Sunday, January 10, 2010

കന്യാകാത്വം ജൈവശാസ്ത്രപരമായി പ്രാധാന്യമുള്ള അറിവോ?

ഈ പറയുന്നത് വല്ലോം മനസിലാവണേങ്കീ ആദ്യം ദിത് വായിക്കണം ( ബ്രൈറ്റിന്റെ പുത്യേ പോസ്റ്റാണ് ദത്. ദതിനിട്ട കമന്റാണ് ദിത്.)

കന്യകാത്വം എന്നാല്‍ ബയോളജിക്കല്‍ എന്നതിനേക്കാള്‍ സോഷ്യല്‍ ആയ ഒരു കണ്‍സെപ്റ്റ് ആണ്. കന്യക എന്നതിനു പുല്ലിംഗമില്ലാത്തത് അത് കൊണ്ട് തന്നെ സ്ത്രീവിരുദ്ധമാവേണ്ടതാണ്. ഒന്നാമത് ബ്രൈറ്റ് തന്നെ സാന്ദര്‍ഭികവശാല്‍ പരാമര്‍ശിച്ചിട്ടുള്ള ധനം എന്ന എലമന്റാണ് കന്യകാത്വം/പാതിവ്രത്യം എന്ന കണ്‍സെപ്റ്റിന്റെ പിറവിക്കാധാ‍രം. കുടുംബം എന്ന ഇന്‍സ്റ്റിറ്റ്യൂഷന്‍ നിലവില്‍ വരുന്നത് തന്നെ ഇതിനു വേണ്ടിയാണ്. വേട്ടയാടലില്‍ നിന്നും കൃഷിയിലേക്ക് പ്രവേശിക്കുന്നതോട് കൂടി സ്വകാര്യസ്വത്ത് എന്ന എക്കണോമി നിലവില്‍ വരികയും അതിനു ശേഷം താ‍ന്‍ അദ്ധ്വാനിച്ചുണ്ടാക്കിയ സ്വത്ത് തന്റെ ജീനിനു തന്നെ കൈമാറുന്നു എന്ന് ഓരോ ഇൻഡിവിജ്വലിനും ഉറപ്പു വരുത്തേണ്ടതായും വന്നു. പോസ്റ്റില്‍ പിന്നീടൊരിടത്ത് സൂചിപ്പിച്ചത് പോലെ ‘അമ്മയെന്നത് ഒരു യാഥാര്‍ത്ഥ്യവും അച്ഛന്‍ എന്നത് ഒരു വിശ്വാസവും’ ആയിരുന്നു (ഡി.എന്‍.എ ടെസ്റ്റൊന്നും ഇല്ലല്ലോ ). അമ്മയെ സംബന്ധിച്ചേടത്തോളം പ്രസവിച്ച കുഞ്ഞ് തന്റെ ജീനാണെന്ന് ഉറപ്പാണ്. (വയറ്റാട്ടി പണി തരാത്തിടത്തോളം. പകല്‍‌പ്പൂരം എന്നൊരു മലയാളം സിനിമയില്‍ ഇത് പോലൊരു സന്ദര്‍ഭം ഉണ്ട്.) അച്ഛനെ സംബന്ധിച്ച് മകന്‍/മകള്‍ തന്റെയാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. കുടുംബം എന്ന മുറുകിയ ചട്ടക്കൂടുണ്ടാവുന്നതും കന്യകാത്വം, പാതിവ്രത്യം തുടങ്ങിയ സങ്കല്പങ്ങള്‍ ഉണ്ടാവുന്നതും ഇതിനു ശേഷം ആണെന്ന് പറയാം.

സമ്പത്തിന്റെ കൈമാറ്റത്തില്‍ കവിഞ്ഞ സാദാചാരബോധങ്ങളൊന്നും ഒരുകാലത്തും ഇല്ലായിരുന്നുവെന്ന് തന്നെ പറയേണ്ടിയും വരും. കുടുംബസ്വത്ത് പുറത്ത്പോവാതിരിക്കാന്‍ ഈജിപ്തുകാര്‍ കണ്ടെത്തിയ എളുപ്പവഴി കുടുംബക്കാര്‍ തന്നെ പരസ്പരം വിവാഹം കഴിക്കുക എന്നതായിരുന്നു (സഹോദരനും സഹോദരിയും). ഇന്‍സെസ്റ്റ് നിയമപരമായി ശരിയാകുന്ന സാ‍മൂഹ്യസ്ഥിതി. (ക്ലിയോപാട്ര ആദ്യമായി വിവാഹം കഴിച്ചത് തന്റെ അനിയനെയായിരുന്നു. റോമിനെ സംബന്ധിച്ചേടത്തോളം അധികാരം കൈവിടാ‍ാതിരിക്കാന്‍ സഹോദരിയെ തന്നെ വിവാഹം കഴിക്കുന്ന രാജകുമാരന്‍ ഗ്ലാഡിയേറ്ററിലുണ്ട്. )

