Sunday, July 12, 2009

ആരാണ്ടാ ലാലണ്ണനെ അപവാദം പറയണത്?

രാമൻ നായെഴ്സ് ചായക്കടയിലിരുന്ന് പ്രാദേശികകവി ശശിയണ്ണൻ വിനമ്രതകുനമ്രിതനായി.
കൈയിലിരുന്ന ചായഗ്ലാസ്സ് വലിച്ചെറിഞ്ഞ് ചാടി അറ്റൻഷൻ ആയി ടിവിയിൽ നോക്കി സല്യൂട്ട് അടിച്ചു.

“ലെഫ്റ്റനന്റ് കേണൽ ലാലണ്ണൻ, ആക്സപ്റ്റ് ഔവർ നാഷൻസ് സല്യൂട്സ്....
വീർ തും ബഡേ ചലോ ധീർ തും ബഡേ ചലോ“

“ഡേയ് ഡേയ് നീയെന്തരടേ കെടന്ന് തുള്ളണത്...“

“അണ്ണാ രോമാഞ്ചം രോമാഞ്ചം. നമ്മടെ ലാലണ്ണനെ പട്ടാളത്തിലെടുത്തണ്ണാ...”

“അതിനു നീയെന്തിനെടേ തുള്ളണത്? ആദ്യായിട്ടാണോ ആരേങ്കിലും പട്ടാളത്തിൽ എടുക്കുന്നത്?”

“അതല്ലണ്ണാ... മലയാ‍ളം സിനിമയിൽ പട്ടാളക്കാരനായി അഭിനയിച്ചതിനാ അണ്ണനെ പട്ടാളത്തിൽ എടുത്തത്.”

“ഓഹോ . അപ്പോ ബോയിംഗ് ബോയിംഗിൽ അഭിനയിച്ചതിനു അങ്ങേരെ ആസ്ഥാന പൂവാലനായും സ്പടികത്തിലും ദേവാസുരത്തിലും അഭിനയിച്ചതിന് ഗുണ്ടയായും പ്രഖ്യാപിക്കുമാരിക്കും ല്യോ?”

“അതല്ലണ്ണാ യുവതലമുറക്ക് ആവേശമുൾക്കൊള്ളാൻ വേണ്ടി സിനിമകളിൽ അഫിനയിക്കുന്ന ആളല്യോ മമ്മൂക്കായും മോഗൻലാലും”

“എൺപതുകളിലും തൊണ്ണൂറുകളിലും സാധാരണക്കാരനായ മനുഷ്യനെ അവതരിപ്പിച്ച കാലത്തൊന്നും അങ്ങേരെ ആരും എന്തേ പരിഗണിക്കാത്തത്? കീർത്തിചക്രയും നരസിംഹവുമാണോ ലാലണ്ണന്റെ മികച്ച ചിത്രങ്ങൾ?“

ഇത്രയും ആയപ്പോൾ ചാ‍യക്കടക്കാരൻ രാമന്നായരദ്ദേഹം പ്രശ്നം ഗുരുതരം എന്നു കണ്ട് ഇടപെട്ടു.

“ഡേയ് ഡെയ് കാര്യം ഒക്കെ ശരി. ഞങ്ങടെ കണിമംഗലം കൊട്ടാരത്തിലെ ആറാം തമ്പുരാനെ കളിയാക്കിയാൽ വിവരം അറിയും. ഒരു ദേശത്തിന്റെ മൊത്തം പ്രതീക്ഷയുമാണ് അദ്ദേഹമെന്ന് നിനക്കൊക്കെ അറിയാമോടേ? ദേവീടെ ക്ഷേത്രം പുനരുദ്ധരിക്കാനും വർഷങ്ങളായി മുടങ്ങിക്കിടന്ന ഉത്സവം നടത്താനുമായി അവതാരം കൊണ്ട നരസിംഹരൂപമാണാ തിരുവടികൾ. നിനക്കൊക്കെ അറിയാമോ?”

“അങ്ങനെ പറഞ്ഞ് കൊടുക്കെന്റെ രാമന്നായരേ. മുറിവേറ്റ സവർണഹൃദയത്തിന്റെ തേങ്ങലുകളാണ് പുള്ളി എന്നു പറഞ്ഞാൽ എവനൊക്കെ മനസിലാവുമോ? പണ്ടൊരിക്കൽ ചിരിയാഗഞ്ചിലിലെ ഒരു ചായക്കടയിൽ ജോലിക്കു തടസമാകുമെന്നു വനപ്പോൾ പൂണൂൽ പൊട്ടിച്ചെറിഞ്ഞു പിന്നീടെപ്പോഴോ രണ്ട് തുള്ളി കണ്ണുനീരും ചേർത്ത് യമുനയിൽ നിക്ഷേപിച്ചെങ്കിലെന്താ? മനസിൽ ഇപ്പോഴും ബ്രാഹ്മണ്യത്തിന്റെ ശുദ്ധിയും മുറയും കാത്തു സൂക്ഷിക്കുന്നുണ്ട്. ആ‍വണപ്പലകയിലിരുത്തി അച്ഛൻ ചൊല്ലിത്തന്ന മന്ത്രങ്ങൾ മറന്നിട്ടുമില്ല. (ബാക്ഗ്രണ്ടിൽ മ്യൂസിക് ഉയരുന്നു : “യസ്യാം സമുദ്രാ“).“

“അതന്നെ കാര്യം... സംവരണം കൊണ്ട് ജോലി കിട്ടിയ ദളിതന്റെ മുന്നിൽ കുമ്പിട്ടു നിൽക്കേണ്ട സവർണന്റെ മനോവേദന എന്തെന്ന് നിങ്ങൾക്കറിയാമോ?“

“രാമന്നായര് പറഞ്ഞതാ അതിന്റെ ശരി. മസിലു കാട്ടി പെണ്ണിനെ വളയ്ക്കുന്ന, ശാസ്ത്രീയ സംഗീതം അറിയാവുന്ന, അസുരനിഗ്രഹകനായ ഞങ്ങടെ വിഗ്രഹത്തെ തൊട്ടാൽ തൊട്ടവൻ വിവരം അറിയും. കെട്ടോടാ രാജ്യദ്രോഹീ”

അങ്ങനെ അക്കാര്യത്തിൽ ഒരു തീരുമാനമായി ചായക്കട സമ്മേളനം പിരിഞ്ഞു. സ്ഥലത്ത് വീണ്ടും സമാധാനം പുലർന്നു. കൊച്ചു നീലാണ്ഠൻ ഉച്ചത്തിൽ അമറി. രാമന്നായർ പാറുക്കുട്ടിയുടെ പള്ളക്ക് രണ്ടേറും വച്ചു കൊടുത്തു.
“മിണ്ടാതിരിയെടീ പെണ്ണേ”


****
ആനവാൽ:-

നായികയുടെ കണ്ണിൽ നോക്കി അവളെ ഇഷ്ടമാണെന്ന് തുറന്ന് പറയുന്ന, ഇഷ്ടപ്പെട്ട പെണ്ണിനെയും കൊണ്ട് ഐറ്റം ഡാൻസ് കളിക്കുന്നതിനു പകരം അവളെ ചുണ്ടുകളിൽ ചുംബിക്കുന്ന, പ്രേമിക്കുന്ന പെണ്ണിനെ കല്യാണം കഴിക്കാൻ ഗുരുവായൂരപ്പന്റെ ബ്രോക്കർ പണിയും കുമ്പിടി ഗണിക്കുന്ന ജാതകപ്പൊരുത്തവും ആവശ്യമില്ലാത്ത നായകൻ എന്നാണാവോ മലയാളം സിനിമയിൽ ഉണ്ടാകുന്നത്!

