Saturday, June 26, 2010

അതും നമുക്കറിയാമായിരുന്നു!

ചന്ദ്രനില്‍ ജലാംശമുണ്ടെന്ന് നാസ ഈയിടെ സ്ഥിരീകരിക്കുക ഉണ്ടായിരുന്നല്ലോ. ഇതിനോടനുബന്ധിച്ച് മനോരമയില്‍ വന്ന ഒരു ആര്‍ട്ടിക്കിള്‍ താഴെ ക്ലിക് ചെയ്ത് വായിക്കുക.

നമുക്കറിയാം, ചന്ദ്രനില്‍ വെള്ളമുണ്ട്!

ലേഖനത്തിലെ ശ്രദ്ധിക്കേണ്ട ഭാഗങ്ങള്‍ താഴെ എടുത്തെഴുതുന്നു. നീലയില്‍ എഴുതിയത് ഈ ബ്ലോഗറുടെ കമന്റുകളാണ്

എന്നാല്‍ നമ്മുടെ ചന്ദ്രയാന്‍ ദൌത്യത്തിനു രണ്ടു മാസത്തിനു ശേഷം അമേരിക്കന്‍ ബഹിരാകാശഗവേഷണ സ്ഥാപനമായ 'നാസയുടെ ഒരു ഇംപാക്ട് പ്രോബ് അവിടെ ഇടിച്ചിറക്കുകയുണ്ടായി. അതിന്റെ ആഘാതത്തില്‍ ഉയര്‍ന്നുവന്ന പൊടിപടലങ്ങള്‍ പരിശോധിച്ചപ്പോള്‍ ഐസിന്റെ കട്ടകള്‍ ഉള്ളതായി ബോധ്യപ്പെട്ടിരിക്കുന്നു. അതു നല്ല തോതില്‍ തന്നെയുണ്ട്. ഇത്തരം ഐസ് കട്ടകള്‍ എടുത്ത് ജലം വേര്‍പെടുത്തിയെടുക്കാന്‍ ശ്രമിച്ചാല്‍ നമുക്ക് അവിടത്തെ ആവശ്യത്തിനുള്ള വെള്ളം ലഭിക്കും എന്നും സ്ഥിരീകരിച്ചിരിക്കുന്നു.

ആധുനികശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും ഇപ്പോള്‍ മാത്രമാണ് ഇത്രയും വിവരങ്ങള്‍ ശേഖരിക്കാന്‍ നമുക്കും പരദേശികള്‍ക്കും സാധിച്ചിട്ടുള്ളത്. എന്നാല്‍ ഭാരതീയ ഋഷീശ്വരന്മാര്‍ അവരുടെ ജ്ഞാനദൃഷ്ടി കൊണ്ട് എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ചന്ദ്രന്‍
ജലമയനാണെന്നും അവിടെ മഞ്ഞുകട്ടകള്‍ ഉണ്ടെന്നും ഭാരതീയ ശാസ്ത്രവിഷയങ്ങളിലൂടെയും മറ്റു ഗ്രന്ഥങ്ങളിലൂടെയും നമുക്കു കാണിച്ചുതന്നിട്ടുണ്ട്.

ആദ്യമായി അമരസിംഹന്റെ 'അമരകോശം പാരമേശ്വരീ വ്യാഖ്യാനം പരിശോധിക്കാം:

''ഹിമാംശുശ്ചന്ദ്രമാംശ്ചന്ദ്ര ഇന്ദുഃ കുമുദബാന്ധവഃ
വിധുഃ സുധാംശുഃ ശുഭ്രാംശുരോഷധീശോ നിശാപതിഃ
അബ്ജോ ജൈവാതൃകസ്സോമോ ഗൌര്‍മൃഗാങ്കഃ കലാനിധിഃ
ദ്വിജരാജശ്ശശധരോ നക്ഷത്രേശഃ ക്ഷപാകരഃ

ഇതില്‍ കൊടുത്തിരിക്കുന്ന ചന്ദ്രന്റെ 20 പര്യായപദങ്ങളില്‍ ചില പദങ്ങളുടെ അര്‍ഥം ശ്രദ്ധിക്കാം.

ഹിമാംശുഃ - തണുത്ത രശ്മികള്‍ ഉള്ളവന്‍.
ഇന്ദുഃ - തുഷാരകിരണങ്ങളാല്‍ നിലാവിനെ ഉണ്ടാക്കിത്തീര്‍ക്കുന്നവന്‍
അബ്ജഃ - അബ്ജോ സ്ത്രീ ശഖേ നാ നിചൂളേ ധന്വന്തരൌ ച ഹിമകരണേ ക്ളീബം പത്മേ ഇതി വിശ്വഃ (ജലത്തില്‍ നിന്നുണ്ടായവന്‍ എന്നര്‍ഥം)
സുധാംശുഃ - അമൃതമിശ്രങ്ങളായ രശ്മികള്‍ ഉള്ളവന്‍.

ഈ പദങ്ങളിലെല്ലാം ചന്ദ്രന് ജലവുമായി ബന്ധമുണ്ടെന്നു കാണുന്നു.

