Saturday, June 26, 2010

അതും നമുക്കറിയാമായിരുന്നു!

ചന്ദ്രനില്‍ ജലാംശമുണ്ടെന്ന് നാസ ഈയിടെ സ്ഥിരീകരിക്കുക ഉണ്ടായിരുന്നല്ലോ. ഇതിനോടനുബന്ധിച്ച് മനോരമയില്‍ വന്ന ഒരു ആര്‍ട്ടിക്കിള്‍ താഴെ ക്ലിക് ചെയ്ത് വായിക്കുക.

നമുക്കറിയാം, ചന്ദ്രനില്‍ വെള്ളമുണ്ട്!

ലേഖനത്തിലെ ശ്രദ്ധിക്കേണ്ട ഭാഗങ്ങള്‍ താഴെ എടുത്തെഴുതുന്നു. നീലയില്‍ എഴുതിയത് ഈ ബ്ലോഗറുടെ കമന്റുകളാണ്

എന്നാല്‍ നമ്മുടെ ചന്ദ്രയാന്‍ ദൌത്യത്തിനു രണ്ടു മാസത്തിനു ശേഷം അമേരിക്കന്‍ ബഹിരാകാശഗവേഷണ സ്ഥാപനമായ 'നാസയുടെ ഒരു ഇംപാക്ട് പ്രോബ് അവിടെ ഇടിച്ചിറക്കുകയുണ്ടായി. അതിന്റെ ആഘാതത്തില്‍ ഉയര്‍ന്നുവന്ന പൊടിപടലങ്ങള്‍ പരിശോധിച്ചപ്പോള്‍ ഐസിന്റെ കട്ടകള്‍ ഉള്ളതായി ബോധ്യപ്പെട്ടിരിക്കുന്നു. അതു നല്ല തോതില്‍ തന്നെയുണ്ട്. ഇത്തരം ഐസ് കട്ടകള്‍ എടുത്ത് ജലം വേര്‍പെടുത്തിയെടുക്കാന്‍ ശ്രമിച്ചാല്‍ നമുക്ക് അവിടത്തെ ആവശ്യത്തിനുള്ള വെള്ളം ലഭിക്കും എന്നും സ്ഥിരീകരിച്ചിരിക്കുന്നു.

ആധുനികശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും ഇപ്പോള്‍ മാത്രമാണ് ഇത്രയും വിവരങ്ങള്‍ ശേഖരിക്കാന്‍ നമുക്കും പരദേശികള്‍ക്കും സാധിച്ചിട്ടുള്ളത്. എന്നാല്‍ ഭാരതീയ ഋഷീശ്വരന്മാര്‍ അവരുടെ ജ്ഞാനദൃഷ്ടി കൊണ്ട് എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ചന്ദ്രന്‍
ജലമയനാണെന്നും അവിടെ മഞ്ഞുകട്ടകള്‍ ഉണ്ടെന്നും ഭാരതീയ ശാസ്ത്രവിഷയങ്ങളിലൂടെയും മറ്റു ഗ്രന്ഥങ്ങളിലൂടെയും നമുക്കു കാണിച്ചുതന്നിട്ടുണ്ട്.

ആദ്യമായി അമരസിംഹന്റെ 'അമരകോശം പാരമേശ്വരീ വ്യാഖ്യാനം പരിശോധിക്കാം:

''ഹിമാംശുശ്ചന്ദ്രമാംശ്ചന്ദ്ര ഇന്ദുഃ കുമുദബാന്ധവഃ
വിധുഃ സുധാംശുഃ ശുഭ്രാംശുരോഷധീശോ നിശാപതിഃ
അബ്ജോ ജൈവാതൃകസ്സോമോ ഗൌര്‍മൃഗാങ്കഃ കലാനിധിഃ
ദ്വിജരാജശ്ശശധരോ നക്ഷത്രേശഃ ക്ഷപാകരഃ

ഇതില്‍ കൊടുത്തിരിക്കുന്ന ചന്ദ്രന്റെ 20 പര്യായപദങ്ങളില്‍ ചില പദങ്ങളുടെ അര്‍ഥം ശ്രദ്ധിക്കാം.

ഹിമാംശുഃ - തണുത്ത രശ്മികള്‍ ഉള്ളവന്‍.
ഇന്ദുഃ - തുഷാരകിരണങ്ങളാല്‍ നിലാവിനെ ഉണ്ടാക്കിത്തീര്‍ക്കുന്നവന്‍
അബ്ജഃ - അബ്ജോ സ്ത്രീ ശഖേ നാ നിചൂളേ ധന്വന്തരൌ ച ഹിമകരണേ ക്ളീബം പത്മേ ഇതി വിശ്വഃ (ജലത്തില്‍ നിന്നുണ്ടായവന്‍ എന്നര്‍ഥം)
സുധാംശുഃ - അമൃതമിശ്രങ്ങളായ രശ്മികള്‍ ഉള്ളവന്‍.

ഈ പദങ്ങളിലെല്ലാം ചന്ദ്രന് ജലവുമായി ബന്ധമുണ്ടെന്നു കാണുന്നു.

ജ്യോതിഷത്തിലെ സുപ്രധാന താത്വികഗ്രന്ഥമായ 'വരാഹമിഹിരന്റെ ഹോരാ വ്യാഖ്യാനിക്കുന്ന ഘട്ടത്തില്‍ കൈക്കുളങ്ങര രാമവാരിയര്‍ ഗാര്‍ഗിവാക്യം എടുത്ത് എഴുതിയിട്ടുണ്ട്.