39 comments:

  1. നായികയുടെ കണ്ണിൽ നോക്കി അവളെ ഇഷ്ടമാണെന്ന് തുറന്ന് പറയുന്ന, ഇഷ്ടപ്പെട്ട പെണ്ണിനെയും കൊണ്ട് ഐറ്റം ഡാൻസ് കളിക്കുന്നതിനു പകരം അവളെ ചുണ്ടുകളിൽ ചുംബിക്കുന്ന, പ്രേമിക്കുന്ന പെണ്ണിനെ കല്യാണം കഴിക്കാൻ ഗുരുവായൂരപ്പന്റെ ബ്രോക്കറെജും കുമ്പിടിയുടെ ജാതകപ്പൊരുത്തവും ആവശ്യമില്ലാത്ത നായകൻ എന്നാണാവോ മലയാളം സിനിമയിൽ ഉണ്ടാകുന്നത്!

    ReplyDelete
  2. കീര്‍ത്തിചക്ര ഒന്നിലധികം തവണ കണ്ട പ്രേക്ഷകര്‍ക്ക് കരസേനയില്‍ മുന്‍‌പരിഗണന ലഭിച്ചേക്കും. ഒഴിവുസമയങ്ങളില്‍ അതിര്‍ത്തിയിലെവിടെയെങ്കിലും പോയി ഒരു പാക്കിസ്ഥാനിയെയെങ്കിലും വെടിവെച്ചിടുന്നവര്‍ക്ക് ഭാരതരത്നവും കൊടുത്തുകളയും ഫ പുല്ലേ, ആരുണ്ടിവിടെ ചോദിക്കാന്‍?

    അഭിവാദ്യങ്ങളോടെ

    ReplyDelete
  3. നാടിനു വേണ്ടി വല്ലതും ചെയ്യാന്‍ അങ്ങേരെ അനുവദിയ്ക്കെന്നേ...
    അറ്റ്‌ലീസ്റ്റ് ജന്മനാടിനോട് ഉള്ള ആദരവു കൊണ്ടല്ലേ ഇതിനൊക്കെ ഇറങ്ങിയത് എന്നെങ്കിലും ഓര്‍ത്താല്‍ പോരേ ഈ പ്രശ്നമുണ്ടാക്കുന്നവര്‍ക്ക്?

    ReplyDelete
  4. ഈ സിനിമകള്‍ കണ്ട് കണ്ട്, നാട്ടുകാരു മുഴുവന്‍ ഓടി പോയി പട്ടാളത്തില്‍ ചേരട്ടേന്നു കരുതി ഇത്രേം ബുദ്ധിമുട്ടിയിട്ട്, നിങ്ങളൊക്കെ ഇപ്പോ ഇങ്ങിനെയായാലെങ്ങനെയാ?

    ReplyDelete
  5. മോഹന്‍ ലാലിലേക്കും മമ്മൂട്ടിയിലേക്കും മലയാള സിനിമയെ ചുരുക്കി ചിന്തിക്കാതിരിക്കുക.സിനിമ ബിസ്നെസ്സാണെങ്കില്‍ തന്നെ ഇവരുടെ കൈയ്യില്‍ മാത്രം അതിനെ ഏല്പിക്കാതിരിക്കുക.ഇന്ത്യന്‍ വാണിജ്യം റിലയന്‍സിന്റെ കുത്തകയായിക്കഴിഞ്ഞാല്‍ എന്താണ് സംഭവിക്കുകയെന്നൂഹിക്കുക.
    കേരളാനുഭവം വെച്ചു പറയുകയാണെങ്കില്‍ പിണറായിയിലും അച്ചുതാനന്ദനിലും ഫോക്കസ് ചെയ്ത സി.പി.ഐ(എം)ന്റെ അവസ്ഥ ആലോചിച്ചാല്‍ മതി.ഒന്നിലും ഒരാളിലും ഒന്നും കേന്ദ്രീകരിക്കാന്‍ പാടില്ല.

    ReplyDelete
  6. Et tu, Brute?

    നരസിംഹം കണ്ടില്ലേ?? അതില്‍ ഐറ്റം ഡാന്‍സ് കളിക്കാതെ സ്നേഹിക്കുന്ന പെണ്ണിനോട് എന്റെ കൊച്ചുങ്ങളേ പെറ്റു വളര്‍ത്താന്‍ താല്പര്യം ഉണ്ടേല്‍ കേറിക്കോ എന്നു പറഞ്ഞതു ശ്രദ്ധിച്ചില്ലെ :) നമുക്കു പാര്‍ക്കാന്‍ മുന്തിരി തോപ്പുകളില്‍ സ്നേഹിച്ച പെണ്ണിനെയും പൊക്കിയെടുത്തോണ്ട് പോയതു കണ്ടില്ലേ??

    ഇപ്പോല്‍ എല്ലാരുടേയും പ്രശ്നം ലാലേട്ടന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേര്‍ന്നതാണോ?? ഈ ബ്ലോഗില്‍ എഴുതുന്ന ഏതെലും ഒരുത്തനു ആപ്ലിക്കേഷന്‍ പോലും കൊടുക്കാന്‍ കഴിയ്മോ... സൊ ലെറ്റ് ഇറ്റ് ബീ മാന്‍

    ReplyDelete
  7. നമ്മുക്ക് സഖാവ് രാജീവ് ചേലനാട്ടിനെ പോലെ ചിന്തിക്കാം..

    പാക്ക് പട്ടാളക്കാരുടെ വെടിയേറ്റു മരിച്ചു വീട്ടില്‍ വരുന്ന സൈനികരെ "വല്ല കാര്യവും ഉള്ള കാര്യതിനാണോ.. ഇതൊക്കെ??" എന്ന് ചോദിച്ചു യുക്തിബോധം ഉയര്‍ത്താം..

    ദേശത്തിന് വേണ്ടി സിനിമയില്‍ ആണെങ്കില്‍ കൂടി നല്ല സന്ദേശം പ്രചരിപ്പിച്ചാല്‍.. "ദേശസ്നേഹം!! മണ്ണാങ്കട്ട!!" എന്ന് പറഞ്ഞു പരിഹസിക്കാം.. കാരണം,,, നമ്മുടെ സ്വാതന്ത്ര്യം എന്നത് സഖാക്കള്‍ നേടിതന്നതല്ലേ?? അവര്‍ തന്നെ സംരക്ഷിചോളും!!!

    നമ്മുക്ക് വിപ്ലവത്തെ കുറിച്ച് മാത്രം ചിന്തിക്കാം.. ചിന്തിക്കുക മാത്രമല്ലേ കഴിയൂ..

