Thursday, November 15, 2012

അയാളെന്ന പ്രേക്ഷകനും ലാല്‍ജോസും തമ്മില്‍ - അഥവാ കളങ്കങ്ങള്‍ പേറുന്ന സൈബര്‍ സിനിമാസ്വാദനങ്ങള്‍




നിഷ്കളങ്കതയെക്കുറിച്ചാണ് ലാല്‍ജോസ് സംസാരിക്കുന്നത്. പാപം  ചെയ്യാത്തവരുടേതായ  ഒരു ലോകത്തെ വിഭാവനം  ചെയ്യുന്ന ഒരു മിശിഹാ അദ്ദേഹത്തിലും  ഉണ്ടായിരിക്കണം.  മാധ്യമത്തിലൂടെ പുറത്തുവന്ന ലാല്‍ ജോസിന്റെ വീക്ഷണങ്ങളെക്കുറിച്ച് മലയാളം   സൈബര്‍ ലോകത്തില്‍ ഇതിനോടകം  തന്നെ ആവശ്യത്തിനു ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. ലാല്‍ജോസ് ഉന്നയിച്ച പ്രശ്നങ്ങള്‍ക്കെല്ലാം  ഉത്തരം  റോബി തന്റെ പോസ്റ്റിലൂടെ മനോഹരവും   സമ്പൂര്‍ണവും  ആയി നല്‍കിയിട്ടുണ്ട്.  അതിനാല്‍ ലാല്‍ജോസിനു കൂടുതല്‍ മറുപടി എഴുതാന്‍ ഇവിടെ ശ്രമിക്കുന്നില്ല. പകരം  പ്രശ്നം, അങ്ങനെയൊന്നുണ്ടെങ്കില്‍, അത് എവിടെ നിന്നുല്‍ഭവിക്കുന്നു എന്നതിനെക്കുറിച്ചാണ് ചിന്ത.

അതിനായി അധികാരം  സൃഷ്ടിക്കുന്ന സാമൂഹ്യപരിസരത്തെ മുന്‍നിര്‍ത്തി വിഷയത്തെ പരിശോധിക്കേണ്ടതുണ്ട്. സിനിമ നിര്‍മ്മിക്കുന്നയാളും  അതാസ്വദിക്കുന്നയാളും  തമ്മിലൊരു പ്രശ്നം (conflict ) നിലനില്‍ക്കുന്നുണ്ടോ?  ഉണ്ടെങ്കില്‍ അത് മേല്‍പറഞ്ഞ രണ്ട് ഘടകങ്ങള്‍ക്കിടയില്‍ ഏതു തരത്തില്‍ ഉരുവാകുന്നു?

വ്യക്തികളോ ആശയങ്ങളോ സമൂഹമോ സെക്ടുകളോ തമ്മില്‍ പ്രതിപ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന അധികാര കേന്ദ്രീകരണങ്ങളെക്കുറിച്ച്  ഫൂക്കോയെ, ഗ്രാംഷിയെപ്പോലെ ഉള്ളവര്‍ ഏറെ ഗഹനമായി മുന്നേ തന്ന പറഞ്ഞിരിക്കുന്നു.  ഏറ്റവുമടുത്ത് ഇക്കഴിഞ്ഞ ഞായറാഴ്ച പ്രസിദ്ധീകരിച്ച ഹിന്ദുവില്‍ , വിജയ് നാഗസ്വാമി തന്റെ പംക്തിയില്‍ ഈ വിഷയം  കൈകാര്യം  ചെയ്യുന്നതില്‍ നിന്നും  ഉദ്ധരണികള്‍ താഴെ ചേര്‍ക്കുന്നു.


"Looking around, one can see that in most dyadic relationships (those involving two people), there is the tacit, often explicit, assumption, that one of the two has a casting vote. Whether between parent and child, man and woman, boss and subordinate, teacher and student, sibling and sibling, friend and friend or service provider and service recipient, most fallouts take place when one doesn’t recognise or respect the authority of the other, or worse, attempts to reverse the power balance in the equation. The most serene relationships are those in which the power structure is accepted unquestioningly by both partners in the dyad, and both can therefore be relatively true to their respective selves and each other within the framework of this acceptance."

നമ്മുടെ രാജ്യത്തെ മാത്രം  ഉദാഹരണമായി എടുത്താല്‍, ചില സവിശേഷ ബന്ധങ്ങളില്‍ , ഒരാളുടെ മേല്‍ക്കോയ്മയെ ചോദ്യം  ചെയ്യാനാവാത്ത വിധം  സമൂഹം  അംഗീകരിക്കുന്നുണ്ട്. ഉദാഹരണത്തിന്  ഗുരു എപ്പോഴും  ശരിയാണ് (ഗുരു-ശിഷ്യ). അച്ചനമ്മമാര്‍ എപ്പോഴും  ശരിയാണ് (മാതാപിതാക്കള്‍ - കുട്ടികള്). പ്രായത്തില്‍ മൂത്തയാള്‍ എപ്പോഴും  ശരിയാണ് ( മുതിര്‍ന്നവര്‍ - ചെറുപ്പക്കാര്‍).

നിലവിലെ  സിനിമാപ്രവര്‍ത്തകരും  പ്രേക്ഷകരും  തമ്മില്‍, അധികാരം  കൃത്യമായും  നിര്‍വചിക്കപ്പെട്ട ദ്വന്ദസ്വഭാവമുള്ള ഒരു ബന്ധത്തെ ലാല്‍ജോസ്  ഇത്തരത്തില്‍ മനസില്‍ നിര്‍മ്മിച്ചിരിക്കുന്നു എന്ന് കരുതാവുന്നതാണ്.

വിജയ് നാഗസ്വാമിയുടെ ഉദ്ധരിണിയിലെ ഈ ഭാഗം  ശ്രദ്ധിക്കുക.

"most fallouts take place when one doesn’t recognise or respect the authority of the other, or worse, attempts to reverse the power balance in the equation. "

 താന്‍ മനസില്‍ കൊണ്ടുനടക്കുന്ന അധികാരസങ്കല്‍പത്തിനു ഒരു വെല്ലുവിളി നേരിടുന്നതായി ലാല്‍ജോസ്  കരുതുന്നുണ്ടാകണം.  സൈബര്‍സ്പേസാണ് അതിനു പ്രധാനകാരണമായി ലാല്‍ജോസ് കണ്ടെത്തിയിരിക്കുന്നത്.   അതെന്തുകൊണ്ടാകും?

ഒന്നു കൂടെ ദ ഹിന്ദുവിലേക്ക് തിരിച്ച് പോകാ. കഴിഞ്ഞ ബുധനാഴ്ച പ്രസിദ്ധീകരിച്ച Crime and punishment in cyber world എന്ന പുസ്തകനിരൂപണത്തില്‍ നിന്നും 

In the network society, the Internet-connected world that sociologist Manuel Castells explores in his writings, people exchange millions of messages in real time. They live in an age of ‘mass self-communication’, and governments are at a disadvantage because people ignore authority and create meanings about their world with a sense of independence. “Mass self-communication provides the technological platform for the construction of the autonomy of the social actor, be it individual or collective, vis-à-vis the institutions of society,” Professor Castells, author of The Internet Galaxy, said recently in the aftermath of the uprising against authoritarian governments and unjust economic policies in many countries.

വ്യവസ്ഥാപിത സിനിമവ്യവസായം , പ്രേക്ഷകന്‍,  നിലവിലെ അധികാരഘടന,  സൈബറിടങ്ങളിലെ 'സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ബോധം' എന്നിവ ചേര്‍ത്ത് വായിച്ചാല്‍ ലാല്‍ജോസിന്റെ അസംതൃപ്തിയുടെ മൂലകാരണം   കണ്ടെത്താന്‍ സാധിക്കുന്നതേയുള്ളൂ.

ലാല്‍ജോസിന്റെ തന്നെ വാക്കുകള്‍ ശ്രദ്ധിക്കാം. 

ഇതിന് മുമ്പുള്ള സിനിമാ തലമുറയും വിദേശ സിനിമകളില്‍ നിന്ന് കോപ്പിയടിച്ചിരുന്നു. ഇന്‍റര്‍നെറ്റ് ഒന്നും ഇല്ലായിരുന്നതിനാല്‍ അന്ന് അതാരുമറിഞ്ഞില്ല.

കോപ്പിയടിക്കുന്നോ എന്നതല്ല, അത് പ്രേക്ഷകന്‍ അറിയാന്‍ പാടില്ല എന്നാതാണ് ലാല്‍ജോസിന്റെ നിര്‍ബന്ധങ്ങളിലൊന്നു. അറിവില്ലാത്ത ഒരു പ്രേക്ഷകനെ, അഥവാ അറിവില്ലായ്മയിലൂടെ  അധികാരത്തെ അഡ്രസ് ചെയ്യാന്‍ പ്രാപ്തനല്ലാത്ത ഒരു പ്രേക്ഷകനെ ലാല്‍ജോസ് എല്ലാക്കാലത്തേക്കും  ആഗ്രഹിക്കുകയാണ്.  ആഗ്രഹങ്ങള്‍ക്ക് അല്ലെങ്കിലും  പരിധികള്‍ ഇല്ലല്ലോ.

Thursday, September 8, 2011

ഓണം, കേരളം , മഹാബലി, ചരിത്രം , ആഘോഷങ്ങള്‍

ഓണാഘോഷവും കേരളവും:

അപ്പോ ഓണം ആഘോഷിക്കണോ വേണ്ടയോ, ഓണം അവര്‍ണാഘോഷമാണോ സവര്‍ണാഘോഷമാണോ, മഹാബലി ദ്രാവിഡരാജാവായിരുന്നോ ചേരമാന്‍ പെരുമാളായിരുന്നോ, ഓണാഘോഷത്തെ സാവര്‍ണ്യത്തിനു വിട്ടുകൊടുക്കണോ, ഓണം കാര്‍ഷികാഘോഷമാണോ, ഓണം ഇന്ന് വിപണിയുടെ ആഘോഷമാണോ ഇതൊക്കെയാണ് വിഷയം അല്ലേ?

 എന്റെ വക പത്തു പൈസകള്‍.

മഹാബലി മിത്തും പരശുരാമന്‍ മഴുവെറിഞ്ഞ മിത്തും മിത്ത് മാത്രമാണെന്ന് കൊച്ചുപിള്ളേര്‍ക്കു പോലും അറിയാമായിരിക്കുമെങ്കിലും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ട ചില കാര്യങ്ങള്‍ കൂടെയുണ്ട്.

മഹാബലിയുടെ വര്‍ണം:

1. ഓണത്തെ ഈ പ്രദേശത്തോട്ട് പിന്നീടെത്തിയ ബ്രാഹ്മണമതം ഏറ്റെടുത്തു തൃക്കാക്കരയപ്പനെ പൂജിക്കാന്‍ വിധിയുണ്ടാക്കിയത് പോലെ തന്നെ ബ്രാഹ്മണമതം കൊണ്ടുവന്ന മിത്തായിരിക്കണം മഹാബലി എന്ന രാജാവും എന്ന് ചിന്തിക്കുവാനേ ന്യായമുള്ളൂ.

2. കേരളത്തിന്റെ ചരിത്രവും ജിയോഗ്രഫിക്കല്‍ പ്രത്യേകതകളും പരിശോധിച്ചാല്‍ നമുക്ക് മനസിലാക്കാന്‍ കഴിയുന്ന ഒരു കാര്യം ഏറെ പണ്ട് ഈ പ്രദേശത്തെ ഒന്നാകെ(ഏറെക്കുറേ എങ്കിലും ) ഭരിച്ചിരുന്ന ഒരു രാജഭരണം ഉണ്ടായിരിക്കാനുള്ള സാധ്യതകള്‍ തീരെയില്ല എന്നു തന്നെയാണ്.