ജ്യോതിഷത്തിലെ സുപ്രധാന താത്വികഗ്രന്ഥമായ 'വരാഹമിഹിരന്റെ ഹോരാ വ്യാഖ്യാനിക്കുന്ന ഘട്ടത്തില്‍ കൈക്കുളങ്ങര രാമവാരിയര്‍ ഗാര്‍ഗിവാക്യം എടുത്ത് എഴുതിയിട്ടുണ്ട്.

''ചതുര്‍ഥേ കര്‍ക്കടോ മീനോ മകരാര്‍ധം ച പശ്ചിമം
ഭവന്തി ബലിനോ നിത്യമേതേ ഹി ജലരാശയഃ (1-17)
(കര്‍ക്കടകം, മീനം, മകരത്തിന്റെ ഉത്തരാര്‍ധം എന്നീ രാശികള്‍ നാലാമത്തേതായാല്‍ ബലമുള്ളതാണെന്നും മേല്‍പറഞ്ഞ രാശികള്‍ ജലരാശികള്‍ ആകുന്നു എന്നും പറയുന്നു. ചന്ദ്രന്റെ ക്ഷേത്രമാണു കര്‍ക്കടകം)

ഹോരാശാസ്ത്രത്തില്‍ ചന്ദ്രന്റെ പര്യായമായി മറ്റൊരിടത്ത് 'ശീതരശ്മിഃ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. (2-2)

ഹോരയില്‍ തന്നെ 'ജലത്തെ ചിന്തിക്കണമെന്നു മറ്റൊരു ശ്ളോകത്തില്‍ പറയുന്നു:

''വഹ്ന്യംബ്വഗ്നിജകേശവേന്ദ്രശചികാഃ
സൂര്യാദിനാഥാഃ ക്രമാല്‍... (2-5)
(സൂര്യനെക്കൊണ്ട് അഗ്നിയെയും ചന്ദ്രനെക്കൊണ്ടു ജലത്തെയും ചൊവ്വയെക്കൊണ്ടു സുബ്രഹ്മണ്യനെയും ബുധനെക്കൊണ്ടു വിഷ്ണുവിനെയും വ്യാഴത്തെക്കൊണ്ട് ഇന്ദ്രനെയും ശുക്രനെക്കൊണ്ടു ശചിയെയും ശനിയെക്കൊണ്ട് ബ്രഹ്മാവിനെയും ചിന്തിക്കണം.)
[ചന്ദ്രനെക്കൊണ്ട് ജലത്തെ ചിന്തിക്കേണം എന്നതിന്റെ അര്‍ഥം ചന്ദ്രനില്‍ ജലമുണ്ട് എന്നത് ആവാം എന്നതിനാല്‍ ചൊവ്വയില്‍ സുബ്രഹ്മണ്യനും ബുധനില്‍ വിഷ്ണുവും ശനിയില്‍ ബ്രഹ്മാവും ഉണ്ടാവും എന്നും നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. നാസ എന്നെങ്കിലും അവിടെയൊക്കെ പ്രോബുകള്‍ സ്ഥാപിക്കുമ്പോള്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാതിരിക്കില്ല.]


''പ്രകാശശൂന്യേ ജലമയേ ചന്ദ്രമസി രവിരശ്മിസംപാതാത് സംപ്രകാശം ചന്ദ്രശരീരമുത്പദ്യതേ ഇതി യുക്ത്യാ സിദ്ധ്യതി
(പ്രകാശശൂന്യനും ജലമയനുമായ ചന്ദ്രനില്‍ സൂര്യരശ്മിയുടെ സമ്പര്‍ക്കം ഉണ്ടാകുമ്പോള്‍ ചന്ദ്രന്‍ പ്രകാശത്തോടു കൂടിയതാകുന്നു എന്നതു യുക്തിസിദ്ധമാകുന്നു)
[അതായത് ദാസാ ചന്ദ്രനിലെ വെള്ളമാണ് സൂര്യന്റെ രശ്മികളെ പ്രതിഫലിപ്പിക്കുന്നത് എന്ന്. ]

സംഹിതയില്‍ പറയുന്നു:

''സലിലമയേ ശശിനി രവേര്‍ദീധിതയോ
മൂര്‍ച്ഛിതാസ്തമോ നൈശം ക്ഷപയന്തി
(ജലമയനായിരിക്കുന്ന ചന്ദ്രനില്‍ സൂര്യന്റെ രശ്മികള്‍ പതിച്ച് രാത്രിയിലെ ഇരുട്ടിനെ നശിപ്പിക്കുന്നു)

ഈ വക പ്രമാണങ്ങളില്‍ കൂടി ചന്ദ്രന്‍ 'ജലമയനാണെന്നു പണ്ടേ വ്യക്തമല്ലേ?

