Sunday, May 8, 2011

ബ്രൈറ്റിന്റെ പരിണാമം

ബ്രൈറ്റിനെ നമുക്കറിയാം. ജീവശാസ്ത്രസംബന്ധിയായ വിഷയങ്ങളില്‍ കോമ്പ്രിഹെന്‍സീവായ എന്നാല്‍ വളരെയധികം‌ റീഡബിള്‍ ആയ പോസ്റ്റുകളിലൂടെയാണ് ബ്രൈറ്റ് ബ്ലോഗ്‌‌ലോകത്ത് കടന്നുവരുന്നതും അറിയപ്പെടാന്‍ തൂടങ്ങുന്നതും. പരിണാമവിരോധികളായെ സെമിറ്റിക് മതാന്ധവിശ്വാസികളെ കണക്കറ്റ് പരിഹസിച്ചും, കുറിക്കു കൊള്ളുന്ന മറുപടികള്‍ നല്‍കിയും, ശാസ്ത്രീയമായ പോസ്റ്റുകളെഴുതിയും പരിണാമസിദ്ധാന്തചര്‍ച്ചകളെ ജീവസ്സുറ്റതാക്കാന്‍ ബ്രൈറ്റ് എന്ന ബ്ലോഗര്‍ കാണിച്ച നിഷ്ക്കര്ഷ പ്രശംസനാര്‍ഹമാണ്.

എന്നാല്‍ ബ്രൈറ്റിനു സ്വയം സംഭവിച്ച/സംഭവിച്ചുകൊണ്ടിരീക്കുന്ന പരിണാമം നിരാശാവഹമാണെന്ന് പറയാതെ വയ്യ. സ്ത്രീപക്ഷവാദികള്‍ക്കെതിരെ ശാസ്ത്രത്തിന്റെ ചുവടുപിടിച്ച് എന്നാല്‍ പലയിടത്തും വളച്ചൊടിച്ചും പുകമറ സൃഷ്ടിച്ചും എഴുതിയ ഒരു സീരീസ് പോസ്റ്റിലൂടെയാണ് ബ്രൈറ്റില്‍ മാറ്റം പ്രകടമായി കണ്ടു തുടങ്ങിയത്. ജെന്‍ഡര്‍ ഡിസ്ക്രിമിനേഷനും ശാസ്ത്രത്തിന്റെ പിന്‍ബലം നല്കാന്‍ ഉള്ള ശ്രമത്തെ ഇതെഴുതുന്നയാളടക്കം പലരും അന്നേ വിമര്‍ശിക്കുകയും വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നു. ദളിതപക്ഷവാദി എന്ന് സ്വയം ഐഡന്റിഫൈ ചെയ്യുന്ന ചിത്രകാരനെപ്പോലെയുള്ള ബ്ലോഗേഴ്സ് ബ്രൈറ്റിനെ ഈ വിഷയത്തില്‍ പിന്തുണച്ചിരുന്നു എന്ന വിരോധാഭാസകരമായി തോന്നിയേക്കാം.

പരിണാമത്തിന്റെ അടുത്ത ഘട്ടത്തില്‍ ന്യായമായും റേഷ്യല്‍ ഡിസ്ക്രിമിനേഷന്‍ വരേണ്ടതുണ്ടായിരുന്നു. അതിനുള്ള സൂചനകള്‍ ചിത്രകാരനു ബ്രൈറ്റ് നല്‍കിയ മറുപടികളില്‍ തന്നെ പ്രകടമായിരുന്നു താനും. വംശമഹിമാസിദ്ധാന്തത്തിനു ജനിതകശാസ്ത്രത്തെ കൂട്ടുപിടിക്കുന്ന അങ്ങേയറ്റം പ്രതിലോമകരമായ പോസ്സ്റ്റുകളാണ് ബ്രൈറ്റില്‍ നിന്നും പിന്നീട് ഉണ്ടായത്. ചൂടേറിയ വാദപ്രതിവാദങ്ങള്‍ നടന്നു.

മാംസാഹാരവിദ്വേഷവുമായി ബന്ധപ്പെട്ട ചര്‍ച്ച ബസ്സില്‍ നടക്കുമ്പോള്‍ സംഘപരിവാറിനു സുഖിക്കുന്ന ബസ് പോസ്റ്റുകളുമായി ബ്രൈറ്റെത്തി.

ഇപ്പോള്‍ ഏറ്റവും അവസാനമായി വിശ്വാസത്തിന്റെ ശാസ്ത്രം എന്ന പോസ്റ്റ് സീരീസാണ് ബ്രൈറ്റെഴുതിക്കൊണ്ടിരിക്കുന്നത്. മുഴുവനും പുറത്ത് വരാത്തതിനാല്‍ അഭിപ്രായം പറയുന്നതില്‍ അനൗചിത്യം ഉണ്ടെങ്കില്‍ കൂടി മേല്‍പറഞ്ഞ പരിണാമത്തിന്റെ അടുത്ത ഘട്ടമല്ലേ മുന്‍പിലെത്തിയിരിക്കുന്നത് എന്ന് ന്യായമായും സംശയിച്ചു പോവുന്നു. ഒരു യുക്തിവാദിയില്‍ നിന്നും മതം ഒഴിവാക്കാന്‍ ആവാത്ത ഒരു സ്ഥാപനമാണെന്നും അതില്‍ തന്നെ പരിണാമത്തെയടക്കം അംഗീകരിക്കുന്ന, ഉള്‍ക്കൊള്ളുന്ന, ഹൈജീനിക് ശീലങ്ങള്‍ വച്ച് പുലര്‍ത്തുന്ന ബ്രാഹ്മണിക് മതങ്ങളാണ് മേത്തരമെന്നും ബ്രൈറ്റ് നിലപാടെടുത്താല്‍ ഞാനല്‍ഭുതപ്പെടില്ല.