3. ഇങ്ങോട്ട് കുടിയേറിയ ബ്രാഹ്മണര്‍  ഇവിടത്തെ സുബ്രഹ്മണ്യന്‍, അയപ്പന്‍ മുതലായ ദ്രാവിഡദൈവങ്ങളെ ആര്യദൈവത്തിന്റെ കുടുംബക്കാര്‍ ആക്കി മാറ്റിയതു പോലെ ഇവിടത്തെ മഹാബലിയെ ഹിന്ദു പുരാണത്തിന്റെ ഭാഗമാക്കി എന്നൊരു വാദവുമുണ്ട്. അത് ശരിയാകാന്‍ സാധ്യത  തീരെയില്ല. മഹാബലിയെന്ന കഥാപാത്രവും  വാമനനോടൊപ്പം  ഈ പ്രദേശത്തെ ചരിത്രത്തിലേക്ക് പിന്നീട് പ്ലാന്റ് ചെയ്തതായിരിക്കാന്‍ ആണ് കൂടുതല്‍ സാധ്യത.

സമത്വസുന്ദരധനികഭൂതകാലം :
1. മറ്റൊരു മിത്ത് തന്നെ ആവാനേ വഴിയുള്ളൂ. അറിവിനെപ്പോലെ തന്നെ കാലഘട്ടത്തിലൂടെ അക്യുമുലേറ്റ് ചെയ്ത് വന്ന മൂല്യങ്ങളാണ് മനുഷ്യന്റെ ജനാധിപത്യബോധവും, സമത്വചിന്തകളും, നീതിബോധവും മറ്റും.

2. സത്യയുഗത്തില്‍ ശാന്തി വിളയാടിയിരുന്നു എന്ന മിത്തിനു തുല്യമാണ് കേരളം ഉള്‍പ്പെട്ട പ്രദേശത്ത് പണ്ട്‌ സമത്വവും നീതിയും വിളയാടിയിരുന്നു എന്ന ഐതിഹ്യം. അങ്ങേയറ്റം പ്രാകൃതമായ നിയമങ്ങളും രീതികളും ഒക്കെത്തന്നെയായിരുന്നു മറ്റേതു പ്രദേശവും പോലെ ഇവിടെയും എന്ന് കാണാവുന്നതാണ്.

3. ഒരു ധനിക കാര്‍ഷികസംസ്കാരസമ്പന്നമായ ഭൂതകാലം പതിനെട്ടോ പതിനേഴോ നൂറ്റാണ്ടിനു മുന്‍പ് ഇവിടെ നിലനിന്നിരുന്നു എന്നത് ശുദ്ധമായ അന്ധവിശ്വാസമാണ്.

4. ലാന്‍ഡ് റീഫോമഷേനു ശേഷം കൃഷി അതിനു താല്‍പര്യമില്ലാത്തവന്റെ കൈകളിലെത്തി അങ്ങനെ കൃഷി നശിച്ചു, ലാഭകരമല്ലാതെയായി തുടങ്ങിയ വാദങ്ങള്‍ പോലെ അടിസ്ഥാനരഹിതമാണ് ഇതും.

5. കേരളത്തിലെ തെങ്ങുകൃഷിയുടെയും നെല്‍കൃഷിയുടെയും ചരിത്രം താരതമ്യേന സമീപഭൂതകാലത്താണ് തുടങ്ങുന്നത്.

6. ലാഭകരമായ രീതിയില്‍ നെല്‍കൃഷി നടത്താന്‍ വേണ്ട കൃത്രിമജലസേചനസൗകര്യമോ , വളമുപയോഗിച്ച് കൃഷിസ്ഥലം പുഷ്ടിപ്പെടുത്താന്‍ ഉള്ള മാര്‍ഗമോ‌, മൃഗങ്ങളുടെ അധ്വാനം ഉപയോഗിച്ചുള്ള സാങ്കേതികവിദ്യയോ ഒന്നും പതിനാറ് പതിനേഴ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ കേരളത്തിലില്ലായിരുന്നു എന്ന് കാണാം.

7. കൃഷിക്കു വേണ്ട സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഇതര ഭാരതീയനാടുകളുമായി നൂറ്റാണ്ടുകള്‍ പിന്നിലായിരുന്നു കേരളം എന്നും പരിശോധനയില്‍ തെളിയും.

8. നമ്മുടെ സംസ്കാരത്തെ സൂക്ഷിക്കാന്‍ നമ്മെ സംരക്ഷിക്കുന്നു എന്ന് നാം ഹൈസ്കൂളില്‍ പഠിച്ച സഹ്യപര്‍വത നിരതന്നെയാവണം ഇതരപ്രദേശത്തു നിന്നും സാങ്കേതികവിദ്യകളെ ഇങ്ങെത്തുന്നതില്‍ നിന്നും തടഞ്ഞത്.

9. ഉന്നതമായ ഒരു സംസ്കാരം ഡെവലപ് ചെയ്യാനും നിലനിര്‍ത്താനും സാധ്യമാവേണമെങ്കില്‍ അത്യാവശ്യം വേണ്ട 'Food Surplus' ഒരു കാലത്തും കേരളത്തില്‍ ഉണ്ടായിരുന്നിട്ടില്ല.

10. നെല്‍കൃഷിയില്‍ നിന്നും ഉണ്ടായ ഭക്ഷണം കൃഷിയിടങ്ങളില്‍ പണിയെടുത്ത അവര്‍ണരെ മുക്കാല്‍പ്പട്ടിണിയിലും വരേണ്യരെ അര്‍ദ്ധപട്ടിണിയിലും കൊല്ലാതെ ജീവിപ്പിച്ചു പോന്നു എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു.

11. പറമ്പിലും മറ്റും അവിടിവിടെയായി വളരുകയും വിളയുകയും ചെയ്ത തെങ്ങ്, പ്ലാവ്, മാവ്, ചേന, ചേമ്പ് മുതലായവയൊക്കെയാണ് ഇപ്രദേശത്തുകാരെ മുഴുപ്പട്ടിണിയില്‍ നിന്നും സംരക്ഷിച്ചിട്ടുണ്ടാവുക.

12. മണ്‍സൂണുമായുള്ള കേരളത്തിലെ ഭക്ഷണത്തിന്റെ ചരിത്രം അഭേദ്യകരമാം വണ്ണം പരസ്പരബന്ധിതമാണ്.

13. കാലാവസ്ഥയ്ക്കനുസൃതമായി കിട്ടുന്ന ഭക്ഷണമാണ് ജീവന്‍ എന്നതിനാല്‍, കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ കേരളീയരുടെ തനത് ആഘോഷങ്ങളായി മാറിയിരിക്കാന്‍ സാധ്യതയുണ്ട്. ആ അര്‍ത്ഥത്തില്‍ ഓണം കേരളത്തിന്റെ പ്രാദേശിക ഉല്‍സവം തന്നെയായിരിക്കണം. വളരെപ്പണ്ടു കാലം മുതല്‍ക്കേ‌ ഓണം ആഘോഷിച്ചുമിരുന്നതായി ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നുണ്ട്‌ താനും.

ഓണം എങ്ങനെ ആഘോഷിക്കണം/ആഘോഷിക്കപ്പെട്ടു?

1. ഓണം കേരള്‍ കാ ദേശീയ ത്യോഹാര്‍ ഹേ എന്ന് പാഠത്തില്‍ നാം പഠിച്ച ഓണാഘോഷങ്ങളില്‍ മിക്കതും സമീപഭൂതകാലനിര്‍മ്മിതികള്‍ ആവാനേ തരമുള്ളൂ.


2. രാവിലെ എഴുന്നേറ്റ് രംഗ ബിരംഗേ കപ്പടേ ഉടുക്കാനുള്ള വഹയൊന്നും ഇവിടത്തെ രാജാക്കന്‍മാര്ക്ക് പോലും ഉണ്ടായിരിക്കാന്‍ സാധ്യതയില്ല. [അതിനുള്ള സാങ്കേതികവിദ്യ തീരേ നഹിം നഹിം ].

3. സെറ്റുസാരിയുമുടുത്ത് തിരുവാതിര കളിക്കുന്ന യുവതികള്‍ കേരളത്തിലെ തനതുകാഴ്ചയായിരുന്നു എന്ന് പറഞ്ഞാല്‍ ചിരിക്കുകയല്ലാതെ നിവര്‍ത്തിയില്ല. സാരി തന്നെ കേരളത്തില്‍ എത്തിയിട്ട് ഏറെക്കാലമായില്ല.

4. ഓണാഘോഷത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങള്‍ പലതും അങ്ങേയറ്റം മനുഷ്യത്വരഹിതമായിരുന്നു.

5. ഓണത്തല്ലെന്ന് സുപരിചിതമായ ഓണക്കളി ധാരാളം മനുഷ്യക്കുരുതികള്‍ക്ക് വഴി വെയ്ക്കുന്ന തരം ആയുധം ഉപയോഗിച്ചുള്ള പട തന്നെയായിരുന്നു. വിനോദത്തിനായി അങ്ങോട്ടുമിങ്ങോട്ടും കൊന്ന ചരിത്രവും ഓണത്തിന്റെ ഭാഗമാണെന്ന് ചുരുക്കം. സമത്വസുന്ദരഭൂതകാലത്തെ ഓര്‍മ്മിക്കാന്‍ പറ്റിയ ആഘോഷരീതികള്‍ തന്നെ!

6. കിട്ടുന്ന തേങ്ങയും മാങ്ങയും ഇച്ചിരി മീനും പശുവിറച്ചിയും ഒക്കെ കഴിച്ചു ജീവിച്ച ഒരു ജനത വെജിറ്റേറിയന്‍ സദ്യ ഓണത്തിനൊരുക്കി എന്നത് പുളുവാകാനേ തരമുള്ളൂ. അല്ലെങ്കില്‍ തന്നെ അതിനു നെല്ലെവിടെ? പില്‍ക്കാലത്ത് വല്ല രാജകുടുംബമോ, ഇല്ലങ്ങളിലോ, കാശുള്ള നായര്‍ത്തറവാറുകളിലോ [ which was of course a rarity] സദ്യയൊക്കെ ഉണ്ടാക്കിയിരുന്നെങ്കിലായി. 

7. ഓണാഘോഷത്തെ സവര്‍ണതയ്ക്ക് വിട്ടുകൊടുക്കരുത് എന്ന വാദത്തില്‍ തീര്‍ച്ചയായും കഴമ്പുണ്ട്.

8. സാരിയും ഡബിള്‍ മുണ്ടൂമുടുത്താല്‍ ട്രഡീഷനല്‍ ഡ്രസ്സിട്ട ആഘോഷമാകാന്‍ അത് കൊണ്ട് തന്നെ തീരെ തരമില്ല. ട്രഡീഷനല്‍ ഡ്രസ്സിന്റെ പിറകെ പോയാല്‍ മുക്കാലും നഗ്നരാവാനേ പറ്റുകയുള്ളൂ. ഡ്രസ്സൊക്കെ അവനവനിഷ്ടമുള്ളതും സൗകര്യമുള്ളതും ആകുന്നത് കൊണ്ട് ഓണത്തിന്റെ മാഹാത്മ്യം കുറയാനോ കൂടാനോ ഒന്നും തരമില്ല.

ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഓണാഘോഷം മലയാളികളില്‍ പലരുടെയും റൊട്ടീന്‍ ജീവിതത്തിന്റെ ഭാഗമാണ്. ഓണത്തിനവധി ഉള്ളത് കാരണം നാട്ടില്‍ പോക്ക്, ഒത്തു കൂടല്‍, ഒരുമിച്ചുള്ള കുക്കിങ്ങ്, വിപണിയില്‍ മറ്റു സമയത്തെ അപേക്ഷിച്ച് വിലക്കുറവുണ്ടാകുമെന്ന കാരണത്താല്‍ ഷോപ്പിങ്ങ് ഈ സമയത്തേക്ക് മാറ്റിവെക്കല്‍, പ്രാദേശികമായി ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ അത് വിറ്റഴിക്കാന്‍ ഉള്ള സമയം എറ്റ്സട്രാ എറ്റ്സട്രാ.. അതൊക്കെ അതിന്റെ വഴിക്കു തന്നെ അങ്ങനെ പോക്കോട്ടേ.

എന്നു കരുതി മലയാളികള്‍ മുഴുവന്‍ - എല്ല മതത്തിലും വിശ്വാസത്തിലും ഉള്ളവര്‍ - സെറ്റ് സാരിയും കസവുമുണ്ടുമുടുത്ത് തിരുവാതിര കളിച്ചും വെജിറ്റേറിയന്‍ ഓണസ്സദ്യ ഉണ്ടും 'നാളികേരത്തിന്റെ നാട്ടില്‍' പാട്ടു പാടിയും ഓണമാഘോഷിച്ചില്ലെങ്കില്‍ മലയാളിയാവില്ല, സെക്യുലര്‍ ആവില്ല, ദേശസ്നേഹി ആവില്ല എന്നൊക്കെ പറഞ്ഞാല്‍ അത് ശുദ്ധതോന്ന്യാസമാണ് .

ഈ തിരുവോണത്തിന്റന്ന് പുതുതായി വാങ്ങിയ ലോക്കല്‍ മേഡ് കാപ്രീസും ഇട്ട് ചപ്പാത്തിയും ചിക്കന്‍ കറിയും കഴിച്ച് ഓണമാഘോഷിക്കാന്‍ ആണ് എന്റെ തീരുമാനം ;)

അപ്പോ ഷാപ്പീ പോണം, അല്ല ഹാപ്പി ഓണം റ്റു ഓള്‍

Sunday, May 8, 2011

ബ്രൈറ്റിന്റെ പരിണാമം

ബ്രൈറ്റിനെ നമുക്കറിയാം. ജീവശാസ്ത്രസംബന്ധിയായ വിഷയങ്ങളില്‍ കോമ്പ്രിഹെന്‍സീവായ എന്നാല്‍ വളരെയധികം‌ റീഡബിള്‍ ആയ പോസ്റ്റുകളിലൂടെയാണ് ബ്രൈറ്റ് ബ്ലോഗ്‌‌ലോകത്ത് കടന്നുവരുന്നതും അറിയപ്പെടാന്‍ തൂടങ്ങുന്നതും. പരിണാമവിരോധികളായെ സെമിറ്റിക് മതാന്ധവിശ്വാസികളെ കണക്കറ്റ് പരിഹസിച്ചും, കുറിക്കു കൊള്ളുന്ന മറുപടികള്‍ നല്‍കിയും, ശാസ്ത്രീയമായ പോസ്റ്റുകളെഴുതിയും പരിണാമസിദ്ധാന്തചര്‍ച്ചകളെ ജീവസ്സുറ്റതാക്കാന്‍ ബ്രൈറ്റ് എന്ന ബ്ലോഗര്‍ കാണിച്ച നിഷ്ക്കര്ഷ പ്രശംസനാര്‍ഹമാണ്.

എന്നാല്‍ ബ്രൈറ്റിനു സ്വയം സംഭവിച്ച/സംഭവിച്ചുകൊണ്ടിരീക്കുന്ന പരിണാമം നിരാശാവഹമാണെന്ന് പറയാതെ വയ്യ. സ്ത്രീപക്ഷവാദികള്‍ക്കെതിരെ ശാസ്ത്രത്തിന്റെ ചുവടുപിടിച്ച് എന്നാല്‍ പലയിടത്തും വളച്ചൊടിച്ചും പുകമറ സൃഷ്ടിച്ചും എഴുതിയ ഒരു സീരീസ് പോസ്റ്റിലൂടെയാണ് ബ്രൈറ്റില്‍ മാറ്റം പ്രകടമായി കണ്ടു തുടങ്ങിയത്. ജെന്‍ഡര്‍ ഡിസ്ക്രിമിനേഷനും ശാസ്ത്രത്തിന്റെ പിന്‍ബലം നല്കാന്‍ ഉള്ള ശ്രമത്തെ ഇതെഴുതുന്നയാളടക്കം പലരും അന്നേ വിമര്‍ശിക്കുകയും വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നു. ദളിതപക്ഷവാദി എന്ന് സ്വയം ഐഡന്റിഫൈ ചെയ്യുന്ന ചിത്രകാരനെപ്പോലെയുള്ള ബ്ലോഗേഴ്സ് ബ്രൈറ്റിനെ ഈ വിഷയത്തില്‍ പിന്തുണച്ചിരുന്നു എന്ന വിരോധാഭാസകരമായി തോന്നിയേക്കാം.

പരിണാമത്തിന്റെ അടുത്ത ഘട്ടത്തില്‍ ന്യായമായും റേഷ്യല്‍ ഡിസ്ക്രിമിനേഷന്‍ വരേണ്ടതുണ്ടായിരുന്നു. അതിനുള്ള സൂചനകള്‍ ചിത്രകാരനു ബ്രൈറ്റ് നല്‍കിയ മറുപടികളില്‍ തന്നെ പ്രകടമായിരുന്നു താനും. വംശമഹിമാസിദ്ധാന്തത്തിനു ജനിതകശാസ്ത്രത്തെ കൂട്ടുപിടിക്കുന്ന അങ്ങേയറ്റം പ്രതിലോമകരമായ പോസ്സ്റ്റുകളാണ് ബ്രൈറ്റില്‍ നിന്നും പിന്നീട് ഉണ്ടായത്. ചൂടേറിയ വാദപ്രതിവാദങ്ങള്‍ നടന്നു.

മാംസാഹാരവിദ്വേഷവുമായി ബന്ധപ്പെട്ട ചര്‍ച്ച ബസ്സില്‍ നടക്കുമ്പോള്‍ സംഘപരിവാറിനു സുഖിക്കുന്ന ബസ് പോസ്റ്റുകളുമായി ബ്രൈറ്റെത്തി.

ഇപ്പോള്‍ ഏറ്റവും അവസാനമായി വിശ്വാസത്തിന്റെ ശാസ്ത്രം എന്ന പോസ്റ്റ് സീരീസാണ് ബ്രൈറ്റെഴുതിക്കൊണ്ടിരിക്കുന്നത്. മുഴുവനും പുറത്ത് വരാത്തതിനാല്‍ അഭിപ്രായം പറയുന്നതില്‍ അനൗചിത്യം ഉണ്ടെങ്കില്‍ കൂടി മേല്‍പറഞ്ഞ പരിണാമത്തിന്റെ അടുത്ത ഘട്ടമല്ലേ മുന്‍പിലെത്തിയിരിക്കുന്നത് എന്ന് ന്യായമായും സംശയിച്ചു പോവുന്നു. ഒരു യുക്തിവാദിയില്‍ നിന്നും മതം ഒഴിവാക്കാന്‍ ആവാത്ത ഒരു സ്ഥാപനമാണെന്നും അതില്‍ തന്നെ പരിണാമത്തെയടക്കം അംഗീകരിക്കുന്ന, ഉള്‍ക്കൊള്ളുന്ന, ഹൈജീനിക് ശീലങ്ങള്‍ വച്ച് പുലര്‍ത്തുന്ന ബ്രാഹ്മണിക് മതങ്ങളാണ് മേത്തരമെന്നും ബ്രൈറ്റ് നിലപാടെടുത്താല്‍ ഞാനല്‍ഭുതപ്പെടില്ല.

ഡോക്കിന്‍സടക്കം ആധുനികജീവശാത്രജ്ഞരുടെ അഭിപ്രായങ്ങള്‍ തന്നയാണ് ഈ പോസ്റ്റിലും ബ്രൈറ്റ് അവലംബിക്കാന്‍ ശ്രമിക്കുന്നത്. മതം ഒരു 'ബൈ പ്രോഡക്ട്' ആണെന്ന ഡോക്കിന്‍സിന്റെ വാദം ബ്രൈറ്റ് ഉദ്ധരിക്കുന്നുണ്ട്. എങ്കിലും അതോടൊപ്പം ഡോക്കിന്‍സ് കൂട്ടിച്ചേര്‍ക്കുന്ന കാര്യങ്ങളില്‍ ചിലത് ബ്രൈറ്റ് വിട്ടുപോകുന്നില്ലേയെന്ന ചോദ്യം ഉന്നയിക്കാതെ വയ്യ.

സംഘപരിവാറ് അനുകൂലികളുമായി നടത്തിയ മിനിമം ഓണ്‍ലൈന്‍ ചര്‍ച്ചകളില്‍ എനിക്കു മനസിലായ ഒരു മിനിമം കാര്യം മറ്റു മതങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും വ്യത്യസ്തമായി ആറെസ്സെസ്സുകാരാനാവാന്‍ ഈശ്വരവിശ്വാസിയാവേണ്ടെന്നതാണ്. നീരീശ്വരനെന്ന് സ്വയം ഐഡന്റിഫൈ ചെയ്യുന്നവരാണ് സംഘികളില്‍ നല്ലൊരു പക്ഷം. ദൈവത്തിലേ സനാതനഹിന്ദുമതം വിശ്വസിക്കുന്നുള്ളൂ. ഈശ്വരനിലില്ല. വംശമഹിമാസിദ്ധാന്തമാണ് മതത്തെക്കാള്‍ ആധുനികഹിന്ദുമതതീവ്രവാദികള്‍ മുന്നോട്ട് വെയ്ക്കുന്നതെന്ന് ചുരുക്കും [ഹിറ്റലറെ ഓര്മ വരുന്നുണ്ടോ?]

ബ്രൈറ്റിനു തീര്‍ച്ചയായും അഭയം കണ്ടെത്താന്‍ കഴിയുന്ന കൂടാരമാവും നീരിശ്വരവംശമഹിമാവാദികളുടേത്.
വിശാഖ് പറഞ്ഞത് പ്രസക്തമാകുന്നതിവിടെയാണ്.

-------------------------------------------------------------------------------------------------------------------------------------
https://profiles.google.com/visaksankar/posts/SV5iL8KBbWU#visaksankar/posts/SV5iL8KBbWU

വിശാഖ്: *യുക്തിവാദമെന്നത് കേവലം ദൈവ നിരാസം മാത്രമല്ല.* ജപിച്ചുകെട്ടലിനെയും, കൂടോത്രത്തെയും, രാഹുകാലത്തെയും, ആള്‍ദൈവങ്ങളേയും പോലുള്ള പ്രകടമായ യുക്തിരാഹിത്യങ്ങളെ നിരാകരിക്കുന്നതിലൂടെ മാത്രം ആരും ഒരു യുക്തിവാദി ആവുകയുമില്ല. *യുക്തി എന്നത് ഒരു സമഗ്രതയാണ്.അതുകൊണ്ടുതന്നെ യുക്തിവാദിയായ അരാഷ്ട്രീയവാദി രാഹുകാലം നോക്കി റോക്കറ്റ് വിടുന്ന ശാസ്ത്രജ്ഞനേയും, പുരുഷമേധാവിത്വ വാദിയായ ദളിതപക്ഷവാദിയേയും ഒക്കെപ്പോലുള്ള ഒരു അസംബന്ധം മാത്രമാണ്. ഇത്തരക്കാര്‍ തങ്ങളുടെ യുക്തിയുടേതായ താല്‍കാലിക കൂടാരങ്ങള്‍ ഉപേക്ഷിച്ച് ഏതുനിമിഷവും അയുക്തികമായ സ്വാസ്ഥ്യങ്ങളുടെ ‘തറവാട്ടുവീട്ടി’’ലേയ്ക്ക് മടങ്ങിപ്പോയേക്കാം.*
--------------------------------------------------------------------------------------------------------------------------------------

ഈയൊരു മടങ്ങിപ്പോക്ക് ബ്രൈറ്റിന്റെ കാര്യത്തില്‍ ഉണ്ടാവാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാം.