ശാസ്ത്രജ്ഞന്മാര്‍ ആധുനിക സൌകര്യങ്ങള്‍ ഉപയോഗിച്ച് ലക്ഷ്യത്തിലെത്താന്‍ പരിശ്രമിക്കുമ്പോള്‍ അതിനു മുന്‍പ്, നമ്മുടെ ഋഷീശ്വരന്മാര്‍ വിവിധ ശാസ്ത്രവിഷയങ്ങളില്‍ കൂടിയും മറ്റു ഗ്രന്ഥങ്ങളില്‍ കൂടിയും സ്പഷ്ടമായി നമുക്കു കാണിച്ചുതന്നിട്ടുള്ള പ്രമാണങ്ങളിലൊന്നു കണ്ണോടിക്കുന്നതു നന്നായിരിക്കും.
അമൂല്യമായ ഇത്തരം വിവരങ്ങള്‍ പങ്കുവെയ്ക്കുകയും നമ്മെയെല്ലാം ഉല്‍ബുദ്ധരാവാന്‍ സഹായിക്കുകയും ചെയ്ത ശ്രീമാന്‍ രമേഷ് പണിക്കരോടും മനോരമയോടും ഉള്ള അകൈതവമായ നന്ദി ഇതുവഴി രേഖപ്പെടുത്തിക്കൊള്ളട്ടെ.

41 comments:

  1. മനോരമയില്‍ വെള്ളമില്ലെന്ന് തോന്നുന്നു..വെള്ളം ചേര്‍ക്കാത്ത ഗുണ്ടുകള്‍ അതില്‍ സ്ഥിരമായി കാണുന്നതു കൊണ്ട് ഊഹിച്ചുപോകുന്നതാണേ..:)

    ReplyDelete
  2. ചൊവ്വയില്‍ സുബ്രഹ്മണ്യനും ബുധനില്‍ വിഷ്ണുവും ശനിയില്‍ ബ്രഹ്മാവും ഉള്ളത് കൊണ്ട് ഇനി അന്യഗ്രഹങ്ങളില്‍ ജീവനുണ്ടോ എന്ന് അന്വേഷിക്കുന്നത് മണ്ടത്തനം ആയിരുക്കും. ഇതൊക്കെ ആരെങ്കിലും ആ നാസയിലെ മണ്ടന്മാരെ ഒന്ന് പറഞ്ഞു മനസ്സിലാക്കി ഇരുന്നെങ്കില്‍ കുറെ കാശ് ലാഭിക്കാമായിരുന്നു.

    ReplyDelete
  3. ഈ ലേഖനം ദാ ഇപ്പൊ കണ്ടതെയുള്ളു! മനോരമക്കാരന്‍ അന്ധ വിശ്വാസ പ്രചാരണം ഒരു സ്ഥിരം പരിപാടി ആക്കി എടുത്തിരിക്കുകയാണെന്നു തോന്നുന്നു.
    "ഇന്ദുഃ - തുഷാരകിരണങ്ങളാല്‍ നിലാവിനെ ഉണ്ടാക്കിത്തീര്‍ക്കുന്നവന്‍"" കവിയുടെ കാല്‍പ്പനിക ഭാവന തുളുമ്പുന്ന ഇത്തരം വരികള്‍ കൂടി ചന്ദ്രനിലെ വെള്ളത്തിന്റെ തെളിവായി അവതരിപ്പിച്ചിരിക്കുന്നു. പണിക്കരുടെ വിവരം പരിതാപകരം. ഈ ലേഖനം ശ്രദ്ധയില്‍ കൊണ്ടുവന്ന കാല്‍വിന് നന്ദി.

    ReplyDelete
  4. വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ എന്ന പാട്ടിലും ചന്ദ്രനും ജലവുമായുള്ള ബന്ധമല്ലേ പരാമര്‍ശിക്കുന്നത്?

    ReplyDelete
  5. അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട്?
    പനി'നീര്‍' ചന്ദ്രികേ

    മുതലായ വരികളും സ്മരണീയം

    ReplyDelete
  6. കിടിലന്‍ പോസ്റ്റ്‌...
    നിങ്ങളുടെ ഈ പോസ്റ്റ്‌ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.
    മലയാളത്തിലുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു...
    സസ്നേഹം
    അനിത
    JunctionKerala.com

    ReplyDelete
  7. ദേവാ,
    "വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമട ആറ്റില്‍ വീണേ" എന്നല്ലേ ശരിക്കും പൂര്‍വ്വസൂരികള്‍ എഴുതിയത്. ആറ്റില്‍ ആയാലും കായലില്‍ ആയാലും ചന്ദ്രന്‍ ഫുള്‍ടൈം വെള്ളത്തില്‍ ആരുന്നെന്ന് ഉറപ്പായി.

    ReplyDelete
  8. അപ്പൊ അതും നമ്മുടെ ക്രെഡിറ്റിൽ. ഹൊ, മഹാ സംഭവം തന്നെ നമ്മുടെ പൂർവ്വപിതാമഹർ..... ഇനീപ്പൊ രാഹുവും കേതുവും കൂടി നാസ കണ്ടുപിടിച്ചു കൊണ്ടുവരാനിരിക്കുന്നതേയുള്ളു.

    സംസ്കൃതമൊന്നും പഠിച്ചിട്ടില്ലെങ്കിലും ചന്ദ്രൻ ജലമയനാണെന്ന് എനിക്ക്‌ കുട്ടിക്കാലത്തേ (എനിക്ക്‌ മാത്രമല്ല, നാട്ടിലെ സകലകുട്ടികൾക്കും മുതിർന്നവർക്കും ചന്ദ്രന്റെ അച്ഛനും അമ്മയ്ക്കും വരെ) അറിയാമായിരുന്നു.

