Sunday, January 24, 2010

ആ പഴയ വാരിയെല്ലിനെക്കുറിച്ച് തന്നെ.

ബ്രൈറ്റിന്റെ games people play...!!! എന്ന ലേഖനത്തോടുള്ള പ്രതികരണമാണിത്. ലേഖനം വായിച്ച ശേഷം ഈ പോസ്റ്റ് വായിക്കാൻ താല്പര്യം.

---------------------------------------------

ലേഖനങ്ങളില്‍ ചില ഭാഗങ്ങളോട് വിയോജിപ്പുള്ളതിവിടെ കുറിക്കട്ടെ.(വിയോജിപ്പുകളേക്കാള്‍ യോജിപ്പാണ് കൂടുതല്‍. അവ എടുത്ത് പറയേണ്ട ആവശ്യമില്ലാത്തത് കൊണ്ട് പറയുന്നില്ലെന്ന് മാത്രം. ബ്രൈറ്റിന്റെ ലേഖനപരമ്പരയുടെ മൊത്തത്തില്‍ ഉള്ള ആശയത്തെ ഖണ്ഢിക്കുക ഈ കമന്റിന്റെ ഉദ്ദേശമല്ലെന്ന് മുങ്കൂറ് മുന്നറിയിപ്പ്. പ്രത്യേകിച്ചും പരിണാമവിരോധികളോട് ;))

ഒരു പഴയ സര്‍ദാര്‍ജി ഫലിതത്തോടെ തുടങ്ങാം.
(നോ ഒഫന്‍സ് റ്റു സര്‍ദാര്‍ജീസ് നൈതെര്‍ റ്റു പാറ്റാസ് )

സര്‍ദാര്‍ജി ഒരു പാറ്റയെ പിടിച്ച് ടേബിളില്‍ വെച്ചു. എന്നിട്ട് ഉറക്കെ പറഞ്ഞു വോക്. പാറ്റാ സ്പീഡില്‍ ഓടി. സര്‍ദാര്‍ജി അതിനെ പിടിച്ചു അതിന്റെ ഒരു കാല്‍ കത്രിക കൊണ്ട് വെട്ടിക്കളഞ്ഞു. എന്നിട്ട് മേശമേല്‍ വെച്ചിട്ട് പറഞ്ഞു ‘വോക്’. അല്പം ബുദ്ധിമുട്ടിയാണെങ്കിലും പാറ്റ സാമാന്യം സ്പീഡീല്‍ തന്നെ ഓടി. ഒരു കാലു കൂടി മുറിച്ച് മാറ്റി സര്‍ദാര്‍ജി പരീക്ഷണം ആവര്‍ത്തിച്ചു. പാറ്റയുടെ സ്പീഡ് അല്പം കുറഞ്ഞു. സര്‍ദാര്‍ജി കാലുകള്‍ മുറിച്ച് പരീക്ഷണം തുടര്‍ന്നുകൊണ്ടേയിരുന്നു. പാറ്റയുടെ സ്പീഡും കുറഞ്ഞ് കൊണ്ടിരുന്നു. അവസാനം എല്ലാ കാലുകളും വെട്ടിമാറ്റിയ ശേഷം സര്‍ദാര്‍ജി പറഞ്ഞു ‘വോക്’. പാറ്റ അനങ്ങിയില്ല.

സര്‍ദാര്‍ജി പരീക്ഷണം ഇങ്ങനെ കണ്‍ക്ലൂഡ് ചെയ്തു. “കാലുകളുടെ എണ്ണം കുറയും തോറും പാ‍റ്റയുടെ ശ്രവണശക്തി കുറയുന്നു”

തമാശയാണെങ്കിലും ഇതില്‍ ഒരല്പം കാ‍ര്യമുണ്ട്. പരീക്ഷണം മാത്രം ശാസ്ത്രീയമായത് കൊണ്ട് കാര്യമില്ല. മറിച്ച് നീരിക്ഷണങ്ങളില്‍ നിന്നും നിഗമനങ്ങളിലേക്കെത്തിച്ചേരുന്ന രീതിയും ശാസ്ത്രീയമായിരിക്കേണമെന്നാണ്.