അനുബന്ധം ഒന്ന്:

http://www.blaghag.com/2011/01/pop-evolutionary-psychology-game.html

My friend Jason and I accidentally invented this game while at a party last week. The rules are simple:

1. Make an observation about a particularly odd aspect of human behavior.

Example: "Why is it that everyone congregates in the kitchen at parties, even when there's plenty of space elsewhere?"

2. Come up with an explanation for how that behavior would have increased fitness in hunter gathering societies.

Example: "Well, food used to be sparse, so humans would congregate at food sources, so you'd be more likely to find a mate there, and thus have more babies.

3. Bonus points are rewarded for including 50's era gender stereotypes.

Example: "Well, we KNOW women are drawn to the kitchen because they're inclined to gather food, so they're always in the kitchen anyway. The men just go there to be around their potential mates."

Hours of fun guaranteed.


അനുബന്ധം രണ്ട് :

http://chandrakkaran.blogspot.com/2007/01/blog-post.html
മനുഷ്യരുടെ സ്വാതന്ത്ര്യം, പുരോഗതി എന്നിവയെ ലക്‍ഷ്യമാക്കിയുള്ളതാണെന്ന്‌ വിജ്ഞാനത്തിന്റെയും ശാസ്ത്രത്തിന്റെയും വികാസം ആരെങ്കിലും ഇപ്പോഴും കരുതുന്നുണ്ടോ എന്നറിയില്ല.

യുക്തി, ശാസ്ത്രം, പുരോഗതി, സമത്വം, വ്യക്തിത്വം, സ്വാതന്ത്ര്യം തുടങ്ങിയവ പരസ്പരബന്ധിതങ്ങള്‍ ആണെന്നും ഇവയെല്ലാം അനിവാര്യമാംവിധം ഫലപ്രാപ്തിയുള്ളവയുമാണെന്നത്‌ ഒരു വിശ്വാസം മാത്രമാണ്‌. ശാസ്ത്രവും യുക്തിയും പുരോഗതിയുടെയും വിജയത്തിന്റെയും വാഹനങ്ങള്‍ മാത്രമല്ല, വ്യക്തമായും പ്രാഥമികമായും അവ അധികാരത്തിന്റെ ഉപകരണങ്ങളാള്‍ കൂടിയാണ്. മുതലാളിത്തം വാര്‍ത്താവിനിമയസൌകര്യങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നത്‌ ചരക്കുനീക്കത്തിന്റെ വേഗം കൂട്ടാണാണെന്ന മാര്‍ക്സിന്റെ നിരീക്ഷണം ഓര്‍ക്കുക -പറഞ്ഞത്‌ പത്തുനൂറ്റമ്പതു കൊല്ലം മുമ്പാണെന്നും.

അജ്ഞതയുടെയും ചൂഷണത്തിന്റെയും ശക്തികളില്‍നിന്നും മനുഷ്യനെ മോചിപ്പിക്കാനുള്ള വെളിച്ചം വീശുന്ന ദീപസ്തംഭമോ കുറെ നിസ്വാര്‍ത്ഥരായ മനുഷ്യരുടെ ഫലേച്ഛയില്ലാത്ത പ്രവര്‍ത്തനമോ അല്ല ശാസ്ത്രഗവേഷണവും മറ്റ്‌ ജ്ഞാനമേഖലകളിലെ പ്രവര്‍ത്തനങ്ങളും. അറിഞ്ഞോ അറിയാതെയോ, അധികാരത്താല്‍ നിയന്ത്രിക്കപ്പെടുന്ന, അതുകൊണ്ടുതന്നെ അധികാരത്തിനുവേണ്ടി നിലകൊള്ളുകയും അതിന്റെ നിലനില്‍പ്പിനേയും വികാസത്തേയും ഒരുതരത്തിലും ഫലവത്തായി ചോദ്യംചെയ്യാന്‍ കഴിയാത്തവിധം നിര്‍ഗ്ഗുണീകരിക്കപ്പെട്ടവയാണ്‌ ഇന്ന്‌ ശാസ്ത്രവും അതിന്റെ അനുബന്ധഗവേഷണങ്ങളും.

മനുഷ്യന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ശാസ്ത്ര-വിജ്ഞാനങ്ങള്‍ക്ക് പങ്കുണ്ടെന്നത് വിസ്മരിക്കുന്നില്ല. പക്ഷേ, നിലവിലുള്ള രാഷ്ട്രീയക്രമത്തില്‍ ശാസ്ത്രവും വിജ്ഞാനവും പുരോഗമിച്ചിട്ടുള്ളത് അധികാരസ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ ഊര്‍ജ്ജം സംഭരിക്കാനാണ്. ശാസ്ത്ര-വിജ്ഞാനങ്ങള്‍ അധികാരസ്ഥാപനങ്ങളെ സഹായിക്കുന്നതുപോലെത്തന്നെ അധികാരസ്ഥാപനങ്ങളെ പ്രതിരോധിക്കുന്നവരെയും സഹായിക്കുന്നുണ്ട്. ഈ പ്രതിരോധത്തിന് ശക്തമായ രാഷ്ട്രീയ നിലപാട് വേണമെന്ന് പറയേണ്ടതില്ലല്ലോ. അധികാരസ്ഥാപനങ്ങളുടെ ശാസ്ത്ര-വിജ്ഞാന വ്യാഖ്യാനങ്ങളെ മറുവ്യാഖ്യാനം കൊണ്ടാണ് മറുവശത്തുള്ളവര്‍ ചെറുത്തുതോല്‍പ്പിക്കുന്നത്.

ജ്ഞാനത്തിന്റെ ഓരോ കണവും സ്വാഭാവികമായും അധികാരത്തിന്റെ ഒരു കണത്തെ സൃഷ്ടിക്കുന്നുണ്ട്‌. ജ്ഞാനം ഉല്‍‌പാദിപ്പിക്കുന്ന അധികാരത്തിന്റെ ബലം ആരെ പോഷിപ്പിക്കുന്നു എന്ന ചോദ്യമാണ് ജ്ഞാന രാഷ്ട്രീയത്തിന്റെ അടിത്തറ. അതുകൊണ്ടുതന്നെ ജ്ഞാനത്തിന്റെ ഉപജ്ഞാതാവിന്‌ അതു സൃഷ്ടിക്കുന്ന രാഷ്ട്രീയത്തെക്കൂടി പരിഗണിക്കേണ്ടതുണ്ട്‌. അതില്‍ പരാജയപ്പെടുകയോ ഉപേക്ഷ കാണിക്കുകയോ ചെയ്യുന്നപക്ഷം ജ്ഞാനം സ്വയം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയം ഉപജ്ഞാതാവിന്റെ രാഷ്ട്രീയമായി പരിഗണിക്കപ്പെടുകയും അത്‌ മിക്കപ്പോഴും പ്രതിലോമകാരികള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യും.

കുറിപ്പ് : ഇതൊരു വ്യക്തിഹത്യയോ ലേബലൊട്ടിക്കലോ അല്ല. ചില ചൂണ്ടിക്കാണിക്കലുകള്‍ ആവശ്യമാണെന്ന് തോന്നിയതിനാല്‍ മാത്രം

Monday, August 23, 2010

ഓ ദപ്പ ദതായിരുന്നോ സംഗതി?



വെള്ളെഴുത്തിന് സയന്‍സിനോട് ഇത്രയും ദേഷ്യം എന്താന്ന് ആലോചിച്ച് തല ചൂടാക്കാന്‍ തുടങ്ങീട്ട് കാലമെന്തായെന്നാ!
ചായക്കടയിലെ ഇന്റ്യൂഷന്‍ സയന്‍റ്റിഫിക് മെഥഡോളജിയോടോപ്പമോ അതിലപ്പുറമോ ആണെന്നൊക്കെ പുള്ളി പണ്ടൊരു പോസ്റ്റില്‍ ഏതാണ്ടിങ്ങനെ പറഞ്ഞിരുന്നു.

നാല്‍‌പ്പതുകള്‍ മുതല്‍ ഇന്ത്യക്കാരായ അന്വേഷകര്‍ കണ്ടെത്തിയ ഇന്ത്യന്‍ ചിന്തയിലെ ഭൌതികവാദസാന്നിദ്ധ്യത്തെ അത്രതന്നെ ഉള്‍പ്പൊരുത്തത്തോടെ സ്വാംശീകരിക്കന്‍ ആത്മീയവാദികള്‍ക്കു കഴിഞ്ഞിട്ടുണ്ടെന്ന കാര്യം ചൂണ്ടിക്കാണിക്കാനാണ് ഇതെഴുതിയത്. അതിലും ഇതിലും ചേരുമെന്ന സാമാന്യവത്കരണത്തെ ഒഴിവാക്കുക എന്നതാണ് മുന്നിലുള്ള കടമ്പ. സ്വകീയമായൊരു രീതിശാസ്ത്രം വികസിപ്പിച്ചെടുത്തുകൊണ്ടാണ് കോസാംബിയെപ്പോലുള്ള മനീഷികള്‍ ഇന്ത്യക്ക് ഒരു പുതിയ ചരിത്രരചനാപദ്ധതി രൂപകല്‍‌പ്പന ചെയ്തത്. അതിന്റെ ഗുണഫലങ്ങള്‍ രുചിച്ചുകൊണ്ടു തന്നെ തത്ത്വചിന്തയില്‍ പിന്തുടരേണ്ട രീതിശാസ്ത്രത്തെപ്പറ്റിയുള്ള ആലോചനകള്‍ക്ക് അനുബന്ധങ്ങള്‍ ഉണ്ടാവണം. വെളിപാടിലും പാരമ്പര്യത്തിലും ഒപ്പം യുക്തിയിലും ചിന്തയിലും കെട്ടുപ്പിണഞ്ഞു കിടക്കുന്നവയെ ഓരോന്നായി വേര്‍തിരിച്ചെടുക്കുന്നതിന്റെ പ്രശ്നമാണ് മുഖ്യം. മനുഷ്യന്റെ ആന്തരികലോകത്തിനാണ് ഇന്ത്യന്‍ ചിന്ത പ്രാധാന്യം നല്‍കിയത്. അന്തര്‍ജ്ഞാനപരമായ വെളിപാടുകളിലൂടെ ബാഹ്യപ്രതിഭാസങ്ങളെ വിശദീകരിക്കാനാണ് ഇന്ത്യന്‍ തത്ത്വചിന്ത ശ്രമിച്ചത്. ബാഹ്യപ്രതിഭാസങ്ങളെ അന്വേഷിക്കുന്നതിലൂടെ മാനസികവും ആന്തരികവുമായ പ്രവര്‍ത്തനങ്ങളില്‍ എത്തിച്ചേരുന്ന രീതിശാസ്ത്രം കൊണ്ട് ഇതിനെ അളക്കുക എളുപ്പമല്ല
ഒവ്വൊവ്വേ.... അന്തര്‍ജ്ഞാനപരമായ എന്തോന്ന്?? ചായക്കടയിലെ ഇന്റ്യൂഷന്‍ തന്നേ?