    യാത്രാമൊഴീ,
    ഇതേതോ സണ്ണി എന്ന പത്രക്കാരൻ എഴുതിയ ലേഖനമായിരിക്കും അല്ലേ? അതാ പുന്നമട ആറുമായി ഇത്ര ബന്ധം.

    ReplyDelete
  9. സാംബാറ് = കാളന്‍
    സ+ അംബ+ആര്‍ : അംബയോട് കൂടിയവനാരോ അവന്‍ = ശിവന്‍
    കാളന്‍ : കാള വാഹനമായിട്ടുള്ളവന്‍ = ശിവന്‍
    അപ്പം സാംബാറ്=കാളന്‍

    ഇങ്ങനല്ലേ ?

    ഒബാമയോട് പറ നാസയ്ക്ക് തീകൊടുക്കാന്‍....!

    ReplyDelete
  10. ha ha...great.
    മനോരമ അച്ചായന്മാർ മാത്രം വായിക്കുന്ന പത്രമാണെന്നൊരു ദുഷ്പേരുള്ളതിനാൽ ഇങ്ങനെ ചില വങ്കത്തരങ്ങൾ അടിച്ചുവിട്ട്‌ അതു വായിക്കുന്ന നമ്പൂരിയോ നായരോ ഇനിമുതൽ "പത്രം മനോരമ തന്നെ" എന്നങ്ങു പറഞ്ഞാൽ..... ഇനിയും സർക്കുലേഷൻ കൂടും അല്ലാതെ പിന്നെ...

    ReplyDelete
  11. ആളുകളുടെ മനസിനെ രമിപ്പിക്കാനുള്ള വിദ്യകള്‍ മനോരമയ്ക്ക് ആരെങ്കിലും പഠിപ്പിച്ചു കൊടുക്കണമോ?

    ReplyDelete
  12. എന്റെ നാട്ടില്‍ ഒരു ചന്ദ്രന്‍ ചേട്ടന്‍ ഉണ്ട്..തടി മില്ലിലാ പണി....മുഴുവന്‍ സമയവും വെള്ളത്തിലാ...അങ്ങേരുടെ കാര്യമാണോ മനോരമ പറഞ്ഞത്?

    ReplyDelete
  13. അമരകോശവും ഹോരാശാസ്ത്രവും – രമേഷ് പണിക്കര്‍ ആരുടേയോ ബിനാമിയല്ലെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മനോരമ ‘ആര്ഷഭാരത ശാസ്ത്ര‘ത്തിന് പ്രചാരണം നല്കാറുണ്ടെങ്കിലും അതിന്റെ ഒരു രീതി ഇതായിരുന്നില്ല.

    ReplyDelete
  14. ''പ്രകാശശൂന്യേ ജലമയേ ചന്ദ്രമസി രവിരശ്മിസംപാതാത് സംപ്രകാശം ചന്ദ്രശരീരമുത്പദ്യതേ ഇതി യുക്ത്യാ സിദ്ധ്യതി
    (പ്രകാശശൂന്യനും ജലമയനുമായ ചന്ദ്രനില്‍ സൂര്യരശ്മിയുടെ സമ്പര്‍ക്കം ഉണ്ടാകുമ്പോള്‍ ചന്ദ്രന്‍ പ്രകാശത്തോടു കൂടിയതാകുന്നു എന്നതു യുക്തിസിദ്ധമാകുന്നു)"

    ചന്ദ്രന്‍ പ്രകാശ ശൂന്യനും സൂര്യപ്രകാശത്തിന്‍റെ പ്രതിഫലനമാണ് (വെള്ളത്തിന്‍റെ കാര്യം വിട്) ചന്ദ്രവെളിച്ചം എന്നും ഇവിടെ വ്യക്തമാകുന്നില്ലേ? ശാസ്ത്രം ഇക്കാര്യം സ്ഥിരീകരിക്കുന്നതിനു മുമ്പുള്ളതാണ് ഹോരശാസ്ത്രം എങ്കില്‍ (അറിവുള്ളവര്‍ വ്യക്തമാക്കുക) ഇത് ചിന്തിക്കേണ്ട വിഷയം തന്നെയല്ലേ? എന്‍റെ ചെറിയ പുത്തിയില്‍ വന്ന ഒരു സംശയം ചോദിച്ചുവെന്നേയുള്ളൂ കേട്ടോ.

