന്വനു വേണ്ടപ്പോള്‍ സാഹചര്യത്തിനനുസരിച്ച്
അവനന്വന്‍ തീരുമാനിച്ച് ചെയ്യേണ്ടതാണ്‌. അല്ലാതെ അതിനു  ഒരു മാസ്
ഹിസ്റ്റീരിയയുടെ ആവശ്യമില്ല.

യുക്തി പുലരട്ടെ.

No comments:

Post a Comment

അഭിപ്രായങ്ങള്‍ക്ക് സുസ്വാഗതം.
തെറിവിളികള്‍, വ്യക്തിഹത്യ മുതലായവയെ ഒഴിവാക്കുമല്ലോ.
അനോണിമസ് ഓപ്ഷന്‍ തല്‍ക്കാലം ലഭ്യമല്ല. പഴയ പോസ്റ്റുകള്‍ക്ക് കമന്റ് മോഡറേഷന്‍ ഉണ്ട്. സരസമായ ഓഫുകളെ നിരുത്സാഹപ്പെടുത്തുന്നില്ല. മനപൂര്‍‌വം വിഷയത്തില്‍ നിന്നും വഴി തിരിച്ചു വിടുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടേക്കാം.

CopyLeft Information

Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.