ഡോക്കിന്‍സടക്കം ആധുനികജീവശാത്രജ്ഞരുടെ അഭിപ്രായങ്ങള്‍ തന്നയാണ് ഈ പോസ്റ്റിലും ബ്രൈറ്റ് അവലംബിക്കാന്‍ ശ്രമിക്കുന്നത്. മതം ഒരു 'ബൈ പ്രോഡക്ട്' ആണെന്ന ഡോക്കിന്‍സിന്റെ വാദം ബ്രൈറ്റ് ഉദ്ധരിക്കുന്നുണ്ട്. എങ്കിലും അതോടൊപ്പം ഡോക്കിന്‍സ് കൂട്ടിച്ചേര്‍ക്കുന്ന കാര്യങ്ങളില്‍ ചിലത് ബ്രൈറ്റ് വിട്ടുപോകുന്നില്ലേയെന്ന ചോദ്യം ഉന്നയിക്കാതെ വയ്യ.

സംഘപരിവാറ് അനുകൂലികളുമായി നടത്തിയ മിനിമം ഓണ്‍ലൈന്‍ ചര്‍ച്ചകളില്‍ എനിക്കു മനസിലായ ഒരു മിനിമം കാര്യം മറ്റു മതങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും വ്യത്യസ്തമായി ആറെസ്സെസ്സുകാരാനാവാന്‍ ഈശ്വരവിശ്വാസിയാവേണ്ടെന്നതാണ്. നീരീശ്വരനെന്ന് സ്വയം ഐഡന്റിഫൈ ചെയ്യുന്നവരാണ് സംഘികളില്‍ നല്ലൊരു പക്ഷം. ദൈവത്തിലേ സനാതനഹിന്ദുമതം വിശ്വസിക്കുന്നുള്ളൂ. ഈശ്വരനിലില്ല. വംശമഹിമാസിദ്ധാന്തമാണ് മതത്തെക്കാള്‍ ആധുനികഹിന്ദുമതതീവ്രവാദികള്‍ മുന്നോട്ട് വെയ്ക്കുന്നതെന്ന് ചുരുക്കും [ഹിറ്റലറെ ഓര്മ വരുന്നുണ്ടോ?]

ബ്രൈറ്റിനു തീര്‍ച്ചയായും അഭയം കണ്ടെത്താന്‍ കഴിയുന്ന കൂടാരമാവും നീരിശ്വരവംശമഹിമാവാദികളുടേത്.
വിശാഖ് പറഞ്ഞത് പ്രസക്തമാകുന്നതിവിടെയാണ്.

-------------------------------------------------------------------------------------------------------------------------------------
https://profiles.google.com/visaksankar/posts/SV5iL8KBbWU#visaksankar/posts/SV5iL8KBbWU

വിശാഖ്: *യുക്തിവാദമെന്നത് കേവലം ദൈവ നിരാസം മാത്രമല്ല.* ജപിച്ചുകെട്ടലിനെയും, കൂടോത്രത്തെയും, രാഹുകാലത്തെയും, ആള്‍ദൈവങ്ങളേയും പോലുള്ള പ്രകടമായ യുക്തിരാഹിത്യങ്ങളെ നിരാകരിക്കുന്നതിലൂടെ മാത്രം ആരും ഒരു യുക്തിവാദി ആവുകയുമില്ല. *യുക്തി എന്നത് ഒരു സമഗ്രതയാണ്.അതുകൊണ്ടുതന്നെ യുക്തിവാദിയായ അരാഷ്ട്രീയവാദി രാഹുകാലം നോക്കി റോക്കറ്റ് വിടുന്ന ശാസ്ത്രജ്ഞനേയും, പുരുഷമേധാവിത്വ വാദിയായ ദളിതപക്ഷവാദിയേയും ഒക്കെപ്പോലുള്ള ഒരു അസംബന്ധം മാത്രമാണ്. ഇത്തരക്കാര്‍ തങ്ങളുടെ യുക്തിയുടേതായ താല്‍കാലിക കൂടാരങ്ങള്‍ ഉപേക്ഷിച്ച് ഏതുനിമിഷവും അയുക്തികമായ സ്വാസ്ഥ്യങ്ങളുടെ ‘തറവാട്ടുവീട്ടി’’ലേയ്ക്ക് മടങ്ങിപ്പോയേക്കാം.*
--------------------------------------------------------------------------------------------------------------------------------------

ഈയൊരു മടങ്ങിപ്പോക്ക് ബ്രൈറ്റിന്റെ കാര്യത്തില്‍ ഉണ്ടാവാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാം.

അനുബന്ധം ഒന്ന്:

http://www.blaghag.com/2011/01/pop-evolutionary-psychology-game.html

My friend Jason and I accidentally invented this game while at a party last week. The rules are simple:

1. Make an observation about a particularly odd aspect of human behavior.

Example: "Why is it that everyone congregates in the kitchen at parties, even when there's plenty of space elsewhere?"

2. Come up with an explanation for how that behavior would have increased fitness in hunter gathering societies.

Example: "Well, food used to be sparse, so humans would congregate at food sources, so you'd be more likely to find a mate there, and thus have more babies.

3. Bonus points are rewarded for including 50's era gender stereotypes.

Example: "Well, we KNOW women are drawn to the kitchen because they're inclined to gather food, so they're always in the kitchen anyway. The men just go there to be around their potential mates."

Hours of fun guaranteed.