''ചതുര്‍ഥേ കര്‍ക്കടോ മീനോ മകരാര്‍ധം ച പശ്ചിമം
ഭവന്തി ബലിനോ നിത്യമേതേ ഹി ജലരാശയഃ (1-17)
(കര്‍ക്കടകം, മീനം, മകരത്തിന്റെ ഉത്തരാര്‍ധം എന്നീ രാശികള്‍ നാലാമത്തേതായാല്‍ ബലമുള്ളതാണെന്നും മേല്‍പറഞ്ഞ രാശികള്‍ ജലരാശികള്‍ ആകുന്നു എന്നും പറയുന്നു. ചന്ദ്രന്റെ ക്ഷേത്രമാണു കര്‍ക്കടകം)

ഹോരാശാസ്ത്രത്തില്‍ ചന്ദ്രന്റെ പര്യായമായി മറ്റൊരിടത്ത് 'ശീതരശ്മിഃ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. (2-2)

ഹോരയില്‍ തന്നെ 'ജലത്തെ ചിന്തിക്കണമെന്നു മറ്റൊരു ശ്ളോകത്തില്‍ പറയുന്നു:

''വഹ്ന്യംബ്വഗ്നിജകേശവേന്ദ്രശചികാഃ
സൂര്യാദിനാഥാഃ ക്രമാല്‍... (2-5)
(സൂര്യനെക്കൊണ്ട് അഗ്നിയെയും ചന്ദ്രനെക്കൊണ്ടു ജലത്തെയും ചൊവ്വയെക്കൊണ്ടു സുബ്രഹ്മണ്യനെയും ബുധനെക്കൊണ്ടു വിഷ്ണുവിനെയും വ്യാഴത്തെക്കൊണ്ട് ഇന്ദ്രനെയും ശുക്രനെക്കൊണ്ടു ശചിയെയും ശനിയെക്കൊണ്ട് ബ്രഹ്മാവിനെയും ചിന്തിക്കണം.)
[ചന്ദ്രനെക്കൊണ്ട് ജലത്തെ ചിന്തിക്കേണം എന്നതിന്റെ അര്‍ഥം ചന്ദ്രനില്‍ ജലമുണ്ട് എന്നത് ആവാം എന്നതിനാല്‍ ചൊവ്വയില്‍ സുബ്രഹ്മണ്യനും ബുധനില്‍ വിഷ്ണുവും ശനിയില്‍ ബ്രഹ്മാവും ഉണ്ടാവും എന്നും നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. നാസ എന്നെങ്കിലും അവിടെയൊക്കെ പ്രോബുകള്‍ സ്ഥാപിക്കുമ്പോള്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാതിരിക്കില്ല.]


''പ്രകാശശൂന്യേ ജലമയേ ചന്ദ്രമസി രവിരശ്മിസംപാതാത് സംപ്രകാശം ചന്ദ്രശരീരമുത്പദ്യതേ ഇതി യുക്ത്യാ സിദ്ധ്യതി
(പ്രകാശശൂന്യനും ജലമയനുമായ ചന്ദ്രനില്‍ സൂര്യരശ്മിയുടെ സമ്പര്‍ക്കം ഉണ്ടാകുമ്പോള്‍ ചന്ദ്രന്‍ പ്രകാശത്തോടു കൂടിയതാകുന്നു എന്നതു യുക്തിസിദ്ധമാകുന്നു)
[അതായത് ദാസാ ചന്ദ്രനിലെ വെള്ളമാണ് സൂര്യന്റെ രശ്മികളെ പ്രതിഫലിപ്പിക്കുന്നത് എന്ന്. ]

സംഹിതയില്‍ പറയുന്നു:

''സലിലമയേ ശശിനി രവേര്‍ദീധിതയോ
മൂര്‍ച്ഛിതാസ്തമോ നൈശം ക്ഷപയന്തി
(ജലമയനായിരിക്കുന്ന ചന്ദ്രനില്‍ സൂര്യന്റെ രശ്മികള്‍ പതിച്ച് രാത്രിയിലെ ഇരുട്ടിനെ നശിപ്പിക്കുന്നു)

ഈ വക പ്രമാണങ്ങളില്‍ കൂടി ചന്ദ്രന്‍ 'ജലമയനാണെന്നു പണ്ടേ വ്യക്തമല്ലേ?

ശാസ്ത്രജ്ഞന്മാര്‍ ആധുനിക സൌകര്യങ്ങള്‍ ഉപയോഗിച്ച് ലക്ഷ്യത്തിലെത്താന്‍ പരിശ്രമിക്കുമ്പോള്‍ അതിനു മുന്‍പ്, നമ്മുടെ ഋഷീശ്വരന്മാര്‍ വിവിധ ശാസ്ത്രവിഷയങ്ങളില്‍ കൂടിയും മറ്റു ഗ്രന്ഥങ്ങളില്‍ കൂടിയും സ്പഷ്ടമായി നമുക്കു കാണിച്ചുതന്നിട്ടുള്ള പ്രമാണങ്ങളിലൊന്നു കണ്ണോടിക്കുന്നതു നന്നായിരിക്കും.
അമൂല്യമായ ഇത്തരം വിവരങ്ങള്‍ പങ്കുവെയ്ക്കുകയും നമ്മെയെല്ലാം ഉല്‍ബുദ്ധരാവാന്‍ സഹായിക്കുകയും ചെയ്ത ശ്രീമാന്‍ രമേഷ് പണിക്കരോടും മനോരമയോടും ഉള്ള അകൈതവമായ നന്ദി ഇതുവഴി രേഖപ്പെടുത്തിക്കൊള്ളട്ടെ.

CopyLeft Information

Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.