Thursday, September 8, 2011

ഓണം, കേരളം , മഹാബലി, ചരിത്രം , ആഘോഷങ്ങള്‍

ഓണാഘോഷവും കേരളവും:

അപ്പോ ഓണം ആഘോഷിക്കണോ വേണ്ടയോ, ഓണം അവര്‍ണാഘോഷമാണോ സവര്‍ണാഘോഷമാണോ, മഹാബലി ദ്രാവിഡരാജാവായിരുന്നോ ചേരമാന്‍ പെരുമാളായിരുന്നോ, ഓണാഘോഷത്തെ സാവര്‍ണ്യത്തിനു വിട്ടുകൊടുക്കണോ, ഓണം കാര്‍ഷികാഘോഷമാണോ, ഓണം ഇന്ന് വിപണിയുടെ ആഘോഷമാണോ ഇതൊക്കെയാണ് വിഷയം അല്ലേ?

 എന്റെ വക പത്തു പൈസകള്‍.

മഹാബലി മിത്തും പരശുരാമന്‍ മഴുവെറിഞ്ഞ മിത്തും മിത്ത് മാത്രമാണെന്ന് കൊച്ചുപിള്ളേര്‍ക്കു പോലും അറിയാമായിരിക്കുമെങ്കിലും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ട ചില കാര്യങ്ങള്‍ കൂടെയുണ്ട്.

മഹാബലിയുടെ വര്‍ണം:

1. ഓണത്തെ ഈ പ്രദേശത്തോട്ട് പിന്നീടെത്തിയ ബ്രാഹ്മണമതം ഏറ്റെടുത്തു തൃക്കാക്കരയപ്പനെ പൂജിക്കാന്‍ വിധിയുണ്ടാക്കിയത് പോലെ തന്നെ ബ്രാഹ്മണമതം കൊണ്ടുവന്ന മിത്തായിരിക്കണം മഹാബലി എന്ന രാജാവും എന്ന് ചിന്തിക്കുവാനേ ന്യായമുള്ളൂ.

2. കേരളത്തിന്റെ ചരിത്രവും ജിയോഗ്രഫിക്കല്‍ പ്രത്യേകതകളും പരിശോധിച്ചാല്‍ നമുക്ക് മനസിലാക്കാന്‍ കഴിയുന്ന ഒരു കാര്യം ഏറെ പണ്ട് ഈ പ്രദേശത്തെ ഒന്നാകെ(ഏറെക്കുറേ എങ്കിലും ) ഭരിച്ചിരുന്ന ഒരു രാജഭരണം ഉണ്ടായിരിക്കാനുള്ള സാധ്യതകള്‍ തീരെയില്ല എന്നു തന്നെയാണ്.

3. ഇങ്ങോട്ട് കുടിയേറിയ ബ്രാഹ്മണര്‍  ഇവിടത്തെ സുബ്രഹ്മണ്യന്‍, അയപ്പന്‍ മുതലായ ദ്രാവിഡദൈവങ്ങളെ ആര്യദൈവത്തിന്റെ കുടുംബക്കാര്‍ ആക്കി മാറ്റിയതു പോലെ ഇവിടത്തെ മഹാബലിയെ ഹിന്ദു പുരാണത്തിന്റെ ഭാഗമാക്കി എന്നൊരു വാദവുമുണ്ട്. അത് ശരിയാകാന്‍ സാധ്യത  തീരെയില്ല. മഹാബലിയെന്ന കഥാപാത്രവും  വാമനനോടൊപ്പം  ഈ പ്രദേശത്തെ ചരിത്രത്തിലേക്ക് പിന്നീട് പ്ലാന്റ് ചെയ്തതായിരിക്കാന്‍ ആണ് കൂടുതല്‍ സാധ്യത.

സമത്വസുന്ദരധനികഭൂതകാലം :
1. മറ്റൊരു മിത്ത് തന്നെ ആവാനേ വഴിയുള്ളൂ. അറിവിനെപ്പോലെ തന്നെ കാലഘട്ടത്തിലൂടെ അക്യുമുലേറ്റ് ചെയ്ത് വന്ന മൂല്യങ്ങളാണ് മനുഷ്യന്റെ ജനാധിപത്യബോധവും, സമത്വചിന്തകളും, നീതിബോധവും മറ്റും.