യെന്തരായാലും താഴെ പറയണ സംഗതി വായിച്ചപ്പോള്‍ സയന്‍സിനോടുള്ള പുള്ളിയുടെ കലിപ്പിനൊരല്‍പം സാധൂകരണമില്ലേ എന്ന് തോന്നിപ്പോയി....

Science is wonderful at destroying metaphysical answers, but incapable of providing substitute ones. Science take away foundations without providing a replacement. Whether we want to be there or not, science has put us in a position of having to live without foundations. It was shocking when Nietzsche said this, but today it is commonplace; our historical position – and no end to it in sight – is that of having to philosophize without 'foundations'.
- Hilary Putnam


പാവം മനുഷ്യന്‍... വെര്‍തേ തെറ്റിദ്ധരിച്ചൂ...

പക്ഷേ സങ്കതി അവിടെ തീര്‍ന്നിട്ടില്ല കെട്ടാ... വേറൊരൂട്ടം കൂടെയൊണ്ട്... അന്തര്‍ജ്ഞാനപരമായ ഫിലാസപ്പീന്ന് മാറി ലോകം ശാസ്ത്രത്തിന്റെ വഴി സ്വീകരിച്ചെങ്കിലും ഇപ്പോ തിയററ്റിക്കല്‍ ഫിസിക്സിനും പഴയ ഫിലാസപ്പിയുടെ ഗതി ആയോന്നൊരു സംശയം

Since World War II the discoveries that have changed the world were not made so much in lofty halls of theoretical physics as in the less noticed labs of engineering and experimental physics. The role of pure and applied physics have been reversed; they are no longer what they were in the golden age of physics in the age of Einstein , Schrodinger,Fermi and Dirac... Historians of science have seen fit to ignore the history of great discoveries in applied physics, engineering and computer science, where real scientific progress is nowadays to be found. Computer science in particular has changed and continues to change the face of the world more thoroughly and more drastically than did any of the great discoveries in theoretical physics.
- Nicholas Metropolis



തള്ളേ തിയററ്റിക്കല്‍ ഫിസിക്സിനും സ്റ്റാറ്റസ് പോയെന്ന്... അപ്പോ ഞങ്ങളെഞ്ചിനീയര്‍മാരാരായി?...
സൂരജ്, സി.കെ.ബാബു, റോബി, ഡോ:ബ്രൈറ്റ് മുതലായ സയന്റിഫിക് പുലികള്‍ കേട്ടല്ലാ ഞങ്ങള് കമ്പ്യുട്ടറ്കാരാണ് പുലികള്‍!!! നിങ്ങടെ ശാസ്ത്രത്തോട് പോയി പണി നോക്കാമ്പറ! ഹല്ല പിന്നെ!

* ക്വാട്സ് രണ്ടും Darwin's Dangerous Idea യില്‍ കണ്ടത്.

Thursday, July 22, 2010

പ്രിയ സത്യന്‍ അന്തിക്കാട് ഇനിയെങ്കിലും റൂട്ട് മാറ്റിപ്പിടിക്കുക.

"ഒരേ റൂട്ടിലോടുന്ന ബസ്സാണ് സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍" - സലിം കുമാര്‍

ജി.പി.രാമചന്ദ്രന്റെ സ്വപ്നത്തില്‍ മറയുകയും തെളിയുകയും ചെയ്യുന്ന യാഥാര്‍ത്ഥ്യങ്ങള്‍ എന്ന പോസ്റ്റ് വായിച്ച ശേഷം സിനിമാസംവിധായകന്‍ സത്യന്‍ അന്തിക്കാടിനോട് ചോദിക്കാന്‍ തോന്നിപ്പോയ ചിലത്...

സാമൂഹ്യവിര്‍ശനം ആവാം , പക്ഷേ അയല്‍പക്കകാരനിട്ട് തന്നെ കൊട്ടണോ?
അല്ല മിസ്റ്റര്‍ അന്തിക്കാട് ആരെയാണ് താങ്കള്‍ ഭയപ്പെടുന്നത്? എന്തിനാണ് മലയാളിയെ വിമര്‍ശിക്കേണ്ട വിഷയങ്ങളിലെല്ലാം കുറ്റം പാവം തമിഴന്റെ നെഞ്ചത്ത് കയറ്റിക്കൊടുക്കുന്നത്? മലയാളിയെ തുറന്ന് വിമര്‍ശിച്ചാല്‍ താങ്കളുടെ സിനിമകള്‍ പരാജയപ്പെടും എന്ന് താങ്കള്‍ കരുതുന്നുണ്ടോ? അതോ‌ മലയാളികളെ അപേക്ഷിച്ച് അധമരായ വര്‍ഗമാണ് അയല്‍പക്കത്തെ തമിഴര്‍ എന്ന് തോന്നുന്നുണ്ടോ? താങ്കള്‍ തിരക്കഥയെഴുതാന്‍ തുടങ്ങിയ ശേഷമുള്ള കുറേ ഉദാഹരണങ്ങളിതാ

1. രസതന്ത്രത്തിലെ ആള്‍ദൈവവിശ്വാസിയായ ജഗതി.
കേരളത്തിലു നടക്കുന്ന കഥയില്‍ ആള്‍ദൈവത്തില്‍ വിശ്വസിക്കുന്ന മൂഢനായ കഥാപാത്രം അങ്ങ് തമിഴ്നാട്ടീന്ന് വരണം ല്ലേ? മലയാളികള്‍ ആള്‍ദൈവങ്ങളിലൊന്നും വിശ്വസിക്കാത്ത പുണ്യപുരുഷന്‍മാരായിരിക്കും.

2. അച്ചുവിന്റെ അമ്മയിലെ ബാലികാപീഢനസംഘം
അതു വരെ കേരളത്തില്‍ നടക്കുന്ന കഥയിലെ അച്ചുവിന്റെയും അമ്മയുടെയും ഭൂതകാലം ചികഞ്ഞുപോവുമ്പോള്‍ പെണ്‍കുട്ടികളെ മാര്‍വാഡികള്‍ക്കു വില്‍ക്കുന്ന ക്രൂരരായ സെക്സ് റാക്കറ്റുകാര്‍ അങ്ങ് തമിഴ്നാട്ടുകാരാണ്. അത് സംഭവിക്കുന്നത് തമിഴ്നാട്ടിലും. എന്റെ കേരളത്തില്‍ ആകെയുള്ള പ്രശ്നം പെണ്കുട്ടികള്‍ ഒളിച്ചോടിക്കല്യാണം കഴിക്കുന്നതാണല്ലോ അല്ലേ?

3. വിനോദയാത്രയിലെ മോഷ്ടാവായ ബാലനും ക്രൂരനായ പിതാവും
എട്ടര മിനിട്ട് മുതല്‍ പയ്യന്‍ പറയുന്ന കഥ കേള്‍‌‌ക്കുക.

ഒരു സിനിമയിലൊക്കെ ഇത്തരം കഥാപാത്രങ്ങള്‍ കടന്നുവരുന്നത് സ്വാഭാവികമാണ്. പക്ഷെ ഇതൊരു തുടര്‍ച്ചയാവുമ്പോള്‍ ന്യായമായും ചില സംശയങ്ങള്‍ പ്രേക്ഷകരുടെ മനസിലുണ്ടാവില്ലെ മിസ്റ്റര്‍ അന്തിക്കാട്?

താങ്കള്‍ കഥയെഴുതിത്തുടങ്ങും മുന്പ് താങ്കള്‍ തന്നെ സംവിധാനം ചെയ്ത 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക' എന്നൊരു സിനിമയുണ്ടല്ലോ. ശ്രീനിവാസന്റെ കഥയും തിരക്കഥയും. സമയം കിട്ടുമ്പോള്‍ അതൊന്നെടുത്ത് കാണുക. തമിഴനെ സ്റ്റീരിയോടൈപ്പാക്കുന്ന മലയാളി അഹന്തയെ ശ്രീനിവാസന്‍ നല്ല രീതിയില്‍ കളിയാക്കുന്നുണ്ടതില്‍. അത് ഇപ്പോള്‍ താങ്കള്‍ക്കും ബാധകമാണെന്ന് ഇനിയെങ്കിലും മനസിലാക്കുമല്ലോ


മഴവില്‍ക്കാവടിയില്‍ നിന്നും അച്ചുവിന്റെ അമ്മയിലെത്തുമ്പോള്‍
ആദ്യത്തെ രംഗം മഴവില്‍ക്കാവടിയില്‍ നിന്നുള്ളതാണ്. വീട്ടുകാര്‍ വിവാഹത്തിനു സമ്മതിക്കില്ലെന്നറിഞ്ഞ ജയറാമും സിതാരയും റെജ്സ്റ്റര്‍ മാര്യേജ് ചെയ്യാന്‍ സബ്‌‌രജിസ്ട്രാര്‍ ഓഫീസിലെത്തുന്നു. പക്ഷേ അവരെ നിരാശപ്പെടുത്തിക്കൊണ്ട് അന്ന് സമരം മൂലം ഓഫീസ് അവധിയാണ്. How sad! എന്തൊരു ഐറണി ആയാണ് രംഗം ചിത്രീകരിച്ചതെന്ന് ശ്രദ്ധിക്കുക.

രണ്ടാമത്തെ രംഗം അച്ചുവിന്റെ അമ്മ എന്ന ചിത്രത്തില്‍ നിന്നും. ഇവിടെയും രജിസ്റ്റര്‍ മാരേജിനു തയ്യാറെടുക്കുന്ന പെണ്‍കുട്ടിയെ കാണാം. പക്ഷേ താലി വീഴുന്നില്ല, തയ്യല്‍ക്കാരന്‍ മരിക്കുന്നില്ല എന്ന് അഴകിയ രാവണനില്‍ ശ്രീനിവാസന്‍ പറയുന്നത് പോലെ, ആ വിവാഹം നടക്കുന്നില്ല. പകരം അച്ചുവിന്റെ അമ്മയുടെ നാവിലൂടെ സത്യന്‍ അന്തിക്കാടിന്റെ വക ഫ്രീ ഉപദേശം കുട്ടിക്ക്. ഒരു കല്യാണം കഴിക്കാന്‍ എം.ബി.ബി.എസ് ഒന്നും പോരത്രെ! ഫോറിനില്‍ അയച്ച് എം.ഡിക്ക് പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ തയ്യാറുള്ളപ്പോഴാണോ ഒരു ഒണക്കക്കാമുകന്‍! വിശ്വാസം അതല്ലേ എല്ലാം!!

നാടോടിക്കാറ്റില്‍ നിന്നും വിനോദയാത്രയിലെത്തുമ്പോള്‍ സംഭവിച്ചത്

ദാസന്‍ ദരിദ്രനാണ്. ബികോം ഫസ്റ്റ് ക്ലാസാണെങ്കിലും ജോലിയില്ല. അതിന്റെ എല്ലാ വിധ ഇന്‍ഫിരിയോറിറ്റി കോംപ്ലക്സും കൂടെയുണ്ട് താനും. പക്ഷേ നായിക അയാളെ തഴയുന്നില്ല. എന്ത് ജോലിയും ചെയ്യാന്‍ ഉള്ള പ്രേരണ നല്‍കുകയാണ് നായിക ചെയ്യുന്നത്. നാളെയെന്തെന്നറിയാത്ത ദാസനെ പ്രണയിക്കുന്നത് ഒരു കുറ്റമാണെന്നവള്‍ക്ക് തോന്നുന്നില്ല.