അനുബന്ധം രണ്ട് :

http://chandrakkaran.blogspot.com/2007/01/blog-post.html
മനുഷ്യരുടെ സ്വാതന്ത്ര്യം, പുരോഗതി എന്നിവയെ ലക്‍ഷ്യമാക്കിയുള്ളതാണെന്ന്‌ വിജ്ഞാനത്തിന്റെയും ശാസ്ത്രത്തിന്റെയും വികാസം ആരെങ്കിലും ഇപ്പോഴും കരുതുന്നുണ്ടോ എന്നറിയില്ല.

യുക്തി, ശാസ്ത്രം, പുരോഗതി, സമത്വം, വ്യക്തിത്വം, സ്വാതന്ത്ര്യം തുടങ്ങിയവ പരസ്പരബന്ധിതങ്ങള്‍ ആണെന്നും ഇവയെല്ലാം അനിവാര്യമാംവിധം ഫലപ്രാപ്തിയുള്ളവയുമാണെന്നത്‌ ഒരു വിശ്വാസം മാത്രമാണ്‌. ശാസ്ത്രവും യുക്തിയും പുരോഗതിയുടെയും വിജയത്തിന്റെയും വാഹനങ്ങള്‍ മാത്രമല്ല, വ്യക്തമായും പ്രാഥമികമായും അവ അധികാരത്തിന്റെ ഉപകരണങ്ങളാള്‍ കൂടിയാണ്. മുതലാളിത്തം വാര്‍ത്താവിനിമയസൌകര്യങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നത്‌ ചരക്കുനീക്കത്തിന്റെ വേഗം കൂട്ടാണാണെന്ന മാര്‍ക്സിന്റെ നിരീക്ഷണം ഓര്‍ക്കുക -പറഞ്ഞത്‌ പത്തുനൂറ്റമ്പതു കൊല്ലം മുമ്പാണെന്നും.

അജ്ഞതയുടെയും ചൂഷണത്തിന്റെയും ശക്തികളില്‍നിന്നും മനുഷ്യനെ മോചിപ്പിക്കാനുള്ള വെളിച്ചം വീശുന്ന ദീപസ്തംഭമോ കുറെ നിസ്വാര്‍ത്ഥരായ മനുഷ്യരുടെ ഫലേച്ഛയില്ലാത്ത പ്രവര്‍ത്തനമോ അല്ല ശാസ്ത്രഗവേഷണവും മറ്റ്‌ ജ്ഞാനമേഖലകളിലെ പ്രവര്‍ത്തനങ്ങളും. അറിഞ്ഞോ അറിയാതെയോ, അധികാരത്താല്‍ നിയന്ത്രിക്കപ്പെടുന്ന, അതുകൊണ്ടുതന്നെ അധികാരത്തിനുവേണ്ടി നിലകൊള്ളുകയും അതിന്റെ നിലനില്‍പ്പിനേയും വികാസത്തേയും ഒരുതരത്തിലും ഫലവത്തായി ചോദ്യംചെയ്യാന്‍ കഴിയാത്തവിധം നിര്‍ഗ്ഗുണീകരിക്കപ്പെട്ടവയാണ്‌ ഇന്ന്‌ ശാസ്ത്രവും അതിന്റെ അനുബന്ധഗവേഷണങ്ങളും.

മനുഷ്യന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ശാസ്ത്ര-വിജ്ഞാനങ്ങള്‍ക്ക് പങ്കുണ്ടെന്നത് വിസ്മരിക്കുന്നില്ല. പക്ഷേ, നിലവിലുള്ള രാഷ്ട്രീയക്രമത്തില്‍ ശാസ്ത്രവും വിജ്ഞാനവും പുരോഗമിച്ചിട്ടുള്ളത് അധികാരസ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ ഊര്‍ജ്ജം സംഭരിക്കാനാണ്. ശാസ്ത്ര-വിജ്ഞാനങ്ങള്‍ അധികാരസ്ഥാപനങ്ങളെ സഹായിക്കുന്നതുപോലെത്തന്നെ അധികാരസ്ഥാപനങ്ങളെ പ്രതിരോധിക്കുന്നവരെയും സഹായിക്കുന്നുണ്ട്. ഈ പ്രതിരോധത്തിന് ശക്തമായ രാഷ്ട്രീയ നിലപാട് വേണമെന്ന് പറയേണ്ടതില്ലല്ലോ. അധികാരസ്ഥാപനങ്ങളുടെ ശാസ്ത്ര-വിജ്ഞാന വ്യാഖ്യാനങ്ങളെ മറുവ്യാഖ്യാനം കൊണ്ടാണ് മറുവശത്തുള്ളവര്‍ ചെറുത്തുതോല്‍പ്പിക്കുന്നത്.

ജ്ഞാനത്തിന്റെ ഓരോ കണവും സ്വാഭാവികമായും അധികാരത്തിന്റെ ഒരു കണത്തെ സൃഷ്ടിക്കുന്നുണ്ട്‌. ജ്ഞാനം ഉല്‍‌പാദിപ്പിക്കുന്ന അധികാരത്തിന്റെ ബലം ആരെ പോഷിപ്പിക്കുന്നു എന്ന ചോദ്യമാണ് ജ്ഞാന രാഷ്ട്രീയത്തിന്റെ അടിത്തറ. അതുകൊണ്ടുതന്നെ ജ്ഞാനത്തിന്റെ ഉപജ്ഞാതാവിന്‌ അതു സൃഷ്ടിക്കുന്ന രാഷ്ട്രീയത്തെക്കൂടി പരിഗണിക്കേണ്ടതുണ്ട്‌. അതില്‍ പരാജയപ്പെടുകയോ ഉപേക്ഷ കാണിക്കുകയോ ചെയ്യുന്നപക്ഷം ജ്ഞാനം സ്വയം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയം ഉപജ്ഞാതാവിന്റെ രാഷ്ട്രീയമായി പരിഗണിക്കപ്പെടുകയും അത്‌ മിക്കപ്പോഴും പ്രതിലോമകാരികള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യും.