2. സത്യയുഗത്തില്‍ ശാന്തി വിളയാടിയിരുന്നു എന്ന മിത്തിനു തുല്യമാണ് കേരളം ഉള്‍പ്പെട്ട പ്രദേശത്ത് പണ്ട്‌ സമത്വവും നീതിയും വിളയാടിയിരുന്നു എന്ന ഐതിഹ്യം. അങ്ങേയറ്റം പ്രാകൃതമായ നിയമങ്ങളും രീതികളും ഒക്കെത്തന്നെയായിരുന്നു മറ്റേതു പ്രദേശവും പോലെ ഇവിടെയും എന്ന് കാണാവുന്നതാണ്.

3. ഒരു ധനിക കാര്‍ഷികസംസ്കാരസമ്പന്നമായ ഭൂതകാലം പതിനെട്ടോ പതിനേഴോ നൂറ്റാണ്ടിനു മുന്‍പ് ഇവിടെ നിലനിന്നിരുന്നു എന്നത് ശുദ്ധമായ അന്ധവിശ്വാസമാണ്.

4. ലാന്‍ഡ് റീഫോമഷേനു ശേഷം കൃഷി അതിനു താല്‍പര്യമില്ലാത്തവന്റെ കൈകളിലെത്തി അങ്ങനെ കൃഷി നശിച്ചു, ലാഭകരമല്ലാതെയായി തുടങ്ങിയ വാദങ്ങള്‍ പോലെ അടിസ്ഥാനരഹിതമാണ് ഇതും.

5. കേരളത്തിലെ തെങ്ങുകൃഷിയുടെയും നെല്‍കൃഷിയുടെയും ചരിത്രം താരതമ്യേന സമീപഭൂതകാലത്താണ് തുടങ്ങുന്നത്.

6. ലാഭകരമായ രീതിയില്‍ നെല്‍കൃഷി നടത്താന്‍ വേണ്ട കൃത്രിമജലസേചനസൗകര്യമോ , വളമുപയോഗിച്ച് കൃഷിസ്ഥലം പുഷ്ടിപ്പെടുത്താന്‍ ഉള്ള മാര്‍ഗമോ‌, മൃഗങ്ങളുടെ അധ്വാനം ഉപയോഗിച്ചുള്ള സാങ്കേതികവിദ്യയോ ഒന്നും പതിനാറ് പതിനേഴ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ കേരളത്തിലില്ലായിരുന്നു എന്ന് കാണാം.

7. കൃഷിക്കു വേണ്ട സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഇതര ഭാരതീയനാടുകളുമായി നൂറ്റാണ്ടുകള്‍ പിന്നിലായിരുന്നു കേരളം എന്നും പരിശോധനയില്‍ തെളിയും.

8. നമ്മുടെ സംസ്കാരത്തെ സൂക്ഷിക്കാന്‍ നമ്മെ സംരക്ഷിക്കുന്നു എന്ന് നാം ഹൈസ്കൂളില്‍ പഠിച്ച സഹ്യപര്‍വത നിരതന്നെയാവണം ഇതരപ്രദേശത്തു നിന്നും സാങ്കേതികവിദ്യകളെ ഇങ്ങെത്തുന്നതില്‍ നിന്നും തടഞ്ഞത്.

9. ഉന്നതമായ ഒരു സംസ്കാരം ഡെവലപ് ചെയ്യാനും നിലനിര്‍ത്താനും സാധ്യമാവേണമെങ്കില്‍ അത്യാവശ്യം വേണ്ട 'Food Surplus' ഒരു കാലത്തും കേരളത്തില്‍ ഉണ്ടായിരുന്നിട്ടില്ല.

10. നെല്‍കൃഷിയില്‍ നിന്നും ഉണ്ടായ ഭക്ഷണം കൃഷിയിടങ്ങളില്‍ പണിയെടുത്ത അവര്‍ണരെ മുക്കാല്‍പ്പട്ടിണിയിലും വരേണ്യരെ അര്‍ദ്ധപട്ടിണിയിലും കൊല്ലാതെ ജീവിപ്പിച്ചു പോന്നു എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു.