കേരളത്തില്‍ രസകരമായൊരു ആള്‍ടര്‍നേറ്റീവ് ഉണ്ടായിരുന്നു. മരുമക്കത്തായം. മക്കളില്‍ തന്റെ ജീനുണ്ടോ എന്ന് അച്ഛനു ഉറപ്പ് വരുത്താന്‍ അക്കാലത്ത് വയ്യ. എളുപ്പപ്പണി സമ്പത്ത് പെങ്ങളുടെ മകനു നല്‍കലാണ്. പെങ്ങളും താനും ഒരമ്മക്ക് പെറ്റതായത് കൊണ്ട് കോമൺ ജീനുണ്ട് എന്നുറപ്പ്. അപ്പോൾ പെങ്ങടെ മക്കള്‍ക്കും കാണും. ഇങ്ങനെ മരുമക്കത്തായം നിലവില്‍ നിന്നിരുന്ന സമൂഹത്തില്‍ സ്ത്രീകള്‍ക്ക് താരത‌മ്യേന കൂടുതൽ ലൈംഗികസ്വാതന്ത്ര്യം ഉണ്ടായിരുന്നത്രേ! സംബന്ധവുമായി വരുന്നവന് സ്വത്തില്‍ അവകാശമൊന്നുമില്ലാത്തതിനാല്‍ പെങ്ങള്‍ക്ക് ഒന്നിലധികം ലൈംഗികബന്ധങ്ങള്‍ ആവാമെന്ന് സ്വത്തിന്റെ ഉടമയായ തറവാട്ടില്‍ക്കാരണവരും കരുതും എന്നത് തന്നെ കാര്യം. കേരളത്തില്‍ നായർ സമുദായത്തിൽ മരുമക്കത്തായവും അതിനോടനുബന്ധിച്ച ഈ ലൈംഗികസ്വാതന്ത്ര്യവുമുണ്ടായിരുന്നു. അത് കൊണ്ടാണ് ബൂലോകത്തെ ഏറ്റവും വലിയ ഷോവനിസ്റ്റുകളിലൊരാളായ ചിത്രകാരന്‍ എന്ന ബ്ലോഗര്‍ ബ്ലോഗിലുടനീളം ഓടി നടന്ന് നായര്‍സ്ത്രീകളെ തെറി വിളിച്ചു കൊണ്ടിരിക്കുന്നത്. :) ( എന്നാല്‍ കേരളത്തില്‍ നായർ സമുദായത്തിൽ മാത്രം ആയിരുന്നില്ല മരുമക്കത്തായം നിലവില്‍ നിന്നിരുന്നത് എന്നത് ചിത്രകാരന്‍ മറന്നും പോയി ;))

കന്യകയെന്ന പദം ബയോളജിക്കലായ ആവശ്യത്തേക്കാള്‍ സോഷ്യല്‍ ആയ ആവശ്യം (പുരുഷന്റെ ആവശ്യം എന്ന് വായിക്കുക) ആണെന്നത് കൊണ്ട് തന്നെ വെറും ബയോളജിക്കല്‍ ആ‍യ ഒരര്‍ത്ഥം തിരയുന്നതിന് പ്രസക്തിയില്ല താനും.

പിന്നെ കൃത്യമായും ബയോളജിക്കല്‍ ആയ അര്‍ത്ഥം ആണ് അന്വേഷിക്കേണ്ടതെങ്കില്‍ തന്നെ പ്രകൃതിയെ സംബന്ധിച്ചേടത്തോളം ജീവന്‍/സ്പീഷിസിനെ നിലനിര്‍ത്തുക എന്നതിനു കന്യകാത്വമോ പാതിവ്രത്യമോ ഒന്നും ഒരു പ്രശ്നമല്ല. അണ്ഢത്തിന്റെ ഉടമയായ സ്ത്രീ ഏറ്റവും അനുയോജ്യമായ ബീജത്തിനുടമയായ പുരുഷനുമായി ഇണ ചേരുകയും സന്താനോല്പാദനം നടത്തുകയും ചെയ്യുക എന്നതാണ് ഉറപ്പ് വരുത്തേണ്ട കാര്യം. അതിനു പാതിവ്രത്യത്തിനു വലിയ പ്രസക്തിയൊന്നുമില്ല. മാത്രമല്ല മനുഷ്യന്‍ എന്ന സ്പീഷിസിനു ലൈംഗികത സന്താനോല്പാദനത്തിനു മാത്രമുള്ളതല്ല. ആസ്വാദനത്തിനു കൂടിയുള്ളതാണ്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ പോലും ആസ്വാദനത്തിനു വേണ്ടി മാത്രം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സ്ത്രീക്ക് കഴിയുകയും ചെയ്യും.