    ReplyDelete
  8. സത ചേട്ടോ.. ആ പരിപാടിയേക്കാളും നല്ല ഒരു പരിപാടി വേറേ ഉണ്ട്. ഇലക്ഷനിൽ ജയിക്കില്ലാന്നു തോന്നിയാൽ എങ്ങനേലും കുത്തിത്തിരുപ്പുണ്ടാക്കി ഒരു യുദ്ധം ഉണ്ടാക്കി കുറേ പട്ടാളക്കാരെ അങ്ങ് കുരുതി കൊടുക്കാം. ദേശസ്നേഹത്തിന്റെ പേരും പറഞ്ഞ് വോട്ടും കിട്ടും അവസാനം ബലി കഴിക്കപ്പെട്ടവരുടെ ശവപ്പെട്ടി വാങ്ങുന്ന കാശിൽ കൈയിട്ടു വാരി കീശ നിറക്കുകയും ചെയ്യാം. ഏത്??? മരിച്ചു പോയവർക്കും അവരുടെ വേണ്ടപ്പെട്ടവർക്കും മാത്രമല്ലേ അപ്പോൾ നഷ്ടം ഉള്ളൂ...
    ച്യാട്ടൻ തൽക്കാലം വിട്ടുപിടി

    ReplyDelete
  9. മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ പട്ടാളം എങ്ങനെ എഴുന്നള്ളിച്ചാലും പട്ടാളം എന്നും പട്ടാളം തന്നെയാണ്..
    മലയാളിയുടെ മനോഭാവം ഒരു സിനിമാ നടന്റെ ഇടപെടല്‍ മൂലം മാറാന്‍ ആരാധന രക്തത്തില്‍ അലിഞ്ഞ ദ്രാവിഡ തമിഴ്‌ മക്കളെ പോലെ അല്ലല്ലോ ഇന്നത്തെ മലയാളി..
    ഇവിടെ റിക്രൂട്ട്മെന്റുകള്‍ നടത്തിയിട്ട് ആളെ കിട്ടാതെ എന്നെങ്കിലും ആയിട്ടുണ്ടോ..?
    ഓടിത്തളര്‍ന്നു ആളുകള്‍ ജോലി കിട്ടാതെ എത്ര മടങ്ങുന്നു..!
    അതിനിങ്ങനെ ഒരു അവതാരത്തിന്റെ ഒന്നും ആവശ്യമില്ല..
    മോഹന്‍ലാല്‍ എന്നാ മഹാ നടനോടുള്ള ബഹുമാനത്തോടെ തന്നെയാണ് പറയുന്നത്.
    കേരളത്തിലെ സ്ഥിതി അറിയുന്ന ഒരു വിഡ്ഢിയും പറയില്ല മോഹന്‍ലാല്‍ കേണല്‍ ആയതു കൊണ്ട് അദ്ദേഹം പറഞ്ഞത് കൊണ്ട് കൂടുതല്‍ ആളുകള്‍ പട്ടാളത്തില്‍ ചേരുമെന്ന്..!

    ReplyDelete
  10. ആരാണ്ട്രാ...
    എന്താണ്ട്രാ...

    :)

    ReplyDelete
  11. ഇന്നും മോഹന്‍ലാലും മമ്മൂട്ടിയും അഭിനയിച്ച സിനിമ വരുമ്പോള്‍ നേരിട്ട് തീയേറ്ററില്‍ പോയി കാണുകയും മറ്റുള്ളവരുടെ സിനിമ സി.ഡി. ഇട്ടു കാണുകയും ചെയ്യുന്നവരുടെ (എല്ലാവരും അല്ല) നാടാണ് നമ്മുടേത്. ഇവര്‍ക്ക് പ്രായമായെന്ന് സ്വയം തോന്നേണ്ട കാര്യമില്ല. കാരണം അച്ഛന്‍ നടന്മാര്‍ക്ക് പ്രതിഫലം നായകരെ അപേക്ഷിച്ച് കുറവല്ലേ. അപ്പോള്‍ പയ്യന്‍ നടന്മാരുടെ പടങ്ങള്‍ കണ്ടു ഹിറ്റാക്കിയാല്‍ ഇവരുടെ പടങ്ങള്‍ ഇന്ന് കാണുന്ന രീതിയില്‍ നിന്ന് മാറും. (ഞാന്‍ ലാല്‍ ഫാന്‍ ആണ് എങ്കിലും)... പ്രിഥ്വി രാജും ദിലീപും മനോജ്‌ കെ.ജയനും ഒക്കെ തകര്‍ത്താടട്ടെ. ഇവര്‍ അപ്പന്‍ അപ്പൂപ്പന്‍ അമ്മാവന്‍ തുടങ്ങിയ വേഷങ്ങളും കൈകാര്യം ചെയ്യട്ടെ.

    ReplyDelete
  12. ഒരു സിനിമ നടന്‍ ആയി എന്ന കാരണത്താല്‍ ലാലിന് ടെറിട്ടോറിയല് ആര്‍മിയില്‍ ചേരാന്‍ പാടില്ല എന്നില്ലല്ലോ .. ഇതിത്ര വിവാദം ആക്കേണ്ട ആവശ്യം എന്ത് ? മാത്രമല്ല വേറെ മേഖലയില്‍ വര്‍ക്ക്‌ ചെയ്യുന്നവര്‍ക്കും സൈന്യത്തെ സേവിക്കാം എന്ന് പലര്‍ക്കും ഇപ്പോഴാണ് വ്യക്തമായത് .. അതിനാല്‍ ഇത് പോസിറ്റീവ് ആയ നല്ലൊരു പ്രചാരണം തന്നെയാണ് ...

    നെഗറ്റീവ് മാത്രം കണ്ടെത്താതെ പോസിറ്റീവ് ആയ കാര്യങ്ങള്‍ കൂടി ഇതില്‍ ഉണ്ടെന്നു ദയവായി മനസ്സിലാക്കൂ , ഇതിനു മുന്‍പ് ടെറിട്ടോറിയല് ആര്‍മിയെ പറ്റിയും അതില്‍ ചേരുന്ന രീതിയെ പറ്റിയും മലയാളികള്‍ എത്ര പേര്‍ക്ക് അറിയാമായിരുന്നു ...?

    എന്തിനും കുറ്റം കണ്ടെത്തുക എന്നത് മലയാളികളുടെ ഒരു ദുശ്ശീലം ആണ് ,ഇതു കാര്യവും രാഷ്ട്രീയമായ കണ്ണിലൂടെ മാത്രം കാണാന്‍ ശ്രമിക്കുന്ന , മുച്ചൂടും രാഷ്ട്രീയ അന്ധത ബാധിച്ച ഒരു ജന സമൂഹത്തില്‍ നിന്ന് മറ്റെന്തു പ്രതീക്ഷിക്കാന്‍ ..?

    ReplyDelete
  13. I would agree with Faizal... good reply bhai...

    I haven't heard about this till now. atleast I heard it now.. but I dont think Mohanlal did this for serving country.. its all for news for them.. making more money. still if its is good for many.. I would close one eye.... :)

    ReplyDelete
  14. ഫൈസൽ ജീ,
    രാഷ്ട്രീയം ഉൾപ്പെട്ട വിഷയങ്ങളെ രാഷ്ട്രീയമായി കാണാനും വിലയിരുത്താനും കഴിയുന്നത് ദുഃശ്ശീലമല്ല, നല്ല ശീലമാണ് കേട്ടോ.