കുറിപ്പ് : ഇതൊരു വ്യക്തിഹത്യയോ ലേബലൊട്ടിക്കലോ അല്ല. ചില ചൂണ്ടിക്കാണിക്കലുകള്‍ ആവശ്യമാണെന്ന് തോന്നിയതിനാല്‍ മാത്രം

19 comments:

  1. സമയോചിതം..ഇഷ്ടായി,,
    :)
    നല്ലൊരു ചർച്ച പ്രതീക്ഷിക്കുന്നു

    ReplyDelete
  2. ഇടക്ക് വായന ബ്രേക്കായി. എല്ലാം തപ്പിയെടുത് വായിക്കാം. (ഈ പോസ്റ്റ്‌ മനസ്സില്‍ വച്ചുകൊണ്ട് തന്നെ)

    ReplyDelete
  3. ഈയൊരു തോന്നൽ ഉണ്ടായിട്ടുണ്ട്.

    ReplyDelete
  4. “ദളിതപക്ഷവാദി എന്ന് സ്വയം ഐഡന്റിഫൈ ചെയ്യുന്ന ചിത്രകാരനെപ്പോലെയുള്ള ” എന്ന കാള്‍‌വിന്റെ പരാമര്‍ശത്തില്‍ ഘോരമായി പ്രതിഷേധിക്കുന്നു. സ്വന്തം വിവരക്കുറവുകൊണ്ടാണോ എന്നറിയില്ല, ദളിതരെന്ന വേര്‍തിരിവിനെത്തന്നെ ചിത്രകാരന്‍ അംഗീകരിക്കുന്നില്ല എന്നറിയിക്കട്ടെ. വര്‍ണ്ണമില്ലത്തത്/ജാതിയില്ലാത്തത് എന്ന അര്‍ത്ഥത്തില്‍ അവര്‍ണ്ണപക്ഷപാതി എന്ന് ആക്ഷേപിച്ചാലും ക്ഷമിക്കാമായിരുന്നു. ജാതിവെറിയനായ സവര്‍ണ്ണനേയും, ജാതി രഹിതനായ അവര്‍ണ്ണനേയും,വിശ്വാസിയേയും,അവിശ്വാസിയേയും ... അതുപോലുള്ള എല്ലാത്തരം പോക്കിരികളും പോക്കിരികളല്ലാത്തവരുമായ സകലമാന മനുഷ്യരേയും ഉള്‍ക്കൊള്ളുന്ന മനുഷ്യഗണത്തില്‍ ചിത്രകാരനേയും ഉള്‍പ്പെടുത്തണമെന്ന് താണുകേണ് വിനീതനായി അപേക്ഷിച്ചുകൊള്ളുന്നു :) ദയവായി റെഡിമേഡ് പൊതു ലേബലുകള്‍ ചാര്‍ത്തി അപമാനിക്കരുത്.

    ReplyDelete
  5. ഈ ഇടപെടൽ പ്രസ്ക്തമാണ്.

    ReplyDelete
  6. മറ്റു യാഥാസ്ഥിതിക യുക്തിവാദികളില്‍ നിന്നു വേറിട്ട്, മുന്‍‌വിധികളില്ലാതെ വസ്തുതകളെ പരമാവധി തുറന്ന മനസ്സോടെ സമീപിക്കുന്ന ഒരു രീതിയാണ് ബ്രൈറ്റിന്‍റെ ലേഖനങ്ങളില്‍ കണ്ടുവരാറുള്ളത്. അക്കാര്യത്തില്‍ എന്തെങ്കിലും മാറ്റം വന്നതായി ഇതുവരെ തോന്നിയിട്ടില്ല. ഓര്‍ത്തഡോക്ക്സ് യുക്തിവാദികള്‍ക്ക് ചിലപ്പോള്‍ അങ്ങനെ തോന്നിയേക്കാം. അത് അങ്ങേരുടെ കുറ്റമല്ല; വീക്ഷണകോണിലുള്ള മാറ്റമാണ്.

    ReplyDelete
  7. ഉം...
    പണിയായല്ലോ.
    ഇനീപ്പോ എല്ലാം വായിക്കട്ടെ.

    ReplyDelete
  8. "ബ്രൈറ്റിനെ നമുക്കറിയാം"

    ബ്രൈറ്റിനെ നമുക്കറിയില്ല, അറിയുമെന്ന് ധരിച്ചത് തെറ്റിദ്ധാരണയായിരുന്നു എന്നു ധരിച്ചാല്‍ നന്ന്.

    ReplyDelete
  9. ബ്രൈറ്റിന്‍റെ ലേഖനങ്ങളില്‍ മനപ്പുര്‍വ്വര്‍വമുള്ള ഒരു ബ്രാഹ്മണ മഹത്വവല്‍ക്കരണം ഉള്ളതായി ഇതുവരെ തോന്നിയിട്ടില്ല.