ഒന്നു ചുരുക്കിപ്പറഞ്ഞാല്‍

[[സ്ത്രീക്ക് പുരുഷസംസര്‍ഗ്ഗം ഉണ്ടായിട്ടുണ്ടോ എന്നത് ജൈവശാസ്ത്രപരമായി വളരെ പ്രധാനപ്പെട്ട അറിവാണ്. എന്നാല്‍ പുരുഷന് സ്ത്രീസംസര്‍ഗ്ഗം ഉണ്ടായിട്ടുണ്ടോ ഇല്ലയോ എന്നത് ജൈവശാസ്ത്രപരമായ പ്രാധാന്യമുള്ള അറിവല്ല.(സ്ത്രീക്ക് ഭര്‍ത്താവല്ലാതെ വേറെ പുരുഷനുമായി ബന്ധമുണ്ടാവുക എന്നത് ഭര്‍ത്താവിന്റെ ഭാവിയെ(genetic future) ബാധിക്കുന്ന കാര്യമാണ്. എന്നാല്‍ പുരുഷന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്നത് ഭാര്യയുടെ ഭാവിയെ(genetic future) ബാധിക്കുന്നതല്ല-ഭര്‍ത്താവിന്റെ ധനം etc പങ്കുവച്ചുപോകുന്നതൊഴിച്ചാല്‍....ആ ബന്ധത്തില്‍ കുട്ടിയുണ്ടാകുന്നെങ്കില്‍ അത് മറ്റേ സ്ത്രീയുടെ പ്രശ്നമാണ്.അപ്പോള്‍ 'കന്യകന്‍ 'ഒരു അവശ്യ അറിവല്ല.]]


അതായത് ജൈവശാസ്ത്രപരമായി പുരുഷനു (മാത്രം) പ്രാധാന്യമുള്ളത് എന്ന് അല്ലേ? അതല്ലല്ലോ പ്രധാ‍നം. പ്രകൃതിയെ സംബന്ധിച്ചിടത്തോളം ഈ അറിവിനു പ്രാധാന്യമുണ്ടോ എന്നതാണ്. പ്രകൃതിയെ സംബന്ധിച്ചേടത്തോളം അങ്ങിനെയില്ലാത്തിടത്തോളം കാലം പ്രകൃത്യാ ലൈംഗികമായി സ്ത്രീക്കും പുരുഷനും തുല്യസ്വാതന്ത്ര്യം തന്നെ. .(പുരുഷനു മാത്രമായി അങ്ങിനെ പല ആവശ്യങ്ങളും കണ്ടെന്നിരിക്കും. :))
ലിംഗസമത്വം എന്നത് ബ്രൈറ്റ് പറഞ്ഞ ലോജിക് വെച്ച് തന്നെ ബയോളജിക്കലായി ഇല്ലാതായിട്ടൊന്നുമില്ല. പുരുഷനെ സംബന്ധിച്ച് ലിംഗസമത്വം അംഗീകരിക്കാന്‍ പ്രയാസമായിരിക്കും എന്ന് മാത്രമേ അത് ദ്യോതിപ്പിക്കുന്നുള്ളൂ ;) അതാ‍വട്ടെ പുരുഷന്റെ സ്ട്രെങ്ത് ആയി കരുതാന്‍ കഴിയില്ല.വീക്നെസ്സ് ആയി മാത്രമേ കാണാന്‍ കഴിയൂ ;)


വിവരങ്ങള്‍ക്ക് പലതിനും എതിരന്‍ കതിരവനോട് കടപ്പാട്.

CopyLeft Information

Singularity എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ എല്ലാം പൊതുതാല്പര്യാര്‍ത്ഥം ഉള്ളതാണ്. അവ ലേഖകന്റെ അനുമതി കൂടാതെ തന്നെ വാണിജ്യപരമോ വാണിജ്യേതരമോ ആയ എന്താവശ്യത്തിനും ഏതൊരാള്‍ക്കും എപ്പോഴും എത്ര തവണ വേണമെങ്കിലും മാറ്റങ്ങളോടെയോ അതേ പടിയോ ബ്ലോഗിലോ ഇതരമാധ്യമങ്ങളിലോ സ്വതന്ത്രവും സൌജന്യവുമായി ഉപയോഗിക്കാം. മാറ്റം വരുത്തുന്ന പക്ഷം അതില്‍ ഈ ലേഖകന്‍‍ ഉത്തരവാദിയല്ല. പുനഃപ്രസിദ്ധീകരിക്കുന്ന കുറിപ്പിനൊപ്പം മൂലലേഖനത്തിന്റെ രചയിതാവു് എന്ന സ്ഥാനം ലേഖകനു് നല്‍കുന്നതു് അഭികാമ്യം. എന്നാല്‍ ഇതു് നിബന്ധനയല്ല. മറ്റൊരാളുടെ പേരു് പകരം കൊടുക്കാന്‍ അനുമതിയില്ല. വീണ്ടും ഉപയോഗിക്കുന്ന പക്ഷം ആ വിവരം ലേഖകനെ അറിയിക്കണമെന്നും ഈ പകര്‍പ്പുപേക്ഷാപത്രം ഒപ്പം നല്‍കണമെന്നും താത്പര്യപ്പെടുന്നു.