    ReplyDelete
  15. അദ്ദാണ് കല്‍ക്കി ഞാനും പറയണത്. കല്‍ക്കി തന്നെ കണ്ട് പിടിച്ച് വെളിച്ചത് കൊണ്ട് വരൂ. ഞാനൊണ്ട് കല്‍ക്കിക്ക് സപ്പോര്‍ട്ടായി

    ReplyDelete
  16. വെള്ളമടിച്ചു കിടന്ന പ്രകാശന്‍ രവി എന്നിവര്‍ ചന്ദ്രന്റെ മേല്‍ യുക്തി സഹമായി കൈ വെച്ചു എന്നും , ചന്ദ്രന്റെ മേല്‍ ഒരു നോട്ടമുണ്ടായിരുന്ന രവിയുടെ ഭാര്യ രശ്മി കോടതിയില്‍ രവിക്കെതിരായും ചന്ദ്രനനുകൂലമായും സാക്ഷി പറഞ്ഞു എന്നുമല്ലേ കല്ക്കീ ഈ "ഖോരാ ശാസ്ത്രം" പറയുന്നത്?

    ReplyDelete
  17. This comment has been removed by the author.

    ReplyDelete
  18. athey calvine, pazhaya oru basheer katha pathrathe aarkkenkilum oorma varunnundo???

    ReplyDelete
  19. ആണോ? ക്ക് സമസ്കൃതം അത്ര പിടില്യാട്ടോ; മലയാളം തന്നെ കഷ്ടി. സംസ്കൃത പണ്ഡിതന്‍ ഡൂഡു അപ്പോത്തിക്കിരിയുടെ അഭിപ്രായം അങ്ങന്യാച്ചാല്‍ അങ്ങനെ തന്നെ ആട്ടെ. ഏന്‍ ചൊദ്യം നിരുപാധികം പിന്‍‌വലിച്ചു. നമോവാകം. (ശരിയാണോ ആവോ. തെറ്റുണ്ടെങ്കില്‍ തിരുത്താനപേക്ഷ)

    ReplyDelete
  20. നടക്കട്ടെ ഗവേഷണങ്ങൾ.

    ReplyDelete
  21. ഹ ഹ കൊള്ളാം.

    പോസ്റ്റും കമന്റുകളും ചിരിപ്പിച്ചു എന്നതാണ് സത്യം

    ReplyDelete
  22. ശ്രീ,

    ഈ പോസ്റ്റിന്റെ ലക്ഷ്യം താങ്കളുടെ കമന്റോടെ പൂര്‍ണമായി :)

    ഗോപാലകൃഷ്ണന്റെയും മറ്റും വിവിധ ഉഡായിപ്പുകള്‍ ഉമേഷും സൂരജും 'പോയിന്റ് ബൈ പോയിന്റ്' ആയി പൊളിച്ചടുക്കിയിരുന്നല്ലോ. ഇനിയും ഇത്തരം ഉഡായിപ്പുകളുമായി ആരെങ്കിലും വരുമ്പോള്‍ മേല്‍പറഞ്ഞ കക്ഷികളെപ്പോലെ ഉള്ളവര്‍ സമയം മെനക്കെടുത്തി പൊളിച്ചടുക്കേണ്ടി വരുമോ അല്ലാതെ തന്നെ ചിരിച്ചു തള്ളാന്‍ മിനിമം ബ്ലോഗ് വായനക്കാരെങ്കിലും തയ്യാറാകുമോ എന്നായിരുന്നു സംശയം. നന്ദി ശ്രീ :)

    "എന്നാലും ചിലപ്പോള്‍ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ " എന്ന് ചിന്തിക്കുന്ന കല്‍ക്കിയവതാരങ്ങള്‍ ഇനിയും ബാക്കിയുണ്ട് എന്ന് കാണാതിരിക്കുന്നില്ല

    ReplyDelete
  23. ഹഹ , ഇതു ഇതിനിടെ മനോരമേല്‍ വായിച്ചതേ ഉള്ളൂ. ചന്ദ്രനില്‍ നിന്നു വെള്ളം കൊണ്ട് വരാന്‍ ഒരു പാത്തി ഭുമിയിലേക്ക് ഉണ്ടായിരുന്നു എന്ന് പറയാത്തത് ഭാഗ്യം !

    ReplyDelete
  24. പാവം ഗവേഷകരും ശാസ്ത്രകാരന്മാരും വെറുതെ സമയം കളയുന്നു. ഇനി എന്തെങ്കിലും ശാസ്ത്രീയ വിഷയങ്ങളോ അറിവില്ലായ്മയോ ഉണ്ടെങ്കില്‍ ബുദ്ധിമുട്ടി ഗവേഷണം ചെയേണ്ട കാര്യമില്ലല്ലോ?നേരെ നമ്മുടെ " പൊസ്തകം" എടുത്തു നോകിയാല്‍ പോരെ ...............ഇനി അടച്ചു പൂട്ടാം നമുടെ ഈ വിദ്യാലയങ്ങളെ !!!!
    കിടകട്ടെ നമ്മുടെ ആ പഴയ കോണകം പുര പുറത്തു .നാലാള് കാണട്ടെ നമുടെ അറിവിന്റെ വ്യാപ്തി.

    ReplyDelete
  25. ഗൂഗിള്‍ ബസ്സിനെ പറ്റി വെല്ല ശ്ലോകം ഉണ്ട്ടാ ?