    ReplyDelete
  10. യാദൃശ്ചികമായിരിക്കാം, ഇത്തവണത്തെ പച്ചക്കുതിര മാസികയിൽ സമാനമായ ഒരു പ്രതികരണം (വായനക്കാരുടെ കത്ത്) കണ്ടു. ജീവൻ ജോബ് തോമസിന്റെ ലേഖനത്തിനോടുള്ള പ്രതികരണമാണ്. അവിടെയും വായനക്കാരൻ ജീവൻ എഴുതിയ ലേഖനത്തിൽ “അറിഞ്ഞോ അറിയാതെയോ” ഒരു ബ്രാഹ്മണിസം വന്നതായി കണ്ടെത്തിയിട്ടുണ്ട്. ജീവശാസ്ത്രപരമായി വ്യാഖ്യാനിച്ചാൽ നാം എത്തിപ്പെടുന്നയിടം സാമൂഹികമായി ദുരാചാരങ്ങളെന്ന് നാമറിയുന്ന പ്രവണതകളിലേക്കാണോ? (കത്ത് മുഴുവൻ വായിച്ചില്ല, തുടക്കം മാത്രമേ കണ്ടുള്ളൂ)

    ഇതേക്കുറിച്ച് ഒരു അഭിപ്രായം പറയാനുള്ള അറിവൊന്നും എനിക്കില്ല. എന്നാലും ചില ചിന്തകൾ പറയട്ടെ.

    നിത്യജീവിതത്തിൽ കാണുന്ന കാര്യങ്ങൾക്ക് (at the macro level, of course), ജീവശാസ്ത്രപരമായും സാമൂഹികമായും ഉള്ള ഘടകങ്ങൾ ഉണ്ടായിരിക്കും. ഇവയെ വിശകലനം ചെയ്യുമ്പോൾ രണ്ടും എന്തുമാത്രം detatched ആയി കാണുന്നു എന്നതും പ്രധാനമാണ്. ബയോളജിക്കൽ ആയൊരു വിശകലനമാണ് ബ്രൈറ്റിന്റെ ലേഖനങ്ങളിൽ സാധാരണയായി കാണാറുള്ളത്. അതിന്റെ അടിസ്ഥാനത്തിൽ എല്ലാം വിശദീകരിക്കാം എന്നൊരു ധാരണ അദ്ദേഹത്തിനുണ്ടോ എന്നെനിക്കറിയില്ല. എല്ലാം interlinked ആണെന്നിരിക്കെത്തന്നെ അടിസ്ഥാനം ജീവശാസ്ത്രപരമാണെന്നും ഉള്ള നിലപാടും അദ്ദേഹത്തിനുണ്ടോ എന്നും എനിക്കറിയില്ല.

    എല്ലാം ഒന്നിച്ച് കണക്കിലെടുത്താലേ വിശകലനം ശരിയായ വഴിക്ക് നീങ്ങൂ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് (even then, it wouldn't give 100% correct analysis). ഇതിൽ തന്നെ ജീവശാസ്ത്രത്തിലെന്നപോലെ സാമൂഹികതലത്തിലും പരിണാമങ്ങൾ ധാരാളം ഉണ്ടെന്നിരിക്കെ, “ഒരൊറ്റക്കാരണം” എന്നു പറയാവുന്ന ഒന്ന് ഉണ്ടെന്ന വാദം നിരർത്ഥകമായിരിക്കും.

    To term something natural doesn’t necessarily mean that it’s right. It also doesn’t mean that it is good. മീം എവൊല്യൂഷൻ തന്നെ നമ്മുടെ ധാരണകളെ, ആശയങ്ങളെ, സങ്കല്പങ്ങളെ ഒക്കെ ധാരാളം സ്വാധീനിക്കുന്നുണ്ടെന്നിരിക്കെ ജീവശാസ്ത്രപരമായ പലതിനേയും മറച്ചുവെയ്ക്കാനും മറികടക്കാനും നമുക്ക് സാധിക്കുന്നില്ലേ? ദേഷ്യം അടക്കിവെയ്ക്കാൻ നമുക്ക് സാധിക്കുന്നതിൽ ഈയൊരു സ്വാധീനം കൂടിയുണ്ടെന്നത് നമുക്ക് അവഗണിക്കാനാവില്ലല്ലൊ.

    ഞാൻ പറഞ്ഞതിൽ അബദ്ധങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ തിരുത്താം.

    ReplyDelete
  11. @അപ്പൂട്ടൻ: That's exactly is the point

    @ചിത്രകാരന്‍: സകലമാന ആളുകളും ഉ‌‌ള്ക്കൊള്ളുന്ന ആ ഗണത്തില്‍ നിന്നും സ്ത്രീകളെ മാത്രം ഒഴിവാക്കാത്തിടത്തോളം നല്ലത് തന്നെ :)

    ReplyDelete
  12. "ദൈവത്തിലേ സനാതനഹിന്ദുമതം വിശ്വസിക്കുന്നുള്ളൂ. ഈശ്വരനിലില്ല." ഇതൊന്നു കൂടി വിശദമാക്കിയാല്‍ നന്നായിരുന്നു.

    Bright ന്ഠെ പോസ്റ്റുകളില്‍ "politically correct" അല്ലാത്ത പലതും കടന്നു
    വരുന്നുണ്ട്. അത് കൊണ്ടെന്താ കുഴപ്പം എന്നു എനിക്കു മനസ്സിലാകുന്നില്ല.

    ReplyDelete
  13. വട്ടം വരച്ചു അതിനുള്ളില്‍ ഇരിക്കണം
    പുറത്തു പോകുകയോ നോക്കുക പോലുമോ ചെയ്യരുത്

    കഷ്ടം....