    മുച്ചൂടും മതാന്ധത ബാധിച്ച് മതമേലാളന്മാർ പറയുന്നതെന്തും വിശ്വസിച്ച് രാഷ്ട്രത്തെ മൊത്തം അന്ധതയിലേക്ക് തള്ളിവിടാതിരിക്കാൻ തലമുറകൾ രാ‍ഷ്ട്രീയവും സാമൂഹ്യവും ആയി ഒക്കെ ചിന്തിക്കേണ്ടതുണ്ട്. സമൂഹം അരാഷ്ട്രീയമാവേണം എന്ന് ചിലർ ചിന്തിക്കുന്നതിനു പിറകിലെ കാരണം എന്തെന്ന് മനസിലാക്കാൻ അധികം കഷ്ടപ്പെടുകയൊന്നും വേണ്ട.

    സൂപ്പർതാരങ്ങൾ പറയുന്നത് കേട്ട് പട്ടാളത്തിൽ ചേരാൻ മാത്രം മണ്ടന്മാരാണ് മലയാളികൾ എന്നു വിശ്വസിക്കുകയാണെങ്കിൽ അവർ പറയുന്നത് കേട്ട് “വൈകിട്ടത്തെ പരിപാടി” യുടെ അജണ്ടയും മലയാളികൾ നിശ്ചയിച്ചു തുടങ്ങും എന്നു കരുതേണ്ടി വരും. അങ്ങിനെ പബ്ലികിനെ ഇൻഫ്ലുവൻസ് ചെയ്യുന്ന മനുഷ്യൻ അല്ല താനെന്ന് മോഹൻലാൽ തന്നെ മുൻപ് പറഞ്ഞിട്ടുണ്ട് കെട്ടോ.

    രാഷ്ട്രീയം പറയേണ്ടിടത്ത് രാഷ്ട്രീയം പറഞ്ഞിരിക്കും

    ReplyDelete
  15. കാല്‍വിന്‍ ജി,

    അതെ.. അങ്ങനെ തന്നെ വേണം.. ആര് എന്ത് ചെയ്താലും നാം രാഷ്ട്രീയം മാത്രം പറയണം!! ചൈന ഇന്ത്യയെ ആക്ക്രമിക്കുംബോളും നാം രാഷ്ട്രീയം പറഞ്ഞു രാജ്യത്തിന് വേണ്ടി ചാകുന്നവരെ പരിഹസിക്കണം..!

    ആ അരുണാചലോ സിക്കിമോ ഒക്കെ ചൈനയ്ക്കു കൊടുത്തിരുന്നെങ്കില്‍ ഇതൊക്കെ ഒഴിവാക്കാന്‍ വയ്യാരുന്നോ എന്ന് 'നിഷ്കളങ്കമായി' ചോദിക്കുക..

    രാജ്യം എന്താണെന്നും രാജ്യ താല്പര്യം എന്താണെന്നും പഠിക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ക്ക് അതൊക്കയെ ചെയ്യാന്‍ കഴിയൂ.. അത് വല്ലവന്‍ പറഞ്ഞാന്‍ അവനിട്ട് ഒരു കൊട്ട് കൊടുക്കുക..

    നമ്മുടെ രാജ്യത്തെ സംരക്ഷിക്കാന്‍ വാ തോരാതെ സംസാരിക്കുന്ന സഖാക്കള്‍ ഉണ്ടല്ലോ?? അത് പോരെ?? അന്തോനിച്ചായനെ പോലുള്ളവര്‍ ചിലവാക്കുന്ന കാശ്‌ വല്ല വാട്ടര്‍ തീം പാര്‍ക്കും ആക്കിയാല്‍ അത്രെയും ആയി!!

    മോഹന്‍ലാലിനെ പോലെ ജനസമ്മതി ഉള്ളവര്‍ ഇത്തരം കാര്യങ്ങളിലൂടെ മറ്റൊരു രീതിയില്‍ രാജ്യസ്നേഹം ഉണര്തുകയാണ് ചെയ്യുന്നത്.. കപില്‍ ദേവ് രണ്ടു വര്ഷം മുന്‍പ് ചേര്‍ന്നിരുന്നു.. നടന്‍ നാനാ പടേക്കര്‍ അതിനായി കാത്തിരിക്കുന്നു..

    ഫൈസല്‍ താങ്കള്‍ നല്ല രീതിയില്‍ ചിന്തിക്കുന്നു..

    ReplyDelete
  16. പ്രിയ സത,

    “രാഷ്ട്രീയം“ എന്ന വാക്കിന്റെ അർത്ഥം എങ്കിലും പഠിച്ചിട്ട് പോരേ വാചാടോപം?

    ReplyDelete
  17. cALviN::കാല്‍‌വിന്‍ ,
    ഞാന്‍ രാഷ്ട്രീയം എന്ന് ഇവിടെ ഉദ്ദേശിച്ചത് .. കക്ഷി രാഷ്ട്രീയത്തെ ക്കുറിച്ചാണ് .. അതായത് ഇതു കാര്യം വരുമ്പോഴും, അത് ആര് കൊണ്ട് വരുന്നു , അതിനു പിന്നിലെ കൊടിയുടെ നിറം എന്ത് എന്ന് മാത്രം നോക്കി എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്യുന്ന ആളുകള്‍ കേരളത്തില്‍ വിരളം ആണോ ? നെഞ്ചില്‍ കയ്യ്‌ വെച്ച് താങ്കള്‍ ഒന്ന് പറയൂ
    തലമുറകൾ രാ‍ഷ്ട്രീയവും സാമൂഹ്യവും സാംസ്കാരികവും മതപരവും ആയി ഒക്കെ ചിന്തിക്കേണ്ടതുണ്ട്.,

    കക്ഷി രാഷ്ട്രീയത്തിന്റെ ജീര്‍ണതകളെ ചോദ്യം ചെയ്യുമ്പോഴേക്കും അരാഷ്ട്രീയവാദി എന്നൊക്കെ വിളിച്ചു ആക്ഷേപിക്കുന്നതിനു മുമ്പ് , ഇന്ന് കേരളത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന വ്യക്തി കേന്ദ്രീകൃതമായ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ അപഹാസ്യ മുഖം ഒന്ന് വീക്ഷിക്കുന്നത് നന്ന് . മുന്‍പ് വലതു പക്ഷത്തു ഉണ്ടായ മന്ത് ഇന്ന് ഇടതു കാലിലേക്ക് മാറിയിരിക്കുന്നു എന്ന് മാത്രം .. ഇതില്‍ മടുത്തു ആരെങ്കിലും കക്ഷി രാഷ്ട്രീയ ജീര്‍ണതക്കെതിരെ പറഞ്ഞാല്‍ ഉടനെ അവനെ അരാഷ്ട്രീയവാദിയാക്കണം കേട്ടോ ...

    നല്ല കാര്യങ്ങളെ കാശി രാഷ്ട്രീയം നോക്കാതെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യാനുള്ള കഴിവ് എന്ന് മലയാളിക്കു കൈ വരുന്നോ അന്നേ അവന്‍ വളരുകയുള്ളൂ

    ReplyDelete
  18. ഫൈസൽ ജീ,
    ഇതൊരു കക്ഷിരാഷ്ട്രീയ പോസ്റ്റ് ആയിട്ടാണ് താങ്കൾ വായിച്ചതെങ്കിൽ കൂടുതൽ ഒന്നും പറയുന്നില്ല. വായനക്കാർക്ക് അവരവരുടെ ഇഷ്ടം പോലെ വ്യാഖ്യാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്.

    വിഷയത്തിൽ നിന്നും തൽക്കാലം വ്യതിചലിക്കാൻ ഉദ്ദേശിക്കുന്നില്ല.