    ReplyDelete
  26. ചിരിച്ചു തള്ളാന്‍ വരട്ടെ ബുദ്ധിജീവികളേ,

    ഹോരശാസ്ത്രം എട്ടാം നൂറ്റാണ്ടിലാണ് എഴുതിയത്. ചന്ദ്രന്‍റെ വെളിച്ചം സൂര്യപ്രകാശത്തിന്‍റെ പ്രഫലനമാണെന്ന് ശാസ്ത്രം മനസ്സിലാക്കുന്നതിന് വളരെ മുമ്പ്.

    ''പ്രകാശശൂന്യേ ജലമയേ ചന്ദ്രമസി രവിരശ്മിസംപാതാത് സംപ്രകാശം ചന്ദ്രശരീരമുത്പദ്യതേ ഇതി യുക്ത്യാ സിദ്ധ്യതി"
    (പ്രകാശശൂന്യനും ജലമയനുമായ ചന്ദ്രനില്‍ സൂര്യരശ്മിയുടെ സമ്പര്‍ക്കം ഉണ്ടാകുമ്പോള്‍ ചന്ദ്രന്‍ പ്രകാശത്തോടു കൂടിയതാകുന്നു എന്നതു യുക്തിസിദ്ധമാകുന്നു) എന്ന് ഹോരശാസ്ത്ര കര്‍ത്താവ് എട്ടാം നൂറ്റാണ്ടില്‍ എങ്ങനെ എഴുതി? എന്താണ് ഇതിനുള്ള ശാസ്ത്രീയ വിശദീകരണം?

    ReplyDelete
  27. എനിക്കറിഞ്ഞൂടാ കല്‍ക്കി തന്നെ പറഞ്ഞു താ.

    ReplyDelete
  28. കല്‍ക്കീടെ കയ്യില്‍ ഹോരാശാസ്ത്രം ഒറിജിനലിന്റെ കോപ്പി കാണും എന്നൂഹിക്കുന്നു. ഒന്ന് സ്കാന്‍ ചെയ്ത് ഇട്ടേരെ.

    ReplyDelete
  29. ചന്ദ്രനിലെ വെള്ളം മാത്രമല്ല, റൈറ്റ് സഹോദരന്മാര്‍ കഴിഞ്ഞാഴ്ച കണ്ടെത്തിയ വിമാനം വരെ പുരാണത്തിലില്ലെ കാല്‍വിന്‍? ക്ലോണിങ് കണ്ടെത്തുന്നതിനും മുമ്പേ നൂറ്റവരെ ക്ലോണ്‍ ചെയ്തെടുത്തില്ലേ? പരിണാമ സിദ്ധാന്തത്തിന്‌ എത്ര വയസ്സായെന്നാ പറഞ്ഞത്? കഷ്ടം, അതെല്ലാം മല്‍സ്യ-കൂര്‍മ്മ-വരാഹ... ഹ... ഹ... ഹ... ത്തില്‍ കാണുന്നില്ലേ?

    ഇക്കൂട്ടര്‍ക്കൊരു രമേഷ് പണിക്കരോടും കോവാലകൃഷ്ണനുമല്ലേ ഉള്ളു , മറ്റേകൂട്ടര്‍ക്ക് സ്വന്തമായി ഗവേഷണ സ്ഥാപനങ്ങള്‍ തന്നെയുണ്ട്. കിതാബില്‍ പ്രവചിച്ച ശാസ്ത്രം കണ്ടെത്താനേ!!!

    ReplyDelete
  30. മ്മടെ സക്കീര്‍ ഹുസൈന്റെ കാര്യമാണോ? അതൊക്കെ പറഞ്ഞാല്‍ വല്യ പ്രശ്നമാവില്ലേ? :)

    ReplyDelete
  31. cALviN::കാല്‍‌വിന്‍ said..

    "എനിക്കറിഞ്ഞൂടാ കല്‍ക്കി തന്നെ പറഞ്ഞു താ"

    പറഞ്ഞു തരാം. അക്കാലത്തെ ഋഷമാര്‍ക്ക് ദൈവിക വെളിപാടിലൂടെ കിട്ടിയതാണ് ഈ ജ്ഞാനം. താങ്കള്‍ക്ക് ഇത് നിഷേധിക്കാം. പക്ഷേ, അവര്‍ക്കെങ്ങനെ ഈ അറിവ് കിട്ടിയെന്ന് 'ശാസ്ത്രീയമായി' താങ്കള്‍ തെളിയിക്കണം; അല്ലെങ്കില്‍ കുറഞ്ഞപക്ഷം ഹോരശാസ്ത്രത്തില്‍ അങ്ങനെ ഒരു ശ്ലോകം ഇല്ല എന്നെങ്കിലും. ഇതുരണ്ടും ചെയ്യുന്നില്ല എങ്കില്‍ "എനിക്കറിഞ്ഞൂടാ" എന്നുള്ള താങ്കളുടെ പ്രസ്താവനയില്‍ ഉറച്ച് മിണ്ടാതിരിക്കണം.

    ഹോരശാസ്ത്രം എട്ടാം നൂറ്റാണ്ടിലാണ് എഴുതിയത് എന്ന് വിക്കി പറയുന്നു.