    ReplyDelete
  14. രാജീവ് ചേലനാട്ടിനു കമന്റ് ചെയ്യാന്‍ സാങ്കേതികമായ പ്രശ്നങ്ങള്‍ കാരണം സാധിക്കാത്തതിനാല്‍ മെയില്‍ വഴി അയച്ചു തന്ന കമന്റ് താഴെ:

    രാജീവ്: ശാസ്ത്രവിഷയങ്ങൾ അധികം തലയിൽ കയറാത്തതുകൊണ്ട് അത്തരം ലേഖനങ്ങൾ വായിക്കുമ്പോൾ ചെയ്യുന്ന ഒരു എളുപ്പ പണിയുണ്ട്. ആ ലേഖനങ്ങളിലെ വാദങ്ങളുടെയും നിഗമനങ്ങളുടെയും സംഗ്രഹം, ആ ലേഖനത്തിലുണ്ടോ എന്ന് തപ്പിനോക്കും. സൂരജിന്റെയും ഉമേഷിന്റെയും, ബ്രൈറ്റിന്റെയുമൊക്കെ ലേഖനങ്ങളെ അങ്ങിനെയാണ് ഒട്ടുമുക്കാലും വായിക്കുന്നത്. അങ്ങിനെ വായിച്ചപ്പോൾ, ബ്രൈറ്റിന്റെ തന്നെ, ഇവിടെ പരാമർശിക്കപ്പെട്ട ചില ലേഖനങ്ങളിലെ വൈരുദ്ധ്യവും അശാസ്ത്രീയതയും അത് വായിച്ചപ്പോൾ തന്നെ ഒട്ടും ദഹിക്കാതെ ഉള്ളിൽ കിടക്കുന്നിരുന്നു. ഉദാഹരണത്തിന്..

    “…തക്കതായ കാരണം വേണം.ചുമ്മാ അധികാര വര്ഗ്ഗം കെട്ടിച്ചമച്ച കഥ മറ്റുള്ളവര്‍ വിശ്വസിച്ചു തുടങ്ങിയ അസംബന്ധങ്ങള്‍ പോരാ..“ എന്ന് (വിശ്വാസത്തിന്റെ ശാസ്ത്രത്തിൽ) എഴുതിയ ബ്രൈറ്റ്

    വംശമഹിമാസിദ്ധാന്തത്തിലേക്കെത്തുമ്പോഴേക്കും പറയുന്നത് നോക്കുക:

    “..ഭാഗ്യവശാല്‍ ഇതില്‍ ഒരു കൂട്ടരുടെ ആചാരങ്ങള്‍ മറ്റുള്ളവരെ അപേക്ഷിച്ചു അക്കൂട്ടർക്ക് അല്പം കൂടുതല്‍ ആയുസ്സ് ലഭിക്കാനുള്ള സാഹചര്യങ്ങൾ നൽകി.അത്രയേ ഉള്ളൂ. ഇന്നലെ അബദ്ധമായി തുടങ്ങിയത്,പിന്നെ ആചാരവും,ശാസ്‌ത്രവുമായി മാറിയതായിരിക്കാം..“

    എത്ര സൌകര്യപൂർവ്വമാണ് ഒരു ശാസ്ത്രബുദ്ധി ഇന്നലത്തെ അബദ്ധങ്ങളിൽനിന്നും ആചാരങ്ങളിൽ നിന്നും ഇന്നത്തെ ശാസ്ത്രത്തിലേക്കു വഴുക്കിവീഴുന്നത്!!

    അബദ്ധങ്ങളും ആചാരങ്ങളും ശാസ്ത്രമാണെന്നോ, മറിച്ചാണെന്നോ, എന്താണ് ബ്രൈറ്റ് ഉദ്ദേശിക്കുന്നത്?

    കാൽ‌വിൻ, പ്രസക്തമായ വിഷയം ഉയർത്തിയതിനു നന്ദി.

    അഭിവാദ്യങ്ങളോടെ,
    രാജീവ്

    ReplyDelete
  15. പോസ്റ്റുകള്‍ ശരിക്ക് വായിച്ചിട്ടില്ലെന്ന്,അഥവാ വായിച്ചാല്‍ മനസ്സിലാകില്ല എന്ന് അല്പം അഭിമാനത്തോടെതന്നെ പറയുന്ന ഒരാളോട് എന്ത് ചര്‍ച്ച ചെയ്യാന്‍‍‍?എന്തായാലും ഉദ്ധരിച്ച രണ്ടു വാക്യങ്ങളും പരസ്പര വിരുദ്ധമല്ല എന്ന് മാത്രം പറയട്ടെ.ഇത് പഴയ ഒരു തമാശയിലെ കുട്ടി പറഞ്ഞപോലെ,''ടീച്ചര്‍ ഇന്നലെ പറഞ്ഞു രണ്ടും രണ്ടും നാലാണെന്ന്.ഇന്ന് പറയുന്നു മൂന്നും ഒന്നും
    നാലാണെന്ന്.ടീച്ചര്‍ക്ക് ഒന്നും അറിഞ്ഞു കൂടാ.''