11. പറമ്പിലും മറ്റും അവിടിവിടെയായി വളരുകയും വിളയുകയും ചെയ്ത തെങ്ങ്, പ്ലാവ്, മാവ്, ചേന, ചേമ്പ് മുതലായവയൊക്കെയാണ് ഇപ്രദേശത്തുകാരെ മുഴുപ്പട്ടിണിയില്‍ നിന്നും സംരക്ഷിച്ചിട്ടുണ്ടാവുക.

12. മണ്‍സൂണുമായുള്ള കേരളത്തിലെ ഭക്ഷണത്തിന്റെ ചരിത്രം അഭേദ്യകരമാം വണ്ണം പരസ്പരബന്ധിതമാണ്.

13. കാലാവസ്ഥയ്ക്കനുസൃതമായി കിട്ടുന്ന ഭക്ഷണമാണ് ജീവന്‍ എന്നതിനാല്‍, കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ കേരളീയരുടെ തനത് ആഘോഷങ്ങളായി മാറിയിരിക്കാന്‍ സാധ്യതയുണ്ട്. ആ അര്‍ത്ഥത്തില്‍ ഓണം കേരളത്തിന്റെ പ്രാദേശിക ഉല്‍സവം തന്നെയായിരിക്കണം. വളരെപ്പണ്ടു കാലം മുതല്‍ക്കേ‌ ഓണം ആഘോഷിച്ചുമിരുന്നതായി ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നുണ്ട്‌ താനും.

ഓണം എങ്ങനെ ആഘോഷിക്കണം/ആഘോഷിക്കപ്പെട്ടു?

1. ഓണം കേരള്‍ കാ ദേശീയ ത്യോഹാര്‍ ഹേ എന്ന് പാഠത്തില്‍ നാം പഠിച്ച ഓണാഘോഷങ്ങളില്‍ മിക്കതും സമീപഭൂതകാലനിര്‍മ്മിതികള്‍ ആവാനേ തരമുള്ളൂ.


2. രാവിലെ എഴുന്നേറ്റ് രംഗ ബിരംഗേ കപ്പടേ ഉടുക്കാനുള്ള വഹയൊന്നും ഇവിടത്തെ രാജാക്കന്‍മാര്ക്ക് പോലും ഉണ്ടായിരിക്കാന്‍ സാധ്യതയില്ല. [അതിനുള്ള സാങ്കേതികവിദ്യ തീരേ നഹിം നഹിം ].

3. സെറ്റുസാരിയുമുടുത്ത് തിരുവാതിര കളിക്കുന്ന യുവതികള്‍ കേരളത്തിലെ തനതുകാഴ്ചയായിരുന്നു എന്ന് പറഞ്ഞാല്‍ ചിരിക്കുകയല്ലാതെ നിവര്‍ത്തിയില്ല. സാരി തന്നെ കേരളത്തില്‍ എത്തിയിട്ട് ഏറെക്കാലമായില്ല.

4. ഓണാഘോഷത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങള്‍ പലതും അങ്ങേയറ്റം മനുഷ്യത്വരഹിതമായിരുന്നു.

5. ഓണത്തല്ലെന്ന് സുപരിചിതമായ ഓണക്കളി ധാരാളം മനുഷ്യക്കുരുതികള്‍ക്ക് വഴി വെയ്ക്കുന്ന തരം ആയുധം ഉപയോഗിച്ചുള്ള പട തന്നെയായിരുന്നു. വിനോദത്തിനായി അങ്ങോട്ടുമിങ്ങോട്ടും കൊന്ന ചരിത്രവും ഓണത്തിന്റെ ഭാഗമാണെന്ന് ചുരുക്കം. സമത്വസുന്ദരഭൂതകാലത്തെ ഓര്‍മ്മിക്കാന്‍ പറ്റിയ ആഘോഷരീതികള്‍ തന്നെ!