ആദ്യമായി David Buss ന്റെ പരീക്ഷണം തന്നെയെടുക്കാം. പ്രാഥമികമായി പറയാനുള്ളത് സര്‍വേകള്‍ക്ക് പൂര്‍ണമായും ശാസ്ത്രീത അവകാശപ്പെടാനാവില്ല എന്നതാണ്. എത്രയൊക്കെ രഹസ്യസ്വഭാവം വാഗ്ദാനം ചെയ്താലും സര്‍വേകള്‍ വഴി ഒരു സബ്സെറ്റില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഒരു ജെനറലൈസ്ഡ് റിസള്‍ട് കണ്ടെത്താന്‍ കഴിയില്ല. സൈക്കോളജിക്കല്‍ ആയ ഘടകങ്ങള്‍ തന്നെ പ്രധാനം. ഉദാഹരണത്തിന് “വഴിയില്‍ നിങ്ങള്‍ ആ‍ക്സിഡന്റ് നടന്നു പരിക്കു പറ്റിയ ഒരാളെ കാണുന്നു, നിങ്ങള്‍ അയാളെ സഹായിക്കുമോ?” എന്നാണ് ചോദ്യമെങ്കില്‍ സഹായിക്കും എന്ന് മിക്ക പേരും ഉത്തരം നല്‍കാം. കാരണം സ്വന്തം മനസില്‍ ഓരോരുത്തരും സദ്ഗുണസമ്പന്നന്‍ ആണെന്നത് കൊണ്ടാണ്. അല്ലാതെ കള്ളം പറയുന്നതല്ല. ശരിക്കുള്ള ഒരു സിറ്റുവേഷനില്‍ സഹായിക്കാന്‍ നില്‍ക്കാതെ കടന്നു പോവുകയാവും ഒരു പക്ഷേ അയാള്‍ ചെയ്യുക.

ഇനി ശാസ്ത്രീയമായി തയ്യാറാക്കിയ ചോദ്യപ്പേപ്പര്‍ വഴി (സൈക്കോളജിക്കല്‍ ഘടകങ്ങളെ എലിമിനേറ്റ് ചെയ്യുന്ന തരം ട്രിക്കി ചോദ്യങ്ങള്‍ ഒക്കെ ആയി. ) തന്നെ സര്‍വേ നടത്തി എന്നു തന്നെയിരിക്കട്ടെ. ഒരു സബ്‌സെറ്റിന്റെ പ്രതികരണം വഴി കൃത്യമായ ഒരു ഉത്തരത്തിലെത്തിച്ചേരാം എന്നത് പ്രായോഗികമല്ല.

അതും മാറ്റിവെച്ചാല്‍ പോലും ‘സ്ത്രീ വിമോചനസമരങ്ങള്‍ക്ക് ശേഷമുള്ള അമേരിക്ക‘ എന്നത് ഒരു പൂര്‍ണമായ സോഷ്യല്‍ ബാക്ഗ്രൌണ്ട് ചെക്കിംഗ് ആവുന്നില്ല. നൂറ്റാണ്ടുകളുടെ കണ്ടീഷനിംഗ് കഴിഞ്ഞു വന്ന മനസുകളില്‍ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ശരിയായ ബോധം പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ഉണ്ടാവും എന്ന് കരുതുന്നത് വെറുതെയാ‍ണ്. ഇവിടെയാണ് നേരത്തെ പറഞ്ഞ സര്‍ദാര്‍ജി പരീക്ഷണത്തിന്റെ സ്വഭാവം കടന്നുവരുന്നത്. ബയോളജിക്കല്‍ ഇവോല്യൂഷന് അപ്പുറം നൂറ്റാണ്ടുകളുടെ സോഷ്യല്‍ ഇവോല്യൂഷനു വിധേയമായ ഒരു സ്പീഷീസിനെക്കുറിച്ച് പഠനം നടത്തുമ്പോള്‍ ഒരു സര്‍വേ വഴി കിട്ടിയെ റെസ്പോണ്‍സ് വെച്ച് ഫ്രീ സെക്സ് പുരുഷന്മാരുടെയും ലോംഗ് ടേം റിലേഷന്‍ഷിപ്പുകള്‍ സ്ത്രീകളുടെയും ‘ബേസിക് ഇന്‍സ്റ്റിങ്റ്റ്’ ആണ് എന്ന നിഗമനത്തിലേക്കെത്തിച്ചേരുന്നതിനോട് വിയോജിപ്പുണ്ട്. (അല്ല എന്ന് പറയുന്നില്ല. ഒരു പക്ഷേ ആയിരിക്കാം. അങ്ങനെ ഒരു കണ്‍ക്ലൂഷനിലെത്താന്‍ സര്‍വേയോ ഒരു ദിവസം പുരുഷന്മാര്‍ എത്ര തവണ ലൈംഗികതയെക്കുറിച്ച് ചിന്തിക്കുന്ന എന്ന കണക്കോ മതിയാവില്ല എന്നേ ഉദ്ദേശിക്കുന്നുള്ളൂ )

