ബിബിലിയോഫൈലുകളാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത് എന്നത് കൊണ്ട് തന്നെ ഉണ്ണി.ആര്‍ എഴുതിയ 'എന്റെയാണെന്റെയാണീക്കൊമ്പനാനകള്‍' എന്ന കഥയും ബി.മുരളിയുടെ 'ഉമ്പര്‍ട്ടോ എക്കോ' എന്ന കഥയും ചേര്‍ത്തുനിര്‍ത്തി വായനകള്‍ സാധ്യമാണ്.
കൊമ്പനാനകളിലെ പ്രഭാകരനും പുസ്തകങ്ങളുമായുള്ള ബന്ധം അരുമമൃഗവും ഉടമസ്ഥനും തമ്മിലുള്ളതിനു സമാനമാകുന്നുണ്ട്. അതിനാല്‍ തന്നെ വായനക്കാരന്റെ മനസില്‍ 'ശബ്ദിക്കുന്ന കലപ്പ' ഓര്‍മയിലെത്തുകയും ചെയ്യും. എന്നാല്‍ പൊന്‍കുന്നം വര്‍ ക്കിയുടെ കഥാപാത്രം ഗതികേടുകൊണ്ട് കാളയെ വില്‍ക്കേണ്ടി വരുന്ന അതിസാധാരണക്കാരനാവുമ്പോള്‍, ഉണ്ണി.ആറിന്റെ കഥയില്‍ പ്രഭാകരന്റെ മൃഗത്തിനു പ്രൗഢഗംഭീരനായ ഒരു കൊമ്പനാനയുടെ രൂപമാണ് നല്‍കിയിരിക്കുന്നത്. പ്രഭാകരന്റെ (അധികാര) നഷ്ടം സ്വന്തം ഇഷ്ടപ്രകാരമാണ് ഉണ്ടാകുന്നത്. കേരളത്തിന്റെ സാമൂഹ്യപരിസരത്തില്‍ കൊമ്പനാന എന്ന രൂപകം തീര്ക്കുന്ന സാംസ്കാരികസംജ്ഞ എന്ത് എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഏത് തരത്തിലുള്ള അറിവും അധികാരത്തെ സൃഷ്ടിക്കുന്നുണ്ട് എന്നിരിക്കെ, ഉമ്പര്‍ട്ടോ എക്കോയിലെ രാമകൃഷ്ണന് തന്റെ വായനാശീലമാണ് അധികാരിയുടെ സ്ഥാനം നല്‍കുന്നത്. തന്റെ അറിവധികാരത്തെ കാമുകിയായ സുജാതയുടെ മനസും ശരീരവും കീഴടക്കാനുള്ള ഒരു ഉപാധിയായി രാമകൃഷ്ണന്റെ അബോധമനസ്സ് മാറ്റുന്നു. അതില്‍ ഏറെക്കുറെ അയാള്‍ വിജയിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അറിവിന്റെ സ്വതന്ത്ര്യമായ മേഖലകളിലൂടെ സ്വന്തമായി സഞ്ചരിക്കാന്‍ സുജാതയ്ക്ക് ഇടം ലഭിക്കുന്നതിലൂടെ രാമകൃഷ്ണനു അവള്‍ക്ക്` മേലുള്ള അധികാരതീവ്രത നഷ്ടപ്പെടുകയാണ്. ഈ വാചകം ശ്രദ്ധിക്കുക.
ബാര്‍ത്തിന്റെ അടുത്തേക്ക് പോയ വഴി, സുജാതയുടെ സല്വാറിന്റെ ഷാളിലുടക്കി ഒരു സിഡ്നി ഷെല്‍ഡന്‍ താഴെ വീണു. പുച്ഛത്തോടെ അവള്‍ അതിനെ അവഗണിച്ചു. അതിന്റെ പൊരുള്‍ അറിയാതെ, രാമകൃഷ്ടന്‍ പുസ്തകമെടുത്ത് തട്ടിലേക്ക് തിരിച്ചു വെയ്ക്കാന്‍ ഒരുമ്പടവേ, സുജാത രൂക്ഷമായി അവനെ നോക്കി. സിഡ്നി ഷെല്‍ഡന്‍ വീണ്ടും താഴെ വീണു.
വേറൊരിടത്ത് സുജാതയില്‍ നിന്നും താല്കാലികമായി രക്ഷപ്പെടാന്‍ വേണ്ടി അല്ത്തൂസറിനെ ക്വാട്ട് ചെയ്യാന്‍ തുടങ്ങുന്ന രാമകൃഷ്ണനോട് അവള്‍ പ്രതികരിക്കുന്നത് എങ്ങിനെയെന്ന് ശ്രദ്ധേയമാണ്.
"സുജാത, അല്ത്തൂസറിന്റെ പുതിയ ഇടതുപക്ഷചിന്താപദ്ധതിയും സാഹിത്യവും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതല്ലേ?"
സുജാത ഉറക്കെ പൊട്ടിച്ചിരിച്ചപ്പോള്‍ , മുന്‍പില്‍ നടന്ന വയസ്സനും രണ്ട് പെണ്ണുങ്ങളും തിരിഞ്ഞ് നോക്കി. രാമകൃഷ്ണന്‍ അമ്പരന്ന് സുജാതയെ നോക്കി. അവള്‍ ചിരി നിര്‍ത്താതെ പറഞ്ഞു : "ഞാനിപ്പോള്‍ ഓര്‍ക്കുന്നത് ആരോ പറഞ്ഞ ആ വാചകമാണ്. മലയാളത്തിന്റെ റോഡ് സൈഡുകളില്‍ നിന്ന് അല്ത്തൂസര്‍ കൂകുന്നു."
ഒടുവില്‍ സുജാതയെ നഷ്ടപ്പെട്ട് വീട്ടില്‍ തിരിച്ചെത്തുന്ന രാമകൃഷ്ണന്‍ കണ്ണശ്ശരാമായണം വായനയിലേക്ക് തിരിച്ചു പോകുകയാണ്. രാമയാണം കഥയിലെ കാമനാധികാരചിഹ്നങ്ങള്‍ ഇവിടെ ഓര്‍ക്കേണ്ടതുണ്ടെന്ന് കഥയെ വിശകലനം ചെയ്യവേ വി.സി്.ഹാരിസ് ചൂണ്ടിക്കാട്ടുന്നു.