    ReplyDelete
  19. കാല്‍വിന്‍ ജി,

    രാഷ്ട്രീയം എന്നത് താങ്കള്‍ വിവരിക്കുമല്ലോ.. അപ്പോള്‍ എന്റെ തെറ്റുകള്‍ മനസ്സിലാക്കാം..

    മോഹന്‍ലാല്‍ കേണലാകുന്നത് എന്തിനു എന്ന് ചോദിക്കുബോള്‍ അത് നെഗറ്റീവ് ആകുന്നു. കേണല്‍ ആയാല്‍ ആര്‍ക്കും ചേതം ഒന്നും ഇല്ലല്ലോ.. എന്തിനേയും പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്താല്‍ ബല്യ പുള്ളി ആകും എന്ന് ചിലര്‍ ധരിക്കുന്നു.. അവര്‍ക്കെതിരെ ആണ് ഞാന്‍ പ്രതികരിച്ചത്.. താങ്കള്‍ അതില്‍ ഉള്‍പ്പെടുന്നു എന്ന് പ്രതികരണം മനസ്സിലാക്കി തന്നു.

    ഇനി രാഷ്ട്രീയം എന്തായാലും രാജ്യ താല്പര്യങ്ങള്‍ വരുമ്പോള്‍ ഉപേക്ഷിക്കുക തന്നെ ചെയ്യണം. ഇതില്‍ എന്താണ് രാഷ്ട്രീയം അല്ലെങ്കില്‍ കുഴപ്പം എന്ന് അങ്ങോട്ട്‌ ചോദിക്കേണ്ടി വരും.. കാരണം, എന്റെ കമെന്റിനു താങ്കള്‍ രാഷ്ട്രീയമാണ് മറുപടി തന്നത്..!

    അതോ ചരിത്രം, സാമ്പത്തികം, രാജ്യതാല്പര്യം, സാമൂഹികം, സിനിമ, വര്‍ഗീയത, ഭീകരത, തുടെങ്ങി കഞ്ഞിയിലും ഉപ്പിലും രാഷ്ട്രീയം പറയുന്ന പോലെ പറഞ്ഞതാണോ ഇതും? സംശയം..!!

    ReplyDelete
  20. പ്രിയ സത,

    [[“കാരണം, എന്റെ കമെന്റിനു താങ്കള്‍ രാഷ്ട്രീയമാണ് മറുപടി തന്നത്..!“]]

    താങ്കൾ ഇവിടെ സ്റ്റേറ്റ് ചെയ്തിട്ടു പോയവക്കുള്ള മറുപടിയേ തന്നിട്ടുള്ളൂ. അത് പോസ്റ്റുമായി നേരിട്ട് ബന്ധം ഉള്ളതല്ലെങ്കിൽ പോലും.

    [[“എന്തിനേയും പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്താല്‍ ബല്യ പുള്ളി ആകും എന്ന് ചിലര്‍ ധരിക്കുന്നു.. അവര്‍ക്കെതിരെ ആണ് ഞാന്‍ പ്രതികരിച്ചത്.. താങ്കള്‍ അതില്‍ ഉള്‍പ്പെടുന്നു എന്ന് പ്രതികരണം മനസ്സിലാക്കി തന്നു.“]]

    സർട്ടിഫിക്കറ്റിനു വളരെ നന്ദി. സൂക്ഷിച്ചു വച്ചേക്കാം

    ReplyDelete
  21. ഇവിടൊരാള് പറയുന്നകേട്ടു, കണിമംഗലം തമ്പ്രാന്‍ ക്യാന്റീന്‍ വഴി കിട്ടുന്ന “മിലിട്ടറി ക്വാട്ട” നോക്കി ഇപ്പഴേ ഒരു മുഴം നീട്ടിയെറിഞ്ഞതാണെന്ന്. എന്തര് ചെയ്യാന്‍, ദോഷൈകദൃക്ക്കള് തന്ന എല്ലാടത്തും ;)

    ReplyDelete
  22. //പ്രിഥ്വി രാജും ദിലീപും മനോജ്‌ കെ.ജയനും ഒക്കെ തകര്‍ത്താടട്ടെ. ഇവര്‍ അപ്പന്‍ അപ്പൂപ്പന്‍ അമ്മാവന്‍ തുടങ്ങിയ വേഷങ്ങളും കൈകാര്യം ചെയ്യട്ടെ//

    എന്തണ്ണാ ഇതു.....ദിലീപിനും മനോജ് ജയനും പ്രായം എന്തായെന്നാ വിചാരം. മാത്രം അല്ല പ്രിഥ്വി രാജും, ദിലീപും, മനോജും എത്ര തകര്‍ത്താടിയാലും ചെമ്മീന്‍ തുള്ളിയാല്‍ ചട്ടി വരെ.....അത്ര മാത്രം. ബാവിയുടെ ബരദാനം അല്ലേ പ്രഥ്വി...പുള്ളിയുടെ ഡയലോഗ് ഡെലിവറി തന്നെ അസഹനീയം!!!

    കാല്‍വിന്‍ ......മോഹന്‍ ലാലിനു ഒരു ഇംപാക്ടും ഉണ്ടാക്കാന്‍ കഴിയില്ല എന്നാണോ സാര്‍ പറഞ്ഞു വരുന്നത്. അങ്ങനെ എങ്കില്‍ പുള്ളി ഉള്ള പരസ്യങ്ങള്‍ എങ്ങനെ ജസ്റ്റിഫൈ ചെയ്യും??? പുള്ളിയുടേതു മാത്രം അല്ല മറ്റു നടന്മാരുടേയും നടിമാരുടേയും അമ്പാസിഡര്‍ഷിപ്പ്സ് എങ്ങനെ ജസ്റ്റിഫൈ ചെയ്യാന്‍ കഴിയും. ഒരു പ്രോഡക്ട് അവേര്‍നസ്സ് സ്രിഷ്ട്ടിക്കാന്‍ കഴിയും ഇവരുടെ ചിത്രങ്ങള്‍ ഉണ്ടെങ്കില്‍. മിലിട്ടറിയും ഒരു പ്രോഡക്റ്റ് അല്ലേ? ഇവിടെ യുഎസെയിലും ടിവിയില്‍ മിലിട്ടറിയുടേയും, മരീന്‍സിന്റെയും, എയര്‍ഫോര്‍സിന്റെയും പരസ്യം ഉണ്ടല്ലോ.