    The Bṛhat Parāśara Horāśāstra is a composite work of 71 chapters. The first part (chapters 1-51) dates to the 7th and early 8th centuries, and the second part (chapters 52-71) dates to the latter part of the 8th century. A commentary by Govindaswamin on the second portion, which presupposes the first, is dated to ca. 850 CE and attests to the scope of the work at that date.

    ഇതിനെ അവിശ്വസിക്കാന്‍ കാരണമൊന്നും ഞാന്‍ കാണുന്നില്ല. ഉണ്ടെങ്കില്‍ കാല്‍‌വിന്‍‍ വ്യക്തമാക്കുക.

    ഒറിജിനല്‍ കയ്യെഴുത്തുപ്രതി നോക്കി മാത്രമേ എന്തെങ്കിലും ക്വാട്ട് ചെയ്യാന്‍ പാടു എന്നുള്ള മുരട്ട് ന്യായവാദം ഉത്തരം മുട്ടുമ്പോള്‍ കാട്ടുന്ന കൊഞ്ഞനത്തിന്‍റെ ഗണത്തില്‍ പെടുത്തി അവഗണിക്കുന്നു.

    ReplyDelete
  32. കല്‍ക്കി അണ്ണാ , ഈ ഗ്രഹണം ഉണ്ടാവുന്നത് രാഹു , കേതു , മുതലായ ഇഴജന്തുക്കള്‍ ചന്ദ്ര സൂര്യാദികളെ വിഴുങ്ങുന്നത് കൊണ്ടാണെന്ന് ഇതേ പോലെ ഋഷിമാര്‍ക്കു പണ്ട് വെളിപാടുണ്ടായിട്ടുണ്ട്. അത് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? പ്രബുദ്ധരായ മലയാളം ബ്ലോഗര്‍മാര്‍ക്കിടയില്‍ കൊണ്ടുവന്നു ഇത്യാതി അമിട്ടുകള്‍ പൊട്ടിക്കാനുള്ള താങ്കളുടെ ശേഷിക്കു മുന്നില്‍ നമിക്കുന്നു ഗുരോ...

    ReplyDelete
  33. ഈ പറയുന്ന ഹോരശാസ്ത്രം കുന്നംകുളത്തെ പഞ്ചാംഗം പ്രസ്സിൽ അച്ചടിച്ചത്, H&C യിൽ നിന്ന് 2010 മെയ് 5ആം തിയ്യതി രമേഷ് പണിക്കർ വാങ്ങുന്നത് ഈയുള്ളവൻ ദാ, ഇങ്ങോട്ട് നോക്യേ, ഈ രണ്ടു കണ്ണുകൊണ്ട് കണ്ടതാ. എന്നിട്ട് എട്ടാം നൂറ്റണ്ടിലെ കണക്കും കോണ്ട് നടക്കുന്നോ, ചുമ്മാ‍...

    ReplyDelete
  34. ചന്ദ്രനെ പൌരാണിക ഭാരതത്തില്‍ ജലത്തോടു സദ്രിശ്യപെടുതിയിരുന്നു.. ചന്ദ്രന്റെ കിരണങ്ങള്‍ ശീതം ആണ് എന്ന് ഭാരതത്തില്‍ വിശ്വസിച്ചിരുന്നു.. ആയുര്‍വേദം പറയുന്നു ചന്ദ്ര കിരണങ്ങള്‍ ശീത വീര്യം ഉള്ളതാണ് എന്ന്... അതിനാല്‍ ഉഷ്ണകാലത്ത് രാത്രികളില്‍ ചന്ദ്രകിരണങ്ങള്‍ എല്കുന്നത് നല്ലതാണ് എന്ന് അഷ്ടാംഗ ഹൃദയത്തില്‍ പറയുന്നു... ശീത വീര്യമുള്ള വസ്തുക്കളെ ജലവുമായി ബന്ധിപ്പിക്കുന്നത് ഭാരതത്തിലെ രീതി ആയിരുന്നു... പോസ്റ്റില്‍ പറഞ്ഞ ശ്ലോകത്തിലും കവി ഒരുപക്ഷെ അത് മാത്രേ വിചാരിച്ചു കാണു.. അതിനെ നാസയുടെ കണ്ടുപിടിത്തവുമായി ഉപമിക്കുന്നത് തെറ്റ്...

    ReplyDelete
  35. തണുപ്പു കിട്ടാൻ എന്തിനാണ് വെള്ളം. വെള്ളമടിച്ചാൽ ചൂടാവുകയല്ലെ ചെയ്യുക. എ.സി.യുള്ളപ്പോൾ എന്തിനാ ചന്ദ്രന്റെ തണുപ്പ്. ആകെ കൺഫ്യൂഷൻ.