വിനോദയാത്രയിലെ വിനോദ് അത്ര ദരിദ്രനൊന്നുമല്ല. ജോലിയില്ലെങ്കിലും അതൊക്കെയുള്ള കുടുംബക്കാരുണ്ട്. എങ്കിലും തന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന വിനോദിനോട് മീരാ ജാസ്മിന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ചോദിക്കുന്നത് തനിക്ക് ഒരു കിലോ അരിയുടെ വിലയെന്താണെന്നറിയുമോ എന്നാണ്. പ്രണയിക്കുന്നതും ഒരു കിലോ അരിയുടെ വിലയും തമ്മിലെന്താണ്‌ സാര്‍ ബന്ധം എന്ന് ഞങ്ങളൊന്ന് ചോദിച്ച് പോയാല്‍ അതൊരു കുറ്റമാവില്ലല്ലോ അല്ലേ സാര്‍

സന്ദേശം നല്‍കുന്ന സന്ദേശം.
അല്ല സാര്‍ ഒന്നു ചോയ്ച്ചോട്ടെ. എന്താണ് സന്ദേശം എന്ന സിനിമ നല്‍കുന്ന സന്ദേശം?
സാധാരണ സിനിമകളില്‍ ഞങ്ങള്‍ കണ്ടിട്ടുള്ളത്. ക്രൂരനായ അച്ഛന്‍ നല്ല അച്ഛനാവുന്നു, അഴിമതിക്കാരനായ ഉദ്യോഗസ്ഥന്‍ ആദര്‍ശധീരനാവുന്നു, കണ്ണില്‍ച്ചോരയില്ലാത്ത ഡോക്ടര്‍ നല്ല ഡോക്ടറാവുന്നു, വൃത്തികെട്ടവനായ ഭര്‍ത്താവ് നല്ല ഭര്‍ത്താവാകുന്നു ഇങ്ങനെയൊക്കെയാണ്. സന്ദേശത്തിലെ രാഷ്ട്രീയക്കാരായ ചെറുപ്പക്കാരോ? സിനിമയ്ക്കവസാനം അവര്‍ രാഷ്ട്രീയക്കാരേ അല്ലാതെ ആയിട്ടാണ് നന്നാവുന്നതായി ചിത്രീകരിച്ചിരിക്കുന്നത്. നല്ല രാഷ്ട്രീയക്കാര്‍ എന്നൊന്നില്ല. ഒന്നുകില്‍ നാറിയ രാഷ്ട്രീയക്കാര്‍ അല്ലെങ്കില്‍ അരാഷ്ട്രീയര്‍ എന്ന് എത്ര ലളിതമായാണ് സാര്‍ പറഞ്ഞുവെച്ചിരിക്കുന്നത്! നന്ദി സാര്‍ നന്ദി. പ്രബുദ്ധകേരളം ഇതിനോടൊക്കെ അങ്ങയോട് കടപ്പെട്ടിരിക്കുന്നു.

മൊട്ടക്കുന്നിന്റെ മുകളിലെ ഗാനചിത്രീകരണം.
ഇഷ്ടം എന്നൊരു പടം എടുത്തു അതില്‍ അച്ഛനോടൊപ്പം പാട്ടുപാടി ഡാന്സ് കളിക്കുന്ന മകനെയും കാമുകിയെയും ചിത്രീകരിച്ചു എന്നൊരു തെറ്റ് സിബി മലയില്‍ ചെയ്തു പോയി. എന്ന് കരുതി ആ പാവത്തിനെ ഇങ്ങനെ ക്രൂശിക്കണോ? അതിനു ശേഷം സത്യന്‍ അന്തിക്കാടിന്റെ എല്ലാ സിനിമയിലും ഉണ്ടല്ലോ അതേ പോലെ അച്ഛന്‍/അമ്മ/വല്യച്ഛന്‍ തുടങ്ങിയവരെയും കൊണ്ട് മൊട്ടക്കുന്നിന്റെ മുകളില്പ്പോയി പാട്ടുപാടി ഡാന്സ് കളിക്കുന്ന നായികനും നായികയും. അറ്റ് ലീസ്റ്റ് ആ മൊട്ടക്കുന്നെങ്കിലും ഒന്നു മാറ്റിപ്പിടിച്ചൂടെ?

പിന്നെ വേറൊരു സംഗതി. കേരളത്തിലെ മൊത്തം ജനങ്ങളും അച്ഛനെയും അമ്മയെയും വാര്‍ദ്ധക്യത്തില്‍ സ്വത്ത് കൈക്കലാക്കിയ ശേഷം ഒറ്റയ്ക്കാക്കുന്ന ക്രൂരരാണ് എന്നൊക്കെ സാമാന്യവല്‍ക്കരിയ്ക്കുന്ന ജോലി ഏതെങ്കിലും വനിതാമാസികള്‍ക്ക് വിട്ടുകൊടുക്കുന്നതല്ലേ ഭംഗി? മദ്ധ്യ-ഉപരിമദ്ധ്യവര്‍ഗക്കാര്‍ക്കിടയില്‍ ഇങ്ങനെയും ചില പ്രശ്നങ്ങളൊക്കെയുണ്ടെന്ന് സമ്മതിക്കുന്നു. അത് മാത്രമല്ലല്ലൊ കേരളം സാര്‍.

വൃദ്ധരായ മാതാപിതാക്കളെ ഒരു സിനിമയ്ക്ക് പോവാന്‍ സമ്മതിക്കാത്ത മനുഷ്യരുണ്ടെന്ന് ഞങ്ങള്‍ക്കറിയാം സമ്മതിച്ചു.

ഈ പോസ്റ്റിന്റെ ഏറ്റവും ആദ്യം ക്വോട് ചെയ്ത വണ്‍ മിസ്റ്റര്‍ സലിം കുമാര്‍ അഭിനയിച്ച കേരള കഫേയിലെ ബ്രിഡ്ജ് എന്നൊരു സിനിമ കണ്ടു കാണുമല്ലോ അല്ലേ? ആ സിനിമയുടെ ഇണ്ട്രൊ താങ്കളുടെ വക ആയിരുന്നല്ലോ. അപ്പോള്‍ കണ്ടുകാണുമെന്നുറപ്പ്. മറ്റൊരു വഴിയുമില്ലാതെ അമ്മയെ സിനിമാതിയേറ്ററിലുപേക്ഷിക്കേണ്ടി വരുന്ന കഥാപാത്രമായിരുന്നു അതില്‍ സലീം കുമാര്‍ അവതരിപ്പിച്ചത്. അങ്ങിനെയും ചില ജീവിതങ്ങള്‍ നമ്മുടെ നാട്ടിലുണ്ട് സാര്‍. ധനികരായ സവര്‍ണക്രിസ്ത്യന്‍ ഫാമിലിയുടെ സ്വത്ത് വിഭജനം മാത്രമല്ല ജീവിതമെന്നാല്‍ എന്നൊന്ന് പറഞ്ഞെന്നേയുള്ളൂ.

Disclaimer : This post does not contain any videos. It contains hyperlinks to existing videos in popular video hosting sites such as youtube. Any copyright issues should be notified to original host website containing the videos.

Saturday, June 26, 2010

അതും നമുക്കറിയാമായിരുന്നു!

ചന്ദ്രനില്‍ ജലാംശമുണ്ടെന്ന് നാസ ഈയിടെ സ്ഥിരീകരിക്കുക ഉണ്ടായിരുന്നല്ലോ. ഇതിനോടനുബന്ധിച്ച് മനോരമയില്‍ വന്ന ഒരു ആര്‍ട്ടിക്കിള്‍ താഴെ ക്ലിക് ചെയ്ത് വായിക്കുക.

നമുക്കറിയാം, ചന്ദ്രനില്‍ വെള്ളമുണ്ട്!

ലേഖനത്തിലെ ശ്രദ്ധിക്കേണ്ട ഭാഗങ്ങള്‍ താഴെ എടുത്തെഴുതുന്നു. നീലയില്‍ എഴുതിയത് ഈ ബ്ലോഗറുടെ കമന്റുകളാണ്

എന്നാല്‍ നമ്മുടെ ചന്ദ്രയാന്‍ ദൌത്യത്തിനു രണ്ടു മാസത്തിനു ശേഷം അമേരിക്കന്‍ ബഹിരാകാശഗവേഷണ സ്ഥാപനമായ 'നാസയുടെ ഒരു ഇംപാക്ട് പ്രോബ് അവിടെ ഇടിച്ചിറക്കുകയുണ്ടായി. അതിന്റെ ആഘാതത്തില്‍ ഉയര്‍ന്നുവന്ന പൊടിപടലങ്ങള്‍ പരിശോധിച്ചപ്പോള്‍ ഐസിന്റെ കട്ടകള്‍ ഉള്ളതായി ബോധ്യപ്പെട്ടിരിക്കുന്നു. അതു നല്ല തോതില്‍ തന്നെയുണ്ട്. ഇത്തരം ഐസ് കട്ടകള്‍ എടുത്ത് ജലം വേര്‍പെടുത്തിയെടുക്കാന്‍ ശ്രമിച്ചാല്‍ നമുക്ക് അവിടത്തെ ആവശ്യത്തിനുള്ള വെള്ളം ലഭിക്കും എന്നും സ്ഥിരീകരിച്ചിരിക്കുന്നു.

ആധുനികശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും ഇപ്പോള്‍ മാത്രമാണ് ഇത്രയും വിവരങ്ങള്‍ ശേഖരിക്കാന്‍ നമുക്കും പരദേശികള്‍ക്കും സാധിച്ചിട്ടുള്ളത്. എന്നാല്‍ ഭാരതീയ ഋഷീശ്വരന്മാര്‍ അവരുടെ ജ്ഞാനദൃഷ്ടി കൊണ്ട് എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ചന്ദ്രന്‍
ജലമയനാണെന്നും അവിടെ മഞ്ഞുകട്ടകള്‍ ഉണ്ടെന്നും ഭാരതീയ ശാസ്ത്രവിഷയങ്ങളിലൂടെയും മറ്റു ഗ്രന്ഥങ്ങളിലൂടെയും നമുക്കു കാണിച്ചുതന്നിട്ടുണ്ട്.

ആദ്യമായി അമരസിംഹന്റെ 'അമരകോശം പാരമേശ്വരീ വ്യാഖ്യാനം പരിശോധിക്കാം:

''ഹിമാംശുശ്ചന്ദ്രമാംശ്ചന്ദ്ര ഇന്ദുഃ കുമുദബാന്ധവഃ
വിധുഃ സുധാംശുഃ ശുഭ്രാംശുരോഷധീശോ നിശാപതിഃ
അബ്ജോ ജൈവാതൃകസ്സോമോ ഗൌര്‍മൃഗാങ്കഃ കലാനിധിഃ
ദ്വിജരാജശ്ശശധരോ നക്ഷത്രേശഃ ക്ഷപാകരഃ

ഇതില്‍ കൊടുത്തിരിക്കുന്ന ചന്ദ്രന്റെ 20 പര്യായപദങ്ങളില്‍ ചില പദങ്ങളുടെ അര്‍ഥം ശ്രദ്ധിക്കാം.