ഇനി തത്വത്തില്‍ ഇതംഗീകരിച്ചാല്‍ തന്നെ അതായത് പുരുഷന് നൈമിഷിക താല്പര്യങ്ങളും സ്ത്രീക്ക് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള റിലേഷനും ആണ് ബേസിക് ആയ ഇന്‍സ്റ്റിങ്റ്റ് എന്ന് സമ്മതിച്ചാല്‍ തന്നെ, പുരുഷനു വേലി ചാടാം സ്ത്രീ വേലി ചാടാന്‍ പാടില്ല എന്ന സോഷ്യല്‍ നിര്‍മ്മിതിയിലേക് എത്തിച്ചേരാന്‍ അതൊരു കാരണമല്ല. പുരുഷനു അങ്ങനെയൊക്കെ ആഗ്രഹം കണ്ടെന്നിരിക്കും അത് സ്ത്രീകള്‍ (ലോംഗ് ടേം റിലേഷന്‍ഷിപ്പ് ആഗ്രഹിക്കുന്ന സ്ത്രീകള്‍) അംഗീകരിച്ച് കൊടുത്തേക്കണം എന്ന് നിയമമുണ്ടാവുന്നതിന് ഇന്‍സ്റ്റിംഗ്റ്റുകള്‍ സാധൂകരണമാവുന്നതെങ്ങനെ?. ഇവിടെയാണ് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള ബ്രൈറ്റിന്റെ നിലപാടുകളോട് വിയോജിക്കേണ്ടി വരുന്നതും.

സാമൂഹികമായ ആവശ്യങ്ങളും നിയമങ്ങളും സമത്വവും പൂര്‍ണമായും പ്രകൃതിനിയമങ്ങളെ പിന്തുടര്‍ന്നല്ല സൃഷ്ടിക്കപ്പെടുന്നത്. ഉദാഹരണത്തിന് പ്രകൃതിനിയമപ്രകാരം കയ്യൂക്കുള്ളവന് അതില്ലാത്തവനെ കീഴടക്കിയോ കൊലപ്പെടുത്തിയോ അവന്റെ ഭക്ഷണം സ്വന്തമാക്കാം. എന്നാല്‍ സാമൂഹികനിര്‍മ്മിതിയില്‍ അങ്ങനെയല്ല. ജീവിക്കാനുള്ള ഇരുവരുടേയും അവകാശങ്ങള്‍ തുല്യമാവേണ്ടതുണ്ട്. വിശക്കുമ്പോള്‍ മറ്റൊരുത്തന്റെ ഭക്ഷണം തട്ടിപ്പറിക്കാന്‍ ഇന്‍സ്റ്റിങ്റ്റ് മനുഷ്യനുണ്ടായാലും അത് തട്ടിപ്പറിക്കലിനു ന്യായീകരണമാവില്ല. ഇത്തരം തട്ടിപ്പറിക്കലുകള്‍ തുടര്‍ക്കഥകളാവുമ്പോഴാണ് ചൂഷിതനു സംഘടിക്കേണ്ടി വരികയും ചൂഷകനെതിരെ സംഘടിതരാവേണ്ടിയും വരുന്നത്.