6. കിട്ടുന്ന തേങ്ങയും മാങ്ങയും ഇച്ചിരി മീനും പശുവിറച്ചിയും ഒക്കെ കഴിച്ചു ജീവിച്ച ഒരു ജനത വെജിറ്റേറിയന്‍ സദ്യ ഓണത്തിനൊരുക്കി എന്നത് പുളുവാകാനേ തരമുള്ളൂ. അല്ലെങ്കില്‍ തന്നെ അതിനു നെല്ലെവിടെ? പില്‍ക്കാലത്ത് വല്ല രാജകുടുംബമോ, ഇല്ലങ്ങളിലോ, കാശുള്ള നായര്‍ത്തറവാറുകളിലോ [ which was of course a rarity] സദ്യയൊക്കെ ഉണ്ടാക്കിയിരുന്നെങ്കിലായി. 

7. ഓണാഘോഷത്തെ സവര്‍ണതയ്ക്ക് വിട്ടുകൊടുക്കരുത് എന്ന വാദത്തില്‍ തീര്‍ച്ചയായും കഴമ്പുണ്ട്.

8. സാരിയും ഡബിള്‍ മുണ്ടൂമുടുത്താല്‍ ട്രഡീഷനല്‍ ഡ്രസ്സിട്ട ആഘോഷമാകാന്‍ അത് കൊണ്ട് തന്നെ തീരെ തരമില്ല. ട്രഡീഷനല്‍ ഡ്രസ്സിന്റെ പിറകെ പോയാല്‍ മുക്കാലും നഗ്നരാവാനേ പറ്റുകയുള്ളൂ. ഡ്രസ്സൊക്കെ അവനവനിഷ്ടമുള്ളതും സൗകര്യമുള്ളതും ആകുന്നത് കൊണ്ട് ഓണത്തിന്റെ മാഹാത്മ്യം കുറയാനോ കൂടാനോ ഒന്നും തരമില്ല.

ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഓണാഘോഷം മലയാളികളില്‍ പലരുടെയും റൊട്ടീന്‍ ജീവിതത്തിന്റെ ഭാഗമാണ്. ഓണത്തിനവധി ഉള്ളത് കാരണം നാട്ടില്‍ പോക്ക്, ഒത്തു കൂടല്‍, ഒരുമിച്ചുള്ള കുക്കിങ്ങ്, വിപണിയില്‍ മറ്റു സമയത്തെ അപേക്ഷിച്ച് വിലക്കുറവുണ്ടാകുമെന്ന കാരണത്താല്‍ ഷോപ്പിങ്ങ് ഈ സമയത്തേക്ക് മാറ്റിവെക്കല്‍, പ്രാദേശികമായി ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ അത് വിറ്റഴിക്കാന്‍ ഉള്ള സമയം എറ്റ്സട്രാ എറ്റ്സട്രാ.. അതൊക്കെ അതിന്റെ വഴിക്കു തന്നെ അങ്ങനെ പോക്കോട്ടേ.

എന്നു കരുതി മലയാളികള്‍ മുഴുവന്‍ - എല്ല മതത്തിലും വിശ്വാസത്തിലും ഉള്ളവര്‍ - സെറ്റ് സാരിയും കസവുമുണ്ടുമുടുത്ത് തിരുവാതിര കളിച്ചും വെജിറ്റേറിയന്‍ ഓണസ്സദ്യ ഉണ്ടും 'നാളികേരത്തിന്റെ നാട്ടില്‍' പാട്ടു പാടിയും ഓണമാഘോഷിച്ചില്ലെങ്കില്‍ മലയാളിയാവില്ല, സെക്യുലര്‍ ആവില്ല, ദേശസ്നേഹി ആവില്ല എന്നൊക്കെ പറഞ്ഞാല്‍ അത് ശുദ്ധതോന്ന്യാസമാണ് .

ഈ തിരുവോണത്തിന്റന്ന് പുതുതായി വാങ്ങിയ ലോക്കല്‍ മേഡ് കാപ്രീസും ഇട്ട് ചപ്പാത്തിയും ചിക്കന്‍ കറിയും കഴിച്ച് ഓണമാഘോഷിക്കാന്‍ ആണ് എന്റെ തീരുമാനം ;)

അപ്പോ ഷാപ്പീ പോണം, അല്ല ഹാപ്പി ഓണം റ്റു ഓള്‍

CopyLeft Information

Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.