    ReplyDelete
  36. ഹിമാംശു എന്നതിന് ഹിമത്തിന്‍റെ അംശം ഉള്ളവന്‍ എന്നും ആവാം എന്ന് തോന്നുന്നു.ഹിമം എന്നത് ജലത്തിന്‍റെ ഖരാവസ്ഥ ആണല്ലോ?
    ഭാരതീയ അറിവുകളെ കളിയായി കരുതുന്നവര്‍ക്ക് എന്തും പറയാം.ഭൂമിയുടെ വ്യാസവും,വര്‍ഷത്തിലെ ദിവസങ്ങളുടെ എണ്ണവും,ഒന്‍പത്ഗ്രഹങ്ങളെ പറ്റിയും ഒക്കെ പറഞ്ഞ ആര്യഭട്ടന്‍ ജീവിച്ച നാടാണിത്.സൂര്യനാണ് പ്രപഞ്ചത്തിന്‍റെ കേന്ദ്രം എന്ന് ഗലീലിയോ ജനിക്കുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ ഭാരതീയര്‍ മനസ്സിലാക്കിയിരുന്നു.ജ്യാമിതിയും,ത്രികോണമിതിയും,കലാനും(കാല്‍ക്കുലസ്‌) ഒക്കെ കണ്ടുപിടിക്കപ്പെട്ട നാടാണിത്.ഇതൊന്നും നിഷേധിക്കാന്‍ പറ്റില്ലല്ലോ?
    ഇവിടെ എഴുതപ്പെട്ട കാര്യങ്ങളെ പറ്റി പറയുമ്പോള്‍ എന്തിനാണ് ഇത്ര രോഷം?ആര്‍ക്കാണ് ഇത്ര അടിമത്ത മനോഭാവം.പാശ്ചാത്യര്‍ കണ്ടുപിടിക്കുന്ന കാര്യങ്ങള്‍ നമ്മള്‍ നിഷേധിക്കുന്നില്ലല്ലോ?ഇപ്പോ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് കണ്ടുപിടിക്കുന്ന കാര്യങ്ങള്‍ പലതും നമ്മുടെ പൂര്‍വ്വികര്‍ പറഞ്ഞു വച്ചതാണെന്ന് പറഞ്ഞാല്‍ അതിലെന്താണ് തെറ്റ്?
    ഭവിഷ്യപുരാണം എന്നൊരു പുരാണത്തെ പറ്റി കേട്ടിട്ടുണ്ടോ?ഭാവിയില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍കൂര്‍ പ്രവചിക്കുന്ന പുരാണമാണത്.
    അതില്‍ ഗുരണ്ടന്മാര്‍ ഭാരതത്തിലേക്ക് വരും എന്ന് പറയുന്നുണ്ട്.അവരെ എങ്ങനെ മനസ്സിലാക്കാം എന്നും പറയുന്നുണ്ട്.
    അവര്‍ രവിവാറിനെ (ഞായര്‍)സണ്‍‌ഡേ എന്നും, ആറിനെ സിക്സ് എന്നും,ഫാല്‍ഗുന മാസത്തെ ഫെബ്രുവരി എന്നും വിളിക്കും (ആ ശ്ലോകത്തിന്‍റെ അര്‍ഥം മാത്രം എടുത്തു ചേര്‍ത്തിരിക്കുന്നു). ഇപ്പോ ഗുരണ്ടന്മാര്‍ ആരാണെന്ന് മനസ്സിലായിക്കാണും.ക്രി.മു.1500 നും മുന്‍പ് എഴുതപ്പെട്ട ആ പുരാണത്തില്‍ അവര്‍ക്കെങ്ങനെ (വ്യാസന്‍) സിക്സ് എന്നും ഫെബ്രുവരി എന്നും ഒക്കെ പറയാന്‍ പറ്റി?
    നളന്ദ,തക്ഷശില പോലെ രണ്ട് പ്രശസ്ഥ സര്‍വ്വകലാശാലകള്‍ ഇവിടെ ഉണ്ടായിരുന്നു.നമുക്ക് ഒരബദ്ധമേ പറ്റിയിട്ടുള്ളൂ.ബൗദ്ധികസ്വത്തവകാശം എന്നത് നമുക്കറിവില്ലായിരുന്നു.അറിവ് ഒരാളുടെ മാത്രം സ്വത്തല്ല എന്ന് നമ്മുടെ പൂര്‍വ്വികര്‍ വിശ്വസിച്ചു.അങ്ങനെ അവര്‍ ജീവിച്ചു.
    താണജാതിക്കാരെ അറിവില്‍ നിന്ന് അകറ്റി നിര്‍ത്തി പിന്നെ പല തെറ്റുകളും ചെയ്തെങ്കിലും അസാമാന്യ മനീഷികളായിരുന്നു നമ്മുടെ പൂര്‍വ്വികര്‍.

    ശ്രീകാന്ത്‌ മണ്ണൂര്‍
    www.sreemannur.blogspot.in

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സുസ്വാഗതം.
തെറിവിളികള്‍, വ്യക്തിഹത്യ മുതലായവയെ ഒഴിവാക്കുമല്ലോ.
അനോണിമസ് ഓപ്ഷന്‍ തല്‍ക്കാലം ലഭ്യമല്ല. പഴയ പോസ്റ്റുകള്‍ക്ക് കമന്റ് മോഡറേഷന്‍ ഉണ്ട്. സരസമായ ഓഫുകളെ നിരുത്സാഹപ്പെടുത്തുന്നില്ല. മനപൂര്‍‌വം വിഷയത്തില്‍ നിന്നും വഴി തിരിച്ചു വിടുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടേക്കാം.

CopyLeft Information

Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.