    മമ്മുണ്ണി സര്‍ക്കാരിന്റെ കംബ്യൂട്ടര്‍ പഠനത്തിന്റെയും (സോറി സര്‍ക്കാരിന്റെ ആ പരുപാടിയുടെ പേരു മറന്നു പോയി), മോഹന്‍ ലാല്‍ എസ് റ്റീ ഡി അവേര്‍നസിന്റെയും , ഗോപി അണ്ണനും, മോഹന്‍ ലാലും കെ എസ് ഇ ബി യുടെ അവേര്‍നസ് കാമ്പേയിനിലും ഒക്കെ പങ്കെടുക്കുന്നത് സമൂഹത്തിനു വേണ്ടി അല്ലേ? ഇവരൊക്കെ ഇതില്‍ പങ്കെടുക്കുന്നതു കൊണ്ട് ആളുകള്‍ അതു അനുസരിക്കുന്നുണ്ടോ ഇല്യോ എന്നതല്ല, അവര്‍ ഇതിനേ കുറിച്ചു അറിയുന്നുണ്ടല്ലോ എന്നതിലാണു കാര്യം. എല്ലാവരും ഇവരു പറയുന്നതു കേള്‍ക്കണം എന്നില്ല എന്നതു ശെരി തന്നെ. എന്റെ കാര്യത്തില്‍ ആയാലും ലാലേട്ടന്‍ അല്ല അതിലും വലിയ പുള്ളി വന്നു വൈകിട്ടത്തേ പരുപാടി എന്നാതാന്നു പറഞ്ഞാലും ഞാന്‍ നാട്ടില്‍ ചെന്നാല്‍ സീസറേ അടിക്കൂ. ആകെപ്പാടെ ഉള്ളത് പത്തിരുപത്തഞ്ചു ദിവസം ആണു അതു കൊണ്ട് വീട്ടിലെ സകല ലൈറ്റും ഒരു പതിനൊന്ന് പന്ത്രണ്ടു വരെ തെളിഞ്ഞു കിടക്കും. പക്ഷെ ഇവരുള്ളതു കൊണ്ട് മാത്രം ഇവരുടെ ബ്രാന്‍ഡുകള്‍ക്ക് ഒരു അവേര്‍നസ് ലഭിക്കും. ആര്‍മിയില്‍ ചേര്‍ന്നാല്‍ ഉള്ള ബെനെഫിറ്റ്സ് ലാലേട്ടനു വിശദീകരിക്കാന്‍ കഴിയും എങ്കില്‍ അതു തന്നെ വലിയ കാര്യം.

    എത്രയോ യുവാക്കള്‍ പണ്ടു അവരുടെ അയല്‍വക്കത്തുള്ള പട്ടാളക്കാരനെ ഐഡില്‍ ആയി സ്വീകരിച്ചു പട്ടാളത്തില്‍ ചേര്‍ന്നിരുന്നു. ഇപ്പോള്‍ ഉള്ള കുട്ടികള്‍ക്ക് അയലോക്കത്തുള്ള ആളാരാ എന്നു പോലും അറിയില്ലായിരിക്കും. അപ്പോള്‍ കപില്‍, ലാലേട്ടന്‍, നാന പഠേക്കര്‍ തുടങ്ങിയവര്‍ക്കു പത്തു യുവാക്കളോട് മിലിറ്ററിയുടെ നല്ല വശങ്ങള്‍ പറഞ്ഞു മനസ്സിലാക്കി അതിലേക്കു ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ വലിയ ഒരു കാര്യം തന്നെ അല്ലേ അതു?? സൊ എഗൈന്‍ ലെറ്റ് ഇറ്റ് ബീ മാന്‍....!!!

    മമ്മുണ്ണിക്കു കുറേ കള്ള കമ്യൂണിസ്റ്റുകാര്‍ ചുറ്റും ഇരുന്നു ഡോക്ടറേറ്റ് കൊടുത്തപ്പോള്‍ പന്നി കൂട്ടം അടക്കം ഒരുത്തനേയും കണ്ടില്ലല്ലോ അതിനേ കുറിച്ചു സംസാരിക്കാന്‍!!!

    ReplyDelete
  23. വിൻസ്,

    “വൈകിട്ടെന്താ പരിപാടി” പരസ്യത്തെ ഉദ്ധരിച്ച് മോഹൻലാൽ തന്നെ പറഞ്ഞ കാര്യമാണ്, താൻ പറഞ്ഞെന്ന് കരുതി ഒരു സുപ്രഭാതത്തിൽ കേരളത്തിലുള്ളവരെല്ലാം വെള്ളമടി തുടങ്ങുമെന്ന് കരുതുന്നില്ല എന്ന്. അത് ക്വാട്ടിയെന്നേ ഉള്ളൂ.

    വ്യക്തിയെന്ന നിലയിൽ എന്തു ചെയ്യാ‍നും പുള്ളിക്ക് അവകാശമുണ്ടെന്ന് സമ്മതിക്കുന്നു. അതേ സമയം വാക്കിലൂടെയോ പ്രവർത്തി കൊണ്ടൊ പുള്ളി കൺ‌വേ ചെയ്യുന്ന പബ്ലിക് സ്റ്റേറ്റ്മെന്റ്സ് കണ്ടില്ല എന്ന് നടിക്കാനും വയ്യ.

    ReplyDelete
  24. ഫൈസൽ ജീ,
    ഇതൊരു കക്ഷിരാഷ്ട്രീയ പോസ്റ്റ് ആയിട്ടാണ് താങ്കൾ വായിച്ചതെങ്കിൽ കൂടുതൽ ഒന്നും പറയുന്നില്ല. വായനക്കാർക്ക് അവരവരുടെ ഇഷ്ടം പോലെ വ്യാഖ്യാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്.


    കാല്‍‌വിന്‍ജി

    ഞാനിത് ഒരു കക്ഷി രാഷ്ട്രീയ പോസ്റ്റ്‌ ആയി വായിച്ചിട്ടില്ല ... പൊതുവേ മലയാളികളുടെ ഒരു സ്വഭാവം പറഞ്ഞെന്നെ ഉള്ളൂ ..പിന്നെ പല കമന്റ്സും കണ്ടാല്‍ അറിഞ്ഞു കൂടെ ഊരിലെ പഞ്ഞം ..?
    ഏതായാലും വിഷയം വ്യതിചലിച്ചു പോകാനും പറഞ്ഞതല്ല .. കാല്‍വിന്‍ജി രാഷ്ട്രീയം പരാമര്‍ശിച്ചപ്പോള്‍ ഞാന്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കി എന്ന് മാത്രം .

    ഞാന്‍ ഒരിക്കലും അരാഷ്ട്രീയ വാദിയും അല്ല , പല പാര്‍ട്ടികളും , പ്രത്യേകിച്ച് ഇടതു പക്ഷം തനതായ രീതിയില്‍ ഇന്ത്യയില്‍ നില നില നില്ക്കേന്ടതിന്റെ വലിയ ആവശ്യകത മനസ്സിലാക്കുന്ന അനേകം നിക്ഷ്പക്ഷരായ പൊതുജനത്തില്‍ പെടുന്നവനും ആണ് .

    വിഷയത്തിലേക്ക് വരാം
    ടെറിട്ടോറിയല് ആര്‍മി പോലുള്ള സന്നദ്ധ പ്രവര്‍ത്തന മേഖലയില്‍ ഒരു സിനിമ നടന് പ്രവര്‍ത്തിക്കാന്‍ പാടില്ലേ ..? ഇതില്‍ എന്ത് കുറ്റമാണ് നിങ്ങള്‍ കാണാന്‍ ശ്രമിക്കുന്നത് ? അതിനു സൈന്യം നിഷ്കര്ഷിച്ചിട്ടുള്ള ബേസിക് ക്വളിഫികേഷന് ലാലിന് ഇല്ലേ ..? ടെറിട്ടോറിയല് ആര്‍മി പോലുള്ള സന്നദ്ധ പ്രവര്‍ത്ത മേഖലകളെ ക്കുറിച്ച് പൊതുജനം അറിയുന്നതും നല്ലതല്ലേ ..?

    ReplyDelete
  25. "പൊതുവേ മലയാളികളുടെ ഒരു സ്വഭാവം പറഞ്ഞെന്നെ ഉള്ളൂ "

    “പൊതുവേ“, “മലയാളികളുടെ സ്വഭാവം “തുടങ്ങിയ ജനറലൈസേഷൻ മാറ്റി വെച്ച് ചിന്തിച്ചാൽ എല്ലാം ക്ലിയറാകും ഫൈസൽജീ.