സ്ത്രീയും പുരുഷനും ബയോളജിക്കലി/സൈക്കോളജിക്കലി ഒരേ പോലെയാണ് എന്നതാണോ ഫെമിനിസ്റ്റ് ബുദ്ധിജീവികളുടെ വാദം എന്നെനിക്ക് പൂര്‍ണ ഉറപ്പില്ല. സാമൂഹികമായി തുല്യ അവകാശങ്ങളാണ് സ്ത്രീക്ക് എന്നാണ് വാദത്തിന്റെ ക്രീം എന്നു പറയുന്നത്. അതിന്റെ ജൈവശാസ്ത്രപരമായ തെളിവ് അല്ലെങ്കില്‍ സാധൂകരണം സ്ത്രീയും പുരുഷനും ഒരേ വികാരങ്ങളോ ജെനിറ്റിക്കല്‍ ക്വാളിറ്റികളുള്ളവരോ എന്നല്ല. മറിച്ച് പരിണാമത്തിനിടെ റീപ്രൊഡക്ഷന്‍ എന്ന ജീവന്റെ അട്സ്ഥാനഫം‌ഗ്ഷനിലുള്ള ഉത്തരവാദത്തം വിഭജിച്ചെടുക്കപ്പെട്ടപ്പോള്‍ ഉള്ള വര്‍ഗനിര്‍മ്മാണം മാത്രമാണ് സ്ത്രീ പുരുഷന്‍ എന്ന രണ്ട് വര്‍ഗങ്ങള്‍ നിലനില്‍ക്കുന്നതിന്റെ കാരണം എന്നാണ്. ഇവിടെ ഒരു കര്‍ത്തവ്യത്തിന്റെ രണ്ട് ഭാഗങ്ങള്‍ പങ്കിട്ടെടുക്കുമ്പോള്‍ ഒരു വര്‍ഗം യാതൊരു തരത്തിലും മറ്റൊന്നിന്റെ മീതെ ആവുന്നു എന്ന് വരുന്നില്ല. രണ്ട് പേരും അവരവരുടെ ഭാഗം ചെയ്ത് തീര്‍ക്കുന്നു എന്ന് മാത്രം.

തീര്‍ച്ചയായും റീപ്രൊഡക്ഷനിലെ സ്ത്രീയുടെയും പുരുഷന്റെയും റോളുകള്‍ വ്യത്യസ്തമായത് കൊണ്ട് അവര്‍ തമ്മില്‍ സ്വാഭാവത്തിലും ആവശ്യങ്ങളിലും വ്യത്യാസമുണ്ട് എന്നത് ശരി. പക്ഷേ അത് ഫെമിസ്നിസ്റ്റുകളുടെ വാദങ്ങളെ നിരാകരിക്കുകയല്ല മറിച്ച് സാധൂകരിക്കുകയാണ് ചെയ്യുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. (ചിത്രകാരന് ബ്രൈറ്റിന്റെ പോസ്റ്റിന്റെ എസ്സന്‍സ് മനസിലായില്ല എന്ന് ന്യായമായും സംശയിക്കുന്നു).

ശാസ്ത്രവും സൃഷ്ടിവാദവും അത് കൊണ്ട് തന്നെ ലിംഗസമത്വത്തെ നോക്കിക്കാണുക തീര്‍ത്തും വ്യത്യസ്തമായിട്ടായിരിക്കും. ശാസ്ത്രത്തെ സംബന്ധിച്ചേടത്തോളം വര്‍ഗമുണ്ടായത് പരിണാമം എന്ന ബ്ലൈന്റ് ആയ പ്രക്രിയക്കിടയില്‍ ഒന്നിലധികം പാരന്റില്‍ നിന്നും ഓഫ്സ്പ്രിങ്ങുകളെ ഉത്പാദിപ്പിക്കുക എന്നതിലേക്കെത്തിച്ചേര്‍ന്നതിനിടയില്‍ സംഭവിച്ചു പോയ ഒന്നാണ്. ഇവിടെ ഒന്നിലധികം എന്ന വാക്കിനു കൂടുതല്‍ സ്ട്രെസ്സ് കൊടുക്കാന്‍ ആഗ്രഹിക്കുന്നു. മൂന്ന് വ്യത്യസ്ത ഇന്‍ഡിവിജ്വലുകള്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യുല്പാദനപ്രക്രിയ ഉണ്ടാവാമായിരുന്നു ഒരു പക്ഷേ. ഗണിതശാസ്ത്രപരമായി അതിന്റെ ആവശ്യം ഇല്ല എന്ന് മുന്‍പ് ഇട്ട ഈ കമന്റില്‍ പറഞ്ഞിരുന്നു.