    ഏതൊരാള്‍ക്കും വ്യക്തമായി അസംബന്ധമാണെന്ന് മനസ്സിലാക്കാനാവുന്ന വിശ്വാസങ്ങള്‍ ഭൂരിഭാഗം പേര്‍ക്കും ഉണ്ടാകുന്നതെന്തുകൊണ്ട് എന്നതാണ് ഈ പോസ്റ്റിന്റെ വിഷയം.ഇതില്‍ അധികാരവര്‍ഗ്ഗത്തിന്റെയും അടിമവര്‍ഗ്ഗത്തിന്റെയും അന്ധവിശ്വാസങ്ങള്‍ തമ്മില്‍ വ്യത്യാസമൊന്നുമില്ല. (പോസ്റ്റില്‍ നിന്ന്....ദൈവം /മതം ഇല്ലാത്ത ഒരൊറ്റ മനുഷ്യ സമൂഹവും ഇന്നേവരെ
    കണ്ടെത്തിയിട്ടില്ല.രേഖപ്പെടുത്തപ്പെട്ട പതിനായിരത്തോളം മതങ്ങളുണ്ട് എന്നാണ് കണക്ക്.എല്ലാ സമൂഹങ്ങളിലും (isolated both in time and space from each other) 'അന്ധവിശ്വാസങ്ങളെല്ലാം
    'ഏറെക്കുറെ സമാനങ്ങളാണ്.(Just the same basic ideas being rehashed and given a new form.)എന്താ,അങ്ങിനെയല്ലഎന്ന് അഭിപ്രായമുണ്ടോ?പഴയ പോസ്റ്റില്‍ അന്ധവിശ്വാസങ്ങള്‍
    തുടങ്ങുന്നത് എന്ത് കാരണം കൊണ്ടായാലും,അത് ഒരു 'tipping point'(Small changes which may have little effect until they build up to a critical mass,after which a significant change takes
    place and maintains a positive feedback loop.)കടക്കാനുള്ള സാധ്യതകളെ കുറിച്ചുമായിരുന്നു.


    “…തക്കതായ കാരണം വേണം.ചുമ്മാ അധികാര വര്ഗ്ഗം കെട്ടിച്ചമച്ച കഥ മറ്റുള്ളവര്‍ വിശ്വസിച്ചു തുടങ്ങിയ അസംബന്ധങ്ങള്‍ പോരാ..“എന്നതിന് കാരണം പോസ്റ്റില്‍ തന്നെ പറഞ്ഞിട്ടുണ്ട്.religion/belief with all it's paraphrenelia is 'cognitively expensive.'എന്നുവച്ചാല്‍ ഒരു കമ്പ്യൂട്ടര്‍ ഉപമ ഉപയോഗിച്ചാല്‍ കൂടുതല്‍ RAM വേണ്ടിവരുന്നത് എന്നര്‍ത്ഥം.(പോസ്റ്റില്‍
    നിന്ന്.....മത/ദൈവ വിശ്വാസം വളരെ ചെലവേറിയതാണ്.Why do all known societies,past and present bear the very substantial costs of religion's material,emotional and cognitive commitments?)


    പിന്നെ ഞാനെഴുതിയ ഒരു വരി ഉദ്ധരിക്കുമ്പോള്‍ ആ വരി മുഴുവനായെങ്കിലും ഉദ്ധരിക്കാനുള്ള സത്യസന്ധത കാണിക്കണ്ടേ?ആ വരിയുടെ ആദ്യ ഭാഗം,''നേരിട്ട് ഒരു ഗുണവുമില്ലാത്ത ഒരു കാര്യത്തിന്
    അത് വെറുതെ കളയാനുള്ള ഒരു പ്രവണത ഉണ്ടാകണമെങ്കില്‍ ....''എളുപ്പണിയെടുത്തപ്പോള്‍ ചോര്‍ന്നുപോയതെന്താണ്?ഞാനെഴുതിയ സന്ദര്‍ഭം ഇങ്ങനെയാണ്....''മതം/വിശ്വാസം മനസ്സിന്
    ആശ്വാസം തരുന്നു തുടങ്ങിയ വിശദീകരണങ്ങളും ഡാര്‍വിന്‍ സൂചിപ്പിക്കുന്ന ഗ്രൂപ്പ്‌ സെലക്ഷനും പൂര്‍ണ്ണമല്ല.ശരിക്കാലോചിച്ചാല്‍ പരിണാമ സിദ്ധാന്തമനുസരിച്ച് ദൈവ/മത വിശ്വാസം ഉണ്ടാകാന്‍
    തന്നെ പാടില്ലാത്തതാണ്.Religion are materially expensive,(plenty of time is wasted),emotionally (inciting fear-either towards god or devil), and cognitively costly.അല്ലെങ്കില്‍ത്തന്നെ ദൈവപ്രീതിക്കുള്ള 'ബലി' (sacrifice-anything special given to god for getting into his good books) എന്നാല്‍ അതിന്റെ നിര്‍വ്വചനത്തില്‍ തന്നെ അപൂര്‍വ്വവും കിട്ടാന്‍ ബുദ്ധിമുട്ടുള്ള വിഭവവുമാണ്.നേരിട്ട് ഒരു ഗുണവുമില്ലാത്ത ഒരു കാര്യത്തിന് അത് വെറുതെ കളയാനുള്ള ഒരു പ്രവണത ഉണ്ടാകണമെങ്കില്‍ തക്കതായ കാരണം വേണം.ചുമ്മാ അധികാര വര്‍ഗ്ഗം കെട്ടിച്ചമച്ച കഥ മറ്റുള്ളവര്‍ വിശ്വസിച്ചു തുടങ്ങിയ അസംബന്ധങ്ങള്‍ പോരാ.''


    ഇത് വായിക്കുന്ന ഏതൊരാള്‍ക്കും എന്റെ വാദത്തിന്റെ യുക്തി (rationale) പിടികിട്ടും.ശാസ്ത്രവിഷയങ്ങൾ അധികം തലയിൽ കയറാത്തവര്‍ അതനുസരിച്ച് പെരുമാറുന്നതല്ലെ നല്ലത്?

    The point is, religion with it's apparent sameness in basic tenets shouldn't be pervasive in human culture.But obviously it is.WHY?

    ReplyDelete
  16. ശ്രദ്ധിക്കുന്നു. ചർച്ചയിൽ നിന്ന് എന്തെങ്കിലും (ബിരിരാണി) കിട്ടിയാലോ?