ഹിമാംശുഃ - തണുത്ത രശ്മികള്‍ ഉള്ളവന്‍.
ഇന്ദുഃ - തുഷാരകിരണങ്ങളാല്‍ നിലാവിനെ ഉണ്ടാക്കിത്തീര്‍ക്കുന്നവന്‍
അബ്ജഃ - അബ്ജോ സ്ത്രീ ശഖേ നാ നിചൂളേ ധന്വന്തരൌ ച ഹിമകരണേ ക്ളീബം പത്മേ ഇതി വിശ്വഃ (ജലത്തില്‍ നിന്നുണ്ടായവന്‍ എന്നര്‍ഥം)
സുധാംശുഃ - അമൃതമിശ്രങ്ങളായ രശ്മികള്‍ ഉള്ളവന്‍.

ഈ പദങ്ങളിലെല്ലാം ചന്ദ്രന് ജലവുമായി ബന്ധമുണ്ടെന്നു കാണുന്നു.

ജ്യോതിഷത്തിലെ സുപ്രധാന താത്വികഗ്രന്ഥമായ 'വരാഹമിഹിരന്റെ ഹോരാ വ്യാഖ്യാനിക്കുന്ന ഘട്ടത്തില്‍ കൈക്കുളങ്ങര രാമവാരിയര്‍ ഗാര്‍ഗിവാക്യം എടുത്ത് എഴുതിയിട്ടുണ്ട്.

''ചതുര്‍ഥേ കര്‍ക്കടോ മീനോ മകരാര്‍ധം ച പശ്ചിമം
ഭവന്തി ബലിനോ നിത്യമേതേ ഹി ജലരാശയഃ (1-17)
(കര്‍ക്കടകം, മീനം, മകരത്തിന്റെ ഉത്തരാര്‍ധം എന്നീ രാശികള്‍ നാലാമത്തേതായാല്‍ ബലമുള്ളതാണെന്നും മേല്‍പറഞ്ഞ രാശികള്‍ ജലരാശികള്‍ ആകുന്നു എന്നും പറയുന്നു. ചന്ദ്രന്റെ ക്ഷേത്രമാണു കര്‍ക്കടകം)

ഹോരാശാസ്ത്രത്തില്‍ ചന്ദ്രന്റെ പര്യായമായി മറ്റൊരിടത്ത് 'ശീതരശ്മിഃ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. (2-2)

ഹോരയില്‍ തന്നെ 'ജലത്തെ ചിന്തിക്കണമെന്നു മറ്റൊരു ശ്ളോകത്തില്‍ പറയുന്നു:

''വഹ്ന്യംബ്വഗ്നിജകേശവേന്ദ്രശചികാഃ
സൂര്യാദിനാഥാഃ ക്രമാല്‍... (2-5)
(സൂര്യനെക്കൊണ്ട് അഗ്നിയെയും ചന്ദ്രനെക്കൊണ്ടു ജലത്തെയും ചൊവ്വയെക്കൊണ്ടു സുബ്രഹ്മണ്യനെയും ബുധനെക്കൊണ്ടു വിഷ്ണുവിനെയും വ്യാഴത്തെക്കൊണ്ട് ഇന്ദ്രനെയും ശുക്രനെക്കൊണ്ടു ശചിയെയും ശനിയെക്കൊണ്ട് ബ്രഹ്മാവിനെയും ചിന്തിക്കണം.)
[ചന്ദ്രനെക്കൊണ്ട് ജലത്തെ ചിന്തിക്കേണം എന്നതിന്റെ അര്‍ഥം ചന്ദ്രനില്‍ ജലമുണ്ട് എന്നത് ആവാം എന്നതിനാല്‍ ചൊവ്വയില്‍ സുബ്രഹ്മണ്യനും ബുധനില്‍ വിഷ്ണുവും ശനിയില്‍ ബ്രഹ്മാവും ഉണ്ടാവും എന്നും നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. നാസ എന്നെങ്കിലും അവിടെയൊക്കെ പ്രോബുകള്‍ സ്ഥാപിക്കുമ്പോള്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാതിരിക്കില്ല.]


''പ്രകാശശൂന്യേ ജലമയേ ചന്ദ്രമസി രവിരശ്മിസംപാതാത് സംപ്രകാശം ചന്ദ്രശരീരമുത്പദ്യതേ ഇതി യുക്ത്യാ സിദ്ധ്യതി
(പ്രകാശശൂന്യനും ജലമയനുമായ ചന്ദ്രനില്‍ സൂര്യരശ്മിയുടെ സമ്പര്‍ക്കം ഉണ്ടാകുമ്പോള്‍ ചന്ദ്രന്‍ പ്രകാശത്തോടു കൂടിയതാകുന്നു എന്നതു യുക്തിസിദ്ധമാകുന്നു)
[അതായത് ദാസാ ചന്ദ്രനിലെ വെള്ളമാണ് സൂര്യന്റെ രശ്മികളെ പ്രതിഫലിപ്പിക്കുന്നത് എന്ന്. ]

സംഹിതയില്‍ പറയുന്നു:

''സലിലമയേ ശശിനി രവേര്‍ദീധിതയോ
മൂര്‍ച്ഛിതാസ്തമോ നൈശം ക്ഷപയന്തി
(ജലമയനായിരിക്കുന്ന ചന്ദ്രനില്‍ സൂര്യന്റെ രശ്മികള്‍ പതിച്ച് രാത്രിയിലെ ഇരുട്ടിനെ നശിപ്പിക്കുന്നു)

ഈ വക പ്രമാണങ്ങളില്‍ കൂടി ചന്ദ്രന്‍ 'ജലമയനാണെന്നു പണ്ടേ വ്യക്തമല്ലേ?

ശാസ്ത്രജ്ഞന്മാര്‍ ആധുനിക സൌകര്യങ്ങള്‍ ഉപയോഗിച്ച് ലക്ഷ്യത്തിലെത്താന്‍ പരിശ്രമിക്കുമ്പോള്‍ അതിനു മുന്‍പ്, നമ്മുടെ ഋഷീശ്വരന്മാര്‍ വിവിധ ശാസ്ത്രവിഷയങ്ങളില്‍ കൂടിയും മറ്റു ഗ്രന്ഥങ്ങളില്‍ കൂടിയും സ്പഷ്ടമായി നമുക്കു കാണിച്ചുതന്നിട്ടുള്ള പ്രമാണങ്ങളിലൊന്നു കണ്ണോടിക്കുന്നതു നന്നായിരിക്കും.
അമൂല്യമായ ഇത്തരം വിവരങ്ങള്‍ പങ്കുവെയ്ക്കുകയും നമ്മെയെല്ലാം ഉല്‍ബുദ്ധരാവാന്‍ സഹായിക്കുകയും ചെയ്ത ശ്രീമാന്‍ രമേഷ് പണിക്കരോടും മനോരമയോടും ഉള്ള അകൈതവമായ നന്ദി ഇതുവഴി രേഖപ്പെടുത്തിക്കൊള്ളട്ടെ.

Thursday, April 8, 2010

ഗോപാലകൃഷ്ണന്മാര്‍ അരങ്ങു വാഴുമ്പോള്‍...

ലോകം കണ്ട ഏറ്റവും കഴിവുള്ള പ്രഭാഷകരിലൊരാളായിരുന്നു അഡോള്‍ഫ് ഹിറ്റലര്‍. ഒന്നാം ലോകമഹായുദ്ധകാലത്ത് വെറും ഒരു 'റണ്ണര്‍' ആയിരുന്ന ഹിറ്റ്‌‌ലര്‍ രണ്ടാം മഹായുദ്ധകാലമാവുമ്പോഴേക്കും ജര്‍മനിയുടെ ഭരണക‌‌ര്‍ത്താവായിത്തീര്‍ന്നത് വെറും നാവിന്റെ ബലത്തിലായിരുന്നുവെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല.

ഹിറ്റലര്‍ കവലയില്‍ തന്റെ ആദ്യപ്രസംഗങ്ങള്‍ നടത്തുമ്പോള്‍ കേള്‍വിക്കാര്‍ വിരലിലെണ്ണാവുന്നവരായിരുന്നത്രേ! പിന്നീട് അത് പത്തായി, നൂറായി, ആയിരവും പതിനായിരവുമായി ഒടുക്കം ഒരു രാജ്യത്തെ മുഴുവന്‍ തന്റെ കാല്‍ക്കീഴിലാക്കിയെന്നു മാത്രമല്ല, മുഴുവന്‍ ലോകത്തെയും വിറപ്പിക്കുക കൂടി ചെയ്തു. എന്തായിരുന്നു ഹിറ്റ്ലറിന്റെ വിജയരഹസ്യം? വളരെ ലളിതം - ജനങ്ങള്‍ എന്താണോ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് അത് ഉറക്കെ വിളിച്ചു പറയുക. അവിടെ തെറ്റിനും ശരിയ്ക്കും പ്രസക്തിയില്ല.

ആദ്യത്തെ പടി ഏതെങ്കിലും തരത്തിലുള്ള വികാരത്തെ ഉത്തേജിപ്പിക്കുക എന്നതാണ് ( ഹിറ്റ്ലര്‍ - ആര്യവം‌‌ശം, താക്കറെ - മറാഠിവികാരം , ബുഷ് - അമേരിക്കന്‍ പാട്രിയോട്ടിസം , മോഡി - ഹിന്ദുത്വം).
ദേശീയതയും മതവുമെല്ലാം ഇക്കൂട്ടത്തില്‍ പെടുത്താവുന്ന മറ്റു വിഷയങ്ങളാണ്.

രണ്ടാമത് ഒരു സാങ്കല്‍പിക ശത്രുവിനെ സൃഷ്ടിക്കല്‍. തങ്ങളുടെ വം‌‌ശം , രാജ്യം, വര്‍ഗം മുതലായവയ്ക്ക് വെല്ലുവിളിയായി മറ്റൊരു വര്‍ഗമുണ്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. അതിനു എരിവു പകരാന്‍ സാങ്കല്‍പികശത്രുവിന്റെ കൂട്ടത്തിലെ ഒന്നോ രണ്ടോ‌പേരുടെ ഏതെങ്കിലും തെറ്റായ പ്രവര്‍ത്തികള്‍ മതിയാകും (അത് തന്നെ നിര്‍ബന്ധം ഉള്ള കാര്യമല്ല). ജ്യൂതര്‍ എന്ന സമ്പന്നവര്‍ഗം ആര്യജനതയുടെ പുരോഗതിയെ തടയുകയും അവരെ ദ്രോഹിക്കുകയും ചെയ്യുന്നവരാണ് എന്ന ഹിറ്റ്ലറുടെ പ്രചരണം എത്ര പെട്ടെന്നാണ് സ്വീകരിക്കപ്പെട്ടത്! മുംബായിലെ ജനങ്ങളുടെ തൊഴിലില്ലായ്മയ്ക്ക് കാരണം മറ്റു സംസ്ഥാനത്ത് നിന്നും എത്തുന്നവരാണെന്ന് താക്കറെ പറയുമ്പോഴും , ഇസ്ലാം എന്നാല്‍ തീവ്രവാദി എന്ന് ബുഷ് ഭരണകൂടം പ്രചരിപ്പിച്ചപ്പോഴും അവ സ്വീകരിക്കപ്പെട്ടത് ഇത്ര തന്നെ എളുപ്പത്തിലായിരുന്നു . ഈ സാന്കല്പികശത്രു ഏതൊരു ഭരണകൂടത്തിനും താന്താങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ വളരെ അത്യാവശ്യമാണ്.