പ്രസക്തഭാഗം


മനുഷ്യശരീരത്തില്‍ 23 ക്രോമസോം പെയറുകള്‍ ആണ് ഉള്ളത്.
അതായത് ഒരു അണ്ഡമോ ബീജമോ ഉണ്ടാവുമ്പോള്‍ സാദ്ധ്യമായ ക്രോമസോം കോമ്പിനേഷന്‍ = 2^23 = 8 ബില്യണ്‍!
വീണ്ടും മാതാവില്‍ നിന്നും 8 ബില്യണ്‍ സാദ്ധ്യതകള്‍ പിതാവില്‍ നിന്നും 8 ബില്യണ്‍ സാദ്ധ്യതകള്‍.
അതൊകൊണ്ട് മൊത്തം സാദ്ധ്യതകള്‍ = 8 ബില്യണ്‍ x 8 ബില്യണ്‍ = 64 ട്രില്യണ്‍.
രണ്ട്‌ പാരന്റ്സ് ഉണ്ടെങ്കില്‍ തന്നെ ആവശ്യമായ എണ്ണം ക്രോമസോമുകള്‍ വഴി എത്ര മാത്രം കോമ്പിനേഷനുകള്‍ സാദ്ധ്യമാണ് എന്ന് ശ്രദ്ധിക്കുക.
സ്ത്രീ, പുരുഷന്‍ എന്നീ രണ്ട് വര്‍ഗങ്ങള്‍ മാത്രം മതി കുഞ്ഞുങ്ങള്‍ക്കിടയില്‍ വൈവിധ്യം നിലനിര്‍ത്താന്‍ എന്ന് സാരം.എന്നാല്‍ സൃഷ്ടിവാദത്തിന്റെ കഥ ഇതല്ല. സെമിറ്റിക് സങ്കല്പങ്ങളെ എടുത്താല്‍ ആദത്തിനു ബോറടിച്ചപ്പോള്‍ കൂട്ടിനായി ആണ് സ്ത്രീയെ സൃഷ്ടിച്ചിരിക്കുന്നത്. സ്ത്രീ ഒരു രണ്ടാം തരം പൌരനാണ് എന്ന സൂചനയാണ് ഇത് തരുന്നത്. പുരുഷന്റെ സൃഷ്ടിയും നിലനില്പുമായിരുന്നു പ്രധാ‍നം. അവന്റെ ആവശ്യങ്ങള്‍ക്കായി അവളെ സൃഷ്ടിച്ചു എന്നത് പല തരത്തിലായി മതഗ്രന്ഥങ്ങളില്‍ കാണാം. ശാസ്ത്രീയമായ അറിവു പ്രകാരം വര്‍ഗങ്ങള്‍ ഉണ്ടാവുന്നത് ഒരുമിച്ച് ആണ് എന്ന് പറയാം. സ്ത്രീ ഉണ്ടാ‍യപ്പോഴാണ് പുരുഷന്‍ ഉണ്ടാവുന്നത് (അല്ലെങ്കില്‍ തിരിച്ച്) അത് വരെ അസെക്ഷ്വല്‍ ആയ ജീവിയായിരുന്നു ഉള്ളത്. തുല്യതയുടെ സങ്കല്പം ഇവിടെ തന്നെ തുടങ്ങുന്നു.

(സെമിറ്റിക് മതങ്ങളില്‍ നിന്നും ഉദാഹരണമെടുത്തത് അതിനു ഒരു കോമണ്‍ സ്വഭാവമുള്ളത് കൊണ്ടാണ്. മിക്സഡ് മതമായ ഹിന്ദു വിശ്വാസങ്ങളെ മൊത്തം എടുത്ത് പരിശോധിക്കാ‍ന്‍ നിന്നാല്‍ കുഴങ്ങിപ്പോവും. ‘ഹിന്ദു മതം’ ഉണ്ടാക്കിയെടുക്കും മുന്‍പേ ശൈവര്‍ക്കും ആദികാരണം ശിവനും വൈഷ്ണവര്‍ക്ക് വിഷ്ണുവും അങ്ങനെ കാക്കത്തൊള്ളായിരം വിശ്വാസികള്‍ക്ക് അവരവരുടെ ദൈവങ്ങളുമായിരുന്നു. വലിയ കഥയാണ് ;))