    “പിന്നെ പല കമന്റ്സും കണ്ടാല്‍ അറിഞ്ഞു കൂടെ ഊരിലെ പഞ്ഞം ..? “

    ഏതു കമന്റ് എന്നു വ്യക്തമാക്കിയാൽ നന്നായിരുന്നു.

    “ഞാന്‍ ഒരിക്കലും അരാഷ്ട്രീയ വാദിയും അല്ല , പല പാര്‍ട്ടികളും , പ്രത്യേകിച്ച് ഇടതു പക്ഷം തനതായ രീതിയില്‍ ഇന്ത്യയില്‍ നില നില നില്ക്കേന്ടതിന്റെ വലിയ ആവശ്യകത മനസ്സിലാക്കുന്ന അനേകം നിക്ഷ്പക്ഷരായ പൊതുജനത്തില്‍ പെടുന്നവനും ആണ് .“

    ഏറ്റവും വലിയ അരാഷ്ട്രീയമായ സെന്റൻസ് ആണല്ലോ അരാഷ്ട്രീയവാദി അല്ല എന്നു സ്വയം ന്യായീകരിച്ചു കൊണ്ട് താങ്കൾ പറഞ്ഞിരിക്കുന്നത് :)
    ഈ നിഷ്പക്ഷരാ‍യ പൊതുജനം എന്ന പ്രയോഗം വളരെ ഇഷ്ടായി...
    ഓൺ എ വെരി ലൈറ്റ് നോട് ഓൺ ഔട് ഓഫ് ടോപ്പിക് എന്താണ് ഈ തനത് ഇടതുപക്ഷം? അതെന്തായാലും ഇടത് പക്ഷം തനതാവണോ പുതുതാവണോ എന്നൊക്കെ നിശ്ചയിക്കേണ്ടത് ആരാണ്, തുടങ്ങി ഒരുപാട് ക്വസ്റ്റ്യൻസ് വരും. പക്ഷേ അതിവിടെ തീർത്തും ഔട് ഓഫ് ടോപിക് ആണ്. ആ തരത്തിൽ ഉള്ള ചർച്ചകൾക്ക് ഇവിടെ സ്കോപ് ഇല്ലെന്ന് പറയട്ടെ.

    വിഷയത്തിൽ :
    മോഹൻലാൽ എന്ന “വ്യക്തിക്ക്“ ടെറിട്ടോറിയൽ ആർമിയിൽ ചേരാൻ അവകാശമില്ല എന്ന് ഈ പോസ്റ്റിൽ എവിടെയെങ്കിലും പറഞ്ഞതായി താങ്കൾക്കു തോന്നിയോ?

    ReplyDelete
  26. ഈ വിഷയത്തിൽ എന്റെ അഭിപ്രായം പറയണോ വേണ്ടേ എന്ന് ഉറപ്പില്ലാതെ ഒഴിവാക്കിയതായിരുന്നു. മോഹൻലാലിന്‌ കിട്ടിയ ഒരു ബഹുമതിയായി മാത്രം ഇതിനെ കണക്കാക്കാം എന്നാണ്‌ എനിക്കുതോന്നുന്നത്‌.
    ചെറിയൊരോഫാണ്‌.

    ഫൈസൽ,
    കക്ഷിരാഷ്ട്രീയം എന്നത്‌ അത്ര മോശം പരിപാടി ആണെന്നത്‌ എനിക്കഭിപ്രായമില്ല. ആ വാക്കിന്റെ പ്രസക്തിയും പ്രയോഗവും ഒരുപാട്‌ വ്യഭിചരിക്കപ്പെട്ടിട്ടുണ്ട്‌ എന്ന വസ്തുത കാണാതെയല്ല ഞാൻ ഇതു പറയുന്നത്‌.

    ഏതൊരു വിഷയത്തിലും രാഷ്ട്രീയമായി ചിന്തിക്കുന്നവർക്ക്‌ അഭിപ്രായം ഉണ്ടായിരിക്കും എന്നത്‌ താങ്കൾക്കും അറിയാവുന്നതാണല്ലൊ. രാഷ്ട്രീയകക്ഷികൾക്ക്‌ അഭിപ്രായം ഇല്ലാതെവരാൻ അതിനാൽ തന്നെ സാധ്യതയില്ലല്ലൊ. ഇടതായാലും വലതായാലും വിഷയത്തിനനുസൃതമായി പാർട്ടി നയങ്ങൾക്കനുസരിച്ച്‌ അഭിപ്രായവും ഉണ്ടാകും. ഇൻ പ്രിൻസിപ്പിൾ, അതിൽ സമൂഹനന്മയ്ക്കുതകുംവിധം തന്നെയായിരിക്കും നയപരിപാടികളും അതിനോടനുബന്ധിച്ച്‌ പാർട്ടികൾ കൈക്കൊള്ളുന്ന നിലപാടും. ഒരേയൊരു വഴിയേയുള്ളു എന്ന രീതിയിൽ ചിന്തിക്കുമ്പോഴാണ്‌ പലപ്പോഴും കക്ഷിരാഷ്ട്രീയം അപഹാസ്യമാകുന്നത്‌ (ഇതൊരു ഐഡിയൽ സിറ്റുവേഷനിൽ ഉള്ള കാര്യമാണ്‌, അല്ലാതെ ബദലുകൾ ഇല്ലാതെ എതിർപ്പ്‌ എന്ന പരിപാടിയിൽ മാത്രം മുങ്ങുന്ന തരത്തിൽ ഉള്ള രാഷ്ട്രീയക്കളി അല്ല)

    ഇതു പറയുമ്പോൾ തന്നെ രാജ്യരക്ഷ പോലുള്ള വിഷയങ്ങളിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി കക്ഷികൾ ചിന്തിക്കണം എന്നതുതന്നെയാണ്‌ എന്റെയും അഭിപ്രായം.

    ReplyDelete
  27. മോഹന്‍ലാല്‍ ടെറിറ്റോറിയല്‍ ആര്‍മിയില്‍ ഓഫീസറയി ചേര്‍ന്നത് ആത്മാര്‍ത്ഥമാണെങ്കില്‍ നല്ല കാര്യം തന്നെ.

    എന്നാല്‍ അതിനെ ന്യായീകരിക്കാനും മഹത്വവല്‍ക്കാരിക്കാനും പറഞ്ഞ കാരണങ്ങള്‍ വളരെ ബാലിശമാണെന്ന്. അതാണ് കാല്‍ വിന്റെ പോസ്റ്റിലെ വിഷയം എന്ന് തോന്നുന്നു.

    1) മോഹന്‍ലാല്‍ കീര്‍ത്തിചക്ര എന്ന ഫിലിമില്‍ അഭിനയിച്ചതിനുള്ള ബഹുമതിയായാണ് ഇത് നല്‍കിയത് എന്ന്.ഇങ്ങനെയാണെങ്കില്‍ പിന്നെ ഒരു പാട് ജോലികള്‍ ഈ അഭിനയിച്ചവര്‍ക്കൊക്കെ കൊടുക്കേണ്ടിവരും.