തങ്ങള്‍ പട്ടിണി കിടന്നാണെന്കിലും ഇന്ത്യക്കെതിരെ പ്രയോഗിക്കാന്‍ മിസൈലുകള്‍ സൃഷ്ടിക്കും എന്നായിരുന്നു ബേനസീര്‍ ഭൂട്ടോ‌ തന്റെ മരണത്തിനു മുന്പുള്ള അവസാനത്തെ പ്രസംഗത്തില്‍ പറഞ്ഞതെന്ന് പത്രറിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ വികസനത്തിനു തടസം നില്ക്കുന്നത് ചൈനയാണെന്നും കമ്യൂണിസ്റ്റുകാര്‍ മുഴുവന്‍ ചൈനീസ് ചാരന്മാരാണെന്നും കോണ്‍ഗ്രസുകാര്‍. മുന്‍പ് സൂചിപ്പിച്ചത് പോലെ ഇവിടെ സത്യത്തിനു പ്രസക്തിയില്ല. കേള്‍വിക്കാരന്‍ എന്ത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുവോ അത് ഉറക്കെ വിളിച്ചു പറയുക എന്ന് മാത്രമാണ് പ്രധാനം.

ആര്‍‌‌ഷഭാരതസംസ്കാരമെന്നും പറഞ്ഞ് ഇല്ലാത്ത കള്ളത്തരങ്ങള്‍ പ്രചരിപ്പിക്കുന്ന ഡോ:ഗോപാലകൃഷ്ണനു ഈ കാര്യങ്ങളെല്ലാം വളരെ നന്നായി അറിയാമായിരിക്കണം. അദ്ദേഹത്തിന്റെയും പ്രസംഗത്തിന്റെ പാത ഇതേ വഴിയിലാണെന്ന് സൂക്ഷിച്ചു നിരീക്ഷിച്ചാല്‍ മനസിലാക്കാവുന്നതേയുള്ളൂ.

ഗോപാലകൃഷ്ണന്റെ പ്രസംഗത്തിന്റെ വിജയത്തിന്റെ ചേരുവ വളരെ ലളിതമാണ്.

1. ശ്ലോകങ്ങള്‍ ( ഇഷ്ടാനുസരണം വ്യാഖ്യാനിച്ചത് ).
2. ശാസ്ത്രം (വളച്ചൊടിച്ചത്).
3. ദേശസ്നേഹം (ആവശ്യത്തിന്).
4. പാല്‍പുഞ്ചിരി.
5. സസ്‌‌പെന്‍സ് (കൂടുതല്‍ ആയി എന്തൊക്കെയോ ഉണ്ടെന്ന ഒരു തോന്നലിനു വേണ്ടി മാത്രം)
6. സാന്ക‌‌ല്‍പികശത്രു - മോഡേണ്‍ സയന്സ് /സയന്റിസ്റ്റുകള്‍.

ശരിയായ ശാസ്ത്രപുരോഗതി ഇന്നും അന്യം നില്ക്കുന്ന, അതിന്റെ അപകര്‍ഷതാ ബോധം അനുഭവിക്കുന്ന ഒരു ജനതയ്ക്കിടയിലേക്കാണ് 'ആര്‍ഷഭാരതത്തിലില്ലാത്തത് ഒന്നുമില്ല' എന്ന വാക്യം അദ്ദേഹം വളരെയധികം ആത്മവിശ്വാസം സ്ഫുരിക്കുന്ന ശബ്ദത്തില്‍ തട്ടിവിടുന്നത്. ന്യൂട്ടനും കെപ്ലറും ഐന്‍സ്റ്റീനും ഡാര്‍വിനും എല്ലാം കണ്ടെത്തിയത് അതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഭാരതത്തിലെ ഋഷിവര്യന്മാര്‍ കണ്ടെത്തിയിരുന്നു എന്ന പൊള്ളയായ വാദം മാത്രമല്ല അദ്ദേഹം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്, അതോടൊപ്പം ഇത്തരം കണ്ടെത്തലുകളെ മനഃപൂര്‍വ്വം ഇരുട്ടിലേക്ക് തള്ളിയിടുകയായിരുന്നു മോഡേണ്‍ സയന്റിസ്റ്റുകള്‍ എന്നു കൂടി പലപ്പോഴും നേരിട്ടോ‌ അല്ലാതെയോ‌ അദ്ദേഹം സൂചിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് (സാന്കല്‍പ്പിക ശത്രു ഇല്ലാതെ കാര്യം നടക്കില്ലല്ലോ).

അഞ്ചാമത് പറഞ്ഞ സസ്പെന്സ് - അതും വളരെ പ്രധാനപ്പെട്ടതാണ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും ഏതാണ്ട് എല്ലാത്തിന്റെയും മുഖവുര ഒരേ പോലെയാണ്. "ഞാനിവിടെ ചില വലിയ സംഭവങ്ങള്‍ പറയാനാണ് പോവുന്നത്. അതൊക്കെ വല്യേ കോമ്പ്ലിക്കേറ്റഡ് ആയ, ചിലര്‍ക്ക് മാത്രം (സവര്‍ണര്‍?) മനസിലാക്കാന്‍ കഴിയുന്ന കാര്യങ്ങളാണ്. നിങ്ങള്‍ക്ക് ഒന്നും മനസിലാവാന്‍ പോകുന്നില്ല. പക്ഷേ ഒക്കെ സത്യമാണ്." ഇതാണ് പൊതുവേയുള്ള മുഖവുര. സത്യത്തില്‍ അദ്ദേഹം പറയുന്നതൊക്കെയും ശ്രമിച്ചാല്‍ ആര്‍ക്കും മനസിലാക്കാന്‍ പ്രയാസമുള്ള കാര്യങ്ങളല്ല. പക്ഷേ അതു കൊണ്ട് കാര്യമില്ലല്ലോ. "ഞാന്‍ പറഞ്ഞത് സത്യമാണ്, നീ വിശ്വസിച്ചാല്‍ കൊള്ളാം , പ്രൂഫ് ഒന്നും ഇല്ല, വിശ്വസിച്ചില്ലെന്കില്‍ നിനക്കത് മനസിലാക്കാനുള്ള ബുദ്ധിയില്ല." ഇതാണ് അദ്ദേഹം നിങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്.

ഓരോ പൊട്ടത്തരങ്ങള്‍ വിളിച്ചു പറഞ്ഞ ശേഷവും അതിന്റെ കൂടെ ഒരു ദേശസ്നേഹം ഇളക്കിവിടുന്ന വാചകം കൂടെ അടിച്ചു വിട്ടാല്‍ കേട്ടിരിക്കുന്നവര്‍ താനെ കയ്യടിച്ചുകൊള്ളും. ആര്‍ഷഭാരതത്തില്‍ വിമാനമുണ്ടായിരുന്നുവെന്നും പ്രകാശപ്രവേഗം കണ്ടെത്തിയിരുന്നുവെന്നും സൗരകേന്ദ്രിത സൗരയൂഥത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും കേട്ടാല്‍ ഏത് ഇന്ത്യക്കാരനാണ് കുളിരു കോരാതിരിക്കുക? ഇതൊക്കെ സത്യമായിരുന്നെന്കില്‍ നല്ലത് തന്നെ. പക്ഷേ അതല്ലല്ലോ‌ സത്യം‌‌.

ഗോപാലകൃഷ്ണന്റെ പ്രസംഗങ്ങളിലെ നെല്ലും പതിരും വ്യക്തമായി വേര്‍തിരിക്കുന്നു ഉമേഷിന്റെ ഈ പോസ്റ്റ്.

ഗോപാല‌‌കൃഷ്ണനോട് പോവാന്‍ പറ, കാര്യത്തിലേക്ക് വാ:

ഗോപാലകൃഷ്ണന്‍ വെറും ഒരു വ്യക്തി. അദ്ദേഹത്തിന്റെ കള്ളത്തരങ്ങള്‍ പൊളിച്ചടുക്കപ്പെടേണ്ടത് തന്നെ. പക്ഷേ അതിനേക്കാള്‍ പ്രധാനമായി തിരിച്ചറിയപ്പെടേണ്ടത് മറ്റു ചില വസ്തുതകളാണ്.

1. ദേശസ്നേഹത്തിന്റെ പേരില്‍ ആരെന്കിലും എന്തെന്കിലും തട്ടിവിടുമ്പോള്‍ ഓര്‍ക്കുക. അതെല്ലാം സത്യമാവണമെന്നില്ല. ഗോപാലകൃഷ്ണന്‍ ചെയ്യുന്നത് പോലെ നിങ്ങള്‍ കേള്‍ക്കാനിഷ്ടമുള്ളത് നിങ്ങളോട് സംസാരിച്ച് നിങ്ങളുടെ വികാരത്തെ മുതലെടുക്കുക മാത്രമാവാം. ഒരു പക്ഷേ ഇല്ലാത്ത ഒരു ശത്രുവിനു നേരെ നിങ്ങളെ തിരിച്ച് വിട്ട് നിങ്ങളേയും രാജ്യത്തെയും നാശത്തിലേക്ക് തള്ളിവിടുകയാവാം.

2. ജ്യോതിഷം എന്ന മഹാതട്ടിപ്പ്. :- ജ്യോതിഷം എന്ന അന്ധവിശ്വാസത്തെ പ്രചരിപ്പിക്കേണ്ടത് ഒരു . ഗോപാലകൃഷ്ണന്റെ മാത്രം ആവശ്യമല്ല. അതിനൊരു രാഷ്ട്രീയമുണ്ട്. നിര്‍ദ്ദോഷമായ ഒരു സാമ്പത്തികമാര്‍ഗം എന്ന നിലയില്‍ 'വെറും ഒരു വിശ്വാസത്തെ' അല്ല ഗോപാലകൃഷ്ണന്മാര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. രാജ്യത്തെ പല വലിയ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ചില 'സവര്‍ണനാമധാരികള്‍ക്ക്' മാത്രം പ്രയോഗിക്കാന്‍ കഴിയുന്ന 'എന്തോ‌ ഒരു വലിയ ശാസ്ത്രസത്യം' എന്ന് ജ്യോതിഷത്തെ ഗോപാലകൃഷ്ണന്‍ നിര്‍വചിക്കുമ്പോള്‍ അതിന്റെ പിറകിലെ രാഷ്ട്രീയമെന്തെന്ന് മനസിലാക്കാവുന്നതേയുള്ളൂ. ഗോപാലകൃഷ്ണന്മാരെ അരങ്ങുകള്‍ വാഴാന്‍ അനുവദിക്കുമ്പോള്‍ നാമോരോരുത്തരും ചെയ്യുന്നത് കുഴിച്ചുമൂടാന്‍ ശ്രമിക്കുന്ന ചാതുര്‍വര്‍ണ്യത്തെ പുനരുജ്ജീവിപ്പിക്കുവാന്‍ കൂട്ടുനില്‍ക്കുകയാണ് എന്നത് മറന്നുകൂടാ.

ജ്യോതിഷത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെ അകറ്റാനും എന്താണ് ജ്യോതിഷമെന്ന് ശരിയായി മനസിലാക്കുവാനും സൂരജിന്റെ ഈ പോസ്റ്റ് വായിക്കുക. ജ്യോതിഷമെന്ന തട്ടിപ്പിനെ സത്യമെന്ന് പലപ്പോഴും ജനങ്ങള്‍ തെറ്റിദ്ധരിക്കുന്നത് തികച്ചും മനഃശാസ്ത്രപരമായ ചില കാരണങ്ങള്‍ മൂലം മാത്രമാണ്. മനുഷ്യമനസ്സുകളുടെ അത്തരം പ്രത്യേകതകളെക്കുറിച്ച് ഈ പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ട്.

CopyLeft Information

Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.