ബ്രൈറ്റ് പറ്യുന്നു

ഇപ്പോള്‍ ടീവിയില്‍ കാണുന്ന AXE EFFECT പരസ്യം ശ്രദ്ധിക്കുക.സ്പ്രേ പൂശിയ പുരുഷന്‍ ഒരു ലിഫ്ടില്‍നിന്ന് ഇറങ്ങിപ്പോകുന്നു.ഒരു ഉയരംകുറഞ്ഞ underdog എന്നു വിളിക്കാവുന്ന ഒരു പുരുഷനും ഒരു സ്ത്രീയും അകത്തു കയറുന്നു.മുന്‍പ് ലിഫ്ടില്‍നിന്നു ഇറങ്ങിപോയ പുരുഷന്റെ 'ആക്സ് ഇഫക്റ്റ്' സ്ത്രീയില്‍ പ്രകടമാകുന്നു.പിന്നെ കാണുന്നത് അത്ഭുതവും ആനന്ദവും കൊണ്ട് മതിമറന്നിരിക്കുന്ന പുരുഷനെയാണ്.പരസ്യം നല്‍കുന്ന സൂചന ഇതാണ്.ഒരു സ്ത്രീയുടെ ലൈംഗികാക്രമണം പുരുഷന്റെ ഭാഗ്യമാണ്.ഞങ്ങളുടെ സുഗന്ധദ്രവ്യം ഉപയോഗിച്ച് ആ ഭാഗ്യം നേടുക.'Boost your chances' എന്ന് പരസ്യം...for what..? സുന്ദരികളുടെ ലൈംഗിക പീഡനം അനുഭവിക്കാനോ?

ഇനി ഇതിന്റെ മറുവശം നോക്കുക.ഏതെങ്കിലും സ്പ്രേയുടെ സ്വാധീനത്തില്‍ ഒരു പുരുഷന്‍ ലിഫ്റ്റില്‍ കയറിയ ഒരു സ്ത്രീയെ 'സ്നേഹിക്കുന്നു.'അങ്ങനൊരു പരസ്യം എന്തുകൊണ്ട് ഉണ്ടാകുന്നില്ല? ഇനി അഥവാ ഉണ്ടായാല്‍ സ്ത്രീകള്‍ ആ സുഗന്ധദ്രവ്യം വാങ്ങാന്‍ തെരക്കു കൂട്ടും എന്ന് ആരെങ്കിലും കരുതുന്നുണ്ടോ?

ഇവിടെ ബ്രൈറ്റിന്റെ നിഗമനങ്ങളിലേക്കെത്തിച്ചേരലിനോട് യാതൊരു യോജിപ്പും ഇല്ല. പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തിലാണ് ഇത്തരം പരസ്യങ്ങളുണ്ടാവുന്നത് എന്നത് ബ്രൈറ്റ് അപ്പാടെ വിട്ടു പോയി.

ബ്രൈറ്റിനോട് ഉള്ള ചോദ്യങ്ങൾ ഇതാണ്.
1. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ മുന്നോട്ട് വെയ്ക്കുന്ന എതെല്ലാം വാദഗതികളെയാണ് ബ്രൈറ്റ് പോസ്റ്റിൽ ഖണ്ഢിക്കാൻ ശ്രമിക്കുന്നത് എന്നറിയാൻ താല്പര്യമുണ്ട്. കഴിയുമെങ്കിൽ ഏത് സംഘടന, ആരു ഏത് അവസരത്തിൽ മുന്നോട്ട് വെച്ച വാദഗതി എന്ന വിവരം നൽകിയാൽ കൂടുതൽ പ്രയോജനപ്രദം.

2. നാല് പോസ്റ്റുകളായി പരന്ന് കിടക്കുന്ന അത്യന്തം വിജ്ഞാനപ്രദമായ പോസ്റ്റിൽ പക്ഷേ ലിംഗസമത്വത്തെക്കുറിച്ചുള്ള ബ്രൈറ്റിന്റെ നിലപാട് എന്തെന്ന് കൃത്യമായി മനസിലാക്കാൻ ബുദ്ധിമുട്ടുണ്ട്. സംശയങ്ങൾക്കതീതമായി അത് വ്യക്തമാക്കൂവാൻ താല്പര്യം.

അവസാനവാക്കായി, ബ്രൈറ്റ് പോസ്റ്റിൽ പറഞ്ഞിരിക്കുന്ന ശാസ്ത്രത്തെ ചോദ്യം ചെയ്യുന്നില്ല. അതിൽ നിന്നും ബ്രൈറ്റ് സബ്ടിൽ ആയി മുന്നോട്ട് വെയ്ക്കുന്ന നിലപാടുകളോടാണ് വിയോജനം
(ഇതെഴുതുന്നയാൾ തെറ്റിദ്ധരിക്കപ്പെട്ടതല്ലെങ്കിൽ).

CopyLeft Information

Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.