    2)കൂടുതല്‍ ആളുകള്‍ സൈന്യത്തിലേക്ക് ആകര്‍ഷിക്കപ്പെടുമെന്ന്. മലയാളികളെയാകെ കൊച്ചാക്കുന്ന വര്‍ത്തമാനമായി പോയി ഇപ്പറഞ്ഞത് എന്നാണ് എനിക്ക് തോന്നുന്നത്. ഒരു സിനിമാക്കാരനോടുള്ള ആരാധന മൂത്ത് ആളുകളെല്ലാം സൈന്യത്തില്‍ ചേരുമെന്ന് .. :)

    രാജ്യസ്നേഹത്തിന്റെ മൊത്തക്കുത്തക ഏറ്റെടുത്തവര്‍ക്ക് ഏതായാലും ഇതൊന്നും മനസ്സിലായിക്കൊള്ളണമെന്നില്ല.

    മൊത്തമായെടുക്കുമ്പോള്‍ നിഷ്പക്ഷം എന്നൊന്നില്ല. എന്നാല്‍ രണ്ട് രാഷ്ട്രീയ അഭിപ്രയങ്ങളില്‍ മൂന്നാമതൊരാള്‍ നിഷ്പക്ഷനവുന്നത് അരാഷ്ട്രീയമാണെന്ന് പറഞ്ഞാല്‍ യോജിക്കാനുമാവില്ല. ആ നിഷ്പക്ഷത സത്യത്തില്‍ മൂന്നാമത്തെയാളുടെ രാഷ്ട്രീയ ചിന്താഗതിയുമായി ബന്ധപ്പെട്ടുകിടക്കുന്നുണ്ട്.

    ReplyDelete
  28. ലാലേട്ടനെ പട്ടാളത്തില്‍ എടുത്തത്‌ നല്ല കാര്യം തന്നെ...യുവ ജനങ്ങള്‍ക്ക്‌ ആവേശം ആവുമല്ലോ .... പക്ഷെ ഒരു വിഷമം മാത്രം ബാക്കിയുണ്ട്...

    സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുതല്‍ കമ്മീഷണര്‍ , ഐ. ജി...വേഷങ്ങള്‍ വരെ പൊളിച്ചടുക്കിയ സുരേഷ് ഗോപിയെ ഒരു കോണ്‍സ്റ്റബിള്‍ എങ്കിലും ആക്കാമായിരുന്നു....
    എത്രയോ യുവ ജനങ്ങലാ അണ്ണന്റെ പ്രകടനം കണ്ടു കോരി തരിച്ചു ഐ പി എസ് എഴുതി കമ്മീഷണര്‍ മാരായത് ..

    ReplyDelete
  29. ലാലേട്ടന്‍ വെച്ച് വെടികള്‍ക്ക് ഈ കൊടുത്ത പദവി കുറഞ്ഞു പോയി എന്നാണ് എന്റെ അവിപ്രായം!

    ReplyDelete
  30. ആഹ എത്ര സുന്ദരമായ മനോഹരമായ പോസ്റ്റ്‌!!!
    :D
    മലയാള സിനിമയേ പറ്റി സംസാരിച്ചാല്‍ എങ്ങനെ പോയാലും വന്നു നില്‍ക്കുക രണ്ടു പേരില്‍ ആണു ഒന്നു മോഹന്‍ലാല്‍ വേറേ ഒന്നു മമ്മൂട്ടി ...
    ചിലര്‍ അവര്‍ക്കു വേണ്ടി വമ്പന്‍ പോസ്റ്റ്‌ ഇടുന്നു ചിലര്‍ അവര്‍ക്കു വേണ്ടി ചത്തു കിടന്നു കമന്റുന്നു...
    നല്ല സിനിമയേ appreciate ചെയ്യുന്ന മലയാളി ഇന്നുണ്ടോ എന്നു സംശയം...
    സിനിമ നന്നായിലെങ്കിലും വേണ്ട ഫാന്‍സ്‌ കളി നടക്കട്ടെ...LET IT BE LIKE THAT...
    ഇനി ബ്ലോഗ്‌ എഴുത്തും നിര്‍ത്തി ഉള്ള പണിയും നിര്‍ത്തി ആരെങ്കിലും ഒക്കെ ഈ പ്രചോദനം ഉള്‍കൊണ്ട്‌ പട്ടാളത്തില്‍ ചേരുമോ ആവോ കണ്ടറിയണം...

    ReplyDelete
  31. നായികയുടെ കണ്ണിൽ നോക്കി അവളെ ഇഷ്ടമാണെന്ന് തുറന്ന് പറയുന്ന, ഇഷ്ടപ്പെട്ട പെണ്ണിനെയും കൊണ്ട് ഐറ്റം ഡാൻസ് കളിക്കുന്നതിനു പകരം അവളെ ചുണ്ടുകളിൽ ചുംബിക്കുന്ന, പ്രേമിക്കുന്ന പെണ്ണിനെ കല്യാണം കഴിക്കാൻ ഗുരുവായൂരപ്പന്റെ ബ്രോക്കറെജും കുമ്പിടിയുടെ ജാതകപ്പൊരുത്തവും ആവശ്യമില്ലാത്ത നായകൻ എന്നാണാവോ മലയാളം സിനിമയിൽ ഉണ്ടാകുന്നത്!

    അങ്ങനെ ഉള്ള മലയാള സിനിമ ഇതുവരെ ഉണ്ടായിട്ടില്ല എന്ന അഭിപ്രായം ഒന്നും എനിക്കില്ല...നല്ല സിനിമകള്‍ ഉണ്ട്‌...ഉണ്ടായിട്ടുണ്ട്‌...
    ഐറ്റം ഡാന്‍സ്‌ ഒക്കെ ഈ ഇടയ്ക്കു തുടങ്ങിയ സംഭവങ്ങള്‍ അല്ലെ?

    ഇപ്പോള്‍ ഇറങ്ങുന്ന business oriented filmsല്‍ ഇതൊക്കെ ആണു പക്ഷേ മലയാള സിനിമയുടേ നല്ല ഒരു കാലഘട്ടം നമുക്ക്‌ ഉണ്ടായിരുന്നു...

    nalla post aa kettO...njan karuthiyirunne singularity ur english blog anennaaa...chinthayil ninnum aanu ee post nte vivaram arinjae...

    dialogue okke kollaam
    :)

    ReplyDelete
  32. ശ്രീ എ. കെ ആന്റ്ണി പറഞ്ഞതു പോലെ പിള്ളേർക്കു പട്ടാളത്തിൽ ചേരനുള്ള ഒരു പ്രചോദനമെങ്കിലുമാകട്ടെ ഈ സംഭവം

    ReplyDelete
  33. Lalinu Pattalam . What will we give to mammookka ...

    ReplyDelete
  34. Lalinu pattalam . what is next to mammookka

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സുസ്വാഗതം.
തെറിവിളികള്‍, വ്യക്തിഹത്യ മുതലായവയെ ഒഴിവാക്കുമല്ലോ.
അനോണിമസ് ഓപ്ഷന്‍ തല്‍ക്കാലം ലഭ്യമല്ല. പഴയ പോസ്റ്റുകള്‍ക്ക് കമന്റ് മോഡറേഷന്‍ ഉണ്ട്. സരസമായ ഓഫുകളെ നിരുത്സാഹപ്പെടുത്തുന്നില്ല. മനപൂര്‍‌വം വിഷയത്തില്‍ നിന്നും വഴി തിരിച്ചു വിടുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടേക്കാം.

CopyLeft Information

Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.