    പോസ്റ്റിലെ ഒരു കാര്യം ഒന്നു കൂടി വ്യക്തമാക്കുമോ?

    [നീരീശ്വരനെന്ന് സ്വയം ഐഡന്റിഫൈ ചെയ്യുന്നവരാണ് സംഘികളില്‍ നല്ലൊരു പക്ഷം. ദൈവത്തിലേ സനാതനഹിന്ദുമതം വിശ്വസിക്കുന്നുള്ളൂ. ഈശ്വരനിലില്ല. ]

    എന്നെ ചില കമന്റുകളിലൂടെ സംഘി, പരിവാർ എന്നൊക്കെ ആക്ഷേപിക്കാറുണ്ട്. ഞാൻ ഏതു വകുപ്പിൽ പെടും എന്ന് സ്വയം പരിശോധിക്കാനാണ്.

    ReplyDelete
  17. This comment has been removed by the author.

    ReplyDelete
  18. religion/belief with all it's paraphrenelia is 'cognitively expensive. എന്നു

    ഇത് ഒരു അടിസ്ഥാനമില്ലാത്ത ഊഹമാണു. കുറച്ചു കൂടി ആഴത്തില്‍ നോക്കിയാല്‍ നേരെ വിപരീതമാണു ലോജിക്കലായി തോന്നുന്നത്, അതായത് religion/belief with all it's paraphrenelia is 'cognitively inexpensive' എന്നത്
    എന്നുവച്ചാല്‍ ഒരു കമ്പ്യൂട്ടര്‍ ഉപമ ഉപയോഗിച്ചാല്‍ കൂറച്ചു മാത്രം RAM വേണ്ടിവരുന്നത് എന്നര്‍ത്ഥം

    ഈ ഒരു തെറ്റായ ബേസിക് assumption ന്റെ മേല്‍ കെട്ടിപ്പൊക്കിയ ഊഹാധിഷ്ഠിത അബദ്ധം മാത്രം.

    അതുപോലെ
    "മതം/വിശ്വാസം മനസ്സിന് ആശ്വാസം തരുന്നു തുടങ്ങിയ വിശദീകരണങ്ങളും ഡാര്‍വിന്‍ സൂചിപ്പിക്കുന്ന ഗ്രൂപ്പ്‌ സെലക്ഷനും പൂര്‍ണ്ണമല്ല.ശരിക്കാലോചിച്ചാല്‍ പരിണാമ സിദ്ധാന്തമനുസരിച്ച് ദൈവ/മത വിശ്വാസം ഉണ്ടാകാന്‍ തന്നെ പാടില്ലാത്തതാണ്."

    പരിണാമ സിദദ്ധാന്തം വച്ചു ഇങ്ങനൊരു നിഗമനത്തിലെത്താന്‍ ഒരു വകുപ്പുമില്ല. ഇതു പരിണാമ സിദ്ധാന്തം മനസ്സിലാക്കാത്തതിന്റെ കുഴപ്പമാണു.

    ReplyDelete
  19. എത്രയും പെട്ടെന്ന് അടുത്ത ക്യൂരിയോസിറ്റിയില്‍ കയറി ചൊവ്വയിലേക്ക്‌ കുടിയേറാന്‍ നില്‍ക്കുന്ന ചില അതിഭീകര-ബുദ്ധി-യുക്തി-രാക്ഷസന്മാര്‍ അഥവാ ശാസ്ത്രജ്ഞര്‍ ഉണ്ട് എന്ന് ബോധ്യപ്പെടുത്തിയത് ഈ മേല്‍പ്പറഞ്ഞ മാന്യഅദ്ദേഹത്തിന്‍റെ ചില പോസ്റ്റുകള്‍ ആണ്. മതം ഇല്ലായിരിക്കും, അന്ധവിശ്വാസം ഇല്ലായിരിക്കും, എന്നാലും യാന്ത്രികമായി പരീക്ഷണങ്ങളില്‍ മാത്രം ജീവിതത്തെ വീക്ഷിക്കുന്നതും സഹജീവികളോട് അനുകമ്പ തൊട്ടുതീണ്ടിയിട്ടില്ലാത്തതും മത വിശ്വാസികളെ അപേക്ഷിച്ചു വളര്‍ന്നു പന്തലിച്ച വികലമായ വിഘടനവാദങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ പെരുകുന്നുണ്ട്. ലോകം അറിവിനായി അവരിലേക്ക്‌ ഉറ്റു നോക്കുമ്പോള്‍ അവര്‍ പറയും, എന്‍റെ തലയോട്ടിയില്‍ ഉള്ളതിന് നിന്‍റെ തലയോട്ടിയില്‍ ഉള്ളതിലും ഭാരം കൂടുതലുണ്ട് അതുകൊണ്ട് നീ വഴിമാറുക കൃമിയേ എന്ന്.

    ReplyDelete

അഭിപ്രായങ്ങള്‍ക്ക് സുസ്വാഗതം.
തെറിവിളികള്‍, വ്യക്തിഹത്യ മുതലായവയെ ഒഴിവാക്കുമല്ലോ.
അനോണിമസ് ഓപ്ഷന്‍ തല്‍ക്കാലം ലഭ്യമല്ല. പഴയ പോസ്റ്റുകള്‍ക്ക് കമന്റ് മോഡറേഷന്‍ ഉണ്ട്. സരസമായ ഓഫുകളെ നിരുത്സാഹപ്പെടുത്തുന്നില്ല. മനപൂര്‍‌വം വിഷയത്തില്‍ നിന്നും വഴി തിരിച്ചു വിടുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ടേക്കാം.

CopyLeft Information

Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.